2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പെരുമ്പാവൂരില്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച പാലാ സ്റ്റേഷനിലെ പൊലിസുകാര്‍ക്കെതിരെ കേസ്

പെരുമ്പാവൂരില്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച പാലാ സ്റ്റേഷനിലെ പൊലിസുകാര്‍ക്കെതിരെ കേസ്

പെരുമ്പാവൂര്‍: വാഹന പരിശോധനയുടെ പേരില്‍ പെരുമ്പാവൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയെ മര്‍ദിച്ച പാലാ സ്റ്റേഷനിലെ പൊലിസുകാര്‍ക്കെതിരെ കേസെടുത്തു. ട്രാഫിക് യൂണിറ്റ് പൊലിസുകാരായ ബിജു, പ്രേംസണ്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

വാഹന പരിശോധനക്കിടെ പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര കണിയാക്കപറമ്പില്‍ മധുവിന്റെ മകന്‍ കെ.എം. പാര്‍ഥിപനെ (17) കസ്റ്റഡിയിലെടുത്ത് പൊലിസുകാര്‍ മര്‍ദിച്ചെന്നാണ് പരാതി. ഒക്ടോബര്‍ 29നായിരുന്നു സംഭവം. പരാതിയെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ മൊഴി പൊലിസ് രേഖപ്പെടുത്തിയിരുന്നു.

നെല്ലിക്കുഴി ഇന്ദിര ഗാന്ധി പോളിടെക്‌നിക് കോളജിലെ മെക്കാനിക്കല്‍ വിഭാഗം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ പാര്‍ഥിപന്‍ കൂട്ടുകാരനെ കാണാന്‍ കാറില്‍ പോകവെയാണ് പരാതിക്കിടയായ സംഭവം നടന്നത്. പാലാ പൊലിസ് സ്റ്റേഷനിലെ രണ്ട് പൊലിസുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് വളയന്‍ചിറങ്ങരയിലെ പോളിടെക്‌നിക് വിദ്യാര്‍ഥിയായ പാര്‍ത്ഥിപന്‍ മാധ്യമങ്ങളോട് പറഞ്ഞത്. മയക്കുമരുന്ന് കൈവശമുണ്ടെന്ന കാരണം പറഞ്ഞാണ് തന്നെ കസ്റ്റഡിയിലെടുത്തത്.

   

‘എന്റെ വണ്ടി ഫോളോ ചെയ്ത്, വാഹനത്തിന് കുറുകെ നിര്‍ത്തിയ ശേഷം ഇറങ്ങാന്‍ പറഞ്ഞു. എന്റെ ദേഹവും ബൈക്കും ചെക്ക് ചെയ്തു. തുടര്‍ന്ന് സാധനം എടുക്കാന്‍ പറഞ്ഞു. സാറെ എന്റെ കൈയില്‍ ഒന്നും ഇല്ലെന്ന് പറഞ്ഞു. കൂട്ടുകാരനെ വിളിക്കാന്‍ വന്നതാണ് എന്നും പറഞ്ഞു. നിന്റെ കൈയില്‍ സാധനം ഉണ്ടല്ലോ, മുഖം കണ്ടാല്‍ അറിയാമല്ലോ എന്നും പറഞ്ഞു. ഒന്നുമില്ല എന്ന് വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ സത്യം പറഞ്ഞിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞു. തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

അവിടെ വച്ച് മുടിയില്‍ പിടിച്ച് വലിച്ച് കുനിച്ച് നിര്‍ത്തി മുട്ടുകൈയ്ക്ക് ഇടിച്ചു. ആദ്യ ഇടിക്ക് തന്നെ നിലത്തു വീണ് കരഞ്ഞു. എന്റെ കൈയില്‍ സാധനം ഒന്നും ഇല്ലെന്ന് പറഞ്ഞ് കാലില്‍ പിടിച്ച് കരഞ്ഞു. പിന്നെയും മുടിയില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ച് വീണ്ടും മര്‍ദ്ദിച്ചു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി’ പാര്‍ത്ഥിപന്‍ പറഞ്ഞു.

എന്നാല്‍, കൈ കാണിച്ചിട്ട് വാഹനം നിര്‍ത്താതെ പോയതിന് കേസെടുക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പൊലിസിന്റെ വാദം. മര്‍ദനം പൊലിസ് നിഷേധിച്ചു. യുവാവ് പാലായിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ശാരീരിക പ്രയാസങ്ങളെ തുടര്‍ന്ന് ഇപ്പോള്‍ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് പാര്‍ഥിപന്‍. പരിശോധനയില്‍ ഇടുപ്പെല്ലിന് പൊട്ടല്‍ കണ്ടെത്തിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.