തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാകുമെന്ന് എ.സി മൊയ്തീന്‍. ഇക്കാര്യം അറിയിച്ച് മൊയ്തീന്‍ ഇഡിയ്ക്ക് മറുപടി നല്‍കി. ഓഡിറ്റ് നടക്കുന്നതിനാലാണ് ഹാജരാകുന്നതില്‍ താമസം നേരിടുന്നതെന്ന് മൊയ്തീന്‍ പറഞ്ഞു.
ഓഗസ്റ്റ് ഒന്നിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ആദ്യം ഇഡി നോട്ടീസയച്ചത്. അന്ന് ഹാജരാവാനാവില്ലെന്ന് മൊയ്തീന്‍ അറിയിച്ചു. പിന്നീട് സെപ്റ്റംബര്‍ നാലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. എന്നാല്‍ രേഖകള്‍ ശേഖരിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി ഹാജരാകാന്‍ സാധിക്കില്ലെന്ന് അറിയിച്ചു.
എ സി മൊയ്തീന്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെ എംഎല്‍എയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. 30 ലക്ഷം രൂപയുടെ എഫ്ഡി അക്കൗണ്ടാണ് മരവിപ്പിച്ചത്. എ സി മൊയ്തീനുമായി അടുപ്പമുള്ള ആളുകളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 22 മണിക്കൂറാണ് എസി മൊയ്തീന്‍ എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നത്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ രണ്ട് പ്രതികള്‍ എ സി മൊയ്തീന് എതിരെ മൊഴി നല്‍കിയ സാഹചര്യത്തിലായിരുന്നു ഇഡി റെയ്ഡിനെത്തിയിരുന്നത്. കരുവന്നൂര്‍ ബാങ്ക് മുന്‍ ബ്രാഞ്ച് മാനേജര്‍ എം കെ ബിജു കരീം, ഡയറക്ടര്‍ബോര്‍ഡ് അംഗം കിരണ്‍ എന്നിവരാണ് എ സി മൊയ്തീന് എതിരായി മൊഴി നല്‍കിയിരുന്നത്.
Comments are closed for this post.