2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സബര്‍മതിയിലെ ഓരോ കല്ലിലും ചരിത്രമുണ്ട്

യോഗീന്ദര്‍ കെ. അലഗ്

കല്ലുകള്‍ സംസാരിക്കും. അങ്ങനെ സംസാരിക്കാതിരിക്കണമെങ്കില്‍ മൃഗീയമായ പ്രതികാരബുദ്ധിയോടെ ബാമിയാന്‍ ബുദ്ധ പ്രതിമകളെ തകര്‍ക്കുന്ന താലിബാനായിരിക്കണം നിങ്ങള്‍. ഐ.ഐ.എം- എയിലെ(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് – അഹമദാബാദ്) വരാന്തകള്‍ ഇരുണ്ടതാണെന്ന് പറഞ്ഞ് അവയെല്ലാം പുതുക്കിപ്പണിയുമെന്ന ഈയിടെയുള്ള അധികൃതരുടെ പ്രഖ്യാപനം അക്ഷരാര്‍ഥത്തില്‍ എന്നെ അറുപതുകളുടെ പകുതിയിലേക്ക് കൊണ്ടുപോകുകയാണ്. അന്ന് പെന്‍സില്‍വാനിയ യൂനിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുകയും എന്റെ ഗവേഷണ പ്രബന്ധത്തിന്റെ അവസാന ഘട്ടങ്ങളിലുമായിരുന്നു. ഒരു ദിവസം പ്രമുഖ ആര്‍കിടെക്ടും അധ്യാപകനുമായ ലൂയിസ് കാന്‍ ഇന്ത്യക്കാരായ വിദ്യാര്‍ഥികളെയും അധ്യാപകരെയും സ്‌കൂള്‍ ഓഫ് ആര്‍കിടെക്ച്ചറിലേക്ക് വിളിപ്പിച്ചു. അദ്ദേഹം ഒരു പട്ടിന്റെ കര്‍ട്ടനു മുന്നില്‍ നില്‍ക്കുകയായിരുന്നു, അതിനുപുറകില്‍ ഒരു വെട്ടം കാണാം. അതീവ നാടകീയമായ കാഴ്ചയായിരുന്നു അത്. അതേ നാടകീയതയോടെ ആ കര്‍ട്ടന്‍ തുറന്നു. ഞങ്ങള്‍ കണ്ടത് ഐ.ഐ.എം അഹമദാബാദിന്റെ മാതൃകയായിരുന്നു. അദ്ദേഹം ചോദിച്ചു, എന്താണ് നിങ്ങളുടെ അഭിപ്രായം? ഞാന്‍ ആദ്യ നിരയിലിരിക്കുകയായിരുന്നു. അദ്ദേഹം എന്നോട് ചോദിച്ചു, താങ്കള്‍ക്ക് അഹമദാബാദ് അറിയുമോ? ‘അറിയാം സര്‍. ഈ മാതൃക ഒട്ടും ഭാരതീയമല്ല’ എന്ന് മറുപടി പറഞ്ഞതോടെ അദ്ദേഹം പ്രകോപിതനായി. ‘താങ്കള്‍ എന്താണുദ്ദേശിക്കുന്നതെന്ന്’ ചോദിച്ചു. ഞാന്‍ വലിയൊരു പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് മനസിലായി. എങ്കിലും പറഞ്ഞൊപ്പിച്ചു,’എന്റേത് ഒരു ദരിദ്രരാജ്യമാണ്. ഇത് നല്‍കുന്നത് അധികാരം എന്ന ബോധമാണ് ‘. അദ്ദേഹം എന്നെ നോക്കി, എന്നിട്ട് ഇടര്‍ച്ചയോടെ പറഞ്ഞു, ‘അല്ല, ഇതൊരു ആശ്രമമാണ്’. മറുപടി പറയാനാവാതെ വ്രണിത ഹൃദയനായി ഞാനവിടെ നിന്നു പോന്നു.

അഹമദാബാദില്‍, സബര്‍മതി ഒരിക്കല്‍ നദിയായിരുന്നു. ബാപ്പുവിന്റെ ആശ്രമം അതിന്റെ തീരത്തായിരുന്നു. വളരെ ചെറിയ പ്രായത്തില്‍ സ്ഥാപനങ്ങള്‍ നടത്തിയയാളാണ് ഞാന്‍. ലോകത്തോടുള്ള കരുതല്‍ വല്ലാതെ കൂടുമ്പോള്‍ തലപെരുത്തുവരും. അപ്പോഴെല്ലാം ഞാന്‍ ഹൃദയ് കുഞ്ജില്‍ പോയിരിക്കും. അവിടെ കുറച്ച് സമയം ചെലവഴിക്കും. ആ കണ്ണടയിലേക്ക് നോക്കിയിരിക്കും. അദ്ദേഹത്തിന്റെ എഴുത്തു മേശ, പാദുകങ്ങള്‍ എല്ലാം നോക്കിയിരിക്കും. ജീവിതം ഇത്രയും നിസ്സാരമാക്കിക്കളയുന്നതിനാല്‍ അദ്ദേഹം എന്നെ പരിഹസിക്കുന്നതായി തോന്നും. (എന്റെ പ്രശ്‌നങ്ങള്‍ നോക്കൂ ചെറുപ്പക്കാരാ,അദ്ദേഹത്തിന്റെ തിളക്കമുള്ള കണ്ണുകള്‍ എന്നോട് പറയുന്നതുപോലെ). ഞാനാ നദീ തീരത്തേക്ക് പോയിരിക്കാറുണ്ട്, അവിടെ കുറച്ചു നേരം ഇരിക്കും. എന്തോ എനിക്കതിയായ സന്തോഷം തോന്നും. അവിടെയുള്ള ഒരു കഫ്റ്റീരിയയില്‍ നിന്നു പൂരിയും കറിയും കഴിക്കും. എന്നിട്ടു തിരിച്ചുനടക്കും.
2002ല്‍ അവിടെ കലാപം നടന്നു. ചുന്നി കാക(ഗാന്ധിയന്‍ ചുന്നി വൈദ്യ) ഒരു യോഗം വിളിപ്പിച്ചു. അദ്ദേഹവും നാരായണ്‍ ദേശായിയും കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി കൊച്ചറബ് ആശ്രമം മുതല്‍ സബര്‍മതി ആശ്രമം വരെ നിശബ്ദ ജാഥ നയിക്കും എന്നു പറഞ്ഞു. അഹമദാബാദിന് സമാധാനം വേണം എന്ന പ്ലക്കാര്‍ഡേന്തിയായിരുന്നു ജാഥ. താങ്കള്‍ ചേരുന്നുണ്ടോ – അവര്‍ എന്നോട് ചോദിച്ചു. തീര്‍ച്ചയായും – ഞാന്‍ മറുപടി നല്‍കി. എന്റെ മകനും ആ ജാഥയില്‍ പങ്കുചേര്‍ന്നു.

തുടങ്ങുമ്പോള്‍ ഞങ്ങള്‍ വെറും നാല്‍പ്പതു പേരായിരുന്നു. അഹമദാബാദ് അപ്പോഴും കത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് പൊലിസ് സംരക്ഷണം ഉണ്ടായിരുന്നില്ല. പക്ഷേ ജനം പതുക്കെ പതുക്കെ ജാഥയില്‍ പങ്കാളികളായി. പലരും പാതിവഴിയിലാണ് വന്നു ചേര്‍ന്നത്. ബാപ്പു സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിനരികിലെത്തിയപ്പോള്‍ നൂറുകണക്കിനു ജനങ്ങളാണ് മാര്‍ച്ചിനെത്തിയത്. ജനം വന്നുകൊണ്ടേയിരുന്നു. അങ്ങനെ അത് തുടര്‍ന്നുകൊണ്ടേയിരുന്നു. ആശ്രമത്തില്‍ സമാധാന സന്ദേശം വായിക്കപ്പെട്ടു. എന്റെ എതിര്‍പ്പിനെ വകവയ്ക്കാതെ എന്റെ പേരിലാണ് ആ സന്ദേശം വായിക്കപ്പെട്ടത്. അത് ലോകത്താകമാനം വാര്‍ത്തയായി.

കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്തോ-പാക് പ്ലാനിങ് കമ്മിഷന്റെ പ്രഥമയോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കാന്‍ എനിക്കവസരമുണ്ടായി. തക്ഷശിലയില്‍, കല്ലുകള്‍ വരെ നമ്മോടു സംസാരിക്കും. നയതന്ത്ര ഉത്തരവാദിത്വം മറന്ന് ഔദ്യോഗിക ഗൈഡ് അതിനെ ‘ഇസ്‌ലാമികമായി’ വളച്ചൊടിക്കുകയായിരുന്നു. അതൊരു ഇസ്‌ലാമിക വിരുദ്ധ പ്രൊപ്പഗന്‍ഡയുടെ ഭാഗമായിരുന്നില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് അദ്ദേഹം ശ്രമിച്ചത്. പിന്നീട് നളന്ദയിലും കല്ലുകള്‍ അതേ കഥകള്‍ ആവര്‍ത്തിച്ചു.

അതിനിടെയാണ് ബിമല്‍ പട്ടേലിന്റെ അധ്യാപകനും നിലവിലെ സ്‌പെയിന്‍ മന്ത്രിയുമായ മാനുവന്‍ കാസ്റ്റല്‍സ് എന്നെ അവരുടെ നാട്ടിലേക്ക് ക്ഷണിച്ചത്. സ്‌പെയിനിലെ ഫ്രാങ്കോ ഭരണത്തിന്റെ വീഴ്ചയോടെ സ്ഥാനമേറ്റെടുത്ത സ്‌പെയിനിന്റെ ആദ്യ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ വിദഗ്ധരുടെ യോഗത്തില്‍ സംസാരിക്കാനാണ് താനും ക്ഷണിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ നദീതട വികസനമാതൃക എന്നെ ഏറെ നിരാശപ്പെടുത്തി. ‘വെറും പത്തുവര്‍ഷത്തെ പ്രളയചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നദീമുഖ പദ്ധതികളും നടപ്പാക്കരുത്. അല്ലെങ്കില്‍ കോടിക്കണക്കിനു പണം മണ്‍സൂണ്‍ മഴയോടൊപ്പെം ഒലിച്ചു പോകുമെന്ന്’ അദ്ദേഹത്തോട് പറഞ്ഞു. ഈ ചെറിയ മീറ്റിങ്ങിനിടെ എന്റെ ആര്‍കിടെക്റ്റ് സുഹൃത്തായ ചാള്‍സ് കൊറിയയെക്കുറിച്ചും ഞാന്‍ സംസാരിച്ചിരുന്നു. സബര്‍മതി ആശ്രമം പുനരുദ്ധാരണം ചെയ്തപ്പോള്‍ അദ്ദേഹം അതിന് യാതൊരു കോട്ടവും വരുത്തിയിട്ടില്ല. പക്ഷേ ഇന്ന് പുനരുദ്ധാരണം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടല്‍ അനുഭവപ്പെടുകയാണ്.

ജെ.എന്‍.യുവില്‍ പ്രഭാത സവാരിക്കിറങ്ങുമ്പോള്‍ അവിടുത്തെ കല്ലുകള്‍ നിങ്ങളോട് സംസാരിക്കുന്നതായി അനുഭവപ്പെടും. അവിടെ അരാവലി കുന്നുകള്‍ വെള്ളമില്ലാതെ വലയുകയാണ്. പഷ്ത്തൂണ്‍ വംശജരായ റോഹില്ലകള്‍ വെള്ളമില്ലാതെ ദാഹിച്ച് വലഞ്ഞ് ഓടിപ്പോയി. ഞാന്‍ ഓടിപ്പോകില്ല. കാരണം എന്റെ പക്കല്‍ സാറ്റ്‌ലൈറ്റ് ഇമേജറിയുണ്ട്. എവിടെ കുത്തിയാലാണ് വെള്ളം ലഭിക്കുകയെന്ന് എനിക്കറിയാം. സര്‍ദാര്‍ സരോവര്‍ ഡാം പദ്ധതി വിഭാവനം ചെയ്യുമ്പോള്‍ ആയിരം വര്‍ഷത്തെ പ്രളയം മുന്നില്‍ കണ്ടാണ് ഞങ്ങള്‍ അത് തയാറാക്കിയത്. ഇപ്പോള്‍ അവര്‍ ആ മുറി, എവിടെയാണോ 1947 ഓഗസ്റ്റ് 14ന് അര്‍ധരാത്രി നെഹ്‌റു ലോകത്തെ അഭിസംബോധന ചെയ്തത്, അവിടെ ഒരു മ്യൂസിയമാക്കാന്‍ പോകുകയാണത്രെ. മറ്റു രാജ്യങ്ങളിലും ഇതുപോലുള്ള മുറികളുണ്ട്. അവരെല്ലാം തങ്ങളുടെ ദേശീയ പൈതൃകങ്ങളെ സംരക്ഷിക്കുന്നു. നമ്മള്‍ പാടലിപുത്രത്തിന്റെ പിന്‍ഗാമികളാണ്. എന്റെ മുന്‍ഗാമികളില്‍ രാജ പോറസും പൃഥ്വിരാജ് ചൗഹാനും കൊല്ലപ്പെട്ട ബഹദൂര്‍ ഷാ സഫറും ഉള്‍പ്പെടുന്നു. ദണ്ഡി മാര്‍ച്ചാണ് എന്റെ പൈതൃകം.

ഗാന്ധിജിയുടെ ജന്മസ്ഥലമായ പോര്‍ബന്തറിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അതിന്റെ ചാരുത നഷ്ടപ്പെടുത്തിയിരിക്കുകയാണ്. കുറച്ച് ദശാബ്ദം മുമ്പുവരെ ഒരു ചെറിയ റോഡാണ് അദ്ദേഹത്തിന്റെ മൂന്നു നിലയുള്ള കല്ലും ഇഷ്ടികയും കൊണ്ടു നിര്‍മിച്ച വീട്ടിലേക്ക് നമ്മെ നയിച്ചിരുന്നത്. ഓരോ നിലയിലും സമാധാനം കളിയാടിയിരുന്നു. നിങ്ങളവിടെയിരിക്കും, നിങ്ങള്‍ നടത്തിയ യാത്രയെക്കുറിച്ചോര്‍ത്ത് സന്തോഷിച്ച്. ഇന്ന് ആ തെരുവ് വീതി കൂട്ടിയിരിക്കുന്നു. അവിടെയുള്ള കടകളെല്ലാം പോയിരിക്കുന്നു. ഗാന്ധിയുടെ വീട് പുനര്‍നിര്‍മിച്ചു. മുന്‍കാല അനുഭവം വച്ചുനോക്കുമ്പോള്‍ നിലവിലുള്ള നിര്‍മിതിയും അവിടുത്തെ അന്തരീക്ഷവും നിങ്ങളെ നിരാശരാക്കും. നമ്മള്‍ നമ്മുടെ കല്ലുകളെ സംരക്ഷിക്കാന്‍ പഠിക്കണം. അല്ലെങ്കില്‍ അതിന്റെ ഓര്‍മകള്‍ നമ്മെ അക്കാര്യം ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും.

(സാമ്പത്തിക വിദഗ്ധനും മുന്‍ കേന്ദ്രമന്ത്രിയുമാണ് ലേഖകന്‍)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.