2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സുപ്രഭാതത്തിന്റെ വാര്‍ത്താമുറിയില്‍ നിന്ന്‌ ഞങ്ങളുടെ സിദ്ദീഖ് യാത്രയായി

പ്രിയപ്പെട്ടവനേ, നീ ഞങ്ങൾക്കൊപ്പം ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല. കളിമൈതാനത്തെ നീണ്ട വിസിലോ ഗാലറിയിലെ ആരവമോ കേട്ടാൽ നിനക്ക് ഉറങ്ങാനാകില്ലെന്ന് ഞങ്ങൾക്കറിയാം. ഇന്നലെ നിനക്കുചുറ്റും ഉയർന്ന തേങ്ങലുകൾക്കിടയിലും ഉണരാതെ കിടന്നപ്പോൾ ഞങ്ങളുടെ ഹൃദയം പിളരുകയായിരുന്നു.

കളിയെഴുത്തിന്റെ കാര്യദർശിയായ നീ ഇനി സുപ്രഭാതത്തിന്റെ വാർത്താമുറിയിൽ ഉണ്ടാകില്ലെന്നറിയുമ്പോഴുള്ള ശൂന്യത ഏറെ വലുതാണ്. കളിയെഴുത്തിനായി നീ അലഞ്ഞു, മൈതാനങ്ങളിൽനിന്ന് മൈതാനങ്ങളിലേക്ക്… പുഞ്ചിരിക്കുന്ന മുഖവുമായല്ലാതെ സിദ്ദീഖിനെ കണ്ടിട്ടേയില്ല.
മനസുനിറഞ്ഞ് സംസാരിച്ച് അവൻ എല്ലായിടത്തുമുണ്ടായിരുന്നു. കളിയെഴുത്തിൽ, സംഘാടനത്തിൽ, സാമൂഹിക പ്രവർത്തനങ്ങളിൽ, പത്രപ്രവർത്തക യൂനിയന്റെ നേതൃനിരയിൽ, സൈബറിടങ്ങളിൽ… എല്ലായിടത്തും യു.എച്ച് എന്ന രണ്ടക്ഷരം നിറഞ്ഞുനിന്നു.
കളിയെഴുത്തിൽ മാത്രമായിരുന്നില്ല സിദ്ദീഖിന് കാര്യം. വ്യക്തിബന്ധങ്ങളുടെ പട്ടിക നീണ്ടതാണ്. സൗഹൃദങ്ങളുടെ പച്ചത്തുരുത്തുകളിൽ പ്രമുഖരെല്ലാം ഇടംപിടിച്ചു. ഇഷ്ടപ്പെടാത്തത് മുഖത്തുനോക്കി ആരോടും പറയാനും മടികാണിച്ചിരുന്നില്ല. അവഗണിക്കപ്പെട്ടവരുടെ പക്ഷത്ത് നിലകൊണ്ടു. വാർത്തകളിലും വാർത്താ പരമ്പരകളിലുമെല്ലാം അതു ദൃശ്യമായി.

ഒരിക്കൽ പരിചയപ്പെട്ടവരുടെയെല്ലാം പ്രിയപ്പെട്ടവനായി. സൗഹൃദങ്ങൾ സൂക്ഷിക്കുന്നതിലും വിപുലപ്പെടുത്തുന്നതിലും പ്രത്യേക മാന്ത്രികശക്തിതന്നെ യു.എച്ചിനുണ്ടായിരുന്നു. പരിചയപ്പെട്ടവർ വഴി പരിചയത്തിലായവരുമായി പോലും യു.എച്ച് സൗഹൃദത്തിന്റെ പുതിയ പാലമിട്ടു.

സ്‌കൂൾ കായിക മേളകൾ, ഐ.എസ്.എൽ, ഏഷ്യൻ അത്‌ലറ്റിക്‌സ് മീറ്റ്.. ഏറ്റവുമൊടുവിൽ മലപ്പുറത്തു നടന്ന സന്തോഷ് ട്രോഫിയുടെ മികവുറ്റ വാർത്തകളും സുപ്രഭാതം വായനക്കാരറിഞ്ഞത് സിദ്ദീഖിന്റെ തൂലികയിലൂടെയായിരുന്നു. ലോകകപ്പ് റിപ്പോർട്ട് ചെയ്യാനായി ഖത്തറിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു അവൻ.

പാസ്‌പോർട്ട് കിട്ടിയ വിവരം പങ്കുവച്ചപ്പോൾ അവൻ ആവേശത്തിലായിരുന്നു.
ഒരിക്കൽ പരിചയപ്പെട്ടവർക്കെല്ലാം നല്ലയോർമകൾ ബാക്കിവച്ചാണ് ഞങ്ങളുടെ സഹപ്രവർത്തകൻ യാത്രയാകുന്നത്.
നിന്റെ ഓർമകൾ ഹൃദയത്തിൽ, വാക്കുകളിൽ, അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരിക്കും. നീ ഞങ്ങളിൽനിന്നും പോയിമറയുന്നില്ലല്ലോ…
..


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News