2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ലക്ഷദ്വീപില്‍ സംഘ്പരിവാര്‍ അജന്‍ഡക്ക് യൂനിവേഴ്‌സിറ്റി പിന്തുണ


 

ലക്ഷദ്വീപ് സമ്പൂര്‍ണമായി കാവിവല്‍ക്കരിക്കുക എന്ന കേന്ദ്രസര്‍ക്കാര്‍ അജന്‍ഡ ഘട്ടംഘട്ടമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍. ജനങ്ങളുടെ തൊഴിലവസരങ്ങള്‍ നിഷേധിച്ചും വികസനമെന്ന മറയിട്ട് ജനങ്ങളുടെ ഭൂമി പിടിച്ചെടുത്തും ജനങ്ങളുടെ പ്രധാന വരുമാന സ്രോതസായ പശുവളര്‍ത്തല്‍ നിരോധിച്ചും അവരെ ശ്വാസംമുട്ടിച്ചു കൊണ്ടിരുന്ന പ്രഫുല്‍ പട്ടേല്‍ ഏറ്റവും ഒടുവിലായി അവരുടെ വിദ്യാഭ്യാസ വളര്‍ച്ചയ്ക്കും തടയിട്ടിരിക്കുകയാണ്.
കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളും അറബിക് ബിരുദ കോഴ്‌സുമാണ് ലക്ഷദ്വീപ് സെന്ററുകളില്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. ഈ കോഴ്‌സുകള്‍ക്കൊന്നും നിലവാരം പോരെന്ന നിലപാടാണ് നിര്‍ത്തലാക്കാന്‍ കാരണമായി അഡ്മിനിസ്‌ട്രേറ്റര്‍ മുന്നോട്ടുവയ്ക്കുന്നത്. അഡ്മിനിസ്‌ട്രേറ്ററുടെ തീരുമാനം, ഒരു പ്രതിഷേധസ്വരം പോലും പുറപ്പെടുവിക്കാതെ നിര്‍ലജ്ജം കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗീകരിക്കുകയും ചെയ്തു.

അറബിക് ഭാഷയോടുള്ള ചിറ്റമ്മനയത്തില്‍ ബി.ജെ.പിയും സി.പി.എമ്മും ഒരേ തൂവല്‍പക്ഷികളാണ്. അത് സിന്‍ഡിക്കേറ്റ് തീരുമാനത്തിലും പ്രതിഫലിച്ചുവെന്നുവേണം മനസിലാക്കാന്‍.

സര്‍വകലാശാലയുടെ കവരത്തി, ആന്ത്രോത്ത്, കടമത്ത്, സെന്ററുകളിലെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളായ അറബിക്, ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, അക്വാകള്‍ച്ചര്‍, മാത്തമാറ്റിക്‌സ് എന്നിവയും ബിരുദ കോഴ്‌സായ അറബിക്കുമാണ് നിര്‍ത്തലാക്കിയത്. നിര്‍ത്തലാക്കിയ കോഴ്‌സുകള്‍ക്ക് പകരം ടൂറിസവുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ ആരംഭിക്കുമെന്നാണ് പ്രഫുല്‍ കെ. പട്ടേല്‍ പറയുന്നത്. മേല്‍ കോഴ്‌സുകള്‍ക്ക് വിദ്യാര്‍ഥികള്‍ കുറവാണെന്നും ജോലിസാധ്യത ഇല്ലെന്നും ദ്വീപി
ലെ വിദ്യാര്‍ഥികള്‍ കേരളത്തില്‍വന്ന് പഠിക്കാനാണ് താല്‍പര്യപ്പെടുന്നതുമൊക്കെയുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദങ്ങള്‍ തീര്‍ത്തും അപ്രസക്തമാണ്. പല കോഴ്‌സുകള്‍ക്കും ജോലിസാധ്യതയും ഗവേഷണസാധ്യതയും ഏറെയാണെന്ന യാഥാര്‍ഥ്യം മറച്ചുപിടിച്ചാണ് ഇത്തരമൊരു ക്രൂരമായ നിലപാ
ടിലേക്ക് ലക്ഷദ്വീപ് വിദ്യാഭ്യാസ സമിതിയും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റും എത്തിയിരിക്കുന്നത്.
ഇതില്‍നിന്നു തന്നെ ലക്ഷദ്വീപില്‍ സംഘ്പരിവാര്‍ ഭരണകൂടം എന്താണ് ലക്ഷ്യംവയ്ക്കുന്നതെന്ന് വ്യക്തമാണ്. ലക്ഷദ്വീപിലെ ഭൂരിപക്ഷം വരുന്ന മുസ്‌ലിം ജനസാമാന്യത്തിന്റെ ദ്വീപിലെ ജീവിതം പരമാവധി ദുസ്സഹമാക്കി, അവരുടെ അസ്തിത്വം തന്നെ ഇല്ലാതാക്കി ദ്വീപിനെ സമ്പൂര്‍ണ ടൂറിസം കേന്ദ്രമാക്കുക എന്നതാണ് ലക്ഷ്യം. അതിനായാണ് ഓരോ ഘട്ടങ്ങളിലായി ദ്വീപ് ജനതയുടെ പൈതൃകവും അവരുടെ സാംസ്‌കാരിക തനിമയും നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ആ കോടാലി ദ്വീപ് ജനതയുടെ വിദ്യാഭ്യാസ അവകാശത്തിന് നേരേയും ഉയര്‍ന്നിരിക്കുന്നു.

സംഘ്പരിവാര്‍ അഡ്മിനിസ്‌ട്രേറ്ററുടെ തീരുമാനത്തിന് സര്‍വാത്മനാ പിന്തുണ നല്‍കുന്നതായിരുന്നു കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് എടുത്തത്. പഠനനിലവാരം പോരെന്നുപറഞ്ഞ് പ്രഫുല്‍ പട്ടേല്‍ എടുത്തുമാറ്റിയ അറബിക് ബിരുദ കോഴ്‌സ് ഉള്‍പ്പെടെയുള്ളവ നിര്‍ത്തലാക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിക്കുമ്പോള്‍, കഴിഞ്ഞ തവണ അറബിക് വിഭാഗത്തില്‍ ഡിഗ്രി ഒന്നാംറാങ്ക് കരസ്ഥമാക്കിയത് ലക്ഷദ്വീപില്‍ നിന്നായിരുന്നുവെന്ന് ചിന്തിക്കാന്‍ പോലും ശേഷിയില്ലാത്തവരായിപ്പോയി സിന്‍ഡിക്കേറ്റില്‍ കയറിയിരിക്കുന്നവര്‍.
ദ്വീപിലെ ഏറ്റവും കൂടുതല്‍ പേര്‍ പഠനത്തിനു വേണ്ടി തെരഞ്ഞെടുക്കാറുള്ള അറബിക് കോഴ്‌സ് ഉള്‍പ്പെടെയുള്ളവയ്ക്കു ഉപരിപഠനത്തിനായി അപേക്ഷ നല്‍കാനിരിക്കെയാണ് കുട്ടികള്‍ കുറവാണെന്നും പഠന നിലവാരമില്ലെന്നും പറഞ്ഞ് സിന്‍ഡിക്കേറ്റും കുട്ടികളുടെ തുടര്‍പഠനം നിഷേധിച്ചിരിക്കുന്നത്.

പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശന പ്രക്രിയകള്‍ അടുത്തുകൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭത്തിലും കൂടിയാണ് ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ തീരുമാനത്തിന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മേലൊപ്പ് ചാര്‍ത്തിയിരിക്കുന്നത്. പഠിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ യൂനിവേഴ്‌സിറ്റിയില്‍ വന്ന് പഠിക്കട്ടെ എന്ന ക്രൂര തീരുമാനവും സിന്‍ഡിക്കേറ്റ് എടുത്തിരിക്കുകയാണ്. വിദ്യാര്‍ഥികളില്‍ പലര്‍ക്കും അതിനുള്ള സാമ്പത്തിക ശേഷിയില്ലാത്തതു കൊണ്ടാണ് ദ്വീപില്‍ തന്നെയുള്ള യൂനിവേഴ്‌സിറ്റിയുടെ സെന്ററില്‍ പഠിക്കുന്നതെന്ന് ഓര്‍ക്കാനുള്ള ബുദ്ധിപോലും വിദ്യാഭ്യാസ വിചക്ഷണര്‍ ഉള്‍ക്കൊള്ളുന്ന സിന്‍ഡിക്കേറ്റിന് ഇല്ലാതെ പോയി. ലക്ഷദ്വീപിലെ വിദ്യാര്‍ഥികളുടെ പഠിക്കാനുള്ള അവകാശങ്ങള്‍ നിഷേധിച്ച യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് തീരുമാനത്തിനെതിരേ വിദ്യാര്‍ഥി ലോകത്ത് നിന്നും അതിശക്തമായ പ്രതിഷേധസമരം ഉയരേണ്ടിയിരിക്കുന്നു.
വൈസ് ചാന്‍സലര്‍ ഡോ. എം.കെ ജയരാജിന്റെ നേതൃത്വത്തില്‍ സി.പി.എം അംഗങ്ങളുടെ പിന്തുണയോടെയാണ് സിന്‍ഡിക്കേറ്റ് ഇത്തരമൊരു തീരുമാനമെടുത്തത് എന്നതിനു രേഖകളുണ്ട്. കഴിഞ്ഞ മാസം 12നു ദ്വീപ് വിദ്യാഭ്യാസ വകുപ്പും സിന്‍ഡിക്കേറ്റും സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് ദ്വീപ് ഭരണകൂടത്തിന്റെ തീരുമാനത്തെ സിന്‍ഡിക്കേറ്റ് പിന്തുണച്ചത്. ദ്വീപ് വിദ്യാഭ്യാസ സെക്രട്ടറി അമിത് സതിജ, കാലിക്കറ്റ് വി.സി ഡോ. എം.കെ ജയരാജ്, വിദ്യാഭ്യാസ ഡയരക്ടര്‍ രാകേഷ് സിംഗാള്‍, കാലിക്കറ്റ് പി.വി.സി ഡോ.എം നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ സതീഷ് തുടങ്ങി പല പ്രമുഖരും പങ്കെടുത്ത സംയുക്ത യോഗത്തിലാണ് ദ്വീപിലെ വിദ്യാര്‍ഥികള്‍ക്ക് പഠനാവസരം നിഷേധിക്കുന്ന ക്രൂര തീരുമാനമുണ്ടായത്. കോഴ്‌സുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനമെടുത്ത യോഗത്തില്‍ അതിനെതിരേ ഒരക്ഷരം ഉരിയാടാതിരുന്ന വൈസ് ചാന്‍സലര്‍, യോഗത്തില്‍ ഡോ. റഷീദ് അഹമ്മദ് എതിര്‍ത്തപ്പോള്‍ തീരുമാനം പുനഃപ്പരിശോധിക്കാന്‍ ആവശ്യപ്പെടാമെന്ന അഴകൊഴമ്പന്‍ മറുപടിയാണ് നല്‍കിയത്. എതിര്‍ക്കേണ്ട സന്ദര്‍ഭത്തില്‍ എതിര്‍ക്കാതെ, സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തതിനു ശേഷം തീരുമാനം പുനഃപ്പരിശോധിക്കാന്‍ ആവശ്യപ്പെടുമെന്ന വൈസ് ചാന്‍സലറുടെ വിശദീകരണം ചീപ്പ് പോപ്പുലാരിറ്റിക്കുവേണ്ടിയുള്ള കാപട്യപ്രകടനം മാത്രമായിരുന്നു. ഇ.ടി മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ, ലക്ഷദ്വീപിലെ കുട്ടികള്‍ ഉപരിപഠനപ്രയാസം അനുഭവിച്ചുകൊണ്ടിരുന്നപ്പോള്‍ ലക്ഷദ്വീപ് എം.പിയും കേന്ദ്രമന്ത്രിയുമായിരുന്ന പി.എം സഈദിന്റ അഭ്യര്‍ഥന മാനിച്ചായിരുന്നു ലക്ഷദ്വീപില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ സെന്ററുകള്‍ ആരംഭിച്ചത്.

അതാണിപ്പോള്‍ ദ്വീപിലെ സംഘ്പരിവാര്‍ ഭരണകൂടവും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ സി.പി.എം സിന്‍ഡിക്കേറ്റും ഒറ്റക്കെട്ടായി നിന്ന് തകര്‍ത്തിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.