ഇരുളിന്റെ കാർമേഘങ്ങൾ എത്രമൂടിക്കെട്ടിയാലും വശ്യമായ പെരുമാറ്റത്തിലൂടെ എല്ലാം വകഞ്ഞുമാറ്റാനുള്ള സൗമ്യതയിൽ പൂമരമായി നിന്ന പാണക്കാട്ടെ ഹൈദരലി തങ്ങൾ ഓർമയായതോടെ രാഷ്ട്രീയ കേരളത്തിന്റെ ചർച്ചാവേദിയും പൊതുസമൂഹത്തിന്റെ ആശ്രയകേന്ദ്രവും ദാറുന്നഈമിൽനിന്ന് അൽമൻഹലിലേക്ക് മാറും.
ഏറെ ശ്രദ്ധ പതിയുന്ന രാഷ്ട്രീയ സമവാക്യങ്ങളും ഒത്തുതീർപ്പുകളും മാത്രമല്ല, സാധാരണ ജനത്തിന് ഏതു സമയത്തും പരിഹാരം തേടി കയറിച്ചെല്ലാൻ കഴിയുന്ന പ്രധാന ഇടമാണ് സയ്യിദ് സാദിഖലി തങ്ങളുടെ വസതിയായ അൽമൻഹലിലേക്ക് മാറുന്നത്. പരിഭവങ്ങളും പരാതികളും പ്രശ്‌നങ്ങളുമടങ്ങുന്ന ഭാരം ഇനി ഇവിടെ ഇറക്കിവയ്ക്കാം.
2009ലാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തോടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി ചുമതലയേൽക്കുന്നത്. ഇതോടെ 1975 മുതൽ നീണ്ട 34 വർഷം രാഷ്ട്രീയ കേരളം മറക്കാനാവാത്ത നിർണായകമായ നിരവധി തീരുമാനങ്ങളെടുത്ത സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ കൊടപ്പനക്കൽ തറവാട് പതിയെ ശാന്തതിയിലേക്ക് നീങ്ങുകയും ഹൈദരലി തങ്ങളുടെ വസതിയായ ദാറുന്നഈം സജീവമാകുകയുമായിരുന്നു.
കഴിഞ്ഞ 12 വർഷം ഇടതടവില്ലാതെ ജനം ഒഴുകിയെത്തി പരിഹാരംതേടി മടങ്ങിയ ദാറുന്നഈമും പതിയെ ശാന്തതയിലേക്ക് വഴിമാറുകയാണ്. ഹൈദരലി തങ്ങളുടെ വിയോഗത്തോടെ ഒരാഴ്ച മുസ് ലിം ലീഗിന്റെ ഔദ്യോഗിക പരിപാടികളൊന്നുമുണ്ടാകില്ല. ഇതിനുശേഷം അൽമൻഹൽ ഇനി ഹരിത രാഷ്ട്രീയത്തിന്റെയും എല്ലാ വിഭാഗം ജനങ്ങളുടെയും ആശാകേന്ദ്രമാകും.
Comments are closed for this post.