2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യു.ഡി.എഫ് കോട്ടയില്‍ അങ്കത്തിന് കടുപ്പമേറും

യു.എച്ച് സിദ്ദീഖ്

 
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന്റെ മുന്നണിമാറ്റത്തോടെ  ഏറെ അടിയൊഴുക്കുകള്‍ക്കു സാധ്യതയുള്ള കോട്ടയം ജില്ലയില്‍ നിയമസഭാ പോരാട്ടത്തിനു കടുപ്പമേറും. ഇടതു തരംഗം വീശിയടിച്ച കാലത്തൊന്നും ഉലയാത്ത യു.ഡി.എഫ് കോട്ട തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആടിയുലഞ്ഞിരുന്നു. 
 
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലം തന്നെയാണ് ഏറ്റവും ശ്രദ്ധാകേന്ദ്രം. ജോസ് കെ. മാണിയും കൂട്ടരും മുന്നണി വിട്ടപ്പോള്‍  മാണി സി. കാപ്പന്‍ വന്നത് യു.ഡി.എഫിനു ചെറിയൊരു ആശ്വാസമായി. ഇരുവരിലൊരാളുടെ വീഴ്ച അതു സംഭവിക്കുന്നയാളുടെ പാര്‍ട്ടിയെ തന്നെ കേരള രാഷ്ട്രീയത്തില്‍ നിഷ്പ്രഭമാക്കും. നിയമസഭാ സാമാജികത്വത്തിന്റെ 50ാമാണ്ട് തികച്ച ഉമ്മന്‍ ചാണ്ടി തന്നെയാണ് വി.ഐ.പി മണ്ഡലമായ പുതുപ്പള്ളിയില്‍ ഇത്തവണയും യു.ഡി.എഫ് സ്ഥാനാര്‍ഥി. 
വഴിപിരിഞ്ഞ കേരള കോണ്‍ഗ്രസുകള്‍ക്ക് എത്ര സീറ്റുകള്‍ എന്നതിന്റെ  ചിത്രം തെളിയുന്നതേയുള്ളൂ. ഇടതില്‍ പാലായും കാഞ്ഞിരപ്പള്ളിയും കടുത്തുരുത്തിയും ഉറപ്പിച്ച ജോസ് പക്ഷം ചങ്ങനാശ്ശേരിയിലും പൂഞ്ഞാറിലും അവകാശവാദമുന്നയിക്കുന്നു. യു.ഡി.എഫില്‍ ആറില്‍ മത്സരിച്ചുവന്ന പാര്‍ട്ടി ഇടതില്‍  നാലിലൊതുങ്ങും. പതിവുപോലെ ഏറ്റുമാനൂരും പുതുപ്പള്ളിയും കൊണ്ട് സി.പി.എം തൃപ്തിപ്പെടും. കാഞ്ഞിരപ്പള്ളി കൈവിട്ടു പോകുന്ന സി.പി.ഐക്ക്  വൈക്കം മാത്രമാവും പിടിവള്ളി.  
 
പൂഞ്ഞാറിനായി സി.പി.ഐ ആഞ്ഞുപിടിക്കുന്നുണ്ട്. 2016ല്‍ രണ്ടു സീറ്റുകളില്‍ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസും കടുത്തുരുത്തി കൈവശമുണ്ടായിരുന്ന സ്‌കറിയ തോമസും കാഴ്ചക്കാരാവേണ്ടി വരും.  
ജോസ് പോയതോടെ അധികം വന്ന സീറ്റുകളിലാണ് കോണ്‍ഗ്രസിന്റെ നോട്ടം. കടുത്തുരുത്തി മോന്‍സ് ജോസഫ് ഉറപ്പിച്ചിട്ടുണ്ട്. പുറമെ സി.എഫ് തോമസിന്റെ ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍ മണ്ഡലങ്ങളുമാണ് പി.ജെ ജോസഫ് പക്ഷത്തിന്റെ ലക്ഷ്യം. കോട്ടയത്ത് രണ്ടില്‍ കൂടുതല്‍ മോഹിക്കേണ്ടെന്ന സന്ദേശം ജോസഫിനു കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. കടുത്തുരുത്തിക്കു പുറമെ ചങ്ങനാശ്ശേരിയോ കാഞ്ഞിരപ്പള്ളിയോ കൊണ്ട് ജോസഫിനു തൃപ്തിപ്പെടേണ്ടിവരും. 
പുതുപ്പള്ളിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയത്തിനും പുറമെ ഏറ്റുമാനൂര്‍, വൈക്കം, കാഞ്ഞിരപ്പള്ളി അല്ലെങ്കില്‍ ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് മത്സരിക്കും. ഒറ്റയാനായ പി.സി ജോര്‍ജിനെ പൂഞ്ഞാറില്‍ മുന്നണി സ്വതന്ത്രനാക്കാനാണ് യു.ഡി.എഫിന്റെ ചിന്ത. ക്രൈസ്തവ സഭകളുടെയും എന്‍.എസ്.എസിന്റെയും നിലപാടുകള്‍ നിര്‍ണായകമായ ജില്ലയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലും അതു പ്രതിഫലിക്കും. വിജയപ്രതീക്ഷയില്ലാത്ത ബി.ജെ.പിക്ക് വോട്ടിങ് ശതമാനം കൂട്ടുക എന്നതു മാത്രമാണ് ലക്ഷ്യം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.