2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ബി.എസ്.എൻ.എൽ സ്വകാര്യ മേഖലയിലേക്കോ?

അൻസാർ മുഹമ്മദ്

തിരുവനന്തപുരം
എയർ ഇന്ത്യ ടാറ്റയ്ക്ക് വിറ്റ് കൈയാഴിഞ്ഞതിനു പിന്നാലെ ബി.എസ്.എൻ.എല്ലും (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) സ്വകാര്യ മേഖലക്ക് കൈമാറാനുള്ള നീക്കം ആരംഭിച്ചു. ലോകമെമ്പാടുമുള്ള ഓപറേറ്റർമാർ 5ജിയിലേക്ക് നീങ്ങുമ്പോൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാത്രം 4ജി സേവനം പരീക്ഷിച്ച സർക്കാർ ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാവായ ബി.എസ്.എൻ.എൽ സ്വകാര്യവൽക്കരണമാണ് മോദി സർക്കാരിന്റെ അടുത്ത നീക്കം.

ബി.എസ്.എൻ.എൽ പ്രതിവർഷം കോടിക്കണക്കിന് രുപയുടെ നഷ്ടത്തിലാണ് ഓടുന്നത്. 2016 – 17ൽ 4,793 കോടി രൂപയും 2017 – 18ൽ 7,993 കോടി രൂപയും 2018 – 19ൽ 15,000 കോടി രൂപയുമാണ് നഷ്ടം. അതായത് ഓരോ വർഷവും ഇരട്ടിയാണ് നഷ്ടം. 2019 – 20ൽ കമ്പനിയുടെ നഷ്ടം 15,499.58 കോടി രൂപയിൽ നിന്നും 2021 സാമ്പത്തിക വർഷത്തിൽ 7,441.11 കോടി രൂപയായി കുറഞ്ഞു. ഇതിനു കാരണം 78,569 ജീവനക്കാർ സ്വമേധയാ വിരമിച്ചതിനാൽ ജീവനക്കാരുടെ വേതനം കുറച്ചതാണ് നഷ്ടം കുറയാൻ കാരണമായതെന്ന് ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ പറഞ്ഞു.

   

കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2019 – 20ൽ റിപ്പോർട്ട് ചെയ്ത 18,906.56 കോടിയെ അപേക്ഷിച്ച് 2020 – 21ൽ 1.6 ശതമാനം കുറഞ്ഞ് 18,595.12 കോടി രൂപയായി. ബി.എസ്.എൻ.എല്ലിന്റെ ആസ്തി മുൻ വർഷത്തെ 59,139.82 കോടിയിൽ നിന്ന് 2021 സാമ്പത്തിക വർഷത്തിൽ 51,686.8 കോടി രൂപയായി കുറഞ്ഞു.
കമ്പനിയുടെ കുടിശികയുള്ള കടം 2019 – 20 സാമ്പത്തിക വർഷത്തിലെ 21,674.74 കോടി രൂപയിൽ നിന്ന് 2020 – 21 സാമ്പത്തിക വർഷത്തിൽ 27,033.6 കോടി രൂപയായി ഉയർന്നു. കമ്പനിയുടെ സഞ്ചിത കടം 90,000 കോടി രൂപയിലധികമെന്നാണ് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ സെക്യൂരിറ്റീസിന്റെ റിപ്പോർട്ടിൽ പറയുന്നത്. സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നീക്കത്തിന് ആക്കം കൂട്ടി ഭാരത് ബ്രോഡ്ബാൻഡ് നിഗം ലിമിറ്റഡിനെ (ബി.ബി.എൻ.എൽ) ബി.എസ്.എൻ.എല്ലുമായി ലയിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. നിർദിഷ്ട ലയനത്തോടെ യൂനിവേഴ്‌സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് (യു.എസ്.ഒ.എഫ്) ഉപയോഗിച്ച് രാജ്യത്തെ 1.85 ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ സ്ഥാപിച്ചിട്ടുള്ള 5.67 ലക്ഷം കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ ബി.എസ.എൻ.എല്ലിന് സ്വന്തമാകും.

ബി.എസ്.എൻ.എല്ലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളും വസ്ഥുവകകളും വിറ്റഴിക്കാനുള്ള നീക്കവും ആരംഭിച്ചു. ഹൈദരാബാദ്, ചണ്ഡീഗഡ്, ഭാവ്‌നഗർ, കൊൽക്കത്ത എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന ബി.എസ്.എൻ.എല്ലിൻ്റെ കെട്ടിടങ്ങളും വസ്ഥുവകകളും വിറ്റഴിക്കാനുള്ള തീരുമാനത്തിലാണ്. മുംബൈയിലെ വസാരി ഹിൽ, ഗോരെഗാവിൽ സ്ഥിതി ചെയ്യുന്ന ബി.എസ്.എൻ.എൽ കെട്ടിടം എന്നിവയും വിൽക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. കേരളത്തിലുള്ള ബി.എസ്.എൻ.എൽ കെട്ടിടങ്ങളും ടവറുകളും മറ്റു ടെലഫോൺ സേവനദാതാക്കൾക്ക് പാട്ടത്തിന് നൽകുമെന്നും അറിയുന്നു. രാജ്യത്തെ എല്ലാ സർക്കിളുകളിലുമായി 3,266 കെട്ടിടങ്ങളും 1,388 ടവറുകളും ഉപഗ്രഹങ്ങളും 21,042 ടെലികോം ഉപകരണങ്ങളും 686 നോൺടെലികോം ഉപകരണങ്ങളും ബി.എസ്.എൻ.എല്ലിനുണ്ടെന്നാണ് കണക്കാക്കുന്നത്. ടെലികോം ഉപകരണങ്ങളിൽ, ഉപകരണങ്ങളും പ്ലാന്റുകളും കേബിളുകൾ, കംപ്യൂട്ടർ സെർവറുകൾ, ഇൻസ്റ്റലേഷൻ ടെസ്റ്റ് ഉപകരണങ്ങൾ, ലൈനുകളും വയറുകളും സബ്‌സ്‌ക്രൈബർ ഇൻസ്റ്റലേഷനും ഉൾപ്പെടും.

ടെലികോം ഇതര ഉപകരണങ്ങളിൽ കംപ്യൂട്ടർ എൻഡ് യൂസർ ഉപകരണങ്ങൾ, ഇലക്ട്രിക്കൽ ഫിറ്റിങുകൾ, ഫർണിച്ചറുകൾ,പിക്ചറുകൾ, മോട്ടോർ വാഹനങ്ങൾ, ലോഞ്ചുകൾ എന്നിവ ഉൾപ്പെടുന്നു. അതേ സമയം, ബി.എസ്.എൻ.എല്ലിന്റെ ഓഹരി വിറ്റഴിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് കമ്മ്യൂണിക്കേഷൻ മന്ത്രാലയം ലോക്‌സഭയെ അറിയിച്ചത്. ഡി.എം.കെ അംഗം ഡി.എം കതിർ ആനന്ദിന്റെ ചോദ്യത്തിനാണ് കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ദേവുസിൻ ചൗഹാൻ മറുപടി നൽകിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.