2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജനവിധി ജില്ലകളിലൂടെ

കാസര്‍കോട്
സിറ്റിങ് സീറ്റുകള്‍
നിലനിര്‍ത്തി മുന്നണികള്‍

കാസര്‍കോട്: അഞ്ച് നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയില്‍ സിറ്റിങ് സീറ്റുകള്‍ മുന്നണികള്‍ നിലനിര്‍ത്തിയതല്ലാതെ അട്ടിമറികളൊന്നുമുണ്ടായില്ല.
യു.ഡി.എഫിന് രണ്ട്, എല്‍.ഡി.എഫിന് മൂന്ന് എന്ന സീറ്റുനില തുടരും. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങള്‍ യു.ഡി.എഫും ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങള്‍ എല്‍.ഡി.എഫും നിലനിര്‍ത്തി.
2016നെക്കാള്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചാണ് അഞ്ചുമണ്ഡലങ്ങളും മുന്നണികള്‍ നിലനിര്‍ത്തിയത്. അട്ടിമറികള്‍ പ്രതീക്ഷിക്കപ്പെട്ട മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ മുസ്‌ലിം ലീഗും ഉദുമ മണ്ഡലത്തില്‍ സി.പി.എമ്മും മികച്ച പ്രകടനം കാഴ്ച്ചവച്ചു.
കണ്ണൂര്‍
അഴീക്കോട്
തിരിച്ചുപിടിച്ച്
എല്‍.ഡി.എഫ്

ആകെയുള്ള 11 മണ്ഡലങ്ങളില്‍ ഒന്‍പതും പിടിച്ച് എല്‍.ഡി.എഫ്. രണ്ടുതവണ യു.ഡി.എഫിന്റെ കൈയിലുണ്ടായിരുന്ന അഴീക്കോട് തിരിച്ചുപിടിച്ചാണ് സീറ്റു നില എട്ടില്‍ നിന്ന് ഒന്‍പതായി എല്‍.ഡി.എഫ് ഉയര്‍ത്തിയത്. പരമ്പരാഗത കോണ്‍ഗ്രസ് കോട്ടയായ ഇരിക്കൂറും പേരാവൂരും മാത്രമാണു യു.ഡി.എഫ് നിലനിര്‍ത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷവുമായാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ മട്ടന്നൂരില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടത്. 61,030 ആണ് ശൈലജയുടെ ഭൂരിപക്ഷം. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, കല്യാശേരിയില്‍ യുവനേതാവ് എം. വിജിന്‍, തലശേരിയില്‍ എ.എന്‍ ഷംസീര്‍, പയ്യന്നൂരില്‍ ടി.ഐ മധുസൂദനന്‍, തളിപ്പറമ്പില്‍ മുതിര്‍ന്ന സി.പി.എം നേതാവ് എം.വി ഗോവിന്ദന്‍ എന്നിവരും വന്‍ ഭൂരിപക്ഷത്തോടെയാണു വിജയിച്ചത്. 2016ല്‍ നഷ്ടപ്പെട്ട കണ്ണൂര്‍, കൂത്തുപറമ്പ് സീറ്റുകളില്‍ ശക്തമായ മത്സരം യു.ഡി.എഫ് കാഴ്ചവച്ചെങ്കിലും തിരിച്ചുപിടിക്കാനായില്ല. ശക്തമായ മത്സരത്തിനൊടുവിലാണ് കണ്ണൂരില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ 1,944 വോട്ടിനും പേരാവൂരില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എം.എല്‍.എ സണ്ണി ജോസഫ് 2,757 വോട്ടിന്റെ ഭൂരിപക്ഷത്തിനും ജയിച്ചുകയറിയത്.

വയനാട്
ഉലയാതെ ജില്ല

കല്‍പ്പറ്റ: എല്‍.ഡി.എഫ് കാറ്റില്‍ മറ്റുജില്ലകളെല്ലാം കൈവിട്ടപ്പോഴും വയനാട്ടില്‍ യു.ഡി.എഫിന് മുന്‍തൂക്കം.
ഒരു സീറ്റ് വര്‍ധിപ്പിച്ചാണ് എല്‍.ഡി.എഫ് മുന്നേറ്റത്തിനിടയിലും യു.ഡി.എഫ് പിടിച്ചുനിന്നത്. 2016ല്‍ ഒരു സീറ്റില്‍ മാത്രമായി ഒതുങ്ങിപ്പോയ അവര്‍ ഇത്തവണ കല്‍പ്പറ്റ കൂടി തിരിച്ചുപിടിച്ചു.
മാനന്തവാടയില്‍ വമ്പിച്ച വിജയം നേടി ഒ.ആര്‍ കേളു രണ്ടാമൂഴത്തിലും നിയമസഭയിലേക്ക് കയറി.
സുല്‍ത്താന്‍ ബത്തേരിയില്‍ അനായസം യു.ഡി.എഫ് ജയിച്ചുകയറിയെങ്കിലും കല്‍പ്പറ്റയില്‍ ശക്തമായ പോരാട്ടത്തിനൊടുവിലാണ് വിജയം കൈപ്പിടിയിലാക്കിയത്.
കോഴിക്കോട്

കോട്ട ഭദ്രമാക്കി എല്‍.ഡി.എഫ്
കോഴിക്കോട്: 13 ല്‍ 11 മണ്ഡലങ്ങളും ഇടതുമുന്നണി നേടി. യു.ഡി.എഫിന്റെ സിറ്റിങ് മണ്ഡലങ്ങളായ കോഴിക്കോട് സൗത്തും കുറ്റ്യാടിയും എല്‍.ഡി.എഫ് പിടിച്ചെടുത്തു. കൊടുവള്ളി യു.ഡി.എഫ് തിരിച്ചുപിടിച്ചു.
വടകരയില്‍ കെ.കെ രമ 7491 വോട്ടിന്റെ ഭൂരിപക്ഷവുമായി വന്‍വിജയം നേടി. കോണ്‍ഗ്രസിന് ഇത്തവണയും ഒരാളെ പോലും ജയിപ്പിക്കാനായില്ല. മുസ്‌ലിം ലീഗിന്റെ പ്രാതിനിധ്യം കൊടുവള്ളിയില്‍ ജയിച്ച ഡോ. എം.കെ മുനീറില്‍ ഒതുങ്ങി.
എലത്തൂരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മന്ത്രി എ.കെ ശശീന്ദ്രനാണ് (എന്‍.സി.പി) ജില്ലയിലെ മികച്ച ഭൂരിപക്ഷം – 37000.

മലപ്പുറം
സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

മലപ്പുറം: ഇടതുമുന്നേറ്റത്തിലും ജില്ലയില്‍ നിലവിലെ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍. 16 മണ്ഡലങ്ങളില്‍ 11 എണ്ണത്തില്‍ മുസ്‌ലിംലീഗും ഒന്നില്‍ കോണ്‍ഗ്രസും അടക്കം 12 സീറ്റ് യു.ഡി.എഫ് നേടി.നാലു സീറ്റില്‍ എല്‍.ഡി.എഫ് വിജയിച്ചു. 2016ല്‍ ലഭിച്ച സീറ്റുകള്‍ തന്നെ ഇരുമുന്നണികളും നിലനിര്‍ത്തുകയായിരുന്നു.
മലപ്പുറം ലോക്‌സഭയിലും യു.ഡി.എഫ് വിജയിച്ചു.കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി, ഏറനാട്, മങ്കട, പെരിന്തല്‍മണ്ണ, വേങ്ങര, കോട്ടക്കല്‍, തിരൂരങ്ങാടി, വള്ളിക്കുന്ന്, തിരൂര്‍ മണ്ഡലങ്ങളാണ് ലീഗ് നിലനിര്‍ത്തിയത്. വണ്ടൂര്‍ കോണ്‍ഗ്രസും പൊന്നാനി, തവനൂര്‍, നിലമ്പൂര്‍, താനൂര്‍ മണ്ഡലങ്ങള്‍ എല്‍.ഡി.എഫും നേടി.

പാലക്കാട്
ഇടതുമുന്നണിയുടെ തേരോട്ടം

പാലക്കാട്: 12 മണ്ഡലങ്ങളില്‍ പത്തും സ്വന്തമാക്കി ഇടതുമുന്നണി. മലമ്പുഴയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രഭാകരന്റെ വിജയം, വി.ടി ബല്‍റാമിനെ തോല്‍പ്പിച്ച് എം.ബി രാജേഷിന്റെ തൃത്താലയിലെ വിജയം എന്നിവ ഇടതുതരംഗത്തിന്റെ തിളക്കം വര്‍ധിപ്പിച്ചു.
പാലക്കാട് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഇ. ശ്രീധരനെ മുട്ടുകുത്തിച്ച യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ വിജയമാണ് കോണ്‍ഗ്രസിന്റെ ഏക ആശ്വാസം.
പട്ടാമ്പി, തൃത്താല, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് വിജയിച്ചു. പാലക്കാടും മണ്ണാര്‍ക്കാടും യു.ഡി.എഫും വിജയിച്ചു.

തൃശൂര്‍
ഇടതിനൊപ്പം
തൃശൂര്‍: 2016ലെ ഫലം ആവര്‍ത്തിച്ച് തൃശൂര്‍. 13 മണ്ഡലങ്ങളില്‍ വടക്കാഞ്ചേരിയടക്കം പിടിച്ചെടുത്ത് എല്‍.ഡി.എഫ് കരുത്തുകാട്ടി.വലിയ ഭൂരിപക്ഷത്തിനാണ് അനില്‍ അക്കരെയില്‍നിന്ന് വടക്കാഞ്ചേരി സി.പി.എമ്മിലെ സേവ്യര്‍ ചിറ്റിലപ്പിള്ളി പിടിച്ചെടുത്തത്. ചാലക്കുടിയില്‍ കോണ്‍ഗ്രസിലെ സനീഷ് കുമാര്‍ അട്ടിമറി വിജയം നേടി.
ഇരിങ്ങാലക്കുടയില്‍ എ വിജയരാഘവന്റെ ഭാര്യ ആര്‍. ബിന്ദു വിജയിച്ചു. ഗുരുവായൂരിലും സി.പി.എം സീറ്റ് നിലനിര്‍ത്തി. ഭരണകക്ഷിക്ക് എല്ലാ തവണയും സീറ്റ് നല്‍കുന്ന ഒല്ലൂര്‍ ഇത്തവണയും ചരിത്രം ആവര്‍ത്തിച്ചു. ചീഫ് വിപ്പ് കെ രാജന്‍ സീറ്റ് നിലനിര്‍ത്തി.

എറണാകുളം

തരംഗത്തിലും കോട്ടകാത്ത് യു.ഡി.എഫ്
കൊച്ചി: ശക്തമായ ഇടതുതരംഗത്തിലും തകരാതെ പിടിച്ചുനിന്ന് എറണാകുളത്തെ യു.ഡി.എഫ് കോട്ട. 2016ല്‍ ജില്ലയിലെ 14ല്‍ ഒമ്പതും ജയിച്ച യു.ഡി.എഫ് അതേ സംഖ്യ നിലനിര്‍ത്തി. കുന്നത്തുനാടും കളമശേരിയും നഷ്ടപ്പെടുത്തി. ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെയാണെങ്കിലും തൃപ്പൂണിത്തുറയും മികച്ച ഭൂരിപക്ഷത്തോടെ മൂവാറ്റുപുഴയും നേടിയത് മുന്നണിക്ക് ആശ്വാസമായി. വി.ഡി സതീശനുള്‍പ്പെടെ പ്രമുഖ നേതാക്കളുടെ ഭൂരിപക്ഷത്തില്‍ വലിയ കുറവുണ്ടായി.
ഇടുക്കി

ആഞ്ഞുവീശി
ഇടതുതരംഗം

ഇടതുതരംഗം ആഞ്ഞുവീശിയപ്പോള്‍ അഞ്ചില്‍ നാല് മണ്ഡലങ്ങളും എല്‍.ഡി.എഫ് നേടി. ഉടുമ്പഞ്ചോല, പീരുമേട്, ദേവികുളം മണ്ഡലങ്ങള്‍ നിലനിര്‍ത്തിയപ്പോള്‍ ഇടുക്കി പിടിച്ചെടുത്തു. തൊടുപുഴ യു.ഡി.എഫ് നിലനിര്‍ത്തി. ഉടുമ്പഞ്ചോലയില്‍ 38305 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ചരിത്ര വിജയമാണ് എം.എം മണിക്ക് ലഭിച്ചത്.
ബി.ഡി.ജെ.എസ് വോട്ടുകള്‍ എല്‍.ഡി.എഫിന് മറിഞ്ഞതാണ് അവര്‍ക്ക് ഗുണം ചെയ്തത്. മാണി ഗ്രൂപ്പിന്റെ വരവും നേട്ടമായി. ഇടുക്കി മണ്ഡലം റോഷി അഗസ്റ്റിനിലൂടെ എല്‍.ഡി.എഫ് പക്ഷത്തേക്കു ചാഞ്ഞത് കേരളാ കോണ്‍ഗ്രസ് (എം) ന്റെ ബലത്തിലാണ്. തൊടുപുഴയില്‍ ജോസഫിന്റെ ഭൂരിപക്ഷം പകുതിയായി കുറയുകയും ചെയ്തു. 2006 ന് ശേഷം ഇടുക്കിയില്‍ കോണ്‍ഗ്രസിന് എം.എല്‍.എമാരില്ലെന്ന പേര് ഇക്കുറിയും തിരുത്താനായില്ല

കോട്ടയം
അഞ്ചടിച്ച് എല്‍.ഡി.എഫ്; നാലില്‍ ഒതുങ്ങി
യു.ഡി.എഫ്

കേരള കോണ്‍ഗ്രസി (എം) ന്റെ കരുത്തില്‍ യു.ഡി.എഫ് കോട്ടയില്‍ നേട്ടം കൊയ്ത് ഇടതു മുന്നണി. ഒന്‍പതില്‍ അഞ്ച് നേടിയാണ് എല്‍.ഡി.എഫ് വിജയത്തിളക്കം കൂട്ടിയത്. യു.ഡി.എഫ് നാലില്‍ ഒതുങ്ങി. പാലായില്‍ ജോസ് കെ. മാണിയും പൂഞ്ഞാറില്‍ ഒറ്റയാനായ പി.സി ജോര്‍ജും കനത്ത പരാജയം ഏറ്റുവാങ്ങിയപ്പോള്‍ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, വൈക്കം മണ്ഡലങ്ങള്‍ എല്‍.ഡി.എഫ് നേടി. പാലാ പുതുപ്പള്ളി, കോട്ടയം, കടുത്തുരുത്തി മണ്ഡലങ്ങള്‍ യു.ഡി.എഫ് നേടി. മികച്ച ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെല്ലാം ജയിച്ചു കയറിയത്.
ആലപ്പുഴ
ഇടതുപക്ഷത്ത് ഉറച്ച്
ആലപ്പുഴ: തുടര്‍ച്ചയായി ഇടതുപക്ഷത്ത് ഉറപ്പിച്ചിരിക്കുന്ന ആലപ്പുഴയില്‍ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആവര്‍ത്തനം.
ഒമ്പതില്‍ ഹരിപ്പാട് ഒഴികെ എല്ലാ സീറ്റിലും വിജയം ആവര്‍ത്തിച്ച എല്‍.ഡി.എഫ് ഉപതെരഞ്ഞെടുപ്പിലൂടെ ഇടക്കാലത്ത് കൈവിട്ട അരൂരും തിരികെ പിടിച്ചു. മന്ത്രിമാരായ മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തിയിട്ടും മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഭൂരിപക്ഷം 18621 ല്‍ നിന്ന് 13666 ആയി കുറഞ്ഞു. സി.പി.എമ്മിന് മത്സരിച്ച ആറ് സീറ്റിലും വിജയം ഉറപ്പാക്കാന്‍ കഴിഞ്ഞു. കുട്ടനാട്ടില്‍ എന്‍.സി.പിയും ചേര്‍ത്തലയില്‍ സി.പി.ഐയും സീറ്റ് നിലനിര്‍ത്തി.
പത്തനംതിട്ട
അഞ്ച് മണ്ഡലങ്ങളും
നിലനിര്‍ത്തി
എല്‍.ഡി.എഫ്

പത്തനംതിട്ട: ഡീല്‍ വിവാദവും ശബരിമലയും കത്തിക്കയറിയ ജില്ലയില്‍ അഞ്ചില്‍ അഞ്ചും നിലനിര്‍ത്തി എല്‍.ഡി.എഫ്. മൂന്ന് സീറ്റുവരെ പ്രതീക്ഷിച്ചിരുന്ന യു.ഡി.എഫ് ഇവിടെ തകര്‍ന്നടിഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ഇറക്കി കോന്നി പിടിക്കാമെന്ന എന്‍.ഡി.എ പ്രതീക്ഷ അസ്ഥാനത്തായി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന റാന്നിയില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി ഇടതിന് അഭിമാനവിജയം സമ്മാനിച്ചു. മറ്റു

നാലിടത്തും പറയത്തക്ക മത്സരം ഇടതു സ്ഥാനാര്‍ഥികള്‍ നേരിട്ടില്ലെന്നത് ശ്രദ്ധേയം.
കൊല്ലം
ഇടതുതരംഗത്തിലും യു.ഡി.എഫിന്
അട്ടിമറിജയം

കൊല്ലം: ഇടതുതരംഗത്തിലും യു.ഡി.എഫിന് കുണ്ടറയിലും കരുനാഗപ്പള്ളിയിലും അട്ടിമറി വിജയം. 2016ല്‍ 11 സീറ്റിലും വിജയിച്ച ഇടതുമുന്നണിക്ക് രണ്ട് സീറ്റ് നഷ്ടമായി.
കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരേ പി.സി വിഷ്ണുനാഥും കരുനാഗപ്പള്ളിയില്‍ ആര്‍ രാമചന്ദ്രനെതിരേ സി.ആര്‍ മഹേഷും വിജയിച്ചു.
ജില്ലയില്‍ മല്‍സരിച്ച മൂന്നിടത്തും ആര്‍.എസ്.പിക്കും മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി മല്‍സരിച്ച പുനലൂരിലും പരാജയം.
പത്തനാപുരത്ത് കേരളാ കോണ്‍ഗ്രസ് ബി നേതാവ് കെ.ബി ഗണേഷ്‌കുമാറിന് തുടര്‍ച്ചയായ അഞ്ചാം വിജയം.

തിരുവനന്തപുരം
ഒരിടത്തുമാത്രം
യു.ഡി.എഫ്

തലസ്ഥാനജില്ലയില്‍ 14 മണ്ഡലങ്ങളില്‍ 13 ഇടത്തും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഒരിടത്ത് മാത്രം യു.ഡി.എഫ്. നേമത്ത് എല്‍.ഡി.എഫിന്റെ വി.ശിവന്‍കുട്ടി അട്ടിമറി വിജയം നേടി.
തിരുവനന്തപുരം സെന്‍ട്രല്‍, അരുവിക്കര മണ്ഡലങ്ങളില്‍ യു.ഡി.എഫിന്റെ സിറ്റിങ് എം.എല്‍.എമാരായ വി.എസ് ശിവകുമാറും കെ.എസ് ശബരീനാഥനും പരാജയപ്പെട്ടു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെ എല്‍.ഡി.എഫിന്റെ എട്ടു സിറ്റിങ് എം.എല്‍.എമാരും വിജയിച്ചു.
യു.ഡി.എഫ് എം.എല്‍.എമാരില്‍ കോവളത്തുനിന്നുള്ള എം.വിന്‍സെന്റ് മാത്രമാണ് വിജയിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.