2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡാനന്തരം ആരോഗ്യത്തിന് ഫിസിയോതെറാപ്പി

ദീപു എസ്. ചന്ദ്രന്‍ ഫിസിയോതെറാപ്പിസ്റ്റ് ജനറല്‍ ആശുപത്രി, മഞ്ചേരി

 

കൊവിഡ് ഭേദമായിട്ടും കടുത്ത ക്ഷീണം, കിതപ്പ്, ശ്വാസതടസം, ശരീര വേദന, തരിപ്പ്, ബാലന്‍സ് തകരാര്‍, നടക്കാന്‍ പ്രയാസം തുടങ്ങിയവ ഉണ്ടായേക്കാം. കൊവിഡിന്റെ ഭാഗമായോ, മാറിയ ശേഷമോ 412 ആഴ്ചകളോ അതിലുമേറെയോ സമയം കാണുന്ന ഇത്തരം ലക്ഷണങ്ങള്‍ ഉള്ളിലുള്ള കൊവിഡിന്റെയോ, പോസ്റ്റ് കൊവിഡ് സിന്‍ഡ്രമിന്റെയോ ഭാഗമാവാം. ഈ അവസ്ഥയെ ദീര്‍ഘകാല കൊവിഡ് (ലോങ് കൊവിഡ്) എന്നുപറയാറുണ്ട്. കൊവിഡാനന്തര ബുദ്ധിമുട്ടുകള്‍ വ്യക്തിയെ ദൈനംദിന പ്രവര്‍ത്തികളില്‍ നിന്ന് പിന്നോട്ടുവലിക്കും. ശാരീരിക ക്ഷമത കൈവരിക്കാത്തതും ഇടയ്ക്കിടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളും ആത്മവിശ്വാസത്തെ ബാധിച്ചേക്കാം. കൊവിഡാനന്തര ശാരീരിക ബുദ്ധിമുട്ട് ചികിത്സിക്കാന്‍ വ്യത്യസ്ത പ്രൊഫഷണലുകളുടെ കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യം. ഇത് വ്യത്യസ്ത പ്രശ്‌നങ്ങളെ ശാസ്ത്രീയമായി അഭിസംബോധന ചെയ്യാനും ഫലപ്രദമായ ചികിത്സ ലഭ്യമാക്കാനും സഹായിക്കും.

ഫിസിയോതെറാപ്പി പ്രാധാന്യം

കൊവിഡാനന്തര ശാരീരിക ബുദ്ധിമുട്ടുകള്‍ ചികിത്സിക്കുന്നതില്‍ ഫിസിയോതെറാപ്പിക്ക് സുപ്രധാന സ്ഥാനമുണ്ട്. കൊവിഡാനന്തരം ശരീരത്തിന്റെ ചലനാത്മകത, ശക്തി, ക്ഷമത, ശരീര നിയന്ത്രണം, വേദന, നടക്കാനുള്ള ബുദ്ധിമുട്ട് എന്നിവ പ്രധാന പ്രശ്‌നങ്ങളാണ്. ദൈനംദിന ജീവിതചര്യകള്‍ നിറവേറ്റാന്‍ ഇവയില്‍ നിന്നുള്ള മുക്തി അനിവാര്യമാണ്. ശാസ്ത്രീയ ചികിത്സാ വ്യായാമങ്ങള്‍ ശരീരത്തെ ബാധിച്ച പ്രവര്‍ത്തനാപചയത്തെ പ്രതിരോധിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഗുണകരമാണ്. രോഗിയുടെ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്ത് കൃത്യമായ ഫിസിയോതെറാപ്പി ചികിത്സയിലൂടെ പ്രശ്‌നങ്ങള്‍ തരണം ചെയ്യാം.

ഫിസിയോതെറാപ്പി പരിശോധന

കൊവിഡാനന്തര ശാരീരിക ബുദ്ധിമുട്ടുള്ളവരില്‍ ഫിസിയോതെറാപ്പിക്കു മുമ്പ് വിശദമായ ഫിസിയോതെറാപ്പി അസസ്‌മെന്റ് അഥവാ പരിശോധന നടത്തും. വ്യക്തി വിവരങ്ങളോടൊപ്പം കൊവിഡുകാല അസുഖവിവരങ്ങള്‍, ചികിത്സാ സംബന്ധമായ കാര്യങ്ങള്‍, മുമ്പ് ഉണ്ടായിരുന്ന അസുഖ വിവരങ്ങള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, ഇപ്പോഴത്തെ ബുദ്ധിമുട്ടുകള്‍ എന്നിവ വിശകലനം ചെയ്യും.
തുടര്‍ന്ന് വിശദമായ ശരീര പരിശോധനയിലൂടെ കൊവിഡാനന്തര ശാരീരിക പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നു. വ്യക്തിയുടെ ശരീരത്തിന്റെ വ്യായാമ ശേഷിയും, പ്രവര്‍ത്തനതലവും വിശകലനം ചെയ്യാന്‍ സാച്ചുറേഷന്‍ അഥവാ രക്തത്തിലെ ഓക്‌സിജന്റെ അളവ് പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് ആറ് മിനിട്ട് പരിശോധിക്കും.

ചെസ്റ്റ് ഫിസിയോതെറാപ്പി

കൊവിഡാനന്തര വ്യക്തിയുടെ പ്രശ്‌നങ്ങള്‍ക്ക് അനുസരിച്ച് ഫിസിയോതെറാപ്പി ചികിത്സയും വ്യത്യസ്തമാണ്. കാര്യമായ ശാരീരിക അസുഖങ്ങളോ, അവശതകളോ ഉളളവര്‍ വ്യായാമങ്ങള്‍ക്ക് മുമ്പ് ഒരു ഡോക്ടറുടെ ഉപദേശം തേടണം. വ്യത്യസ്ത വ്യായാമ രീതികള്‍ ഫിസിയോ തെറാപ്പിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ ചെയ്യുന്നതാണ് ശാസ്ത്രീയവും അഭികാമ്യവും.

പൊസിഷനിങ്

രോഗിക്കുള്ള ശ്വസന ബുദ്ധിമുട്ടുകള്‍ക്ക് അനുസരിച്ച് രോഗിയെ ശാസ്ത്രീയ രീതികളില്‍ കിടത്തുകയോ, ഇരുത്തുകയോ ചെയ്യുന്നതാണ് പൊസിഷനിങ്. ഇത് ശ്വാസകോശ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും, ശ്വാസകോശത്തിലേക്കുള്ള വായു -രക്തസഞ്ചാരം ക്രമപ്പെടുത്താനും, ശ്വസന ബുദ്ധിമുട്ട് കുറയ്ക്കാനും, ശ്വാസകോശ സ്രവങ്ങള്‍ പുറന്തള്ളാനും സഹായിക്കും.

പ്രോണ്‍ പൊസിഷനിങ്

പൊസിഷനിങ് രീതികളില്‍ രോഗിയെ 12-16 മണിക്കൂര്‍ വരെ കമഴ്ത്തി കിടത്തുന്ന പ്രോണ്‍ പൊസിഷനിങ് ഗുണകരമാണ്. ഇങ്ങനെ രോഗിയെ കിടത്തുന്നത് ശരീരത്തിലെ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കാനും, ശ്വസനാധ്വാനം കുറയ്ക്കാനും സഹായിക്കും. ഹൃദയവും രക്തക്കുഴലുകളും പ്രധാന ഉദരാവയവങ്ങളും മുമ്പോട്ട് തള്ളി നില്‍ക്കുന്നതിനാല്‍ ശ്വാസകോശത്തിന് മുകളിലെ മര്‍ദം കുറഞ്ഞ് ശ്വസന പ്രകിയ സുഗമമാവും. സാധാരണഗതിയില്‍ ശ്വാസം വിട്ടതിനുശേഷം ശ്വാസകോശത്തിലെ വായുവിന്റെ അളവ്, അഥവാ ഫങ്ഷണല്‍ റെസിഡ്വല്‍ കപ്പാസിറ്റി വര്‍ധിപ്പിക്കാനും, ശ്വാസകോശ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്താനും പ്രോണ്‍ പൊസിഷനിങ് സഹായിക്കും.

പോസ്ച്ചുറല്‍ ഡ്രെയിനേജ് ചികിത്സ

നെഞ്ചിലെ കഫം മാറ്റി ശ്വാസകോശ വികാസം മെച്ചപ്പെടുത്താന്‍ വ്യക്തിയെ പ്രത്യേക രീതികളില്‍ കിടത്തുകയോ ഇരുത്തുകയോ ചെയ്ത്, ഭൂഗുരുത്വ ബലത്തിന്റെ സഹായവും, നെഞ്ചിനു മുകളില്‍ ഫിസിയോ തെറാപ്പിസ്റ്റ് നേരിട്ട് നല്‍കുന്ന പ്രത്യേക ചലനങ്ങളും, മര്‍ദവും ഉപയോഗപ്പെടുത്തി ചെയ്യുന്ന ചികിത്സയാണ് പോസ്ച്ചുറല്‍ ഡ്രെയിനേജ് ആന്‍ഡ് പെര്‍കഷന്‍. നെഞ്ചിലെ കഫം പുറന്തള്ളുന്നതിന് ഫോഴ്‌സ്ഡ് എക്‌സ്പിറേറ്ററി ചികിത്സാരീതികളായ ഹഫിങ് (ശക്തിയായ ശ്വാസ സഹായത്തോടെ കഫം മുകളിലേക്ക് കൊണ്ടുവരുക), കഫിങ് (മുകളിലെത്തിയ കഫത്തെ ചുമച്ച് തുപ്പുക) എന്നിവ ഗുണപ്രദമാണ്.

ശ്വസന വ്യായാമങ്ങള്‍

കൊവിഡിനുശേഷം ശ്വാസകോശത്തിന് സംഭവിക്കുന്ന മാറ്റങ്ങള്‍ ശ്വാസകോശ വികാസത്തെയും പേശീ പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കും. ഇതിന് ശ്വസന വ്യായാമങ്ങള്‍ അഥവാ ബ്രീതിങ് എക്‌സര്‍സൈസുകള്‍ ഉപകരിക്കും. രക്തസമ്മര്‍ദം, ഹൃദയ നിരക്ക്, ശ്വസന നിരക്ക്, മാനസിക സമ്മര്‍ദം എന്നിവ കുറയ്ക്കാനും വ്യായാമ ശേഷി, ഊര്‍ജനില എന്നിവ മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഡയഫ്രമാറ്റിക് ബ്രീതിങ്, പഴ്‌സ്ഡ്‌ലിപ്പ് ബ്രീതിങ് എന്നീ ശ്വസന വ്യായാമ രീതികള്‍ ഒരു ഫിസിയോ തെറാപ്പിസ്റ്റിന്റെ നിര്‍ദേശപ്രകാരം ചെയ്യണം.

മൊബിലിറ്റി, സ്‌ട്രെച്ചിങ്

അസുഖം നിമിത്തമുള്ള കിടപ്പ്, ആയാസം, പ്രവര്‍ത്തനക്കുറവ് ഇവയ്ക്കുപുറമേ ചിലരില്‍ ദീര്‍ഘമായ മൊബൈല്‍ ഉപയോഗം നിമിത്തം സന്ധി ചലനങ്ങളിലെ പിടിത്തവും, പേശികളുടെ ചുരുക്കവും കൊവിഡാനന്തര ശാരീരിക വേദനകള്‍ക്ക് പ്രധാന കാരണമാണ്. സന്ധികളെ പൂര്‍ണമായ രീതിയില്‍ ചലിപ്പിക്കാന്‍ മൊബിലിറ്റി വ്യായാമങ്ങള്‍ സഹായിക്കും. പേശികളിലെ ചുരുങ്ങലും വലിച്ചിലും നിവര്‍ത്താന്‍ സ്‌ട്രെച്ചിങ് വ്യായാമങ്ങള്‍ സഹായിക്കും. പേശികളെ സ്‌ട്രെച്ച് ചെയ്യുമ്പോള്‍ കൊടുക്കുന്ന ബലവും ദൈര്‍ഘ്യവും ആവശ്യത്തിനുസരിച്ച് വ്യത്യാസപ്പെടും. സ്‌ട്രെച്ചിങ് ചികിത്സ പേശികളുടെ സുഗമമായ പ്രവര്‍ത്തനത്തിനും ശരീരത്തെ ആയാസരഹിതമാക്കാനും സഹായിക്കും.

പേശീബലം കൂട്ടാന്

കൊവിഡാനന്തരമുള്ള ശക്തിക്കുറവ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ക്‌ളേശകരമാക്കും. പേശീബലത്തിന് സ്‌ട്രെങ്ത് ട്രെയിനിങ് സഹായിക്കും. ചെറിയ ഭാരങ്ങള്‍ (വെയ്റ്റ് കഫ് അല്ലെങ്കില്‍ ഡംബല്‍ അരക്കിലോ, ഒരു കിലോ) എന്നിവ ഉപയോഗിച്ചോ അഥവാ തെറാബാന്‍ഡുകള്‍ (ആദ്യം ലോ റെസിസ്റ്റന്‍സ് -മഞ്ഞ, ചുവപ്പ്, പച്ച) ഉപയോഗിച്ചോ, ചെറിയ വ്യായാമങ്ങള്‍ തുടങ്ങാം. പേശീബലം കൂടുന്നതിന് അനുസരിച്ച് കൂടുതല്‍ ഭാരവും (വെയ്റ്റ് കഫ്, ഡംബല്‍ 2 കിലോ, 3 കിലോ, തെറാബാന്‍ഡ് നീല, കറുപ്പ്) ഉപയോഗിക്കാം.
ഇപ്രകാരം ക്രമമായി ഭാരം അഥവാ തടസം വര്‍ധിപ്പിച്ച് ചെയ്യുന്ന വ്യായാമങ്ങളെ പ്രോഗ്രസീവ് റെസിസ്റ്റന്‍സ് എക്‌സര്‍സൈസ് എന്നുപറയുന്നു. ആദ്യം ഓരോ വ്യായാമങ്ങളും പത്തെണ്ണം വീതമുള്ള ഒരു സെറ്റും, ശക്തി, വ്യായാമ ശേഷി എന്നിവ വര്‍ധിക്കുന്നതിന് അനുസരിച്ച് പത്തെണ്ണം വീതമുള്ള രണ്ട് സെറ്റും ചെയ്യാം.

ബാലന്‍സ് ട്രെയിനിങ്

ശരീരത്തിന്റെ ബാലന്‍സ് നിയന്ത്രിക്കുന്നതില്‍ കണ്ണ്, ചെവിക്കുള്ളിലെ വെസ്റ്റിബുലാര്‍ ഭാഗം, സന്ധികളിലെയും പേശികളിലെയും സംവേദന റിസെപ്റ്ററുകള്‍ എന്നിവയ്ക്ക് വലിയ പങ്കുണ്ട്. കൊവിഡാനന്തര പ്രശ്‌നങ്ങളില്‍ ബാലന്‍സ് അഥവാ ശരീര നിയന്ത്രണം കുറയാറുണ്ട്. ഇതിന് ബാലന്‍സിങ് വ്യായാമങ്ങള്‍ ഫലപ്രദമാണ്. പെര്‍ട്ടര്‍ബേഷന്‍ എക്‌സര്‍സൈസ് അഥവാ ശരീരത്തെ മുന്നിലേക്കും പിന്നിലേക്കും വശങ്ങളിലേക്കും ചലിപ്പിച്ചുള്ള വ്യായാമം, ട്രങ്ക് റൊട്ടേഷന്‍ അഥവാ ശരീരത്തെ ഇരുവശങ്ങളിലേക്കും തിരിച്ചുകൊണ്ടുള്ള വ്യായാമം എന്നിവയാണവ.
പാരലല്‍ ബാര്‍ ഉപകരണത്തിനു മുമ്പില്‍ നേരെയും, ചെരിഞ്ഞും, പിന്നിലേക്കും കണ്ണാടിയുടെ സഹായത്തോടെ ചെയ്യുന്ന നടത്ത പരിശീലന വ്യായാമങ്ങളും ബാലന്‍സ് പ്രശ്‌നത്തിന് ഉപകരിക്കും. വ്യക്തിയുടെ കാഴ്ച താല്‍ക്കാലികമായി മറച്ച് ചെയ്യുന്ന ബാലന്‍സ് വ്യായാമങ്ങളും, തെറാപ്യൂട്ടിക് ബോള്‍, ബാലന്‍സ് ബോര്‍ഡ് പോലെയുള്ള ചലിക്കുന്ന പ്രതലങ്ങള്‍ക്ക് മുകളില്‍ ചെയ്യുന്ന പ്രത്യേക വ്യായാമങ്ങളും, ചലനസമയത്തെ ബാലന്‍സ് (ഡൈനാമിക് ബാലന്‍സ്) മെച്ചപ്പെടുത്തും.

എയ്‌റോബിക്

ശരീരത്തില്‍ കൂടുതല്‍ ഓക്‌സിജന്‍ എത്തിക്കാനും, ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തങ്ങള്‍, ഊര്‍ജനില എന്നിവ മെച്ചപ്പെടുത്താനും എയ്‌റോബിക് വ്യായാമങ്ങള്‍ സഹായിക്കും. നടത്തം, സൈക്ലിങ്, ജോഗിങ്, ട്രെഡ്മില്‍, ഡാന്‍സിങ്, സ്‌കിപ്പിങ്, നീന്തല്‍ എന്നിവ മികച്ച എയ്‌റോബിക് വ്യായാമങ്ങളാണ്. വ്യക്തിയുടെ ആരോഗ്യനിലയ്ക്കനുസരിച്ച് വ്യായാമങ്ങളിലൂടെ എത്തിച്ചേരണ്ട നിശ്ചിത ഹൃദയ നിരക്കില്‍ (ടാര്‍ജറ്റ് ഹാര്‍ട്ട് റേറ്റ് ) എത്തുമ്പോഴാണ് വ്യായാമങ്ങളുടെ ഗുണഫലം ലഭിക്കുക. രോഗിയുടെ ശാരീരികാവസ്ഥയ്ക്കനുസരിച്ച് വ്യായാമം, തരം, തോത്, കാഠിന്യം എന്നിവ ശാസ്ത്രീയമായി നിര്‍ണയിക്കും.
എയ്‌റോബിക്കിന് ശരീരത്തെ സജ്ജമാക്കാന്‍ ആദ്യം വാം അപ്പും വിശദമായ എയ്‌റോബിക്കിനുശേഷം ശരീരത്തെ വ്യായാമങ്ങള്‍ തുടങ്ങുന്നതിന് മുമ്പുള്ള സ്ഥിതിയിലേക്ക് എത്തിക്കാന്‍ കൂള്‍ ഡൗണ്‍ ഘട്ടവും സഹായകമാണ്.

ആദ്യം മിതമായ രീതിയിലും പിന്നീട് ശേഷിക്ക് അനുസരിച്ചു എയ്‌റോബിക് വ്യായാമങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ശരിയായ രീതി. തുടര്‍ച്ചയായോ പ്രത്യേക ആനുപാതത്തില്‍ വിശ്രമം ഉള്‍പ്പെടുത്തിയോ ചെയ്യാം.
പ്രത്യേകിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്ത ചെറുപ്പക്കാര്‍ക്ക് ശരീരപ്രകൃതിക്ക് അനുസരിച്ച് ഒരു മണിക്കൂര്‍ വരെ മധ്യ കഠിനമോ ഉയര്‍ന്ന തോതിലോ ചെയ്യാം. പ്രായമുള്ളവര്‍ക്കും ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ദിവസേന 30 മിനിട്ട് മിതമായ തോതിലോ, ബുദ്ധിമുട്ടുകള്‍ ഇല്ലെങ്കില്‍ ക്രമേണ മധ്യ കഠിനമായോ ആഴ്ചയില്‍ 5 ദിവസം ആരോഗ്യസ്ഥിതി വിശകലനം ചെയ്തുകൊണ്ട് നടത്താം.

വ്യായാമം മനസിനും

കൊവിഡിനുശേഷം തലച്ചോറിന്റെയും, മനസിന്റെയും പ്രവര്‍ത്തനങ്ങളെ, പ്രധാനമായും ചിന്തിക്കാനും പ്രര്‍ത്തിക്കാനുമുള്ള കഴിവ്, ഓര്‍മ, ശ്രദ്ധ എന്നിവയ്ക്ക് പ്രയാസമുണ്ടായേക്കാം. ശാരീരിക വ്യായാമങ്ങളിലേര്‍പ്പെട്ടാല്‍ ഉല്‍ക്കണ്ഠ, വിഷാദം എന്നിവ അകറ്റും. വായന, പസിലുകള്‍ക്ക് ഉത്തരം കണ്ടുപിടിക്കല്‍, അലാറം വച്ച് കാര്യങ്ങള്‍ ഓര്‍മിച്ചെടുക്കല്‍, ദൈനംദിന ജീവിതത്തിലെ വ്യത്യസ്ത കാര്യങ്ങള്‍ ചെറിയ കുറിപ്പുകളായി തയാറാക്കി ഓര്‍ത്ത് ചെയ്യാന്‍ ശ്രമിക്കല്‍ എന്നിവയൊക്കെ മനസിന് നല്‍കാവുന്ന നല്ല വ്യായാമങ്ങളാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.