2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കേരളീയ പൊതുബോധവും ജാതിയെന്ന യാഥാര്‍ഥ്യവും

രാജേഷ് കെ. എരുമേലി

നവോത്ഥാനാനന്തരകേരളം ജാതിയെ പൂര്‍ണമായും കുടഞ്ഞെറിഞ്ഞിട്ടില്ലെന്നു ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള സംഭവങ്ങളാണ് സമീപകാലത്ത് ഉണ്ടാകുന്നത്. പുരോഗമന കേരളം എന്നു നിരന്തരം പറയുന്ന സമയത്താണ് ദലിതര്‍ക്കെതിരേ ജാതി ആക്രമണങ്ങളും അധിക്ഷേപങ്ങളും ശക്തമായിരിക്കുന്നത്. കേരളത്തില്‍ ജാതിയുടെ അനുരണനങ്ങള്‍ കൂടുതല്‍ അനുഭവപ്പെടുന്നത് പ്രത്യക്ഷത്തിലായിരുന്നില്ല. അതിന് മാറ്റംവരികയും നവോത്ഥാനത്തിന് മുമ്പുള്ള ജാത്യാധിപത്യ കാലത്തെ ഓര്‍മപ്പെടുത്തുന്ന തരത്തിലുള്ള ജാതീയാധിക്ഷേപങ്ങളാണ് ഇപ്പോള്‍ ശക്തമാകുന്നത്. ജാതി നല്‍കുന്ന പ്രിവിലേജ് പൊതുബോധമായി പുരോഗമന നാട്യക്കാര്‍ വരെ ഉള്ളില്‍ സൂക്ഷിക്കുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. അബോധത്തില്‍ ഉറങ്ങിക്കിടക്കുന്ന ജാതിയെന്ന അധീശബോധം അത്രവേഗത്തില്‍ മറഞ്ഞുപോകുന്നതല്ല എന്ന സത്യം കേരളം നിരന്തരം തെളിയിക്കുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയ ശരീരത്തെ ജാതിവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ദലിതുകളെയും ന്യൂനപക്ഷങ്ങളെയും അക്രമിച്ച് കൊലപ്പെടുത്തുന്ന സന്ദര്‍ഭത്തില്‍ അതിനെതിരേ ജനാധിപത്യ ഐക്യനിര കെട്ടിപ്പടുക്കേണ്ട അവസരത്തിലാണ് സമൂഹത്തെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ ചിലരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇവിടെയാണ് ‘പുരോഗമന’മെന്നത് ചോദ്യം ചെയ്യപ്പെടുന്നത്. ജാതിയെന്നത് വികാരമായാലും പ്രതിഭാസമായാലും സംഘടനാ രൂപമായാലും ഇന്ത്യന്‍ ശരീരത്തിലും മനസിലും പാരമ്പര്യമായി സന്നിവേശിപ്പിക്കപ്പെട്ടതാണ്. അതായത് ബ്രാഹ്മണര്‍ തങ്ങള്‍ക്ക് താഴെയുള്ളവരെ അടിച്ചമര്‍ത്തുന്നതിനായി ഉപയോഗിച്ച ആയുധമാണ് ജാതി. ജീവിതരീതി, വേഷം, ഭാഷ, ജോലി ആഹാരം എന്നിവയിലെല്ലാം മുഴച്ചുനില്‍ക്കുന്ന ഒന്നാണ് ജാതിബോധം. ഇത്തരം അവസ്ഥയെ സൃഷ്ടിക്കുന്നത് ജാതി മേധാവിത്വ ശക്തികളാണ്.

ഇന്ത്യയിലെ ജാതിവ്യവസ്ഥയെക്കുറിച്ച് ഗഹനമായ പഠനം നടത്തിയത് ഡോ. ബി.ആര്‍ അംബേദ്കറാണ്. അംബേദ്കര്‍ ജാതി പ്രശ്‌നത്തെ സമീപിക്കുന്നത് അതിനെ പരിഷ്‌കരിക്കുക എന്ന ലക്ഷ്യത്തിലല്ല. മറിച്ച് അതിനെ ഉന്മൂലനം/നിര്‍മൂലനം ചെയ്യുക എന്ന അര്‍ഥത്തിലാണ്. ജാതിയെ ഒരു സാമൂഹിക പ്രതിഭാസമായിട്ടാണ് അംബേദ്കര്‍ കാണുന്നത്. അതായത് ജാതികള്‍ പരസ്പര ബന്ധിതമായി നില്‍ക്കുന്ന ഒരു സംഘാതമാണ്. ജാതി അടഞ്ഞ ഒരു വര്‍ഗമാണെന്ന് അംബേദ്കര്‍ പറഞ്ഞു. സമൂഹത്തില്‍ നിലനിന്നിരുന്ന ബഹിര്‍ വിവാഹക്രമങ്ങളുടെമേല്‍ അന്തര്‍വിവാഹക്രമം നേടിയെടുത്ത ആധിപത്യമാണ് ജാതിയുടെ രൂപീകരണത്തിലേക്ക് നയിച്ചത്. ജാതികള്‍ പിന്നീട് അതിന്റെ തുടര്‍ച്ച നിലനിര്‍ത്തിയത് വര്‍ണ സങ്കല്‍പത്തില്‍ അധിഷ്ഠിതമായ മൂല്യവ്യവസ്ഥയിലും തരംതിരിച്ച സാമൂഹിക അസമത്വത്തിലുമാണെന്ന് അംബേദ്കര്‍ അഭിപ്രായപ്പെടുന്നു.

തരംതിരിച്ചുള്ള അസമത്വം വിവിധ സാമൂഹിക വിവാഹങ്ങളില്‍ പരസ്പരം വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ബോധം സൃഷ്ടിക്കുന്നു. അങ്ങനെ ഒരു മൂല്യവ്യവസ്ഥയുടെ ആധിപത്യത്തെ അത് ഉറപ്പിച്ചെടുക്കുന്നു. ഈ മൂല്യവ്യവസ്ഥയെ സാധൂകരിക്കുന്നതാണ് വേദങ്ങളും മനുസ്മൃതിയുമെല്ലാം. സാമൂഹികപദവിയില്‍ മുകളിലേക്ക് പോകുന്തോറും ഉന്നതകുലങ്ങളില്‍പെട്ട ബ്രാഹ്മണര്‍ക്കും ബ്രാഹ്മണമേല്‍ജാതിവിഭാഗങ്ങള്‍ക്കും പദവിയും സാമൂഹികമാന്യതയും ഉറപ്പിക്കുന്നതുമായ ഈ മേല്‍കീഴ്‌വ്യവസ്ഥയില്‍ കീഴോട്ട് പോകുന്തോറും താഴ്ന്ന ജാതിവിഭാഗങ്ങളോട് മേല്‍ജാതിക്കാര്‍ക്ക് വെറുപ്പും അവഹേളനവും സ്ഥിരമായി സൃഷ്ടിക്കുന്ന തരംതിരിച്ച അസമത്വം സ്ഥാപനവല്‍ക്കരിക്കുന്ന സംവിധാനമാണ് ജാതിവ്യവസ്ഥ എന്നാണ് അംബേദ്കര്‍ പറയുന്നത്. അതായത് ജാതി അടിസ്ഥാനപരമായി ഒരു സാമൂഹിക, സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാണെന്ന് അംബേദ്കര്‍ നിരീക്ഷിക്കുന്നു. സമൂഹത്തെ തരംതിരിച്ച് സാമൂഹികാസമത്വത്തില്‍ അധിഷ്ഠിതമായ സാമ്പത്തിക, സാംസ്‌കാരിക ഘടകമായി ആദര്‍ശവല്‍ക്കരിക്കുകയും അതിനെ പാവനമായ ഒരു സാമൂഹിക, സാംസ്‌കാരിക ക്രമമായി സാധൂകരിക്കുകയും പുനരുത്പാദിപ്പിക്കുകയും ചെയ്യുന്നതിന് ആവശ്യമായ പ്രത്യയശാസ്ത്ര ധര്‍മം നിര്‍വഹിക്കുന്നത് ബ്രാഹ്മണ ഹിന്ദു സാഹിത്യങ്ങളാണ്. ഋഗ്വേദത്തിലെ പുരുഷസൂക്തങ്ങളാണ് ജാതിയുടെ ആധികാരികരേഖ. ബ്രഹ്മാവിന്റ ശരീരഭാഗങ്ങളില്‍നിന്ന് ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ ജനനം നടന്നതായി പുരുഷസൂക്തത്തിലാണ് പറയുന്നത്. ഇതിനെ മനു വിപുലീകരിക്കുകയാണ് ചെയ്തത്. ആ മനു സിദ്ധാന്തം ഇന്നും സംഘ്പരിവാര്‍ നടപ്പാക്കുന്നു. കേരളത്തിലുണ്ടാകുന്ന ജാതീയാധിക്ഷേപങ്ങള്‍ മൗനികളായ മനുവാദികളുടേതാണ്.

കേരളീയ നവോത്ഥാനം ദലിതുകളെ സംബന്ധിച്ച് സ്വാതന്ത്ര്യത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കേരളത്തിലെത്തിയ ക്രിസ്ത്യന്‍ മിഷനറിമാര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിച്ചത് ദലിത് സമൂഹങ്ങള്‍ക്കിടയിലായിരുന്നു. ജാതി സമൂഹം തീര്‍ത്ത സാമൂഹിക വിലക്കുകളെ ചോദ്യം ചെയ്യാന്‍ ദലിതുകളെ ഇത് കൂടുതല്‍ പ്രാപ്തരാക്കുന്നുണ്ട്. ദലിത് വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം ചെയ്യുന്നതിന് നിരവധി സ്‌കൂളുകള്‍ മിഷനറിമാര്‍ ആരംഭിക്കുന്നുണ്ട്. ദലിതര്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഇത് കാരണമായി. ഇത്തരത്തില്‍ മതപരിവര്‍ത്തനത്തിന്റെ ഗുണങ്ങള്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സ്ത്രീകള്‍ക്കിടയില്‍ ഉണ്ടായതിന്റെ ഫലമാണ് കേരളീയ നവോത്ഥാന മുന്നേറ്റമായി മാറിയത്. ചാന്നാര്‍ സമുദായത്തിന്റെ അഭിവൃദ്ധിക്കുവേണ്ടിയും പൊതുവെ കീഴാള സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച നവോത്ഥാന നായകനായിരുന്നു വൈകുണ്ഠസ്വാമി. സമത്വമെന്ന ആശയം ലോകത്ത് ആദ്യമായി ഉയര്‍ത്തിയവരില്‍ ഒരാളായിരുന്നു സ്വാമികള്‍. സാമൂഹിക അനാചാരങ്ങളെ എതിര്‍ത്ത മറ്റ് രണ്ട് നവോത്ഥാന നായകരായിരുന്നു ബ്രഹ്മാനന്ദശിവയോഗിയും ചട്ടമ്പി സ്വാമികളും. ജാതിക്കെതിരേ പ്രായോഗികമായ കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ച മഹാനായിരുന്നു നാരായണഗുരു. ദലിത് സമൂഹത്തിന്റെ ഉന്നമനത്തിനായും തന്റെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗുരു തയാറായി.

അധഃസ്ഥിതരുടെ പ്രതിരോധ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ മഹാനായിരുന്നു അയ്യന്‍കാളി. ജാതിവിരുദ്ധമായ കാഴ്ചപ്പാടാണ് അയ്യന്‍കാളി മുന്നോട്ടുവച്ചത്. ദലിതര്‍ ആത്മാഭിമാനമുള്ളവരായി മാറണമെങ്കില്‍ വിദ്യാഭ്യാസം ചെയ്യണമെന്ന് അയ്യന്‍കാളി ആഹ്വാനം ചെയ്തു. സാധുജന പരിപാലന സംഘം എന്ന ജാതിമത രഹിത പ്രസ്ഥാനത്തിനാണ് അയ്യന്‍കാളി രൂപം നല്‍കിയത്. ജാതിവ്യവസ്ഥക്കെതിരേ പുരോഗമന നിലപാട് സ്വീകരിച്ച മറ്റൊരു മഹാനായിരുന്നു പൊയ്കയില്‍ അപ്പച്ചന്‍. പി.ആര്‍.ഡി.എസ് എന്ന ഒരു സംഘടനയ്ക്ക് അദ്ദേഹം രൂപംകൊടുത്തത് ജാതിവിരുദ്ധമായ കാഴ്ചപ്പാടുകള്‍ മുന്നില്‍ കണ്ടിട്ടായിരുന്നു. ആത്മബോധോദയ സംഘം എന്ന സംഘടനയിലൂടെ ശുഭാനന്ദഗുരു പുരോഗമന ചിന്തയാണ് മുന്നോട്ടുവച്ചത്. കൃഷ്ണാദിയാശാനും കൊച്ചി കേന്ദ്രീകരിച്ച് ദലിതര്‍ക്ക് ഇടയില്‍ പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ്. ഇതേസമയംതന്നെ, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദലിതര്‍ക്കിടയില്‍നിന്ന് നിരവധി നവോത്ഥാന പ്രവര്‍ത്തകര്‍ ഉയര്‍ന്നുവരുന്നുണ്ട്. കൊച്ചിയില്‍ ഉയര്‍ന്നവന്ന നേതാവായിരുന്നു കെ.പി വള്ളോന്‍. കൊല്ലത്ത് ഗോപാലദാസും ആറന്മുളയില്‍ കുറുമ്പന്‍ ദൈവത്താനും തിരുവല്ലയില്‍ വെള്ളിക്കര ചോതിയും മാവേലിക്കരയില്‍ വിശാഖന്‍ തേവനും കുട്ടനാട്ടില്‍ പരതന്‍ സോളമനും ആലപ്പുഴയില്‍ ശീതങ്കനും കോട്ടയത്ത് തിരുവാര്‍പ്പ് കുട്ടപ്പനും പാമ്പാടി ജോണ്‍ ജോസഫും ഇത്തരത്തില്‍ ഉയര്‍ന്നുവന്നവരാണ്. ഇതര സമുദായത്തിലുള്ള മഹാന്മാരും ദലിതരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ പ്രധാന പേരുകളാണ് പണ്ഡിറ്റ് കറുപ്പന്റെയും സഹോദരന്‍ അയ്യപ്പന്റെയും വി.ടി ഭട്ടതിരിപ്പാടിന്റെയും.

ജാതിയെന്നത് മുഖ്യസാമൂഹികബോധമാണെന്നും അതിനെ മറികടന്ന് ആധുനിക ജനാധിപത്യ ബോധത്തിലേക്ക് സമൂഹത്തെ മാറ്റുകയെന്നതാണ് പ്രധാനം എന്നതാണ് കേരളീയ നവോത്ഥാനം പങ്കുവച്ച പൊതുവായ ആശയം. കൊളോണിയല്‍ ആധുനികതയാണ് നവോത്ഥാന ആശയങ്ങള്‍ വേഗത്തില്‍ വേരുപിടിക്കാന്‍ കാരണമായത്. നവോത്ഥാനം ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളുടെ മണ്ണിലാണ് ദേശീയ പ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും വേരുപടര്‍ത്തിയത്. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തിയതും ഇതിന്റെ തുടര്‍ച്ചയിലായിരുന്നു. പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുള്ള മണ്ണിലാണ് ജാതി എന്നത് ഇന്ന് യാഥാര്‍ഥ്യമായി നില്‍ക്കുന്നത്. മാത്രമല്ല, ജാതീയമായ ആക്രമണങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ കേരളവും പിന്നിലല്ല. സാധാരണക്കാര്‍ എത്തുന്ന ഇടം മുതല്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍വരെ ജാതീയമായ വേര്‍തിരിവുകളും പീഡനങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എം.ജി യൂനിവേഴ്‌സിറ്റിയില്‍ നടന്നത്. പുരോഗമന പ്രസ്ഥാനത്തിന്റെ ഭാഗമായ വിദ്യാര്‍ഥിനിയെ ജാതീയമായി അധിക്ഷേപിച്ചത് മറ്റൊരു പുരോഗമന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരാണ്. രണ്ടാം നവോത്ഥാനത്തിന് വനിതാമതില്‍ ഒരുക്കിയ കേരളത്തിലാണ് ഇത്തരം സംഭവങ്ങള്‍ തുടരെയുണ്ടാകുന്നത്. അടുത്തകാലത്താണ് വിശപ്പ് സഹിക്കാന്‍ കഴിയാതെ മോഷണം നടത്തിയതിന് അട്ടപ്പാടിയിലെ മധു എന്ന യുവാവ് ജാതിവംശീയതയുടെ ഇരയായത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പത്തനംതിട്ട ഏനാത്ത് കോയിപ്പുറം പഞ്ചായത്തില്‍ നിലവിലെ ദലിതനായ പ്രസിഡന്റ് മാറി പുതിയയാള്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ശുദ്ധികലശം നടത്തിയത്. തലസ്ഥാന നഗരിയിലാണ് ഇതിന് സമാനമായ മറ്റൊരു സംഭവം നടന്നത്. ദലിതനായ രജിസ്‌ട്രേഷന്‍ എ.ജി വിരമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഓഫിസ് ചാണകം തളിച്ച് ശുദ്ധമാക്കുകയും മധുരം വിളമ്പുകയും ചെയ്തു പുരോഗമന കേരളം. കടുത്തുരുത്തിയിലെ ഒരു എയ്ഡഡ് സ്‌കൂളില്‍ ദലിത് കുട്ടികള്‍ക്ക് ജാതി ചേര്‍ത്ത ഐഡന്റിന്റി കാര്‍ഡ് ധരിപ്പിച്ചത് മറ്റൊരു സംഭവമാണ്. ചിത്രകാരന്‍ അശാന്തന്റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കാനനുവദിക്കാതിരുന്നതും കേരളത്തിലെ ജാതി സവര്‍ണബോധത്തിന്റെ മറ്റൊരു ഉദാഹരണമാണ്. ഇത്രമാത്രം പിന്തിരിപ്പന്‍ അവസ്ഥയില്‍ നില്‍ക്കുന്ന കേരളത്തെ പുരോഗമന കേരളമെന്ന് എങ്ങനെ വിളിക്കാനാകും?


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.