2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജലബോംബ് വീണ്ടും ഭീതിവിതയ്ക്കുമ്പോള്‍

യു.എച്ച് സിദ്ദീഖ്

ഡീ കമ്മിഷന്‍ മുല്ലപ്പെരിയാര്‍ ഡാം, സേവ് കേരള ഹാഷ് ടാഗുകളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധങ്ങളുടെ തിരയടിയാണ്. വ്യാജപ്രചാരണങ്ങള്‍ നടത്തി ഭീതി സൃഷ്ടിക്കുന്നവര്‍ക്കെതിരേ നിയമനടപടിയെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ജീവന്റെ പ്രശ്‌നമാണെന്നും കോടതിയുടെ സമയം കളയരുതെന്നും സുപ്രിംകോടതിയുടെ നിര്‍ദേശം.

1200 അടി നീളവും 152 അടി ഉയരവുമുള്ള ജലബോംബ് ആശങ്ക ഉയര്‍ത്തുമ്പോള്‍ വിവാദങ്ങള്‍ക്കും പതിയെ ചൂടുപിടിക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്ന കേരളത്തിന്റെ തലയ്ക്ക് മീതേ തൂങ്ങിക്കിടക്കുന്ന ജലബോംബിന്റെ പ്രായം 126 വര്‍ഷം പിന്നിടുന്നു. 50 -60 വര്‍ഷം മാത്രം ആയുസ് നിശ്ചയിച്ചു രണ്ട് കല്‍ക്കെട്ടുകള്‍ക്കിടയില്‍ സുര്‍ക്കി മിശ്രിതം നിറച്ച് തെക്കന്‍ തമിഴ്‌നാടിന് ജീവജലം നല്‍കാന്‍ ബ്രിട്ടീഷുകാര്‍ പണിതുയര്‍ത്തിയ അണക്കെട്ട് കേരളത്തിലെ അഞ്ചു ജില്ലകള്‍ക്ക് മുകളിലേക്ക് എന്നാവും പതിക്കുകയെന്ന നിശ്ചയമില്ല. സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയും കേന്ദ്ര വിദഗ്ധ സംഘങ്ങളും ഒടുവില്‍ സുപ്രിംകോടതിയും ഡാം സുരക്ഷിതമെന്ന് വിധിയെഴുതി 142 അടിയായി ജലവിതാനം ഉയര്‍ത്താന്‍ അനുമതി നല്‍കിയിരുന്നു. 152 അടിയിലേക്ക് സംഭരണശേഷി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ ഇപ്പോഴും ഉറച്ചുനിന്നു പൊരുതുകയാണ് തമിഴ്‌നാട്.
ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് ഉയരുമ്പോള്‍ മാത്രം വിവാദവും അലമുറകളും പ്രതിഷേധങ്ങളും ഉയരുന്ന പ്രതിഭാസമാണ് മുല്ലപ്പെരിയാറിലേത്. ഇത്തവണയും ആ പതിവ് തെറ്റുന്നില്ല. കരിങ്കല്‍ കെട്ടിനുള്ളിലെ സുര്‍ക്കിമിശ്രിതമെല്ലാം നഷ്ടമായി കോണ്‍ക്രീറ്റ് താങ്ങിന്റെ ബലത്തില്‍ മാത്രം നിലനിന്നുപോരുകയാണ് മുല്ലപ്പെരിയാര്‍ ഡാം. ജലനിരപ്പ് 137 അടിയും പിന്നിട്ടതോടെ അണക്കെട്ടിന്റെ നിലനില്‍പ്പിനെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും നിറയുകയാണ്. ജലനിരപ്പ് നിയന്ത്രിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തെഴുതി. കേരളത്തിന്റെ ഭൂമിയില്‍ തമിഴ്‌നാടിന്റെ അധീനതയിലും പൂര്‍ണനിയന്ത്രണത്തിലുമുള്ള ഡാമിലെ ജലനിരപ്പ് എങ്ങനെ കൈകാര്യം ചെയ്യണമെന്നത് തമിഴ്‌നാടിന്റെ തീരുമനത്തെ ആശ്രയിച്ചു മാത്രമുള്ളതാണ്. കേരളത്തിന്റെ മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും കത്തയയ്ക്കാനും ചര്‍ച്ചകള്‍ നടത്താനും കഴിയുമെന്നല്ലാതെ ഇക്കാര്യത്തില്‍ മറ്റൊന്നും ചെയ്യാനില്ലാത്ത അവസ്ഥ. ഈ അവസ്ഥ കാലാകാലങ്ങളായി ഭരിച്ചവരെല്ലാം കൂടിച്ചേര്‍ന്ന് സൃഷ്ടിച്ചതാണ്. മുല്ലപ്പെരിയാര്‍ വിഷയം ഒരുകാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ഡാമിലെ ഓരോ ചലനവും ഒപ്പിയെടുത്ത് പൊതുസമൂഹത്തിനും സര്‍ക്കാരിനും മുന്നില്‍ എത്തിച്ചിരുന്നത് മാധ്യമങ്ങളായിരുന്നു. സുപ്രിംകോടതി ഉത്തരവിന് പിന്നാലെ തമിഴ്‌നാട് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ അച്ചടി, ദൃശ്യമാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും മുഖ്യപരിഗണനയില്‍നിന്ന് മുല്ലപ്പെരിയാര്‍ അകന്നുപോയി.
ചോര്‍ച്ചകള്‍ അണക്കെട്ടിന്റെ സ്ഥിതി തുറന്നുകാട്ടുന്നതാണ്. ഏതാണ്ട് എല്ലാ ബ്ലോക്കുകളിലും ചെറുതും വലുതുമായ ചോര്‍ച്ചകള്‍ ദൃശ്യമായിരുന്നു. ജലനിരപ്പ് 137.45 അടിയില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഈ സമയത്ത് മുല്ലപ്പെരിയാറിലെ ചോര്‍ച്ചകളെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. ഗാലറിയില്‍നിന്ന് പുറത്തേക്ക് ഒഴുകിയിരുന്ന സീപേജ് ജലത്തിന്റെ അളവിലും കുറവ് സംഭവിച്ചിട്ടുണ്ട്. മജീഷ്യന്റെ മായാജാലത്തോടെ ചോര്‍ച്ചകളെല്ലാം അടച്ച് അണക്കെട്ടിന്റെ ചുമതലയുള്ള തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് കൃത്യമായി തന്നെ മുന്നൊരുക്കം നടത്തിയിരിക്കുന്നു. കാഴ്ചക്കാരുടെ റോള്‍ മാത്രമുള്ള കേരളത്തിന്റെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതൊക്കെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടാവാം. അണക്കെട്ടിന്റെ നിലനില്‍പ്പിനെ കൂടുതല്‍ ഗുരുതരാവസ്ഥയില്‍ എത്തിക്കുന്ന തമിഴ്‌നാടിന്റെ ഇത്തരം നടപടികളെ ചെറുക്കാന്‍ ഇപ്പോള്‍ മാത്രമല്ല മുന്‍പും കഴിഞ്ഞിട്ടില്ല. മുല്ലപ്പെരിയാര്‍ ചോര്‍ന്നു തുടങ്ങിയ പതിറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ ടാറും സിമന്റ് ഗ്രൗട്ടുമായി ഓട്ടയടക്കല്‍ പ്രക്രിയ തമിഴ്‌നാട് തുടങ്ങിയതാണ്. കാലം മാറുംതോറും ഓട്ടയടക്കലിന്റെ തോത് കൂടുന്നുവെന്ന് മാത്രം.

ഭൂകമ്പങ്ങള്‍ തുടര്‍ച്ചയായി നടക്കുന്ന ഭ്രംശമേഖലയില്‍ തന്നെയാണ് മുല്ലപ്പെരിയാറിന്റെ വാസവും. കുമളി, കമ്പം, ബോഡിനായ്ക്കന്നൂര്‍ തേനി വഴി തമിഴ്‌നാട്ടിലേക്ക് വ്യാപിച്ചുകിടക്കുന്ന കമ്പം ഭ്രംശമേഖല മുല്ലപ്പെരിയാറിന് കടുത്ത ഭീഷണി ഉയര്‍ത്തുന്നതാണ്. ചെറുതും വലുതുമായ ഭൂചലനങ്ങള്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്ഥിരതയ്ക്ക് കനത്ത ഭീഷണിയെന്ന് ശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മുല്ലപ്പെരിയാറിന്റെ 300 കിലോ മീറ്റര്‍ ചുറ്റളവില്‍ പ്രധാനപ്പെട്ട ഭ്രംശമേഖലകളുണ്ടെന്ന് കണ്ടെത്തിയത് റൂര്‍ക്കി ഐ.ഐ.ടിയിലെ ശാസ്ത്രജ്ഞരാണ്. ഈ പഠന റിപ്പോര്‍ട്ടുകളെല്ലാം പുറത്തുവന്ന് പതിറ്റാണ്ടു പിന്നിട്ടിട്ടും ഡാം നിലനില്‍ക്കുന്നുവെന്നത് അത്ഭുതപ്രതിഭാസമെന്ന് തന്നെ പറയാം. ജലത്തിന്റെ മൂല്യം അറിയുന്നവരാണ് തമിഴ്‌നാട്ടുകാര്‍. സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടും കോടതിവിധിയും നിയമപോരാട്ടത്തിലൂടെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ തമിഴ്‌നാടിന് കഴിഞ്ഞതും സര്‍ക്കാരിന്റെ ഇച്ഛാശക്തിയിലൂടെയാണ്.

സാങ്കേതികജ്ഞാനം പരിമിതമായ കാലത്ത് കെട്ടിപ്പൊക്കിയ നിര്‍മിതിക്ക് കാലപ്പഴക്കത്താല്‍ ദുര്‍ബലതയും തകര്‍ച്ചയും സംഭവിക്കുമെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. വസ്തുതകളുടെയും തെളിവുകളുടെയും പിന്‍ബലത്തില്‍ ഇക്കാലമത്രയും അതു തെളിയിക്കാന്‍ കഴിയാതെ പോയവരാണ് കേരളത്തെ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍. ഇച്ഛാശക്തിയും പ്രജകളോട് അനുകമ്പയും കരുതലുമില്ലാത്ത സര്‍ക്കാരുകളാണ് മുല്ലപ്പെരിയാര്‍ താഴ്‌വര നിവാസികളുടെ ശാപവും.

1930-32 കാലത്തെ സിമന്റ് ഗ്രൗട്ടിങ്, 1935 ലും 1979ന് ശേഷവും മര്‍ദത്തിന്റെ പിന്‍ബലത്തില്‍ സിമന്റ് കൂട്ട് അടിച്ചുപിടിപ്പിച്ച ഗുണൈറ്റിങ്, പിന്നീട് നടത്തിയ കേബിള്‍ ആങ്കറിങ്ങും ഗ്രൗട്ട് നിറയ്ക്കല്‍, 40 ശതമാനത്തിലേറെ സുര്‍ക്കിമിശ്രിതം നഷ്ടമായ കരിങ്കല്‍ക്കെട്ടിനെ താങ്ങിനിര്‍ത്താന്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് പ്രതലം എന്നിവ മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സുരക്ഷിതമായി നിലനിര്‍ത്തുന്നുവെന്ന് തമിഴ്‌നാട് അന്നും ഇന്നും വാദിക്കുന്നു. ഈ വാദം തെളിയിച്ച് അവര്‍ നിയമപോരാട്ടത്തില്‍ ജയിച്ചുകയറുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സ്ഥിരതയാര്‍ന്നൊരു നിലപാട് കേരളത്തിനില്ല. ഡാം തകര്‍ന്നാല്‍ കേരളം പ്രളയജലത്തില്‍ മുങ്ങുമെന്ന് വാദിച്ച വിദഗ്ധരടക്കം കോടതികളില്‍ എത്തുമ്പോള്‍ മലക്കം മറിയുന്നതാണ് മുന്‍കാല അനുഭവങ്ങള്‍. കേരളം പഠനങ്ങള്‍ക്കായി നിയോഗിച്ച വിദഗ്ധരൊക്കെ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായക്കാരായിരുന്നു. വിദഗ്ധരുടെ സ്ഥിതി ഇതായിരുന്നെങ്കില്‍ മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. മുന്‍കാലത്ത് മുല്ലപ്പെരിയാര്‍ ഭീതിയില്‍ കണ്ണീരൊഴുക്കിയ മന്ത്രിമാര്‍ ഉള്‍പ്പെടെ പെട്ടെന്ന് നിശബ്ദരാകുന്നതും കേരളം കണ്ടതാണ്. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത നടത്തിയ സ്വത്തുവകകളുടെ കണക്കെടുപ്പില്‍ നിശബ്ദരാക്കപ്പെട്ടതാണ് കേരളത്തിലെ മന്ത്രിമാരും നേതാക്കളും.

മുല്ലപ്പെരിയാറിന് താഴെ വള്ളക്കടവ് മുതല്‍ ഉപ്പുതറ വരെയുള്ള ഗ്രാമീണജനത നിസഹയരാണിന്ന്. അണക്കെട്ടില്‍ ജലനിരപ്പ് ഉയരുമ്പോള്‍ നെഞ്ചിനുള്ളില്‍ ഭീതിയുടെ പെരുമ്പറ മുഴങ്ങും. ആത്മാര്‍ഥത ലവലേശമില്ലാതെ പതിറ്റാണ്ടുകളായി നടക്കുന്ന സമരപ്രഹസനങ്ങള്‍ കണ്ടുള്ള നിശബ്ദത. പാരിസ്ഥിതിക നാശം വിതച്ചു കേരളത്തെ വെട്ടിമുറിക്കുന്ന കെ. റെയില്‍ പദ്ധതിക്കായി മുട്ടിനില്‍ക്കുന്ന സര്‍ക്കാര്‍ അതിന്റെ പാതി മനസ് കാട്ടിയാല്‍ മുല്ലപ്പെരിയാര്‍ ജലബോംബിനെ വരുതിയില്‍ നിര്‍ത്താനാവും.

പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന് പറയാന്‍ തുടങ്ങിയിട്ടു ഒരു പതിറ്റാണ്ടു പിന്നിട്ടു. സര്‍ക്കാരുകള്‍ പലതുമാറി വന്നു. മുല്ലപ്പെരിയാറിലെ നിലവിലെ അണക്കെട്ടിന് താഴെ സ്ഥലം കണ്ടെത്തി പാറയുടെ ഉറപ്പ് പരിശോധിച്ചു. പുതിയ ഡാമിനായി കണ്ടെത്തിയ സ്ഥലം അനുയോജ്യമല്ലെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. പുതിയ സ്ഥലം കണ്ടെത്താനും പരിശോധനകളും പഠനങ്ങളും നടത്താനും ഇതുവരെ കഴിഞ്ഞിട്ടില്ല. തമിഴ്‌നാടിന്റെ പിന്തുണയോടു കൂടിയല്ലാതെ മുല്ലപ്പെരിയാറില്‍ പുതിയൊരു അണക്കെട്ട് ഉയരുക അസാധ്യമാണ്. പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന പതിവ് പല്ലവിക്കപ്പുറം തീരുമാനങ്ങളാണ് ഉണ്ടാവേണ്ടത്. 136 അടിയില്‍ തന്നെ ദുര്‍ബലമെന്ന് വാദിച്ച അണക്കെട്ടിലെ ജലനിരപ്പ് 139 അടിയില്‍ നിര്‍ത്തണമെന്ന കേരളത്തിന്റെ പുതിയ ഹരജി തന്നെ തമാശയായി മാറുന്ന കാലത്ത് പ്രഖ്യാപനങ്ങള്‍ക്കപ്പുറം മുല്ലപ്പെരിയാറില്‍ പ്രതീക്ഷയ്ക്ക് വകയില്ല.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ ദുരന്തഭീതിയില്‍ നില്‍ക്കുന്നൊരു ജനതയുടെ മുകളിലാണ് അതിനേക്കാള്‍ ഭീകരരൂപിയായി മുല്ലപ്പെരിയാര്‍ ഡാം തൂങ്ങിയാടുന്നത്. കേരളവും തമിഴ്‌നാടും തമ്മില്‍ ഭരണ-രാഷ്ട്രീയതലത്തില്‍ വേഗതയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കേ ജലവിതാനം ഉയര്‍ന്നുനില്‍ക്കുന്ന മുല്ലപ്പെരിയാറിന്റെ ഭീഷണി താല്‍ക്കാലികമായി ഒഴിവാക്കാനാവൂ. ജലനിരപ്പ് ഉയരുമ്പോള്‍ മാത്രം ഉയരേണ്ടതല്ല മുല്ലപ്പെരിയാര്‍ സുരക്ഷയെന്ന തിരിച്ചറിവ് വേണ്ടത് ഭരണാധികാരികള്‍ക്കാണ്. പ്രതിഷേധശബ്ദങ്ങളെ നിയമത്തിന്റെ ചാട്ടവാര്‍ ചുഴറ്റി നിശബ്ദരാക്കിയാലും ദുരന്തം ജലബോംബായി തലയ്ക്കു മുകളില്‍ തന്നെ നില്‍ക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.