2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

പെറ്റമ്മയില്‍നിന്ന് കുഞ്ഞിനെ അകറ്റാന്‍ പാര്‍ട്ടി പിന്തുണയോ?


സി.പി.എം അംഗമായ തിരുവനന്തപുരത്തെ അനുപമയുടെ കുഞ്ഞിനെ അവരില്‍നിന്ന് അനുപമയുടെ പിതാവ് അകറ്റിയിട്ട് ഒരുവര്‍ഷം കഴിയുന്നു. കുഞ്ഞിനെ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായ പിതാവ് പി.എസ് ജയചന്ദ്രന്‍ തട്ടിയെടുത്ത് ശിശുക്ഷേമസമിതിക്ക് കൈമാറുകയും അനുപമയെ വീട്ടുതടങ്കലിലാക്കുകയുമായിരുന്നു. സി.പി.എം സംസ്ഥാന സമിതിയംഗവും സി.ഐ.ടി.യു നേതാവുമായിരുന്ന പേരൂര്‍ക്കട സദാശിവന്റെ കൊച്ചുമകളായ അനുപമ എസ്.എഫ്.ഐ നേതാവ് കൂടിയായിരുന്നു. ഡി.വൈ.എഫ്.ഐ മുന്‍ മേഖലാ സെക്രട്ടറി അജിത്താണ് അനുപമയുടെ കുഞ്ഞിന്റെ പിതാവ്.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 19നാണ് അനുപമ ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. നടന്ന സംഭവം വ്യക്തമാക്കിക്കൊണ്ട് അനുപമ മുഖ്യമന്ത്രി മുതല്‍ പാര്‍ട്ടി സെക്രട്ടറി എ. വിജയരാഘവന് വരെ കത്തെഴുതി. പേരൂര്‍ക്കട പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ആറുമാസം വരെ നടപടിയെടുക്കാന്‍ തയാറായില്ല. നേതാക്കള്‍ മിണ്ടിയതുമില്ല. ഇപ്പോള്‍ വിവാദമായപ്പോഴാണ് അന്വേഷണം തുടങ്ങിയത്.
കുട്ടിയെ ശിശുക്ഷേമസമിതിയില്‍ നിന്ന് ആന്ധ്രയിലെ ദമ്പതികള്‍ക്ക് ദത്തുനല്‍കാന്‍ ജയചന്ദ്രന്‍ മുന്നിട്ടിറങ്ങിയത് നിയമവിരുദ്ധമായ നടപടിയായിട്ടും ശിശുക്ഷേമസമിതി അതിന് കൂട്ടുനിന്നു. മാതാപിതാക്കള്‍ തട്ടിയെടുത്ത തന്റെ കുഞ്ഞിനുവേണ്ടി അനുപമയെന്ന സ്ത്രീ സംസ്‌ക്കാരഭദ്രമായ കേരളത്തില്‍ പോരാടേണ്ടിവരുന്ന ഒരവസ്ഥ ഭയാനകമാണ്. സി.പി.എം നിയന്ത്രണത്തിലാണ് സംസ്ഥാനത്തെ ശിശുക്ഷേമസമിതികളെല്ലാം. എല്ലാ വിഷയങ്ങളിലും പുരോഗമന നിലപാടുകള്‍ സ്വീകരിക്കുന്നവരെന്നാണ് ചിലര്‍ക്ക് സി.പി.എമ്മിനെക്കുറിച്ചുള്ള ധാരണ. ഈ സംഭവത്തോടെ അത് തിരുത്തിയിരിക്കുകയാണ്.

നൊന്തു പ്രസവിച്ച കുഞ്ഞിനെ മാതാവില്‍ നിന്ന് മാതാവിന്റെ അച്ഛന്‍ തട്ടിപ്പറിച്ച് ശിശുക്ഷേമസമിതിക്ക് നല്‍കുക. അവിടെ നിന്ന് കുഞ്ഞിന്റെ മാതാപിതാക്കളുടെ അനുവാദമില്ലാതെ ദത്തുനല്‍കുക- ഇതൊന്നും നവീനാശയങ്ങള്‍ പുലര്‍ത്തുന്ന ഒരു പാര്‍ട്ടി കുടുംബത്തില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ്. തന്റെ കുഞ്ഞിനെ കിട്ടാന്‍ അനുപമ പരാതി നല്‍കി ആറുമാസം കഴിഞ്ഞിട്ടും പൊലിസ് എഫ്.ഐ.ആര്‍ ഇട്ടില്ല. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും പൊലിസ് കേസെടുത്തില്ല. കുഞ്ഞിനെ പ്രസവിക്കാനും വളര്‍ത്താനും ഏതൊരു സ്ത്രീക്കും അവകാശമുണ്ട്. അതാണിവിടെ ഭരണകൂട പിന്തുണയോടെ അട്ടിമറിക്കപ്പെട്ടത്.

അനുപമ പരാതി നല്‍കിയപ്പോള്‍ തന്നെ പൊലിസ് അന്വേഷിച്ചിരുന്നെങ്കില്‍ കുട്ടിയെ ദത്തുകൊടുക്കുന്നതില്‍ നിന്ന് തടയാമായിരുന്നു. മൂത്ത സഹോദരിയുടെ വിവാഹം കഴിയുന്നതുവരെ കുഞ്ഞിനെ ഒളിപ്പിച്ചെന്നായിരുന്നു ജയചന്ദ്രന്‍ അനുപമയെ പറഞ്ഞ് ധരിപ്പിച്ചത്. കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറിയിട്ടില്ലെന്നാണ് അതിന്റെ അധ്യക്ഷ പറയുന്നത്. എങ്കില്‍ ശിശുക്ഷേമ സമിതിയെ മറയാക്കി നിയമവിരുദ്ധമായി കുഞ്ഞുങ്ങളെ ദത്തുനല്‍കുന്ന കേന്ദ്രമായി മാറുകയാണോ ഇത്തരം സ്ഥാപനങ്ങളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കുട്ടികളുടെ അവകാശങ്ങളെ സംരക്ഷിക്കേണ്ട ഒരു സ്ഥാപനം കുട്ടികള്‍ക്കെതിരാവുന്നു എന്നതാണ് ഇവിടെ വെളിപ്പെടുന്നത്. കുഞ്ഞിനെ നിയമപരമായല്ല കൈമാറിയത്. കുഞ്ഞ് എവിടെയാണെന്ന് ആര്‍ക്കും നിശ്ചയമില്ല. ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? ഇനിയെങ്കിലും ഈ കുഞ്ഞിനെ കണ്ടെത്താന്‍ കഴിയുമോ? ജുഡിഷ്യല്‍ ചാനലിലൂടെയാണ് കുട്ടിയെ കൈമാറിയതെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. എന്നാല്‍, അങ്ങനെയല്ലെന്ന് ശിശുക്ഷേമ സമിതി പറയുന്നു. ഇവിടെ അനുപമയുടെ പിതാവ് നോട്ടറിയുടെ സാന്നിധ്യത്തില്‍ നേരത്തെ തയാറാക്കി കൊണ്ടുവന്ന ദത്ത് അനുമതിപത്രത്തില്‍ വായിക്കാന്‍ അനുവദിക്കാതെ അവരെക്കൊണ്ട് ഒപ്പിടുവിക്കുകയായിരുന്നു. പിന്നീട് അനുപമ നിയമനടപടി സ്വീകരിക്കാതിരിക്കാനുള്ള തന്ത്രമായിരുന്നു ഈ ഒപ്പിടുവിപ്പിക്കല്‍. മൂത്ത സഹോദരിയുടെ വിവാഹത്തിന് സ്ഥലംവില്‍ക്കാന്‍ ഒപ്പിടുവിക്കുകയാണെന്ന കള്ളമാണ് ജയചന്ദ്രന്‍ പറഞ്ഞത്. മാതാവ് കുഞ്ഞിനുമേല്‍ അവകാശവാദം ഉന്നയിച്ചാല്‍ നല്‍കണമെന്നാണ് നിയമം പറയുന്നത്. ഒരമ്മയ്ക്ക് അവരുടെ കുട്ടിയെ വളര്‍ത്താനുള്ള അവകാശത്തിനുവേണ്ടിയാണ് അനുപമ പോരാടുന്നത്. പരാതി നല്‍കി ആറുമാസത്തിനുശേഷമാണ് വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി ഡി.ജി.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. അതുതന്നെ വിഷയം പൊതുസമൂഹത്തിന്റെ സജീവ ചര്‍ച്ചയ്ക്ക് വിധേയമായപ്പോള്‍.

വളരെ പുരോഗമനപരമായ നിലപാട് നാം പ്രതീക്ഷിക്കുന്ന സി.പി.എമ്മില്‍ നിന്നാണ് അവരുടെ പാര്‍ട്ടി അംഗങ്ങള്‍ക്കുപോലും ഇത്തരം അനുഭവമുണ്ടാകുന്നത്. ഇതോടെ ഈ പാര്‍ട്ടിയുടെ നയം സത്യത്തില്‍ എന്താണെന്ന് ആരും ചോദിച്ചുപോകും? പാര്‍ട്ടി ഏതാണെന്ന് നോക്കിയാണ് നമ്മുടെ സാഹിത്യ, സാംസ്‌കാരിക നായകന്മാര്‍ പ്രതികരിക്കുകയെന്നത് അനുപമ സംഭവത്തിലും അവര്‍ ഭംഗിയായി ആവര്‍ത്തിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.