2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ഉത്ര: കൊലയാളിക്ക് അര്‍ഹമായ ശിക്ഷ വേണം


അഞ്ചല്‍ ഏറം വെള്ളാശ്ശേരി വീട്ടിലെ കിടപ്പുമുറിയില്‍ ഉത്രയെ 2020 മെയ് ഏഴിന് പുലര്‍ച്ചെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ പ്രതിയായ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. നാല് വകുപ്പുകള്‍ പ്രകാരം പ്രതി ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും കൊല്ലം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ജഡ്ജി എം. മനോജ് നടത്തിയ വിധി പ്രസ്താവത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. കൊലപാതകം, കൊലപാതക ശ്രമം, കഠിനമായ ദേഹോപദ്രവമേല്‍പ്പിക്കല്‍, വന്യജീവി ആക്ട് എന്നീ നാല് വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാര്‍ഹനായിരിക്കുകയാണ്. ഇനി ഈ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായതാണോ എന്നു മാത്രമേ അറിയാനുള്ളു. അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. മൃഗങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള കൊലപാതകങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളില്‍പ്പെടുമോ എന്നതാണ് നാളത്തെ വിധി പ്രസ്താവത്തിലൂടെ അറിയാനാവുക.

പാമ്പുകളെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ രണ്ട് കേസുകളാണ് രാജ്യത്ത് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒന്ന് പൂനെയിലും മറ്റൊന്ന് മഹാരാഷ്ട്രയിലുമായിരുന്നു. മതിയായ തെളിവുകള്‍ പ്രോസിക്യൂഷന് ഹാജരാക്കാന്‍ കഴിയാതെ വന്നതിനാല്‍ രണ്ട് കേസിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. ശാസ്ത്രീയമായ അന്വേഷണം ഈ രണ്ട് കേസുകളിലും ഉണ്ടായിരുന്നില്ല. മൂന്നാമത്തേതാണ് കേരളീയ പൊതുമനഃസാക്ഷിയെ നടുക്കിയ ഉത്രാവധം. ഈ കേസില്‍ പ്രതി ശിക്ഷിക്കപ്പെടാതെ പോകരുതെന്ന അന്വേഷണ സംഘത്തിന്റെ അര്‍പ്പണ മനോഭാവമാണ് സാക്ഷികള്‍ ഇല്ലാതിരുന്നിട്ട് പോലും കൃത്യമായ ശാസ്ത്രീയാന്വേഷണത്തിലൂടെയും ഫൊറന്‍സിക് തെളിവിലൂടെയും ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നത് സൂരജാണെന്ന് അന്വേഷണസംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞത്. അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ പാളിച്ചകള്‍ ഇല്ലാതെ കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞുവെന്നതും ഈ കേസില്‍ സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതില്‍ നിര്‍ണായകമായി.

നേരത്തെയും സൂരജിന്റെ വീട്ടില്‍ വച്ചു തന്നെ ഉത്രയെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. ജ്യൂസില്‍ മയക്കുമരുന്നു നല്‍കി ഉത്രയെ മയക്കിക്കിടത്തിയതിന് ശേഷമാണ് സൂരജ് വധിക്കാന്‍ ശ്രമിച്ചത്. ഓരോതവണയും ഉത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ കുറ്റമറ്റ രീതിയില്‍ എങ്ങനെ ഉഗ്രവിഷമുള്ള പാമ്പിനെ കൊണ്ട് ഉത്രയെ വധിക്കാമെന്ന് യൂട്യൂബില്‍ പരതുകയായിരുന്നു കൊലയാളി. ഉത്രയെ തന്റെ ജീവിതത്തില്‍ നിന്നൊഴിവാക്കി സ്വത്ത് കരസ്ഥമാക്കാന്‍ പ്രതി ആലോചിച്ചുറപ്പിച്ചിരുന്നു.

എന്നാല്‍ കൊലപാതകം നടത്തിയാണ് ഭാര്യയെ ഇല്ലാതാക്കിയതെന്ന് ഉത്രയുടെ രക്ഷിതാക്കളും പുറംലോകവും അറിയരുതെന്നും പ്രതി ആഗ്രഹിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പാമ്പുകളെ കൊണ്ട് കടിപ്പിച്ചു കൊല്ലാനുള്ള ശ്രമങ്ങള്‍ നടത്തിയത്. ഇതിനായി പാമ്പുപിടുത്തക്കാരുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. അങ്ങനെയാണ് പതിനായിരം രൂപ കൊടുത്ത് സുരേഷ് എന്ന പാമ്പുപിടുത്തക്കാരനില്‍നിന്നു സൂരജ് മൂര്‍ഖനെ വാങ്ങിയത്. പാമ്പുകൊണ്ട് കടിപ്പിച്ചു കൊല്ലാന്‍ മറ്റൊരു കാരണവും കൂടിയുണ്ട്. ചെറുപ്പം മുതല്‍ പാമ്പുകളെ നിരീക്ഷിക്കുന്ന സ്വഭാവം സൂരജിനുണ്ടായിരുന്നു. എപ്പോഴാണ് പാമ്പുകള്‍ പ്രകോപിതരാവുക, എപ്പോഴാണ് അവ പുറത്തിറങ്ങുക തുടങ്ങിയ കാര്യങ്ങളെല്ലാം സൂരജിന് അറിയാമായിരുന്നു. ഈ അനുകൂല ഘടകങ്ങളെല്ലാം താന്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ച കൊലപാതകത്തിനു സൂരജ് ഉപയോഗപ്പെടുത്തുകയായിരുന്നു. അതിനാലാണ് ഇന്നലെ നടന്ന അന്തിമവാദത്തിലും പ്രോസിക്യൂഷന്‍, പ്രതി വിചിത്രവും പൈശാചികവും ദാരുണവുമായ മാര്‍ഗമാണ് തന്റെ ഭാര്യയെ കൊലചെയ്യാന്‍ അവലംബിച്ചതെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് ഈ കൊലപാതകമെന്നും അതിനാല്‍ പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നും വാദിച്ചത്. സമാനതകളില്ലാത്ത കേസും സമാനതകളില്ലാത്ത അന്വേഷണവുമാണ് ഉത്ര കൊലപാതക കേസില്‍ നടന്നത്. അതിനാല്‍ തന്നെ ഈ കേസ് പൊതുസമൂഹത്തിന്റെയും നിയമ ലോകത്തിന്റെയും സവിശേഷ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.

കൊലപാതകിയുടെ ബുദ്ധിക്ക് അപ്പുറം അന്വേഷണ സഞ്ചാരം നടത്തുക എന്ന വെല്ലുവിളിയായിരുന്നു ഈ കേസ് അന്വേഷണസംഘത്തിന് മുമ്പില്‍ ഉയര്‍ത്തിയത്. അതിനെ തരണം ചെയ്യുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ഇതൊരു അപൂര്‍വങ്ങളില്‍ അപൂര്‍വമായ കൊലപാതക കേസാകുന്നത് മൃഗങ്ങളെ ഉപയോഗിച്ചു കൊലപാതകം നടത്തി എന്നതിലാണ്. മൃഗങ്ങളെ ഉപയോഗിച്ചു കൊലപാതകം നടത്തുന്നത് സംബന്ധിച്ചുള്ള പഠനത്തിനും അന്വേഷണത്തിനുമാണ് ഉത്ര വധക്കേസന്വേഷണം വഴി തുറന്നിട്ടിരിക്കുന്നതും.

കൊവിഡ് കാലത്തെ വിഡിയോ കോടതി നടപടികളെ മറികടന്ന് നേരിട്ടുള്ള വിചാരണ തന്നെ ഉത്ര വധക്കേസില്‍ ഉണ്ടായത് ഈ കേസിന്റെ പ്രത്യേകത കൊണ്ടായിരുന്നു. ഒരു മനുഷ്യന് ചിന്തിക്കാന്‍ പറ്റുന്നതായിരുന്നില്ല സൂരജ് നടത്തിയ കൊലപാതകം. മറ്റുള്ളവര്‍ക്ക് സംശയം ഉണ്ടാകരുതെന്ന കുടിലതന്ത്രമാണ് സൂരജ് പാമ്പിലൂടെ ഉത്രയ്‌ക്കെതിരേ പ്രയോഗിച്ചത്.
സ്ത്രീ സുരക്ഷയെ സംബന്ധിച്ചും സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും പൊതുസമൂഹത്തില്‍ ഗൗരവതരമായ ചര്‍ച്ചക്ക് വിധേയമായി കൊണ്ടിരിക്കുന്ന കാലവും കൂടിയാണിത്. സ്ത്രീധനമോഹികളുടെ ക്രൂരതയുടെ ഇരയായി കൊല്ലപ്പെടുന്ന യുവതികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. അത്തരം കൊലപാതകികള്‍ക്ക് കഠിനമായ ശിക്ഷ തന്നെ നല്‍കണമെന്ന ആവശ്യവും സമൂഹത്തില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഉത്ര വധക്കേസില്‍ നാളെ വിധി പറയാന്‍ പോകുന്നത്. സ്ത്രീധനത്തിന്റെപേരില്‍ സ്വന്തം ഭാര്യയെ കൊലചെയ്യുന്ന കശ്മലന്‍മാര്‍ക്കുള്ള താക്കീതും മുന്നറിയിപ്പുമായി നാളത്തെ വിധിയുണ്ടാകുമെന്ന് കരുതാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.