2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

കൊലയാളികളെ  അറസ്റ്റ് ചെയ്യാന്‍  കോടതികള്‍ നിര്‍ദേശിക്കണോ?


 
 
കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെയും നിയമലംഘനങ്ങള്‍ക്കും നീതിനിഷേധങ്ങള്‍ക്കുമെതിരേ സുപ്രിംകോടതിക്ക് നിരന്തരം ഇടപെടേണ്ട അവസ്ഥയാണ് രാജ്യത്തുള്ളത്. ഇതില്‍ ഏറ്റവും അവസാനത്തേതാണ് ലേഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാറുകയറ്റി കൊന്ന സംഭവം. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ സുപ്രിംകോടതിക്ക് ഇടപെടേണ്ടിവന്നു.
 
കൊലപാതകം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാത്ത നടപടിയില്‍ സുപ്രിംകോടതി രൂക്ഷവിമര്‍ശനം നടത്തിയപ്പോള്‍ യു.പി സര്‍ക്കാര്‍ നല്‍കിയ മറുപടി പ്രതിയോട് ഹാജരാകാന്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു. ഈ വിശദീകരണം കോടതിയുടെ രൂക്ഷവിമര്‍ശനത്തിനാണ് ഇടയാക്കിയത്. ‘എല്ലാ കൊലപാതകക്കേസുകളിലും പ്രതികളോട് ഹാജരാകാന്‍ അപേക്ഷിക്കാറാണോ പതിവെന്ന്’ കോടതിക്ക് ചോദിക്കേണ്ടിവന്നു. ഇതുസംബന്ധിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചത് തെളിവില്ലാതെ എങ്ങനെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു. സിദ്ദീഖ് കാപ്പന്‍ എന്ന മാധ്യമപ്രവര്‍ത്തകനെ കള്ള തെളിവുകളുണ്ടാക്കി ഒരുവര്‍ഷമായി ജയിലില്‍ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന യോഗി ആദിത്യനാഥാണ് ഈ വിശദീകരണം നല്‍കുന്നത്.
 
കൊലപാതകക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളെ അറസ്റ്റ് ചെയ്യാതെ രണ്ടുതവണ സമന്‍സ് അയച്ച് വിളിച്ചുവരുത്തുകയെന്ന അപൂര്‍വ നിയമ അട്ടിമറിക്കും യു.പി സര്‍ക്കാര്‍ നാന്ദികുറിച്ചു. കേസ് പരിഗണിക്കവെ സി.ബി.ഐ അന്വേഷണ ആലോചനയുണ്ടോ എന്നാരാഞ്ഞ ചീഫ് ജസ്റ്റീസ് എന്‍.വി രമണ അതൊരു പരിഹാരമല്ലെന്ന് എടുത്തുപറയുകയുമുണ്ടായി. അതിനുള്ള കാരണവും നിങ്ങള്‍ക്കറിയാമല്ലോ എന്ന് യു.പി സര്‍ക്കാര്‍ അഭിഭാഷകനായ ഹരീഷ് സാല്‍വേയെ ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചതും അന്വേഷണ ഏജന്‍സികളില്‍ സര്‍ക്കാര്‍ കൈകടത്തലിനെ പരോക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു.
 
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ കുറ്റാന്വേഷണ ഏജന്‍സികളെ കാര്യമായി ഉപയോഗിക്കുന്നത് രാഷ്ട്രീയ എതിരാളികളെയും ഭിന്നാഭിപ്രായം പറയുന്ന സാമൂഹ്യ, സാംസ്‌ക്കാരിക, മനുഷ്യാവകാശ പ്രവര്‍ത്തകരെയും നിശബ്ദമാക്കാനാണ്. കോടതികളില്‍ നിന്നുണ്ടാകുന്ന ഉത്തരവുകളും നിര്‍ദേശങ്ങളും പാലിക്കാതിരിക്കുന്നതും ഈ നിലപാടിന്റെ ഭാഗമായാണ് കാണേണ്ടത്. ജനാധിപത്യ ഭരണക്രമമുള്ള നാടുകളിലെ നീതിന്യായവ്യവസ്ഥ ഫാസിസ്റ്റുകള്‍ അംഗീകരിക്കാറില്ല. അതുകൊണ്ടാണവര്‍ കോടതിവിധികള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്നത്. ഇത്തരം ഫാസിസ്റ്റ് നീക്കങ്ങളെ പരാജയപ്പെടുത്താനാണ് സുപ്രിംകോടതിക്ക്  പലപ്പോഴും കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെയും നീതിന്യായവ്യവസ്ഥയുടെ അട്ടിമറിക്കെതിരേ നിരന്തരം ഇടപെടേണ്ടിവരുന്നത്. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയെ കേന്ദ്രസര്‍ക്കാര്‍ ശ്വാസംമുട്ടിച്ച് കൊണ്ടിരിക്കുമ്പോള്‍, ശ്വാസംനല്‍കാന്‍ സുപ്രിംകോടതിക്ക് ജാഗ്രതയോടെ ഉണര്‍ന്നിരിക്കേണ്ടിവരുന്നുവെന്നത് ഈ കെട്ടകാലത്തെ കാഴ്ചകളാണ്.
 
സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിനു മുമ്പില്‍ വരാതിരിക്കാന്‍ അത്തരം ആശയവിനിമയവേദികള്‍ ഇല്ലാതാക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുകയാണ്. ഇതിനെതിരേ പലപ്പോഴും കോടതികള്‍ക്ക് ഇടപെടേണ്ടിവരികയാണ്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയുള്ള അടിച്ചമര്‍ത്തലുകളും കള്ളക്കേസുകള്‍ ചമയ്ക്കലും നിര്‍ബാധം ഭരണകൂടങ്ങളില്‍ നിന്നുണ്ടാകുമ്പോള്‍ സുപ്രിംകോടതിക്ക് നിരന്തരം ഇടപെടേണ്ടിവരികയും സ്വമേധയാ കേസുകളെടുക്കേണ്ടിയും വരുന്നുവെന്നത് വര്‍ത്തമാനകാല ഇന്ത്യയുടെ ദുരന്തമാണ്. കേന്ദ്രസര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ പേരിലാണ് കൊവിഡ് വാക്‌സിന്‍ വിഷയത്തില്‍ സുപ്രിംകോടതിക്ക് നേരത്തെ സ്വമേധയാ കേസെടുക്കേണ്ടിവന്നതെങ്കില്‍ ലേഖിംപൂര്‍ സംഭവത്തിലെന്നപോലെ മറ്റു പല സംഭവങ്ങളിലും കോടതിക്ക് അത് ആവര്‍ത്തിക്കേണ്ടിവന്നു.
 
കോടതി ഇടപെടുന്നില്ലെങ്കില്‍ കേസുകളില്‍ നടപടിയില്ലെന്നതാണ് യു.പി, കേന്ദ്രസര്‍ക്കാര്‍ നയം. സര്‍ക്കാരുകളെക്കൊണ്ട് നടപടിയെടുപ്പിക്കണമെങ്കില്‍ പൊതുതാല്‍പര്യ ഹരജികള്‍  ഉണ്ടാകേണ്ട അവസ്ഥയാണ്. 2017ലെ ഉന്നാവ് പീഡനക്കേസിലെ മുഖ്യപ്രതിയായ ബി.ജെ.പി എം.എല്‍.എയെ യു.പി പൊലിസ് അറസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിതമായത് അലഹബാദ് ഹൈക്കോടതി ഇടപെട്ടതിനാലാണ്. കഴിഞ്ഞവര്‍ഷം ഹത്രാസില്‍ കൂട്ട പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് യുവതിയുടെ മൃതദേഹം തെളിവുനശിപ്പിക്കാന്‍ രാത്രി തന്നെ കത്തിച്ചപ്പോഴും ഹൈക്കോടതിയും സുപ്രിംകോടതിയും രംഗത്തെത്തി. ഡല്‍ഹിയിലെ ഓക്‌സിജന്‍ക്ഷാമത്തിലും സുപ്രിംകോടതിക്ക് ഇടപെടേണ്ടിവന്നു. കോടതി തന്നെ കര്‍മസമിതി രൂപികരിച്ചു. വാക്‌സിന്‍ നയം വിവാദമായപ്പോഴും സുപ്രിംകോടതി ഇടപെട്ട് കേന്ദ്രസര്‍ക്കാരിന്റെ നയം തിരുത്തിച്ചു. ഇങ്ങനെ നിരവധി കാര്യങ്ങളിലാണ് ഹൈക്കോടതികള്‍ക്കും സുപ്രിംകോടതിക്കും ബി.ജെ.പി സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധ, ജനാധിപത്യവിരുദ്ധ നയങ്ങള്‍ക്കെതിരേ ഇടപെടേണ്ടിവന്നത്. 
 
പിന്‍ഗാമികളായ ദീപക് മിശ്രയും രഞ്ജന്‍ ഗോഗോയിയും ബോബ്‌ഡേയും സഞ്ചരിച്ചവഴികളില്‍ നിന്ന് മാറിസഞ്ചരിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ കാണിക്കുന്ന ധാര്‍മികധീരത ജനാധിപത്യത്തില്‍ കോടതികളുടെ സ്ഥാനമെന്തെന്ന് കൃത്യമായി അടയാളപ്പെടുത്തുന്നതാണ്. ചീഫ് ജസ്റ്റിസിന്റെ അടുത്തകാലത്തെ പല ഇടപെടലുകളും അതിനു മികച്ച ഉദാഹരണങ്ങളാണ്.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.