2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കണ്ണുതുറന്നു കാണുക വിദ്വേഷപ്രചാരകരേ…

 

ഞാനിവിടെ ചില ക്രിസ്ത്യന്‍ ആത്മീയപ്രവര്‍ത്തകരെ പ്രകീര്‍ത്തിക്കാന്‍ പോവുകയാണ്. ഇന്നത്തെ കലങ്ങിമറിഞ്ഞ സാമുദായിക പശ്ചാത്തലത്തില്‍ അത്തരമൊരു പുകഴ്ത്തല്‍ അനിവാര്യമാണെന്നു വിശ്വസിക്കുന്നു. ആദ്യ പ്രശംസ തീര്‍ച്ചയായും അര്‍ഹിക്കുന്നത് കന്യാസ്ത്രീകളായ അനുപമയും ആല്‍ഫിയും ആന്‍സിറ്റയും ജോസഫൈനുമാണ്. കാരണം, സ്വന്തം സഭയ്ക്കുള്ളിലെ വിശുദ്ധവസ്ത്രമണിഞ്ഞ വ്യക്തി അള്‍ത്താരയില്‍ നടത്തിയ പ്രസംഗത്തിലെ വര്‍ഗീയവിഷം വമിക്കുന്ന പരാമര്‍ശങ്ങള്‍ക്കു നേരേ ഭയലേശമില്ലാതെ പ്രതികരിച്ചവരാണവര്‍. കുറുവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ ആരാധനാലയത്തില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടയിലായിരുന്നു വികാരിയുടെ വിദ്വേഷപ്രസംഗം. സിസ്റ്റര്‍ അനുപമയും മറ്റും പിന്നീട് മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞതനുസരിച്ചു സഭാവിശ്വാസികളില്‍ മുസ്‌ലിംകളോട് അങ്ങേയറ്റത്തെ വിദ്വേഷവും വെറുപ്പും വളര്‍ത്തുന്നതായിരുന്നു വികാരിയുടെ വാക്കുകള്‍. വാര്‍ത്തയില്‍ വന്ന ആ പരാമര്‍ശങ്ങളില്‍ ചിലത് ഇങ്ങനെയാണ്: ‘നമ്മുടെയാളുകള്‍ മുസ്‌ലിം കച്ചവടക്കാരില്‍ നിന്നു പച്ചക്കറിയും മറ്റും വാങ്ങരുത്. അവര്‍ ഓടിക്കുന്ന ഓട്ടോറിക്ഷകളില്‍ കയറരുത്. പൂച്ചയെയും മുയലിനെയും പോലെ പെറ്റു പെരുകുകയാണ് അക്കൂട്ടര്‍. ക്രിസ്ത്യാനികളില്‍ പലര്‍ക്കും കുട്ടികളുണ്ടാകാത്തതിനു കാരണം ഇവര്‍ മരുന്നുകൊടുക്കുന്നതിനാലാണ്’. ഇങ്ങനെ പോകുന്നു ‘ഉദ്‌ബോധനം’.

കുര്‍ബാനയില്‍ പങ്കെടുക്കുന്നത് സ്വാഭാവികമായും ക്രിസ്തുമത വിശ്വാസികളായിരിക്കുമല്ലോ. സാമുദായികവികാരമുള്ളവരാണ് അവരെങ്കില്‍ വെറുപ്പു തോന്നേണ്ട വാക്കുകളല്ല അദ്ദേഹം പറഞ്ഞത്. വര്‍ഗീയചിന്തയുണ്ടെങ്കില്‍ താല്‍പ്പര്യം തോന്നിപ്പിക്കാവുന്നതുമാണ്.
പക്ഷേ, സിസ്റ്റര്‍ അനുപമയ്ക്കും അവരോടൊപ്പമുള്ള കന്യാസ്ത്രീകള്‍ക്കും ആ വിഷം ചീറ്റല്‍ കേട്ടിരിക്കാനായില്ല. അവര്‍ അവിടെ വച്ചു തന്നെ പ്രതിഷേധിച്ചു, കുര്‍ബാന ബഹിഷ്‌കരിച്ചു പുറത്തിറങ്ങി. പിന്നീട് പ്രതിഷേധം പുറംലോകത്തെ അറിയിക്കുകയും ചെയ്തു.
സഭാവിരുദ്ധമായ നടപടിയാണ് ആ കന്യാസ്ത്രീകള്‍ ചെയ്തതെന്നു കരുതുന്നവരുണ്ടാകാം. തങ്ങള്‍ക്കിഷ്ടമില്ലാത്തതാണ് വികാരി പറഞ്ഞെങ്കില്‍ സഭയ്ക്കുള്ളില്‍ പ്രതിഷേധിക്കാമല്ലോ എന്നായിരിക്കും അത്തരക്കാരുടെ ന്യായീകരണം. കുര്‍ബാന ബഹിഷ്‌കരിക്കുന്നതു പോലും വേണമെങ്കില്‍ ക്ഷമിക്കാം. എന്നാല്‍, എന്തിനാണ് സഭയ്ക്കു പുറത്ത് ഇക്കാര്യം വിളിച്ചു പറഞ്ഞു സഭയെ അവഹേളിക്കാന്‍ ശ്രമിച്ചതെന്നായിരിക്കും അവരുടെ വിമര്‍ശനം. മാധ്യമങ്ങള്‍ക്കു മുന്നില്‍ സിസ്റ്റര്‍ അനുപമയും കൂട്ടുകാരും നടത്തിയ വിശദീകരണം തന്നെയാണ് ആ വിമര്‍ശനത്തിനു മതിയായ മറുപടി: ‘ക്രിസ്തുവചനങ്ങള്‍ക്ക് വിരുദ്ധമാണ് ആ വികാരിയുടെ വാക്കുകള്‍. യേശു ഉദ്‌ബോധിപ്പിച്ചിട്ടുള്ളത് എല്ലാവരെയും സ്‌നേഹിക്കാനാണ്, വര്‍ഗീയത പ്രചരിപ്പിക്കരുതെന്നാണ്. അതിനു വിരുദ്ധമായ വാക്കുകള്‍ കേട്ടിരിക്കുന്നതുപോലും ക്രിസ്തു നിന്ദയാകും’.

പാലാ ബിഷപ്പിന്റെ പ്രസംഗത്തോടെയും അതിനു പിറകെ ക്രിസ്ത്യാനികളെന്നു പറയപ്പെടുന്ന ചിലര്‍ നടത്തിയ പ്രകോപനപരമായ നിലപാടുകളിലൂടെയും നല്ലൊരു ശതമാനം ജനങ്ങളുടെ മനസ്സിലും ക്രിസ്തുമതത്തെക്കുറിച്ചുണ്ടായ തെറ്റിദ്ധാരണ നീക്കല്‍ കൂടി യഥാര്‍ഥ ക്രിസ്ത്യാനിയുടെ കര്‍ത്തവ്യമായതിനാലാണ് തങ്ങള്‍ പരസ്യമായി പ്രതികരിക്കുന്നതെന്നു കൂടി സിസ്റ്റര്‍ അനുപമയും കൂട്ടുകാരും പറഞ്ഞുവയ്ക്കുന്നു.

‘മുസ്‌ലിം ഡ്രൈവര്‍മാര്‍ ഓടിക്കുന്ന ഓട്ടോകളില്‍ ഞങ്ങള്‍ കയറാറുണ്ട്. ഞങ്ങള്‍ക്കു സംരക്ഷണത്തിനെത്തുന്ന പൊലിസുകാരില്‍ മുസ്‌ലിംകളുമുണ്ടാകാറുണ്ട്. മുസ്‌ലിംകളോട് ഇടപെടുമ്പോള്‍ ഇന്നുവരെ മോശമായ പെരുമാറ്റം നേരിടേണ്ടി വന്നിട്ടില്ല. പിന്നെങ്ങനെ വികാരിയുടെ ആ വാക്കുകള്‍ അംഗീകരിക്കും’. പ്രകീര്‍ത്തിക്കാതിരിക്കാനാവുമോ ഇങ്ങനെ പ്രതികരിച്ച ക്രിസ്തുവിന്റെ ഈ മണവാട്ടിമാരെ!

പാലാ ബിഷപ്പിന്റെ വിവാദപ്രസ്താവനയെക്കുറിച്ചു മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭ മെത്രാപ്പോലിത്ത ഡോ. യൂലിയന്നോന്‍ മാര്‍ മിലിത്യോസ് പറഞ്ഞ വാക്കുകളും ഇവിടെ എടുത്തുപറയേണ്ടതാണ്. ‘സ്വന്തം കുഴിതോണ്ടുന്ന പ്രസ്താവനയാണ് പാലാ ബിഷപ്പ് നടത്തിയ’തെന്നാണ് മെത്രാപ്പോലിത്ത വ്യക്തമാക്കിയത്. ജിഹാദ് എന്ന വാക്കിനെപ്പോലും തെറ്റായി വ്യാഖ്യാനിക്കുകയാണു ചെയ്തതെന്നും അദ്ദേഹം പറയുന്നു.
വിഭിന്ന സഭയോടുള്ള കിടമത്സരത്തിന്റെ ഭാഗമായല്ല പിതാവ് അങ്ങനെ പറഞ്ഞതെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നു വ്യക്തം. പാലാ ബിഷപ്പിന്റെ വിവാദപ്രസ്താവനയുടെ ഗുണഭോക്താക്കള്‍ ആരായിരിക്കുമെന്ന് അദ്ദേഹത്തിന് നല്ലപോലെ അറിയാം. മുട്ടനാടുകളെ തമ്മിലടിപ്പിച്ചു ചോരകുടിക്കാന്‍ വര്‍ഗീയശക്തികള്‍ തക്കം പാര്‍ത്തിരിക്കുന്നുണ്ടെന്നും അവരെ കരുതിയിരിക്കണമെന്നുമാണ് അദ്ദേഹം ഓര്‍മിപ്പിക്കുന്നത്.

പ്രൊട്ടസ്റ്റന്റ് പുരോഹിതനും നാസി വിരുദ്ധപ്രവര്‍ത്തകനുമായിരുന്ന ഫ്രെഡറിക് ഗുസ്താവ് എമില്‍ മാര്‍ട്ടിന്‍ നീമോളറുടെ പ്രശസ്തമായ വാക്കുകളുണ്ടല്ലോ, ‘ആദ്യമവര്‍ സോഷ്യലിസ്റ്റുകളെ തേടി വന്നു, ഞാന്‍ പ്രതികരിച്ചില്ല, കാരണം ഞാനൊരു സോഷ്യലിസ്റ്റ് അല്ലായിരുന്നു…’ എന്നു തുടങ്ങുന്ന വാക്കുകള്‍. ആ വാക്കുകളുടെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭ മെത്രാപ്പോലിത്തയുടെ നാവില്‍ നിന്നു മറ്റൊരു രീതിയില്‍ കേള്‍ക്കാനിടയായത്.

ഒഡീഷയില്‍ വര്‍ഗീയഭ്രാന്തന്മാരാല്‍ രണ്ടു മക്കളോടൊപ്പം ചുട്ടുകൊല്ലപ്പെട്ട ആസ്‌ത്രേലിയന്‍ സുവിശേഷകന്‍ ഗ്രഹാം സ്‌റ്റെയിന്‍സിന്റെയും അടുത്തകാലത്ത് ജയിലില്‍ നരകിച്ചു മരിക്കേണ്ടി വന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെയും മറ്റും അനുഭവങ്ങള്‍ കൂടി ഓര്‍മിപ്പിക്കുന്നുണ്ട് മെത്രാപോലിത്തയുടെ വാക്കുകള്‍. ഇന്നു മറ്റു ചിലരെ ലാക്കാക്കി വരുന്ന ഫാസിസ്റ്റ് ശക്തികള്‍ നാളെ വരുന്നത് നമ്മെ തേടിയായിരിക്കും. പ്രകീര്‍ത്തനം അര്‍ഹിക്കുന്നില്ലേ വര്‍ഗീയ വിദ്വേഷത്തിനെതിരേ നിലപാടെടുക്കുന്ന ആ ആത്മീയ നേതാവ്.

പാലാ ബിഷപ്പിന്റെ വിവാദപ്രസ്താവന ആഘോഷിച്ചും മുതലെടുക്കാനുള്ള പഴുതുകള്‍ തേടിയും പലരും നടക്കുന്ന പശ്ചാത്തലത്തിലാണ് മാതൃകാപരമായ മറ്റൊരു കാഴ്ച കണ്‍മുന്നിലെത്തുന്നത്. കോട്ടയം സി.എസ്.ഐ ആസ്ഥാനത്തു നടന്ന പത്രസമ്മേളനമായിരുന്നു അത്. പത്രസമ്മേളനം നടത്തിയത് സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍. പത്രസമ്മേളനത്തില്‍ അദ്ദേഹത്തിന്റെ തോളുരുമ്മി വലതുഭാഗത്ത് മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു, കോട്ടയം താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീന്‍ മാന്നാനി.കേരളത്തിലെ സാമുദായികാന്തരീക്ഷം വിഷലിപ്തമാക്കാന്‍ ചിലര്‍ മത്സരിക്കുകയും അതില്‍ നിന്നു രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ പല കൊടിനിറക്കാരും വെമ്പല്‍കൊള്ളുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ മനുഷ്യത്വത്തിലും മതാതീതമായ സാഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും വിശ്വസിക്കുന്ന എല്ലാവരുടെയും മനസ്സില്‍ കുളിരുണ്ടാക്കുന്ന രംഗമായിരുന്നു അത്.

‘ലൗ ജിഹാദോ നാര്‍ക്കോട്ടിക് ജിഹാദോ ഉണ്ടെന്നോ ഇല്ലെന്നോ കണ്ടെത്തേണ്ടത് ഭരണകൂടമാണ്. ആ പണി അവര്‍ക്കു വിട്ടുകൊടുക്കുക. സി.എസ്.ഐ സഭ ആഗ്രഹിക്കുന്നത് സമാധാനമാണ്. എല്ലാവരും ആഗ്രഹിക്കേണ്ടതും സമാധാനമായിരിക്കണമെന്നാണ് ഞങ്ങളുടെ നിലപാട്’ എന്നാണ് സി.എസ്.ഐ ബിഷപ്പ് പത്രസമ്മേളനത്തില്‍ പറഞ്ഞത്. വിദ്വേഷപ്രകടനങ്ങളും വൈകാരിക പ്രചാരണങ്ങളുമല്ല സ്‌നേഹം പങ്കുവയ്ക്കലാണ് വേണ്ടതെന്ന് ഇമാമും ബിഷപ്പും ഒരേ സ്വരത്തില്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. തീര്‍ച്ചയായും പ്രകീര്‍ത്തിക്കപ്പടേണ്ടവരല്ലേ ആ മഹത്തുക്കള്‍. ക്രിസ്ത്യാനികളില്‍ മഹാഭൂരിപക്ഷത്തിന്റെയും പരമോന്നത ആത്മീയനേതാവായ മാര്‍പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുകയാണ്: ‘മതസ്പര്‍ദ്ധയുണ്ടാക്കും വിധം മതനേതാക്കള്‍ സംസാരിക്കരുത്. ദൈവം സാഹോദര്യവും സ്‌നേഹവും ഇഷ്ടപ്പെടുന്നു’.കേരളത്തിലെ കലുഷിതമായ വര്‍ത്തമാന സാഹചര്യത്തില്‍ തീര്‍ച്ചയായും പ്രകീര്‍ത്തിക്കപ്പെടേണ്ടതല്ലേ മാര്‍പ്പാപ്പയുടെ വാക്കുകള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.