2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അജന്‍ഡ വെളിപ്പെട്ടു പിന്തുണയുമായി ബി.ജെ.പി നേതാക്കള്‍ അരമനയില്‍

 

യു.എച്ച് സിദ്ദീഖ്

കോട്ടയം: നാര്‍കോട്ടിക് ജിഹാദ് വിവാദത്തില്‍ പാലാ രൂപത ബിഷപ്പിന്റെ പ്രസ്താവനയെ തെരുവില്‍ പിന്തുണച്ചതിനു പിന്നാലെ ബി.ജെ.പി നേതാക്കള്‍ അരമനയില്‍.
രാഷ്ട്രീയ ലക്ഷ്യത്തോടെ ബി.ജെ.പി നേതാവും ഗോവ ഗവര്‍ണറുമായ പി.എസ് ശ്രീധരന്‍ പിള്ളയും ബിഷപ്പിനെ ന്യായീകരിച്ചതിനു പിന്നാലെയാണ് നേതാക്കള്‍ വിവാദ പ്രസ്താവന നടത്തിയ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ നേരില്‍കണ്ട് പിന്തുണ അറിയിച്ചത്.
ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബി.ജെ.പി നേതാക്കള്‍ ഇന്നലെ പാലാ രൂപത അരമനയില്‍ എത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. ലൗ ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് വിവാദങ്ങളില്‍ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് ബി.ജെ.പി സംസ്ഥാന സമിതിയുടെ പിന്തുണ നേരിട്ടു അറിയിച്ചതായി നേതാക്കള്‍ പറഞ്ഞു.
ലൗ ജിഹാദിന് പിന്നാലെ കത്തോലിക്ക യുവത്വത്തെ ലക്ഷ്യമിട്ട് ‘നാര്‍കോട്ടിക് ജിഹാദും’ കേരളത്തിലുണ്ടെന്ന ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരേ കേരളീയ സമൂഹത്തില്‍ കനത്ത പ്രതിഷേധമുയര്‍ന്നതോടെ ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ച് ആദ്യം രംഗത്ത് എത്തിയതും ബി.ജെ.പിയാണ്.
അണികളെ രംഗത്തിറക്കി ക്രൈസ്തവ സഭാ സംഘടനകള്‍ നടത്തിയ ഐക്യദാര്‍ഢ്യ റാലിയെ മുന്നില്‍ നിന്നു നയിച്ചതും ബി.ജെ.പി സംസ്ഥാന സമിതിയംഗം ആര്‍. ഹരി ഉള്‍പ്പെടെ നേതാക്കളായിരുന്നു.
പിന്നാലെ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെടെ ബിഷപ്പിനെ പിന്തുണച്ച് രംഗത്ത് എത്തുകയും ചെയ്തു.

ബിഷപ്പിനെ വളഞ്ഞിട്ട്
ആക്രമിക്കുന്നത് നോക്കിനില്‍ക്കില്ല:
കെ. സുരേന്ദ്രന്‍

കോട്ടയം: പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് നോക്കിനില്‍ക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ലോകമെങ്ങും ഇസ്‌ലാമികവല്‍ക്കരണം നടത്താന്‍ ലക്ഷ്യമിട്ടിറങ്ങിയവര്‍ മതംമാറ്റിയും ജനസംഖ്യ വര്‍ധിപ്പിച്ചും അതിലേക്ക് എത്താന്‍ പരിശ്രമിക്കുന്നു.
ഭീകരസംഘടനകള്‍ക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ട്. ആഗോള തലത്തില്‍ അവര്‍ പണം കണ്ടെത്തുന്നത് മയക്കുമരുന്ന് വ്യാപാരത്തിലൂടെയാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല.
ചിലരെയൊക്കെ ഭയന്നും മറ്റുചില ലക്ഷ്യത്തോടെയുമാണ് പിണറായി വിജയനും വി.ഡി സതീശനുമെല്ലാം ബിഷപ്പിനെതിരേ രംഗത്തു വന്നത്. ബിഷപ്പ് പറഞ്ഞ കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുകയും അദ്ദേഹത്തിന് സംരക്ഷണം നല്‍കാനുമാണ് ഭരിക്കുന്നവര്‍ ശ്രമിക്കേണ്ടത്. പാലാ ബിഷപ്പ് ഉന്നയിച്ച വിഷയത്തിനാണ് പ്രാധാന്യം. വിഷയം പൊതുസമൂഹം ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നും കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൂടുതല്‍ ഇളവുകളിലേക്ക്
കേരളം: ഹോട്ടല്‍
നിയന്ത്രണം നീക്കിയേക്കും

തിരുവനന്തപുരം: ഏറെക്കാലത്തെ അടച്ചിടലുകള്‍ക്കു ശേഷം കേരളം കൂടുതല്‍ തുറക്കാനൊരുങ്ങുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കിയേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു ചേരുന്ന കൊവിഡ് അവലോകന യോഗത്തിലായിരിക്കും ഇളവുകള്‍ സംബന്ധിച്ച തീരുമാനമുണ്ടാവുക. കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ മ്യൂസിയങ്ങള്‍ ഇന്നു മുതല്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. മൃഗശാലകളിലും വരുംദിവസങ്ങളില്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കും. തിരുവനന്തപുരം മ്യൂസിയം പരിസരത്ത് പ്രഭാത, സായാഹ്ന നടത്തക്കാര്‍ക്കും പ്രവേശനാനുമതിയുണ്ട്. ഇളവുകളുടെ ഭാഗമായി സര്‍ക്കാര്‍ ഓഫിസുകള്‍ ശനിയാഴ്ചയും പ്രവര്‍ത്തിക്കും. കൊവിഡ് കാരണം നിര്‍ത്തിവച്ച പഞ്ചിങ് അടക്കം പുനഃസ്ഥാപിക്കും. ആദ്യം കാര്‍ഡ് ഉപയോഗിച്ചുള്ള പഞ്ചിങും പിന്നീട് ബയോമെട്രിക് പഞ്ചിങ്ങും ആണ് വീണ്ടും നിര്‍ബന്ധമാക്കുന്നത്. അതേസമയം, തീയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം വൈകുമെന്നാണ് സൂചന.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.