2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ചരിത്രം സംഘ്പരിവാറിനെ ഭയപ്പെടുത്തുന്നു


 

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ എന്നിവരടക്കം മലബാര്‍ സമരത്തില്‍ പങ്കെടുത്ത 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസേര്‍ച്ച് നിയോഗിച്ച മൂന്നംഗ കൗണ്‍സില്‍ ശുപാര്‍ശ നല്‍കിയിരിക്കുകയാണ്. സ്വാതന്ത്ര്യ സമരപ്പോരാളികളുടെ നിഘണ്ടുവിന്റെ അഞ്ചാം ഭാഗത്തില്‍നിന്നാണ് ഇവരുടെ പേരുകള്‍ ഒഴിവാക്കാന്‍ മൂന്നംഗ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇങ്ങനെ തയാറാക്കുന്ന നിഘണ്ടുവിന്റെ അഞ്ചാം ഭാഗത്തിന് ഏറ്റവും യോജിക്കുന്ന പേര് ‘പാദസേവകരുടെ സുവിശേഷം’ എന്നായിരിക്കും. സ്വാതന്ത്ര്യസമരത്തില്‍ ഒരുപങ്കും നിര്‍വഹിക്കാത്ത ഹിന്ദുത്വ ശക്തികളെ, ചോരയും ജീവനും നല്‍കി രക്തസാക്ഷികളായ സമരപ്പോരാളികളുടെ ചോരമണക്കുന്ന ചരിത്രം എന്നും അസ്വസ്ഥപ്പെടുത്തിയിട്ടേയുള്ളൂ. ‘ഏറനാടന്‍ മണ്ണിലെ ഒരു പിടിയെടുത്ത് മണത്തു നോക്കൂ. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി രക്തംചിന്തി മരിച്ച ധീര രക്തസാക്ഷികളുടെ രക്തത്തിന്റെ മണം അപ്പോള്‍ നിങ്ങള്‍ക്കനുഭവപ്പെടും’. വര്‍ഷങ്ങള്‍ക്ക് മുമ്പേ മുസ്‌ലിം ലീഗ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സി.എച്ച് മുഹമ്മദ് കോയ പറഞ്ഞ വാക്കുകളാണിത്.

മുസ്‌ലിംകളെ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നിന്നും തുടച്ചുനീക്കി, അവരില്‍ അന്യതാബോധം വളര്‍ത്തിയെടുക്കാന്‍ സംഘ്പരിവാര്‍ ബുദ്ധിശാലയില്‍ രൂപപ്പെട്ട തന്ത്രമാണ് ഈ തമസ്‌കരണം. നിഘണ്ടുവില്‍ നിന്ന് മായ്ച്ചുകളഞ്ഞാല്‍ മാഞ്ഞുപോകുന്നതല്ല മലബാറിന്റെ മനസില്‍, കല്ലില്‍ കൊത്തിവച്ചതു പോലുള്ള മാപ്പിളപ്പോരാളികളുടെ രക്തസാക്ഷിത്വത്തിന്റെ ചരിത്രം.

‘സ്വാതന്ത്ര്യസമരത്തിനു വേണ്ടി നിങ്ങളുടെ ആരോഗ്യവും സമയവും ധനവും നിങ്ങള്‍ പാഴാക്കരുത്. അതെല്ലാം സംഭരിച്ചു വയ്ക്കുക. ഇന്ത്യയെ ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചു പോകുമ്പോള്‍ ഹിന്ദുത്വ രാഷ്ട്ര നിര്‍മിതിക്കു വേണ്ടി അതെല്ലാം നിങ്ങള്‍ ഉപയോഗപ്പെടുത്തുക’ എന്ന് സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടിയ ഹിന്ദുസഹോദരന്മാരെ ഉപദേശിച്ച് പിന്തിരിപ്പിച്ച സവര്‍ക്കറുടെ ചരിത്രം ഹിന്ദുത്വ ശക്തികളെ തന്നെ ഇന്ന് അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ബ്രിട്ടീഷ് സര്‍ക്കാരിനു ആറു തവണയാണ് ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ നിന്നും തന്നെ വിട്ടയക്കാനായി സവര്‍ക്കര്‍ മാപ്പപേക്ഷ എഴുതി കൊടുത്തു കൊണ്ടിരുന്നത്. മാപ്പപേക്ഷാ യജ്ഞം തന്നെ അദ്ദേഹം നടത്തുകയായിരുന്നു ബ്രിട്ടീഷ് അധികാരികള്‍ക്ക് സൈ്വരം കൊടുക്കാതെ വിട്ടയക്കുന്നതു വരെ. ഈ മാപ്പപേക്ഷകളുടെ പൂര്‍ണരൂപവും പുറത്തുവന്നിട്ടുണ്ട്.

1910 ബ്രിട്ടനില്‍ വച്ച് അറസ്റ്റിലായ സവര്‍ക്കര്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോള്‍ വഴിക്കുവച്ചു ഫ്രാന്‍സിലേക്ക് രക്ഷപ്പെടാന്‍ വിഫലശ്രമം നടത്തിയതാണ്. എന്നാല്‍ ആന്‍ഡമാന്‍ ജയിലില്‍ സ്വതന്ത്ര്യത്തിനു വിലയായി തന്റെ തടവുജീവിതം പകരം നല്‍കാന്‍ സവര്‍ക്കര്‍ തയാറായില്ല. പിടികൂടപ്പെട്ടത് മുതല്‍ തുടര്‍ച്ചയായി അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിന് കരഞ്ഞും യാചിച്ചും മാപ്പപേക്ഷകള്‍ എഴുതിക്കൊണ്ടിരുന്നു. ‘സര്‍ക്കാര്‍ എന്നില്‍ കരുണ ചൊരിഞ്ഞു എന്നെ മോചിതനാക്കിയാല്‍ രാജ്യപുരോഗതിയുടെ സര്‍വപ്രധാന കാരണക്കാരായ ഇംഗ്ലീഷ് സര്‍ക്കാരിന്റെ ഭരണഘടനയോട് കൂറും അതിന്റെ പ്രചാരകനും ആയിക്കൊള്ളാമെന്ന് ഉറപ്പു നല്‍കുന്നു. യുവാക്കളെ എന്റെ മാര്‍ഗത്തില്‍ കൊണ്ടുവരികയും ചെയ്യും’. എന്നിങ്ങനെ പച്ചയായി ബ്രിട്ടീഷ് പാദസേവ നടത്തിയ ഹിന്ദുത്വ നേതാവിന്റെ അനുയായികളുടെ നിഘണ്ടു മായ്ക്കലില്‍ നിന്നും മാഞ്ഞുപോകുന്നതല്ല മലബാറിന്റെ ഹൃദയത്തില്‍ ശിലാരേഖ പോലെ കൊത്തിവച്ച സ്വാതന്ത്ര്യസമര സേനാനികളുടെ അനശ്വരനാമങ്ങള്‍. സവര്‍ക്കറുടെ മാപ്പപേക്ഷാചരിത്രം, ചരിത്രത്തില്‍ നിന്നും തമസ്‌കരിക്കുവാന്‍ സംഘ്പരിവാര്‍ കഠിനശ്രമം നടത്തിയെങ്കിലും വിഫലമായിത്തീരുകയാണുണ്ടായത്. വിശ്രുത ചരിത്രകാരന്‍ ആര്‍.സി മജുംദാര്‍ എഴുതി 1975 ല്‍ ഭാരതസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ‘സെറ്റില്‍മെന്റ് ഇന്‍ ആന്‍ഡമാന്‍’ എന്ന പുസ്തകത്തില്‍ സവര്‍ക്കറുടെ ജയില്‍വാസവും മാപ്പപേക്ഷയും മോചനവും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.

മാത്രമല്ല കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23ന് പാര്‍ലമെന്റില്‍ ഹൈബി ഈഡന്റെ ചോദ്യത്തിന് ഉത്തരമായി സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ നല്‍കിയ മറുപടിയിലും സവര്‍ക്കര്‍ മാപ്പപേക്ഷ നല്‍കിയാണ് ആന്‍ഡമാന്‍ ജയിലില്‍ നിന്നിറങ്ങിപ്പോന്നെതെന്നായിരുന്നു പറഞ്ഞത്. ബി.ജെ.പി സര്‍ക്കാര്‍ വരെ സവര്‍ക്കറുടെ മാപ്പപേക്ഷ സമ്മതിക്കുന്നുണ്ടെന്നര്‍ഥം. എന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒരൊറ്റ മാപ്പിള പോരാളിയും മാപ്പപേക്ഷ എഴുതിക്കൊടുത്തതായി കാണാനാവില്ല.

ചരിത്രം സംഘ്പരിവാറിനെ ഭയപ്പെടുത്തുന്നതിനാലാണ് മാപ്പിള പോരാളികളുടെ പേരുകള്‍ നിഘണ്ടുവില്‍ നിന്ന് മായ്ക്കാന്‍ ശ്രമിക്കുന്നത്. കേരളത്തില്‍ നിന്നും മലബാറിലെ പോരാളികളുടെ പേരുകള്‍ മായ്ക്കാനാണ് സംഘ്പരിവാര്‍ അനുകൂലിയും മലയാളിയും കോട്ടയം സി.എം.എസ് കോളജ് റിട്ട. പ്രൊഫസറുമായ സി.ഐ ഐസക് എന്ന ഐ.സി.എച്ച്.ആര്‍ അംഗം റിപ്പോര്‍ട്ടെഴുതിയിരിക്കുന്നത്. മലയാളികളല്ലാത്ത മൂന്നംഗ സമിതിയിലെ ഓംജി ഉപാധ്യായ, ഡോ. ഹിമാന്‍ഷു ചതുര്‍വേദി എന്നിവര്‍ ഐസക്കിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കുകയായിരുന്നു. ഒക്ടോബര്‍ 15ന് ഐ.സി.എച്ച്.ആര്‍ യോഗം ചേര്‍ന്നു റിപ്പോര്‍ട്ടിന് അന്തിമ അനുമതി നല്‍കാനാണ് നീക്കം.

1921 ലെ മലബാര്‍ സമരം ജന്മിത്വത്തിനും ബിട്ടീഷ് ഭരണത്തിനും എതിരായി നടന്ന സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നുവെന്നതിന് ഇനിയും കൂടുതല്‍ തെളിവുകളൊന്നും ആവശ്യമില്ലെന്ന് പറയുന്നത് ചരിത്രകാരന്‍ ഡോ. കെ.കെ.എന്‍ കുറുപ്പാണ്. മലബാര്‍ സമരം സാമുദായിക കലാപമായിരുന്നുവെങ്കില്‍ ബിട്ടീഷ് അനുകൂലിയായിരുന്ന ഖാന്‍ ബഹാദൂര്‍ ചേക്കുട്ടി സാഹിബിന്റെ തലയറുത്ത് കുന്തത്തില്‍ നാട്ടേണ്ട ആവശ്യം വാരിയന്‍കുന്നത്തിന് ഉണ്ടാകുമായിരുന്നില്ല.

വര്‍ഗീയമായിരുന്നു സമരമെങ്കില്‍ എന്തേ വടക്കേ മലബാറിലേക്ക് പടര്‍ന്നില്ല. ജന്മിമാരും ബ്രിട്ടീഷ് അനുകൂലികളും ഹിന്ദുക്കളിലും മുസ്‌ലിംകളിലും ഉണ്ടായിരുന്നു. അവര്‍ക്കെതിരേയായിരുന്നു മാപ്പിള പോരാളികളുടെ പോരാട്ടം. അതൊരു വര്‍ഗീയ സമരമായിരുന്നുവെങ്കില്‍, ഇന്ത്യയില്‍ ഇന്ന് കാണുന്ന മത സൗഹാര്‍ദത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി മലപ്പുറം ജില്ലയും മലബാറും ചരിത്രത്തില്‍ രേഖപ്പെട്ട് കിടക്കുമായിരുന്നില്ല. ബ്രിട്ടന്റെ പാദസേവകരുടെ തിട്ടൂരത്തെ ആശ്രയിച്ചല്ല മലബാറിലെ മാപ്പിളപ്പോരാളികളുടെ ഇതിഹാസ നാമങ്ങള്‍ ചരിത്രം പേര്‍ത്തും പേര്‍ത്തും ഓര്‍ത്തുകൊണ്ടിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.