2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നെഹ്‌റുവില്‍ നിന്ന് മോദിയിലേക്കുള്ള ദൂരം

 

ജേക്കബ് ജോര്‍ജ്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് ഇത് 75-ാം വര്‍ഷം. പതിവുപോലെ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി. പിന്നെ രാജ്യത്തോടുള്ള പ്രസംഗം. വരാന്‍ പോകുന്ന കാല്‍ നൂറ്റാണ്ട് ഇന്ത്യയുടെ അമൃതകാലം എന്നു പ്രഖ്യാപനം. ഇനി വരുന്നതാവും ഇന്ത്യയുടെ സുവര്‍ണ കാലഘട്ടമെന്ന് വ്യക്തമാക്കുകയായിരുന്നു പ്രധാനമന്ത്രി. തന്റെ എട്ടാമതു സ്വാതന്ത്ര്യദിന പ്രസംഗമാണ് നരേന്ദ്ര മോദി നടത്തിയത്. ഏതൊരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും ചരിത്ര ദൗത്യമാണ് ചെങ്കോട്ടയില്‍ നിന്നുകൊണ്ട് രാഷ്ട്രത്തോടു നടത്തുന്ന പ്രസംഗം. അതിനൊരു പ്രൗഢിയുണ്ട്. അതിന്റേതായ വലിപ്പവും ഗാംഭീര്യവുമുണ്ട്. കാലിക പ്രസക്തിയുണ്ട്. എല്ലാറ്റിനുമുപരി രാഷ്ട്രീയവുമുണ്ട്.

   

1947 ഓഗസ്റ്റ് 14-ാം തീയതി അര്‍ധരാത്രി ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ ചേര്‍ന്ന കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലി മുമ്പാകെ ജവഹര്‍ലാല്‍ നെഹ്‌റു ആദ്യ പ്രധാനമന്ത്രിയെന്ന നിലയ്ക്കു നടത്തിയ പ്രസംഗം 20-ാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ പ്രസംഗമായി കരുതപ്പെടുന്നു. സാധാരണ ഭരണകര്‍ത്താക്കളെപ്പോലെ തന്റെ പ്രസംഗം വേറെയാരെക്കൊണ്ടെങ്കിലും എഴുതിക്കുക നെഹ്‌റുവിന്റെ സ്വഭാവമായിരുന്നില്ല. പതിവുപോലെ ‘ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’ എന്ന പേരില്‍ അറിയപ്പെട്ട 1947 ഓഗസ്റ്റ് 14-ാം തീയതി അര്‍ധരാത്രി നടത്തിയ ആ പ്രസംഗവും നെഹ്‌റു സ്വയം തയാറാക്കിയതായിരുന്നു. കാലത്തിനപ്പുറത്തേയ്ക്കും കടന്നുചെന്ന് ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമായി മാറി ആ പ്രസംഗം. ഇന്ത്യയുടെ സുവര്‍ണ ചരിത്രത്തെയും സ്വാതന്ത്ര്യസമരത്തെയും കടുത്ത പോരാട്ടങ്ങളെയും തൊട്ടറിഞ്ഞു തന്നെ തയാറാക്കിയതായിരുന്നു അത്. ഇംഗ്ലീഷ് ഭാഷയുടെ ചാതുര്യവും കരുത്തും വിളംബരം ചെയ്ത പ്രസംഗം. അതിമനോഹരമായ വാക്കുകളുടെയും പ്രയോഗങ്ങളുടെയും മാസ്മരിക പ്രപഞ്ചം സൃഷ്ടിച്ച പ്രസംഗം. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു ജീവന്‍ കളഞ്ഞവരെയും ഏറെ കഷ്ടപ്പെട്ടവരെയും ഓര്‍മിച്ചുകൊണ്ടു തന്നെയായിരുന്നു ഇന്ത്യയുടെ ചരിത്രത്തിന്റെ ഇടനാഴികളില്‍ ഇന്നും പ്രതിധ്വനിക്കുന്ന ആ പ്രസംഗം.

ഇന്ത്യന്‍ സ്വാതന്ത്ര്യ സംഘത്തിന്റെ മുന്‍നിരയില്‍ നിന്നു പോരാടിയ നേതാവായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ പോരാടുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അഹിംസയുടെ അടിത്തറയില്‍ മഹാത്മാഗാന്ധി കെട്ടിപ്പൊക്കിയ സമര രീതികളായിരുന്നു മാര്‍ഗം. കടുത്ത സഹനസമരങ്ങളിലൂടെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ സമരം നടന്നത്. വര്‍ഷങ്ങളോളം അതിനോടകം ഇന്ത്യയുടെ ശക്തി സ്രോതസ്സുകളൊക്കെയും ബ്രിട്ടീഷുകാര്‍ ഊറ്റിയെടുത്തു കൊണ്ടുപോയിക്കഴിഞ്ഞിരുന്നു. 1947 ഓഗസ്റ്റ് 15-ന് ബ്രിട്ടീഷുകാര്‍ ഭരണമൊഴിഞ്ഞ് അധികാരം ഇന്ത്യക്കാരെ ഏല്‍പ്പിക്കുമ്പോള്‍ ഈ മഹാരാജ്യം വെറും ചവറു മാത്രമായി കഴിഞ്ഞിരുന്നു. എവിടെയും പട്ടിണിയും പരിവട്ടവും. എങ്ങും തൊഴിലില്ലാത്ത അവസ്ഥ. വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. ആശുപത്രികളില്ല. തൊഴിലില്ല. തൊഴില്‍ സ്ഥാപനങ്ങളില്ല. വ്യവസായങ്ങളില്ല.

അവിടെ നിന്നാണ് നെഹ്‌റു ഭരണം തുടങ്ങിവച്ചത്. ആ വലിയ ഭരണാധികാരിയുടെ ദീര്‍ഘവീക്ഷണവും കാഴ്ചപ്പാടും ഇന്ത്യാമഹാരാജ്യത്തെ വലിയ വളര്‍ച്ചയിലേയ്ക്കാനയിച്ചു. വലിയ വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഐ.ഐ.ടി, ഐ.ഐ.എം, എന്‍.ഐ.ഡി എന്നിങ്ങനെ. ഒക്കെയും ലോകത്തെ തന്നെ വലിയ, എണ്ണപ്പെട്ട ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്ന വലിയ വലിയ ആരോഗ്യ ഗവേഷണ കേന്ദ്രം. ഐ.എസ്.ആര്‍.ഒ പോലെയുള്ള ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങള്‍. ഡി.ആര്‍.ഡി.ഒ പോലെ പ്രതിരോധ ഗവേഷണ കേന്ദ്രങ്ങള്‍. ഭക്രാനംഗല്‍ അണക്കെട്ടുപോലെ കൂറ്റന്‍ ജലസേചന പദ്ധതികള്‍. ഇതിനൊക്കെ പദ്ധതിയുണ്ടാക്കാന്‍ പഞ്ചവത്സര പദ്ധതികള്‍. ആ വലിയ നേതാവിന്റെ കാഴ്ചപ്പാടില്‍ നിന്നുയര്‍ന്ന ചില സ്ഥാപനങ്ങള്‍ മാത്രമാണ് ചൂണ്ടിക്കാട്ടിയത്.

സമഗ്രമായിരുന്നു ആ കാഴ്ചപ്പാട്. വിശാലമായിരുന്നു അതിനു പിന്നിലെ ചിന്ത. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു മുന്നോട്ടുപോകാന്‍ ആ മനസ് വെമ്പി. സുതാര്യമായിരുന്നു അദ്ദേഹം വിഭാവന ചെയ്ത ജനാധിപത്യക്രമം. അതിന്റെ കേന്ദ്രബിന്ദു തികഞ്ഞ മതേതരത്വമായിരുന്നു. ഒട്ടും കറപുരളാത്ത മനുഷ്യസ്‌നേഹത്തിലധിഷ്ഠിതമായ മതേതരത്വം. രാഷ്ട്രം എപ്പോഴും ജനങ്ങളുടെ സ്വന്തമാണെന്നു തന്നെ ആ മനസ് ചിന്തിച്ചു. അതുകൊണ്ടുതന്നെ പുതിയ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നത് പൊതു ഉടമസ്ഥയിലായിരിക്കണമെന്നു അദ്ദേഹം ആഗ്രഹിച്ചു. എല്ലാം പൊതുസ്വത്ത്. എല്ലാം ജനങ്ങളുടെ സ്വന്തം. ഓരോ സ്വാതന്ത്ര്യദിന പ്രസംഗത്തിലും ഇത്തരം വലിയ ചിന്തകള്‍ അദ്ദേഹം അവതരിപ്പിച്ചു. നീണ്ട 17 വര്‍ഷക്കാലത്തെ ഭരണം കൊണ്ട് പട്ടിണിയിലും അജ്ഞതയിലും കഴിഞ്ഞ ഒരു ജനതയെയാണ് വലിയ വളര്‍ച്ചയിലേക്ക് നെഹ്‌റു നയിച്ചത്.

എല്ലാ വലിയ സംരംഭങ്ങളും പൊതുമേഖലയില്‍ വേണമെന്ന നെഹ്‌റുവിയന്‍ കാഴ്ചപ്പാട് ഇന്നത്തെ ഭരണാധികാരികള്‍ക്കില്ല. അദാനിയെയും അംബാനിയെയും മറ്റും തുണയ്ക്കുന്ന നടപടികളാണ് മോദി സര്‍ക്കാരിനു താല്‍പ്പര്യം. ഏറ്റവുമൊടുവിലിതാ, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ ഓഹരികളും വിറ്റഴിക്കാനുള്ള ബില്‍ ബി.ജെ.പി സര്‍ക്കാര്‍ പാസാക്കിയിരിക്കുന്നു.

നാഷണല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യാ ഇന്‍ഷുറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, യുനൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് എന്നീ സ്ഥാപനങ്ങളും ഇവയെല്ലാം ഉള്‍പ്പെട്ട ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ എന്ന കമ്പനിയും വിറ്റഴിക്കാനുള്ള നിയമം ദിവസങ്ങള്‍ക്കു മുമ്പാണ് പാര്‍ലമെന്റ് പാസാക്കിയത്. കേന്ദ്ര സര്‍ക്കാരിന് 51 ശതാമനം ഓഹരികളെങ്കിലും ഓരോ സ്ഥാപനത്തിലുമുണ്ടായിരിക്കണമെന്ന പഴയ നിയമമാണ് പാര്‍ലമെന്റ് ഭരണപക്ഷത്തിന്റെ ഭൂരിപക്ഷ ശക്തിയില്‍ പാസാക്കിയത്. പെഗാസസ് വിവാദത്തിന്റെ പേരില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതിനാല്‍ വിശദമായ ചര്‍ച്ചയോ വോട്ടെടുപ്പോ ഉണ്ടായില്ല. ഇതു വലിയൊരു സൗകര്യമായി ഭരണപക്ഷം കാണുകയും ചെയ്തു. എതിര്‍ശബ്ദമൊന്നുമില്ലാതെ, വോട്ടില്ലാതെ, സ്വന്തം ഇഷ്ടപ്രകാരം നിയമം ഭേദഗതി ചെയ്തു. ഇന്ത്യയുടെ സ്വന്തം ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരികള്‍ ഇനി ആര്‍ക്കും വാങ്ങാം. സ്വദേശത്തോ വിദേശത്തോ ഉള്ളവര്‍ക്കാര്‍ക്കും.
ഇന്‍ഷുറന്‍സ് ബില്‍ പാസാക്കിയെടുത്തതിനു ശേഷമാണ് ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇനിയുള്ള 25 വര്‍ഷക്കാലം ഇന്ത്യയുടെ അമൃതകാലമായിരിക്കുമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇന്ത്യയുടെ സുവര്‍ണകാലം. അതിന് എല്ലാവരും ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പക്ഷേ ദരിദ്രരും പട്ടിണിക്കാരും ഏറെയുള്ള ഈ രാജ്യത്ത് സുവര്‍ണകാലം വരണമെങ്കില്‍ ഭരണത്തിന്റെ അലകും പിടിയും മാറണം. ക്രോധത്തിന്റെയും വിദ്വേഷത്തിന്റെയും ഭാഷണങ്ങള്‍ അവസാനിപ്പിക്കണം. ജാതിയുടെയും മതത്തിന്റെയും പേരില്‍ രാജ്യത്ത് ഭിന്നിപ്പുണ്ടാക്കുന്നതും ജനങ്ങളെ തമ്മില്‍ വിഭജിക്കുന്നതും വോട്ടു കിട്ടാന്‍ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്നതും നിര്‍ത്തണം.

ഈ ജനാധിപത്യ യുഗത്തില്‍ ഓരോ ജനാധിപത്യ രാജ്യത്തിനും അതിന്റെ സ്വാതന്ത്ര്യദിനവും സ്വാതന്ത്ര്യദിനാഘോഷങ്ങളും വളരെ പ്രധാനമാണ്. ഈ രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്ന കോണ്‍ഗ്രസ് ഇന്നു പ്രതിപക്ഷത്താണ്. സ്വാതന്ത്ര്യ സമരക്കാലത്ത് ഒരു സമരത്തിലും പങ്കെടുക്കാതിരുന്ന, സ്വാതന്ത്ര്യ സമരത്തിലൊന്നും ഒരിക്കല്‍ പോലും ഒരു തരത്തിലും ഇടപെട്ടിട്ടില്ലാത്ത തീവ്ര ഹിന്ദുത്വ – വലതുപക്ഷ ശക്തികളാണ് ഇന്നു രാജ്യം ഭരിക്കുന്നത്. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും നാമധേയങ്ങളും സ്മാരകങ്ങളും, എന്തിന് ഓര്‍മകള്‍ പോലും അവര്‍ക്ക് സഹിക്കാനാവുന്നില്ല. നെഹ്‌റുവിന്റെ ഇടതുപക്ഷ – സോഷ്യലിസ്റ്റ് കാഴ്ചപ്പാടിനെതിരേ കൊണ്ടുവരുന്ന വലതുപക്ഷ നടപടികള്‍ ഇന്ത്യക്കു സുവര്‍ണകാലം കൊണ്ടുവരുമെന്നാണ് മോദി പ്രസംഗിച്ചത്. ദരിദ്രരും നിരക്ഷരും ഏറെയുള്ള ഭാരതത്തില്‍ ഇതെത്ര സാധ്യമാവുമെന്ന് കണ്ടുതന്നെ അറിയണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.