2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

താലിബാന്‍വിരുദ്ധ പ്രക്ഷോഭം ശക്തം കൊന്നുതള്ളി തിരിച്ചടി

   

 

കാബൂള്‍: ആഴ്ചകള്‍ കൊണ്ട് രാജ്യതലസ്ഥാനം കീഴടക്കിയ താലിബാന് അഫ്ഗാന്റെ ദേശീയപതാകയ്ക്കു മുന്നില്‍ അടിപതറുന്നു. ഇന്നലെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ അഫ്ഗാന്റെ മൂവര്‍ണ ദേശീയപതാക വീശിയവര്‍ക്കു നേരെ താലിബാന്‍ സേന നടത്തിയ വെടിവയ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

രാജ്യത്തിന്റെ 102ാം സ്വാതന്ത്ര്യദിനമായിരുന്നു ഇന്നലെ. അസദാബാദിലാണ് രൂക്ഷമായ വെടിവയ്പുണ്ടായത്.രണ്ടുപേരുടെ മരണമാണ് സ്ഥിരീകരിച്ചതെങ്കിലും വെടിവയ്പിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് കൂടുതല്‍ പേര്‍ മരണമടഞ്ഞതായാണ് വിവരം. ഒരു കൗമാരക്കാരനടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു.
താലിബാന്‍ സേനാംഗങ്ങള്‍ അവരുടെ ഭരണകാലത്തെ വെളുത്ത പതാക വീശിയപ്പോള്‍ സ്ത്രീകളുള്‍പ്പെടെ ജനങ്ങള്‍ ദേശീയപതാക ഉയര്‍ത്തിക്കാട്ടിയതാണ് താലിബാനികളെ പ്രകോപിപ്പിച്ചത്. പ്രതിഷേധക്കാരില്‍ ചിലര്‍ താലിബാന്‍ സേനാംഗത്തിനുനേരെ കത്തിവീശിയതോടെയാണ് വെടിവയ്പുണ്ടായതെന്ന് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് അല്‍ജസീറയുടെ ഷാര്‍ലറ്റ് ബെല്ലിസ് റിപ്പോര്‍ട്ട് ചെയ്തു. കാബൂളില്‍ പലയിടത്തും പ്രതിഷേധം നടന്നു.
ജനങ്ങള്‍ ദേശീയപതാകയുമായി തെരുവിലിറങ്ങിയത് താലിബാനെ ഭയപ്പെടുത്തുകയാണ്. കാബൂളിലെ പ്രസിഡന്റ് കൊട്ടാര കവാടത്തില്‍ ദേശീയപതാകയേന്തി നടന്ന പ്രകടനത്തില്‍ സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. ഖോസ്റ്റില്‍ ജനകീയ പ്രതിഷേധം തടുക്കാന്‍ താലിബാന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

ചിലയിടങ്ങളില്‍ ദേശീയപതാക ഉയര്‍ത്തുന്നത് താലിബാന്‍ തടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
എല്ലാവരും വീടുകളിലേക്കു മടങ്ങണമെന്ന് താലിബാന്‍ ഉത്തരവിട്ടെങ്കിലും ജനം ദേശീയപതാകയുമായി തെരുവിലിറങ്ങുകയാണ്. അഫ്ഗാന്റെ മൂവര്‍ണ പതാക മാറ്റി പകരം വെളുത്ത പതാക കൊണ്ടുവരാനാണ് താലിബാന്‍ നീക്കം.
ഇതിനെതിരേ ദേശീയപതാക വീശി പ്രതിഷേധിച്ചവര്‍ക്കുനേരെയാണ് വെടിവയ്പുണ്ടായത്. ജലാലാബാദില്‍ താലിബാന്‍ പതാക മാറ്റി അഫ്ഗാന്‍ പതാക പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചവര്‍ക്കുനേരെ കഴിഞ്ഞ ദിവസം നടന്ന വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.
താലിബാന്‍ ഭരണത്തിന്റെ മുന്നനുഭവം അറിയാവുന്നതിനാല്‍ ജനങ്ങള്‍ രാജ്യംവിടാന്‍ തിരക്കുകൂട്ടുകയാണ്. ഇന്നലെയും നിരവധിപേര്‍ കാബൂള്‍ വിമാനത്താവളം വഴി മറ്റു രാജ്യങ്ങളിലേക്ക് രക്ഷപെട്ടു.
അതിനിടെ സ്ത്രീകള്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം നല്‍കുമെന്നും സ്വാതന്ത്ര്യം നല്‍കുമെന്നും പറയുന്ന താലിബാനികള്‍ ബ്യൂട്ടി പാര്‍ലറുകളുള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ സ്ത്രീകളുടെ മുഖമുള്ള ചിത്രങ്ങളില്‍ പെയിന്റടിച്ചു വികൃതമാക്കി.
വിവിധ രാജ്യങ്ങളില്‍ അഫ്ഗാന്‍ എംബസിക്കു മുന്നില്‍ അഫ്ഗാനികള്‍ പ്രതിഷേധപ്രകടനം നടത്തി. ചില പ്രതിഷേധങ്ങള്‍ അനിവാര്യമാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.