2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

Editorial

ഭീതിപരത്തി അറസ്റ്റും ജപ്തിയും


അധികാരികളുടെ നിയമം ആരാച്ചാരുടെ നിയമമാണെന്നും അതില്‍നിന്ന് സാധാരണ മനുഷ്യന് നീതി ലഭിക്കില്ലെന്നും ‘ഗോവര്‍ധന്റെ യാത്രകള്‍’ എന്ന കൃതിയില്‍ എഴുത്തുകാരന്‍ ആനന്ദ് പറയുന്നുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളിലൊന്നാണ് തുല്യനീതി എന്നത്. ജാതിയുടെയോ മതത്തിന്റെയോ കൊടിയടയാളത്തിന്റെയോ പേരില്‍ നീതിയുടെ ത്രാസ് താഴ്ന്നുപോകരുതെന്ന് നമ്മുടെ ഭരണഘടന അടിവരയിടുന്നു. ഭരിക്കുന്നവരുടെ താല്‍പര്യാനുസാരം ഉയര്‍ന്നും താഴ്ന്നും ഇരിക്കേണ്ടതല്ല നീതിയും നിയമവും. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് അനീതിയുടെയും അന്യായത്തിൻ്റെയും ലോങ് മാര്‍ച്ചുകളാണെന്ന് പറയാതെ വയ്യ.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ജനുവരി 18ന് സെക്രട്ടേറിയറ്റിലേക്ക് സേവ്‌ കേരള മാര്‍ച്ച് നടത്തിയതിന്റെ പേരില്‍ മുസ്‌ലിം യൂത്ത്‌ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ റിമാന്‍ഡ് ചെയ്തത് അത്തരം മര്യാദക്കേടുകളുടെ ഒടുവിലത്തെ ഉദാഹരണമാണ്. നേതാക്കളടക്കം 28 യൂത്ത് ലീഗ് പ്രവര്‍ത്തകരെയും ജയിലിലടച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍, അനുമതിയില്ലാതെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തല്‍, പൊലിസുകാരെ അക്രമിക്കല്‍, ഗതാഗത തടസമുണ്ടാക്കല്‍ എന്നിങ്ങനെ ജാമ്യമില്ലാ വകുപ്പുകളാണ് യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

ജനകീയ സമരങ്ങളെ അധികാരത്തിന്റെ ബലത്തില്‍ അടിച്ചമര്‍ത്തുന്നതിന് ഒരു ന്യായീകരണവുമില്ല; ഇത്തരം സമരങ്ങളും പ്രതിഷേധങ്ങളും നിരന്തരം നടത്തി അധികാരത്തിലേറിയ എല്‍.ഡി.എഫ് സര്‍ക്കാരിന് പ്രത്യേകിച്ചും. പ്രതിഷേധവും എതിര്‍സ്വരങ്ങളുമൊന്നും തങ്ങളുടെ ഭരണത്തില്‍ പാടില്ലെന്ന മനോഭാവം ഫാസിസമാണ്; കേന്ദ്രം ഭരിക്കുന്ന സർക്കാരിൻ്റെ നിഴൽപ്പറ്റിയുള്ള സമീപനമാണ്. അധികാരമേറ്റ കാലംമുതല്‍ കേന്ദ്രത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ തുടരുന്ന ഈ നിലപാട് കേരളത്തിലും നടപ്പില്‍വരുത്താനാണോ പിണറായി സര്‍ക്കാരിന്റെ ശ്രമം. അത്തരം ബുള്‍ഡോസര്‍ രാഷ്ട്രീയത്തിന്റെ പടപ്പുറപ്പാടാണോ യൂത്ത്‌ ലീഗ് പ്രവര്‍ത്തകരെ ജയിലിലടച്ച നടപടിയും പി.എഫ്.ഐ ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനത്തു നടക്കുന്ന വ്യാപക സ്വത്ത് കണ്ടുകെട്ടലും!
പി.എഫ്.ഐ കേന്ദ്രങ്ങളില്‍ ഇ.ഡിയും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും നടത്തിയ റെയ്ഡിനെതിരേയാണ് കഴിഞ്ഞ സെപ്റ്റംബര്‍ 23ന് പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനമൊട്ടുക്ക് അഴിഞ്ഞാടുകയായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍. കല്ലെറിഞ്ഞും സര്‍വിസ് മുടക്കിയും കെ.എസ്.ആര്‍.ടി.സിക്കു മാത്രം 5.2 കോടിയുടെ നാശനഷ്ടമാണുണ്ടാക്കിയത്. ഈ തുക അക്രമഹര്‍ത്താലില്‍ പങ്കെടുത്തവരില്‍ നിന്ന് ഈടാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ ഹര്‍ത്താല്‍ ദിനത്തില്‍ സ്വസ്ഥമായിരുന്ന നിരപരാധികളുടെ വീടുകളില്‍ ജപ്തി നോട്ടിസ് പതിക്കാനായിരുന്നു റവന്യൂ ഉദ്യോഗസ്ഥരുടെ തിടുക്കം. പി.എഫ്.ഐയുമായി ഒരു ബന്ധവുമില്ലാത്ത, അവരുടെ തീവ്രനിലപാടുകളെ തുടക്കംമുതല്‍ എതിര്‍ത്തുപോന്ന സാധാരണക്കാരുടെ വീടുകളില്‍പോലും റവന്യൂ ഉദ്യോഗസ്ഥര്‍ ഭീതിയുടെ നോട്ടിസ് പതിക്കുകയാണ്. ഹര്‍ത്താലിന്റെ അഞ്ചുമാസം മുമ്പ് ആര്‍.എസ്.എസ് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പാലക്കാട് എലപ്പുള്ളിയിലെ സുബൈറിന്റെ കുടുംബത്തിനടക്കം റവന്യൂ അധികൃതര്‍ ജപ്തി നോട്ടിസ് നല്‍കിയത് അതിന്റെ ഭാഗമായാണ്. ആളുമാറിയെന്ന് ബോധ്യമായിട്ടും തെറ്റുതിരുത്തുന്നതിനു പകരം നിങ്ങള്‍ കോടതിയെ സമീപിച്ചുകൊള്ളൂ എന്നാണ് ലജ്ജയില്ലാതെ ഉദ്യോഗസ്ഥര്‍ പറയുന്നത്. പല താല്‍പര്യങ്ങളുടെയും ഒളിയജൻഡയുടെ പുറത്താണ് മുസ്‌ലിം പേരുള്ളവരെ ലക്ഷ്യമാക്കിയുള്ള ജപ്തിവേട്ട എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.

അനധികൃതനിര്‍മാണങ്ങള്‍ ഒഴിപ്പിക്കാനെന്ന പേരില്‍ ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും ബി.ജെ.പി ഭരണകൂടം പാവങ്ങളുടെ വീടുകളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് നിരപ്പാക്കിയപ്പോള്‍ അതിനെതിരേ കേരളത്തില്‍ പ്രതിഷേധിച്ചവരിലേറെയും ഇടതുനേതാക്കളാണ്. ജപ്തിയുടെ പേരില്‍ റവന്യൂ ഉദ്യോഗസ്ഥരെ ഇങ്ങനെ കയറൂരിവിടുന്നതും സംസ്ഥാനം ഭരിക്കുന്ന ഇടതുസര്‍ക്കാര്‍ ആണെന്നതിലെ വിരുദ്ധോക്തി കാണാതെപോകരുത്.

മിന്നല്‍ ഹര്‍ത്താലുകള്‍ ജനങ്ങളെ ബന്ദിയാക്കുന്നത് പതിവായതിനെ തുടര്‍ന്ന് 2019 ജനുവരിയിലാണ് ഹൈക്കോടതി ഇതിനെതിരേ നിലപാട് കടുപ്പിച്ചത്. ഹര്‍ത്താല്‍ നടത്തുന്നതിന് ഒരാഴ്ച മുമ്പ് നോട്ടിസ് നല്‍കിയിരിക്കണമെന്ന് കോടതി വ്യക്തമാക്കി. ജനങ്ങളുടെ മൗലികാവകാശങ്ങളെ ഹര്‍ത്താല്‍ ബാധിക്കരുതെന്നും പൊതുമുതലിനും സ്വകാര്യസ്വത്തിനും ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന പാര്‍ട്ടികളും സംഘടനകളും ഉത്തരവാദികളായിരിക്കുമെന്നും 2019ലെ വിധിയില്‍ പറയുന്നുണ്ട്. അതിനുശേഷം കേരളത്തിലുണ്ടായ ഹര്‍ത്താല്‍ സമാന പ്രതിഷേധമായിരുന്നു കഴിഞ്ഞ നവംബര്‍ 27ന് വിഴിഞ്ഞം പൊലിസ് സ്റ്റേഷനുനേരെ നടന്ന ആക്രമണം. വിഴിഞ്ഞം തുറമുഖവിരുദ്ധ സമരത്തിൻ്റെ പേരിൽ കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന അക്രമസമരത്തിൽ സര്‍ക്കാര്‍ വാഹനങ്ങളും കെട്ടിടങ്ങളുമുള്‍പ്പെടെ അരക്കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായി. ഇതിന്റെ പേരില്‍ സമരക്കാരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനോ നടപടിയെടുക്കാനോ സര്‍ക്കാര്‍ ഒരു തിടുക്കവും കാട്ടിയില്ല. വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കുന്നതിനൊപ്പം, ഈ ആക്രമണത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ പേരിലുള്ള കേസുകളും ആവിയായി. ഇത്തരത്തില്‍ ആളും തരവും നോക്കിമാത്രം നീതി നടപ്പാക്കുന്നത് ആനന്ദ് പറയുമ്പോലെ ‘കുടുക്കിന് ഇണങ്ങിയ കഴുത്തുള്ള വഴിപോക്കനെ തൂക്കിലേറ്റുന്നതിന്’ സമമാണ്.

കേരളത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ തുറുങ്കിലടക്കുകയോ സ്വത്ത് കണ്ടുകെട്ടുകയോ ചെയ്യുകയാണെങ്കില്‍ ഇവിടുത്തെ പല സി.പി.എം നേതാക്കള്‍ക്കും തരിമണ്ണുപോലും സ്വന്തമായുണ്ടാകില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ സി.പി.എം അംഗങ്ങള്‍ നിയമസഭയില്‍ കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ നമ്മള്‍ കണ്ടതാണ്. അന്ന് സ്പീക്കറുടെ കസേര മറിച്ചിടാനും കംപ്യൂട്ടറുകള്‍ തല്ലിപ്പൊട്ടിക്കാനും കാര്‍പെറ്റ് വലിച്ചുകീറാനും മുന്നിട്ടിറങ്ങിയവരില്‍ പലരും ഇന്ന് മന്ത്രിമാരാണെന്നത് മറ്റൊരു തമാശ. അവരില്‍ നിന്ന് നഷ്ടം ഈടാക്കുന്നതിനു പകരം ആ ദൃശ്യങ്ങള്‍ വ്യാജമാണെന്നു പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ ഇരട്ടനീതി നാടുവാഴുന്നത് ശുഭകരമല്ലെന്നു മാത്രമല്ല, ജനാധിപത്യസംവിധാനങ്ങളോടുള്ള പച്ചയായ പരിഹാസം കൂടിയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.