2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

മലബാറിലെ കുട്ടികള്‍ക്ക് തുടര്‍പഠനം നിഷേധിക്കുന്ന സര്‍ക്കാര്‍


 

വിദ്യാഭ്യാസ രംഗത്തു മാത്രമല്ല, ആരോഗ്യ സാമൂഹിക സാംസ്‌കാരിക രംഗത്തും മലബാറിനോടുള്ള സര്‍ക്കാരിന്റെ ചിറ്റമ്മനയം ഇപ്പോഴും തുടരുകയാണ്. ഈ അവഗണനയ്‌ക്കെതിരേ മലബാറില്‍നിന്ന് യോജിച്ചൊരു പ്രക്ഷോഭം ഉണ്ടാകാത്തതിനാലാണ് താല്‍ക്കാലിക എതിര്‍പ്പുകളെ അവഗണിച്ച് സര്‍ക്കാരുകള്‍ മുന്നോട്ടുപോകുന്നത്. മലപ്പുറത്ത് മെഡിക്കല്‍ കോളജ് സ്ഥാപിക്കണമെങ്കില്‍ ജില്ലയിലെ ജനങ്ങള്‍ പി
രിവെടുക്കണമെന്നും മഞ്ചേരി മെഡിക്കല്‍ കോളജിനൊപ്പം അനുമതി ലഭിച്ച പത്തനംതിട്ട മെഡിക്കല്‍ കോളജിന് ഏക്കര്‍കണക്കിനു സ്ഥലവും കെട്ടിടങ്ങളും ഉപകരണങ്ങളും സര്‍ക്കാര്‍ ചെലവില്‍ നിവര്‍ത്തിച്ചു കൊടുക്കുമെന്നുമുള്ള ഭരണമേലാളന്മാരുടെ നിലപാട് മലബാറിലെ ജനങ്ങളുടെ ഹൃദയവിശാലതയെയാണ് സമര്‍ഥമായി ചൂഷണം ചെയ്യുന്നത്. അതുകൊണ്ടാണ് ഈ മേഖലയില്‍ അനുവദിക്കുന്ന ഏതൊരു സര്‍ക്കാര്‍ സംരംഭത്തിനും മലബാര്‍ ജില്ലകളിലെ കലക്ടര്‍മാര്‍ ബക്കറ്റുമായി പിരിവിനിറങ്ങുന്നത്. മറ്റൊരു ജില്ലയിലും ഇങ്ങനെ സംഭവിക്കുന്നില്ല.
മലബാറിനോടുള്ള അവഗണന ഏറ്റവും കൂടുതല്‍ പ്രത്യക്ഷമാകുന്നത് വിദ്യാഭ്യാസ മേഖലയിലാണ്. ഓരോ വര്‍ഷവും മലബാറില്‍ നിന്ന്, പ്രത്യേകിച്ച് മലപ്പുറം ജില്ലയില്‍ നിന്ന് വിദ്യാര്‍ഥികള്‍ പത്താം ക്ലാസ് പാസായിക്കൊണ്ടിരിക്കുന്നത് അഭിമാനാ
ര്‍ഹമായ മാര്‍ക്ക് നേടിയാണ്.

മലപ്പുറത്തെ കുട്ടികള്‍ പത്താം ക്ലാസ് പാസാകുന്നത് കോപ്പിയടിച്ചിട്ടാണെന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വാക്കുകള്‍ ഇവിടെയുള്ള വിവിധ മതവിഭാഗങ്ങളെയാണ് മുറിവേല്‍പ്പിച്ചതെങ്കിലും അവര്‍ ആ വാക്കുകളില്‍ തളര്‍ന്ന് പിന്തിരിയാന്‍ തയാറല്ലായിരുന്നു. ആ വാക്കുകള്‍ക്കു പ്രതികാര ചുവയുള്ള മധുരോദാരമായ മറുപടിയാണ് ഓരോ വര്‍ഷവും മലബാറിലെ കുട്ടികള്‍, പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ കുട്ടികള്‍ പത്താം ക്ലാസിലെ മിന്നുന്ന വിജയത്തിലൂടെ നല്‍കിക്കൊണ്ടിരിക്കുന്നത്.

   

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലബാറില്‍ നിന്ന് സ്തുത്യര്‍ഹമായ നിലയില്‍ പത്താം ക്ലാസ് പാസാകുന്ന കുട്ടികള്‍ക്കുപോ
ലും ഉപരിപഠനം നിഷേധിക്കുന്ന സര്‍ക്കാരിന്റെ അവഗണനാ മനോഭാവത്തിന് ഇപ്പോഴും കുറവില്ല. എല്ലാ വര്‍ഷവും മലപ്പുറത്തെ കുട്ടികള്‍ തുടര്‍പഠനത്തിന് സീറ്റിനായി കരഞ്ഞപേക്ഷിക്കേണ്ട അവസ്ഥയാണ്. തെക്കന്‍ ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ യഥേഷ്ടം ഒഴിഞ്ഞുകിടക്കുമ്പോഴാണ്, എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മലപ്പുറത്തെ വിദ്യാര്‍ഥികള്‍ സീറ്റിനു വേണ്ടി നെട്ടോട്ടം ഓടേണ്ടിവരുന്നത്. സംസ്ഥാനത്ത് ഏറ്റവും മികച്ച വിജയം നേടിയ കുട്ടികളോടാണ് സര്‍ക്കാര്‍ ക്രൂരമായ ഈ വിവേചനം തുടരുന്നത്.

മലപ്പുറം ജില്ലയില്‍ ഇത്തവണ എസ്.എസ്.എല്‍.സി പാസായത് 75,554 വിദ്യാര്‍ഥികളാണ്. ജില്ലയിലുള്ള ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ഉള്‍പ്പെടെയുള്ള പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണമാകട്ടെ 44,740 മാത്രവും. അതായത്, വിജയിച്ചവരില്‍ 30,814 പേരും ഈ വര്‍ഷം പുറത്തു നില്‍ക്കേണ്ടി വരുമെന്നര്‍ഥം. ഇവരില്‍ പണമുള്ളവര്‍ക്കു മാത്രമല്ലേ ഹയര്‍ സെക്കന്‍ഡറിയില്‍ കാശുമുടക്കി പഠിക്കാന്‍ അവസരം കിട്ടൂ. ഇനി പണം മുടക്കി പഠിക്കാമെന്നു വച്ചാലും അണ്‍ എയ്ഡഡ് ഉള്‍പ്പെടെ പ്ലസ് വണ്‍ സീറ്റുകളുടെ ആകെ എണ്ണം 56,015 വരെ മാത്രമേ വരൂ. അപ്പോഴും ഇരുപതിനായിരത്തിനടുത്ത് വിദ്യാര്‍ഥികള്‍ പുറത്തുനില്‍ക്കേണ്ടി വരും. ആഗ്രഹിച്ച വിഷയങ്ങളില്‍ ചേര്‍ന്നു പഠിക്കാന്‍ കഴിയാതെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ പുറത്തുനില്‍ക്കേണ്ടി വരുന്ന അവസ്ഥ എത്ര വേദനാജനകമാണ്.
തിരുവനന്തപുരത്ത് പ്ലസ് വണ്ണിനു പഠിക്കാന്‍ കുട്ടികളില്ലാതെ 916 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ കൊല്ലത്ത് 1,783 സീറ്റുകളിലും പത്തനംതിട്ടയില്‍ 6,130 സീറ്റുകളിലും ആലപ്പുഴയില്‍ 3,126 സീറ്റുകളിലും ആളില്ല. കോട്ടയത്ത് 4,747 പ്ലസ് വണ്‍ സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നതെങ്കില്‍ ഇടുക്കിയില്‍ 1,942 സീറ്റുകളിലും എറണാകുളത്ത് 849 സീറ്റുകളിലും പഠിക്കാന്‍ വിദ്യാര്‍ഥികളില്ല. മലബാറിനോടുള്ള ബോധപൂര്‍വമായ അവഗണനയല്ലെങ്കില്‍ സീറ്റുകളുടെ എണ്ണത്തിലെ ഈ അസന്തുലിതാവസ്ഥയ്ക്ക് എന്തു ന്യായീകരണമാണ് സര്‍ക്കാരിനു നിരത്താനുള്ളത്?

സമാനമായ സ്ഥിതിവിശേഷമാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലുമുള്ളത്. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തീകരിച്ചവരുടെ പകുതിപോലും ബിരുദ സീറ്റുകള്‍ മലബാറിലെ ഒരു ജില്ലയിലുമില്ല എന്നതാണ് യാഥാര്‍ഥ്യം. തെക്കന്‍ കേരളത്തില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണുതാനും.

മലബാറില്‍ പുതിയ യൂനിവേഴ്‌സിറ്റികളും ഗവണ്‍മെന്റ് കോളജുകളും ഉയര്‍ന്നുവരികയാണ് ഇതിനുള്ള ശാശ്വതപരിഹാരം. സാമൂഹിക അസമത്വവും വിവേചനവും അതിഭീകരമായി അനുഭവിക്കുകയാണ് മലബാറിലെ വിദ്യാര്‍ഥികള്‍.
പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള സ്‌കൂളുകളില്‍ ഒരൊറ്റ എണ്ണത്തില്‍ പോലും കുട്ടികള്‍ക്ക് പഠിക്കാനാവശ്യമായ പ്ലസ് വണ്‍ സീറ്റുകളില്ല എന്നതാണ് നൊമ്പരപ്പെടുത്തുന്ന യാഥാര്‍ഥ്യം. മലപ്പുറത്ത് മാത്രം 28,339 സീറ്റുകളുടെ കുറവുണ്ട്. ഐ.ടി.ഐ, പോളിടെക്‌നിക് എന്നിവിടങ്ങളിലും സീറ്റുകളില്ല.
ഓരോ വര്‍ഷവും ഈ വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന മുട്ടുശാന്തി പരിഹാരം നിലവിലുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുക എന്നതാണ്. എന്നാല്‍ മിക്ക ഹയര്‍ സെക്കന്‍ഡറികളിലും രണ്ട് ബാച്ച് മാത്രമാണുള്ളത്. ഇതുകാരണം കുട്ടികള്‍ക്ക് ഇഷ്ടവിഷയം തിരഞ്ഞെടുത്തു പഠിക്കാനുള്ള അവസരമാണ് നിഷേധിക്കപ്പെടുന്നത്. ഇരുപത് സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ ഇപ്പോഴും ഹയര്‍ സെക്കന്‍ഡറി അനുവദിച്ചിട്ടില്ലെന്നതില്‍നിന്നു തന്നെ മലബാറിനോടുള്ള അവഗണനയുടെ ആഴം മനസിലാക്കാവുന്നതാണ്.

ഓരോ പ്ലസ് വണ്‍ ക്ലാസിലും മാര്‍ജിനല്‍ വര്‍ധനവു വരുത്തുമ്പോള്‍ ചന്തസ്ഥലങ്ങളിലെ പോലെ തിങ്ങിനിറഞ്ഞ് ഓരോ ക്ലാസിലും 65ല്‍ അധികം കുട്ടികള്‍ ഇരിക്കേണ്ടി വരുന്ന അവസ്ഥയാണ് സംജാതമാകുക. ഓരോ വര്‍ഷവും ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന ഈ നാടകമാണ് മലബാറില്‍ അരങ്ങേറുന്നത്. അധ്യാപകര്‍ക്കാകട്ടെ ഇത്രയും കുട്ടികളെ ഒരു ക്ലാസില്‍ പഠിപ്പിക്കേണ്ടി വരുന്ന അവസ്ഥ ദുരിതപൂര്‍ണവുമാണ്.
ഓരോ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പുതിയ ബാച്ചുകള്‍ അനുവദിച്ചും ഹയര്‍ സെക്കന്‍ഡറിയില്ലാത്ത എല്ലാ ഹൈസ്‌കൂളുകളിലും അതനുവദിച്ചും മാത്രമേ ഈ നീറുന്ന പ്രശ്‌നത്തിനു പരിഹാരം കാണാന്‍ കഴിയൂ. സര്‍ക്കാര്‍ അതിനു തയാറാകുമോ എന്നാണറിയേണ്ടത്. ഈ വര്‍ഷവും പ്ലസ് വണ്‍ ക്ലാസുകളില്‍ മാര്‍ജിനല്‍ വര്‍ധനവ് വരുത്തി മലബാറിന്റെ ക്ഷമ പരിശോധിക്കാനാണ് സര്‍ക്കാര്‍ ഭാവമെങ്കില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേയുള്ള യോജിച്ച പ്രക്ഷോഭംകൊണ്ട് മാത്രമേ മലബാറിനോടുള്ള ഈ വിവേചനം അവസാനിപ്പിക്കാനാകൂ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.