2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പെഗാസസ് എന്ന ചോദ്യം

 

ജേക്കബ് ജോര്‍ജ്

വിവരമാണ് വിഷയം. വിവരാവകാശമായാലും വിവരസാങ്കേതിക വിദ്യയായാലും വിവരം പ്രധാനമാണ്. വിവരം എന്നാല്‍ ഇംഗ്ലീഷില്‍ ഇന്‍ഫര്‍മേഷന്‍ എന്ന വാക്കുപയോഗിച്ചാല്‍ മാത്രമേ അതിന്റെ അര്‍ഥം പൂര്‍ണമാകൂ. റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിങ്ങനെ. ലോകത്തെ മുന്തിയ രാജ്യങ്ങള്‍ക്കൊക്കെയും രഹസ്യാന്വേ
ഷണ ഏജന്‍സികളുണ്ട്. ഒക്കെയും വന്‍കിട ഏജന്‍സികള്‍. അമേരിക്കയുടെ സി.ഐ.എ, റഷ്യയുടെ കെ.ജി.ബി, ഇന്ത്യയുടെ റോ, ഐ.ബി, ഇസ്‌റാഈലിന്റെ മൊസാദ് എന്നിങ്ങനെ. ഇതില്‍ ഇസ്‌റാഈലി ചാരസംഘടനയായ മൊസാദ് ആണ് കേമന്‍. ലോകത്തെവിടെയും എന്തു കൃത്യവും ചെയ്യാന്‍ ശേഷിയുള്ള ചാരസംഘം. അതിനുവേണ്ട ആധുനിക സജ്ജീകരണങ്ങള്‍. എന്തിനും പോരുന്ന പോരാളികള്‍. ഏതു കൃത്യവും ചെയ്യാന്‍ അറപ്പില്ലാത്തവര്‍. ആ ഇസ്‌റാഈലില്‍ നിന്നാണ് ഇന്നു ലോകത്തെ നടുക്കുന്ന പെഗാസസ് എന്ന പുതിയ താരം അവതരിച്ചിരിക്കുന്നത്. പെഗാസസ് ഒരു സോഫ്റ്റ്‌വെയറാണ്. വെറുമൊരു ഫോണ്‍ കോളിലൂടെ, അല്ലെങ്കില്‍ ഒരു സാധാരണ സന്ദേശത്തിലൂടെ, അതുമല്ലെങ്കില്‍ ഒരു മിസ്ഡ് കോളിലൂടെ ഏതു ഫോണിലേക്കും അതിരഹസ്യമായി കടന്നുചെന്ന് കുടിയിരിക്കാന്‍ ശേഷിയുള്ള സോഫ്റ്റ്‌വെയര്‍. അവിടെ കയറി ഇരിപ്പുറപ്പിച്ചാല്‍ അതു ഫോണിന്റെ നിയന്ത്രണമേറ്റെടുക്കും. അതും അതീവരഹസ്യമായി സ്വന്തമായൊരു സംവിധാനം വഴി. ആ സംവിധാനം ആ ഫോണിലൂടെ വരികയും പോവുകയും ചെയ്യുന്ന കോളുകളൊക്കെ നിരീക്ഷിക്കും. കാമറയുടെയും മറ്റും നിയന്ത്രണവും കൈക്കലാക്കും. ഫോണിന്റെ ഉടമയുടെ പ്രവൃത്തികളും നീക്കങ്ങളും ചുറ്റുപാടുകളുമൊക്കെ വേണ്ടിടത്തെത്തിച്ചു കൊണ്ടിരിക്കും.

   

ഇന്ത്യയുടെ ഐ.ബിയുടെയും റോയുടെയും ജോലി ഇതൊക്കെത്തന്നെയാണ്. സംസ്ഥാനങ്ങള്‍ക്ക് സ്‌പെഷല്‍ ബ്രാഞ്ച് എന്ന സംവിധാനവുമുണ്ട്. റോ പ്രധാനമായും വിദേശരാജ്യങ്ങളിലാണ് ജോലിനോക്കുന്നത്. അധികവും രാജ്യത്തിന്റെ നയതന്ത്ര സ്ഥാപനങ്ങള്‍ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനം. ശത്രുരാജ്യങ്ങളുടെ നീക്കം മണത്തറിയുകയാണ് ഈ സംഘടനയുടെ പ്രഥമമായ ലക്ഷ്യം. സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് സംഘത്തിനു പ്രതിപക്ഷ നേതാക്കളുടെ വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുന്നു എന്നതാണ് ദൗത്യം. പിന്നെ മറ്റുപല കാര്യങ്ങളും.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അല്‍ ഖാഇദാ നേതാവ് ഉസാമാ ബിന്‍ലാദനെ പാകിസ്താനിലെ ഒളിത്താവളത്തില്‍ കണ്ടെത്തിയതും അതിരഹസ്യമായ ഒരു ദൗത്യത്തിലൂടെ നേവി സീല്‍സ് എന്ന കമാണ്ടോ സംഘം പാകിസ്താന്‍ സേനയുടെ കണ്ണില്‍പ്പെടാതെ താവളത്തിലെത്തി കൊലപ്പെടുത്തിയതും ചരിത്രത്തിലെ രഹസ്യാന്വേഷണ ഓപറേഷന് ഒരു വലിയ ഉദാഹരണം. അമേരിക്കയിലെ 9/11 ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് അമേരിക്ക കരുതിയ ഉസാമയെ രഹസ്യാന്വേഷണ ഏജന്‍സികള്‍ വലയിലാക്കിയത് വര്‍ഷങ്ങള്‍ നീണ്ടുനിന്ന അതിസങ്കീര്‍ണമായ രഹസ്യാന്വേഷണങ്ങള്‍ക്കു ശേഷം. ഉസാമ നേരിട്ട് ടെലിഫോണ്‍ ഉപയോഗിച്ചിരുന്നില്ല, ഇന്റര്‍നെറ്റും. എന്നാല്‍ അദ്ദേഹം ദിവസേന ഒട്ടുവളരെ സന്ദേശങ്ങള്‍ പലര്‍ക്കായി അയച്ചിരുന്നു. ഒരു കംപ്യൂട്ടറില്‍ സന്ദേശങ്ങള്‍ ടൈപ്പ് ചെയ്ത് ചെറിയൊരു സംവിധാനത്തിലേക്ക് പകര്‍ത്തി സംഘത്തിലുള്ള ഒരു ദൂതന്‍വശം പുറത്തുകൊടുത്ത് ഇന്റര്‍നെറ്റ് കഫേ വഴി അയയ്ക്കുകയായിരുന്നു പതിവ്.
ഇനി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തെ ഒരു ഇന്ത്യന്‍ ഉദാഹരണം. 1971ല്‍ ബംഗ്ലാദേശ് യുദ്ധത്തിനുള്ള തയാറെടുപ്പാണ് സാഹചര്യം. മുക്തിബാഹിനി പാകിസ്താന്‍ പട്ടാളത്തിനെതിരേ പടയൊരുക്കിക്കൊണ്ടിരിക്കുന്നു. മന്ത്രിസഭായോഗം കഴിഞ്ഞ് പുറത്തേക്കിറങ്ങിയ പ്രധാനമന്ത്രി അതീവരഹസ്യമായ വാര്‍റൂമിലേക്ക്. അവിടെ ജനറല്‍ മനെക്ഷാ കാത്തുനില്‍ക്കുന്നുണ്ട്. വിശാലമായ മേശയുടെ രണ്ടു വശത്തുമായി ഇരുവരും ഇരിപ്പുറപ്പിച്ചു. സംസാരവിഷയം ബംഗ്ലാദേശ് മോചിപ്പിക്കാനുള്ള ആസന്നമായ യുദ്ധത്തിനുള്ള തയാറെടുപ്പ് തന്നെയാണെന്ന് മനെക്ഷായ്ക്കറിയാം. ആദ്യം ഇന്ദിരാഗാന്ധി കൈകൊണ്ട് ആംഗ്യം കാണിച്ചു-ഒരക്ഷരം മിണ്ടിപ്പോകരുത്. എന്നിട്ട് ഒരു നോട്ട്പാഡ് കൈയിലെടുത്തു. പെട്ടെന്നൊരു യുദ്ധത്തിനു സേന സജ്ജമാണോ എന്ന് ഇന്ദിരാഗാന്ധി കടലാസില്‍ എഴുതിക്കൊടുത്തു. സേനയിലെ വിവിധ വിഭാഗങ്ങളെ അതിര്‍ത്തിയിലെത്തിക്കാന്‍ എന്തു സമയം വേണ്ടിവരുമെന്ന് മനെക്ഷാ എഴുതിത്തന്നെ മറുപടി നല്‍കി. അന്നു പാകിസ്താന്റെ എല്ലാ സംരക്ഷണവും ഏറ്റെടുത്തിരുന്ന അമേരിക്കയുടെ രഹസ്യാന്വേ
ഷണ ഏജന്‍സികളെ പേടിച്ചായിരുന്നു ഇന്ദിരാഗാന്ധി സുപ്രധാനമായ ഈ സംഭാഷണം സൈന്യാധിപനുമായി എഴുത്തിലൂടെ നടത്തിയത്. രഹസ്യാന്വേ
ഷണത്തിനുള്ള സംവിധാനങ്ങള്‍ ഹാളിന്റെ ഭിത്തിയിലോ തറയിലോ മറ്റെവിടെയെങ്കിലുമോ ഒളിപ്പിച്ചിട്ടുണ്ടാകുമെന്ന് ഇന്ദിരാഗാന്ധി സംശയിച്ചിരുന്നു. ഒന്നും ചോര്‍ന്നുപോകാതിരിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കു തന്നെ പാടുപെടേണ്ടിവന്നുവെന്ന് സാരം.

അതു രാജ്യങ്ങള്‍ തമ്മിലുള്ള രഹസ്യാന്വേഷണത്തിന്റെ കാര്യം. പെഗാസസ് ലക്ഷ്യംവച്ചത് ശത്രുരാജ്യങ്ങളെയോ, രാജ്യത്തിന്റെ ശത്രുക്കളെയോ അല്ല. പെഗാസസ് നിര്‍മാതാക്കളായ ഇസ്‌റാഈലിലെ എന്‍.എസ്.ഒ ഗ്രൂപ്പ് അവകാശപ്പെടുന്നത് തങ്ങളുടെ പെഗാസസ് എന്ന സോഫ്റ്റ്‌വെയര്‍ വില്‍ക്കുന്നത് രാജ്യങ്ങള്‍ക്കു മാത്രമാണെന്നാണ്. അതതു രാജ്യങ്ങള്‍ അവ ഉപയോഗിക്കുന്നത് വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഭീകരകുറ്റവാളികള്‍ക്കും ലഹരി മാഫിയകള്‍ക്കും മറ്റുമെതിരേ. പക്ഷേ, പെഗാസസിന്റെ അതിക്രമങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തിയ ലോകത്തിലെ പ്രധാന മാധ്യമങ്ങളുടെ കൂട്ടായ്മ പുറത്തുവിട്ടത് എന്‍.എസ്.ഒ ഗ്രൂപ്പിന്റെ ഡാറ്റാ ബേസിലുണ്ടായിരുന്നത് ഏതാണ്ട് 50,000 ടെലിഫോണ്‍ നമ്പരുകള്‍. അതില്‍ ഏതാണ്ട് 300 എണ്ണം ഇന്ത്യയില്‍നിന്നുള്ള പ്രമുഖരുടേത്. ഇവരില്‍ മുതിര്‍ന്ന ജഡ്ജിമാരും പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ഇന്ത്യയിലെ ‘ദ വയര്‍’ എന്ന പോര്‍ട്ടല്‍, ലണ്ടനിലെ ‘ദ ഗാര്‍ഡിയന്‍’ ദിനപ്പത്രം, അമേരിക്കയിലെ ‘ദ വാഷിങ്ഗ്ടണ്‍ പോസ്റ്റ്’ എന്നിവ ഉള്‍പ്പെടുന്നു.

ആംനസ്റ്റി ഇന്റര്‍നാഷനല്‍ എന്ന ആഗോള മനുഷ്യാവകാശ സംഘടനയും മാധ്യമകൂട്ടായ്മയുടെ ഈ അന്വേഷണത്തില്‍ പങ്കാളിയായിരുന്നു. അവരുടെ ലബോറട്ടറിയിലാണ് ചാരപ്രവര്‍ത്തനത്തിനിരയായ ടെലിഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കിയത്. നരേന്ദ്ര മോദി സര്‍ക്കാര്‍ കുറേമാസം മുന്‍പ് ആംനെസ്റ്റി ഇന്റര്‍നാഷനലിനെ ഇന്ത്യയില്‍നിന്ന് പുറത്താക്കിയിരുന്നു. സ്ഥാപനത്തിന്റെ പേരില്‍ വരുന്ന വിദേശപ്പണത്തിന്റെ വിശദാംശങ്ങള്‍ നല്‍കാത്തതിനാലാണ് സംഘടനയെ പുറത്താക്കിയതെന്ന് കേന്ദ്ര ഗവണ്‍മെന്റും പറയുന്നു. ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ പല മനുഷ്യാവകാശ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലാക്കിയിരിക്കുന്നത് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ലോകശ്രദ്ധയില്‍ കൊണ്ടുവന്നത് ഇഷ്ടപ്പെടാത്തതിനാലാണ് സര്‍ക്കാര്‍ അങ്ങനെയൊരു നടപടി സ്വീകരിച്ചതെന്നു വ്യക്തം. മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന ജെസ്യൂട്ട് പുരോഹിതന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി അടുത്തകാലത്താണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 84ാം വയസില്‍ മരണമടഞ്ഞത്. ഭീമാ-കൊറെഗാവ് കേസില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നത്. തന്റെ ലാപ്‌ടോപ്പ് പരിശോധിച്ച് എന്‍.ഐ.എ പി
ടിച്ചെടുത്ത സന്ദേശങ്ങളില്‍ ചിലത് തന്റെ അറിവിലില്ലാത്തതാണെന്നും അതു താനറിയാതെ ഏതോ ഏജന്‍സികള്‍ പുറത്തുനിന്ന് ഉള്ളിലേക്ക് കടത്തിവിട്ടതാണെന്നും ഫാദര്‍ സ്റ്റാന്‍ സ്വാമി മൊഴിനല്‍കിയിരുന്നു.
രാജ്യത്തെ പൗരന്മാരെ, അതും ജഡ്ജിമാരെയും പൗരാവകാശ പ്രവര്‍ത്തകരെയും പത്രപ്രവര്‍ത്തകരെയൊക്കെയും രഹസ്യമായി നിരീക്ഷിക്കാന്‍ പെഗാസസിനെ ചുമതലപ്പെടുത്തിയതാര്? ആരാണ് കോടിക്കണക്കിനു രൂപ അതിനായി ചെലവാക്കിയത്? എന്തൊക്കെയായിരുന്നു ഉദ്ദേശലക്ഷ്യങ്ങള്‍? സ്വതന്ത്ര ജനാധിപത്യ ഭാരതത്തില്‍ ജനങ്ങള്‍ക്ക് അതൊക്കെയറിയാനുള്ള അവകാശമുണ്ട്. പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ മിണ്ടുന്നില്ല. തങ്ങള്‍ സര്‍ക്കാരുകള്‍ക്കു മാത്രമേ പെഗാസസ് വിറ്റിട്ടുള്ളൂവെന്ന് പെഗാസസിന്റെ ഉടമകള്‍ ഉറപ്പിച്ചുപറയുന്നു. പക്ഷേ, പാര്‍ലമെന്റില്‍ പ്രതിപക്ഷം ഒന്നിച്ചാവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുന്നു, ഒരുത്തരവും പറയാന്‍ കൂട്ടാക്കാതെ. പെഗാസസ് എന്ന വലിയ ചോദ്യം സര്‍ക്കാരിനു മുന്നില്‍ ഉയര്‍ന്നുനില്‍ക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.