2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

കൊവിഡ് കേസുകള്‍ കൂടുന്നു; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

 

തിരുവനന്തപുരം: രണ്ടാംതരംഗമവസാനിക്കും മുന്‍പേ സംസ്ഥാനത്ത് കൊവിഡ് കേസുകളുയരുന്നതില്‍ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍. സിറോ സര്‍വേ പ്രകാരം 55 ശതമാനം പേര്‍ ഇനിയും രോഗസാധ്യതയുള്ളവരാണെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
ജാഗ്രത കൈവിട്ടാല്‍ പ്രതിദിന കേസുകള്‍ വീണ്ടും മുപ്പതിനായിരംവരെയെങ്കിലും എത്തിയേക്കും. സംസ്ഥാനത്തെ പകുതി പേരില്‍പോലും വാക്‌സിന്‍ എത്താത്തതും വലിയ വെല്ലുവിളിയാണ്. ആകെ ജനസംഖ്യയുടെ 38 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 16.66 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കാനാണ് ഇതുവരെ കഴിഞ്ഞിട്ടുള്ളത്.
സ്ഥിരീകരിച്ച തീവ്രവകഭേദവും ഉടനെ പ്രതീക്ഷിക്കുന്ന മൂന്നാംതരംഗവും മുന്നില്‍ക്കണ്ടാണ് പ്രതിദിന കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന മുന്നറിയിപ്പുകള്‍.
സിറോ സര്‍വേ പ്രകാരം 42.7 ശതമാനം പേരിലാണ് കൊവിഡ് പ്രതിരോധ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. ബാക്കി 55 ശതമാനത്തിലധികം പേരും ഇനിയും രോഗബാധയ്ക്ക് സാധ്യതയുള്ളവരാണ്.
കഴിഞ്ഞ മൂന്നു ദിവസങ്ങളായി സംസ്ഥാനത്ത് 17,000ന് മുകളിലാണ് കൊവിഡ് ബാധിതരുടെ എണ്ണം.
കേസുകള്‍ കൂടുമ്പോഴും ഗുരുതര രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരാത്തതുമാത്രമാണ് ആശ്വാസം. ഇപ്പോഴും ഐ.സി.യുകള്‍ 43 ശതമാനവും വെന്റിലേറ്ററുകള്‍ 38 ശതമാനവും ഓക്‌സിജന്‍ കിടക്കകള്‍ 53 ശതമാനവും ഒഴിവാണ്. പൊടുന്നനെ വ്യാപനമുണ്ടായാല്‍ ഇത് നിറഞ്ഞു കവിയുകയും മരണസംഖ്യ കൂടുകയും ചെയ്യും.
അതേസമയം ഇനിയും അടച്ചിട്ടുള്ള പ്രതിരോധം തുടരുന്നതില്‍ ഭിന്നാഭിപ്രായങ്ങള്‍ ശക്തമാവുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.