2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ദുരാരോപണത്തിനെതിരേ മുഖ്യമന്ത്രിയുടെ സാക്ഷ്യം


ലൗ ജിഹാദിനും നാര്‍കോട്ടിക് ജിഹാദിനും തെളിവുകളില്ലെന്ന് കണക്കുകള്‍ ഉദ്ധരിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയുണ്ടായി. മതപരിവര്‍ത്തനത്തിന്റെയും മയക്കുമരുന്ന് ഉപയോഗങ്ങളുടെയും കാര്യത്തില്‍ ഒരു മതത്തേയും പ്രതിക്കൂട്ടിലാക്കാന്‍ പറ്റിയ കണക്കുകള്‍ സര്‍ക്കാരിന്റെ പക്കല്‍ ഇല്ലെന്ന് അക്കമിട്ട് നിരത്തിയ വസ്തുതകളിലൂടെ മുഖ്യമന്ത്രി പറയുകയും ചെയ്തു. പാലാ ബിഷപ്പ് നടത്തിയ ആരോപണവും പല വൈദികരും അത് ഏറ്റുപറഞ്ഞതും അവര്‍ക്ക് എവിടെ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ഇനിയെങ്കിലും പാലാ രൂപത വെളിപ്പെടുത്തണം. ഇതിന്റെ തെളിവുകള്‍ പാലാ ബിഷപ്പിന്റെ കൈവശമോ ബിഷപ്പിനെക്കൊണ്ട് അങ്ങനെ പറയിപ്പിച്ച സഭയുടെ പക്കലോ ഉണ്ടെങ്കില്‍ സര്‍ക്കാരിന് അതു കൈമാറുകയോ ആഭ്യന്തരവകുപ്പ് അത് കണ്ടെത്തുകയോ ചെയ്യേണ്ടതിലേക്കാണ് കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം എത്തിച്ചിരിക്കുന്നത്.

അള്‍ത്താരയില്‍ വിശ്വാസികളെ അഭിമുഖീകരിച്ച് പാലാ രൂപതയുടെ ഉന്നത സ്ഥാനത്തിരിക്കുന്ന ബിഷപ്പില്‍നിന്നു അടിസ്ഥാനരഹിതമായ ആരോപണങ്ങളാണോ വന്നതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞതുപോലെ വസ്തുതകള്‍ക്ക് നിരക്കാത്ത ആരോപണമായിരുന്നു ബിഷപ്പില്‍ നിന്ന് ഉണ്ടായതെങ്കില്‍ എന്തായിരുന്നു അതിന് പിന്നിലെ ലക്ഷ്യം? വ്യക്തമായ തെളിവോടെയാണ് പാലാ ബിഷപ്പ് നാര്‍കോട്ടിക് ജിഹാദ് മുസ്‌ലിം സമുദായത്തിനുമേല്‍ ആരോപിച്ചതെങ്കില്‍ ബിഷപ്പില്‍ നിന്നു തെളിവുകള്‍ ശേഖരിച്ചു കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഈ രണ്ട് ആവശ്യങ്ങളുടെ സാക്ഷാത്ക്കാരം അനിവാര്യമാക്കുന്നുണ്ട്.

‘കേരളത്തിലെ മതപരിവര്‍ത്തനം, മയക്കുമരുന്ന് കേസുകള്‍ ഇവയിലെല്ലാം ഉള്‍പ്പെട്ട ആളുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ ന്യൂനപക്ഷ മതങ്ങളില്‍പെട്ടവര്‍ക്ക് പ്രത്യേക പങ്കാളിത്വമില്ലെന്ന് മനസിലാക്കാന്‍ കഴിയും. ഇതിനൊന്നും മതമില്ല. മതത്തിന്റെ കള്ളിയില്‍ പെടുത്താനും കഴിയില്ല. ക്രിസ്തുമതത്തില്‍ നിന്നും ഇസ്‌ലാം മതത്തിലേക്ക് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുവെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച് വിവരങ്ങളോ പരാതികളോ ഇതുവരെ സര്‍ക്കാരിനു ലഭിച്ചിട്ടില്ല. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍ പെടുത്തി തീവ്രവാദ സംഘടനകളിലെത്തിക്കുന്നുവെന്ന പ്രചാരണത്തെ സാധൂകരിക്കുന്നതല്ല സര്‍ക്കാരിന്റെ പക്കലുള്ള കണക്കുകളൊന്നും. നാര്‍കോട്ടിക് ജിഹാദ് എന്ന പേരില്‍ നടത്തിയ പ്രസ്താവനയും തുടര്‍ന്നുണ്ടായ പ്രചാരണങ്ങളും അടിസ്ഥാനരഹിതമാണ്’ – മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ഏതാനും വാചകങ്ങളാണിത്.

അപ്പോള്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ അള്‍ത്താരയില്‍ വിശ്വാസികളോട് പച്ചക്കള്ളം പറയുകയായിരുന്നോ, അങ്ങനെയല്ലേ മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍നിന്നു മനസിലാക്കേണ്ടത്. ഇതേപോലുള്ള ആരോപണമാണ് താമരശ്ശേരി രൂപതയില്‍ നിന്നുണ്ടായത്. തന്റെ പക്കല്‍ നിന്നുണ്ടായ ഒരു പിഴവായിരുന്നു അതെന്നു താമരശ്ശേരി ബിഷപ്പ് തെറ്റുതിരുത്തി പറഞ്ഞതോടെ ആ പ്രശ്‌നം അവിടെ തീര്‍ന്നു. എന്നാല്‍ പാലാ ബിഷപ്പ് തന്റെ പ്രസ്താവനയില്‍ ഇപ്പോഴും മാറ്റംവരുത്തിയിട്ടില്ല. വസ്തുതകള്‍ നിരത്തിയുള്ള, കണക്കുകള്‍ ഉദ്ധരിച്ചുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം രണ്ട് ദിവസം പിന്നിടുമ്പോഴും ഒരു പ്രസ്താവന പോലും പാലാ ബിഷപ്പില്‍നിന്ന് വന്നിട്ടുമില്ല. സഭയുടെ ഈ മൗനത്തിലൂടെ സംഭവിക്കുക സമൂഹത്തിലെ വര്‍ഗീയ ധ്രുവീകരണമായിരിക്കും. അതാണോ പാലാ രൂപത ലക്ഷ്യംവയ്ക്കുന്നത് എന്ന് തോന്നിപ്പിക്കുന്നു സഭയുടെ ഈ മൗനം.

നാര്‍കോട്ടിക് ജിഹാദ് എന്ന പദം ലോകത്താകെ ഉപയോഗിക്കുന്ന പദമാണ്. അത് പാലാ ബിഷപ്പും ആവര്‍ത്തിച്ചെന്നേയുള്ളൂവെന്ന് നിസാരമാക്കി പറയുന്നത് കളവാണ്. അന്താരാഷ്ട്രതലത്തില്‍ അത്തരം പ്രയോഗങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ കേരളത്തിലും അത് ആവര്‍ത്തിക്കണമെന്ന നിര്‍ബന്ധബുദ്ധിയുടെ പിന്നില്‍ എന്താണ്? വേദപാഠ പുസ്തകത്തിലെ ദുരാരോപണത്തിലെ തെറ്റ് ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി രൂപതാ ബിഷപ്പ് അത് പിന്‍വലിച്ച മാതൃക നമുക്ക് മുമ്പിലുണ്ട്. ലോക ക്രൈസ്തവ സമൂഹത്തിന്റെ ആരാധ്യനായ വത്തിക്കാനിലെ പോപ്പ് ഈയിടെ പറഞ്ഞത് അന്യമതങ്ങളെ വേദനിപ്പിക്കരുതെന്നായിരുന്നു. പാലാ സഭയുടെ തന്നെ ഭാഗമായ മലങ്കര കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ പറഞ്ഞത് ‘മയക്കുമരുന്നിനെ മയക്കുമരുന്ന് എന്നാണ് പറയേണ്ടത്. അല്ലാതെ നാര്‍കോട്ടിക് ജിഹാദ് എന്നല്ല’ എന്നായിരുന്നു.

എന്തുകൊണ്ടാണ് കേരളത്തില്‍ നാര്‍കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്ന ബോധ്യം ഉണ്ടായതെന്ന് മുഖ്യമന്ത്രിക്ക് ബിഷപ്പിനോടു തന്നെ ചോദിക്കാമായിരുന്നു. അതുണ്ടായില്ല. സര്‍വകക്ഷി യോഗം വിളിച്ചത് കൊണ്ടോ, എല്ലാ മതമേലധ്യക്ഷന്മാരും ഒന്നിച്ചിരിക്കുന്നത് കൊണ്ടോ മാഞ്ഞുപോകുന്നതല്ല പാലാ ബിഷപ്പിന്റെ ദുരാരോപണം. മുഖ്യമന്ത്രി വസ്തുതകള്‍ നിരത്തി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തനിക്ക് തെറ്റുപറ്റിപ്പോയെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ തീരാവുന്നതേയുള്ളൂ നിര്‍മലമായ സാമൂഹികാന്തരീക്ഷത്തെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥ. ബിഷപ്പ് അങ്ങനെ പറയാത്തിടത്തോളം എന്താണ് പാലാ രൂപത ലക്ഷ്യംവയ്ക്കുന്നതെന്ന് കണ്ടെത്താനുള്ള ബാധ്യത സര്‍ക്കാരിനും ഉണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.