2021 September 27 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

പോക്‌സോ നിയമമുണ്ടായിട്ടും കുട്ടികള്‍ക്ക് രക്ഷയില്ല


കേരളത്തില്‍ കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ ഓരോവര്‍ഷവും കൂടി വരികയാണ്. സാധാരണ കേസുകളില്‍നിന്ന് വ്യത്യസ്തമായി കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ പ്രത്യേകമായി 2012ല്‍ പാര്‍ലമെന്റ് പോക്‌സോ നിയമം പാസാക്കിയിട്ടും അതിക്രമങ്ങള്‍ക്ക് കുറവുണ്ടായില്ല. കൊവിഡിന് മുന്‍പുള്ള 2019 ല്‍ സംസ്ഥാനത്തൊട്ടാകെ 3,609 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള നാല് മാസത്തിനിടയില്‍ മാത്രം 1,225 പോക്‌സോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് ആശങ്കയുണ്ടാക്കുന്നതാണ്. ഇതു സംബന്ധിച്ചു ശരിയായ പഠനം ഉണ്ടാകേണ്ടിയിരിക്കുന്നു. കൊവിഡ് കാലത്ത് കുട്ടികള്‍ അധികവും വീടകങ്ങളില്‍ കഴിഞ്ഞപ്പോള്‍ ബന്ധുക്കളില്‍ നിന്നോ അയല്‍വാസികളില്‍ നിന്നോ ഉണ്ടായ പീഡനങ്ങളാണോ അതല്ല, പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് ആക്ടില്‍ (പോക്‌സോ) ഉണ്ടാക്കിയ നിയമ ഭേദഗതിയാണോ കേസുകളില്‍ ഉണ്ടാകുന്ന വര്‍ധന സൂചിപ്പിക്കുന്നതെന്ന് പഠിക്കേണ്ടിയിരിക്കുന്നു. നിര്‍ഭയാകേസ്, കത്‌വയില്‍ ബാലിക ബലാത്സംഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത് എന്നിവയുടെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാക്രമണ കേസുകളില്‍ വധശിക്ഷ ഉള്‍പ്പെടുത്തണമെന്ന് രാജ്യമൊട്ടാകെ മുറവിളി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പോക്‌സോ നിയമത്തില്‍ വധശിക്ഷവരെയുള്ള നിയമഭേദഗതികള്‍ വരുത്തിയത്. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാക്രമണങ്ങള്‍ നേരത്തെ പുറത്തുപറയാന്‍ മടിച്ചിരുന്നവര്‍, പുതിയ നിയമത്തിന്റെ ബലത്തില്‍ അത്തരം സംഭവങ്ങളില്‍ നിയമസഹായം തേടുന്നതു വര്‍ധിച്ചതും കൊണ്ടായിരിക്കാം വര്‍ഷം കഴിയുന്തോറും പോക്‌സോ കേസുകള്‍ കൂടാന്‍ കാരണം. എന്തൊക്കെയാണെങ്കിലും കുട്ടികള്‍ സ്ത്രീകളെപ്പോലെ തന്നെ വീടകങ്ങളിലും പുറത്തും അരക്ഷിതരാണ്. നിയമപരിരക്ഷ രണ്ടു വിഭാഗങ്ങള്‍ക്കും ഉണ്ടായിട്ടും സ്ത്രീധനത്തിന്റെ പേരിലുള്ള സ്ത്രീകളുടെ മരണത്തിനോ ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയമാകുന്ന കുട്ടികളുടെ എണ്ണത്തിനോ കുറവുണ്ടാകുന്നില്ല.

പതിനെട്ട് വയസിന് താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും പോക്‌സോ നിയമസുരക്ഷയ്ക്ക് അര്‍ഹരാണ്. മുന്‍പത്തെ പോലെ കുട്ടികളെ ചോദ്യംചെയ്തു വശംകെടുത്തി കേസുകള്‍ തേച്ചുമായ്ച്ചു കളയുന്ന പ്രവണതകള്‍ക്ക് നിയമ ഭേദഗതിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കുട്ടി ആദ്യം പറയുന്നത് തന്നെയാണ് മൊഴി. കുട്ടികളെ പലവട്ടം കേസിനായി കോടതിയിലേക്ക് നടത്തിക്കരുത്. ഒരു വര്‍ഷത്തിനകം കുറ്റപത്ര സമര്‍പ്പണവും വിചാരണയും നടത്തി കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കണം. ഇത്തരം ഇളവുകള്‍ നിയമത്തില്‍ വന്നത് പീഡനങ്ങള്‍ക്കിരയാകുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്. ഓരോ ജില്ലയിലും പൊലിസ് സ്റ്റേഷനുകളിലും ചൈല്‍ഡ്‌വെല്‍ഫെയര്‍ ഓഫിസര്‍മാരുണ്ട്. അവരുടെ മുന്‍പില്‍ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും നിര്‍ഭയം പരാതി പറയാവുന്നതാണ്. കുട്ടികളെ മറുചോദ്യം ചോദിച്ചു സമ്മര്‍ദത്തിലാക്കാന്‍ പാടില്ല എന്നത് പുതിയ നിയമമാണ്. നേരത്തെ പരാതി പറയാന്‍ വരുന്ന കുട്ടികളെയും രക്ഷിതാക്കളെയും ചോദ്യങ്ങളെന്ന വ്യാജേന കുത്തുവാക്കുകള്‍ പറഞ്ഞ് വാദിയെ പ്രതിയാക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. പുതിയ പോക്‌സോ നിയമത്തില്‍ കര്‍ശനമായും ഇത്തരം സമീപനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ഇത്തരം കേസുകള്‍ കേള്‍ക്കാന്‍ സ്‌പെഷല്‍ കോടതികളും ഉണ്ട്.

ഇതൊക്കെയാണെങ്കിലും ഒരു വിഭാഗം കുട്ടികള്‍ക്ക് ഇത്തരം നിയമപരിരക്ഷ കിട്ടാതെ പോവുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇത്തരം വിഭാഗങ്ങളിലെ കുട്ടികളും രക്ഷിതാക്കളും നിര്‍ധനരും നിസ്സഹായരുമായിരിക്കും. പ്രതികളാണെങ്കില്‍ പ്രബലരും അധികാരസ്ഥാനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നവരുമായിരിക്കും. ഇത്തരം ആളുകളുടെ ഭീഷണിക്ക് വഴങ്ങി പരാതി കൊടുക്കാന്‍ ഇരകളായിത്തീരുന്ന കുട്ടികളും രക്ഷിതാക്കളും മെനക്കെടാറില്ല. ഇനി അഥവാ പരാതി നല്‍കിയാലോ പ്രതികള്‍ ജാമ്യത്തിലിറങ്ങി ഇരകളായിത്തീരുന്ന കുട്ടികളെ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയോ രക്ഷിതാക്കളെ അക്രമിക്കുകയോ ചെയ്യുന്നു.

സ്‌കൂളുകളില്‍ ഇപ്പോള്‍ കൗണ്‍സിലിങ് നടക്കുന്നുണ്ട്. കൊവിഡ് കാരണം വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും, കുട്ടികള്‍ വീടുകളില്‍ കഴിയുന്നതിനേക്കാള്‍ അധികസമയം വിദ്യാലയങ്ങളിലാണ് കഴിയുന്നത്. കുട്ടികള്‍ക്ക് ക്ലാസ് ടീച്ചറോട് തുറന്നു പറയാവുന്നതേയുള്ളൂവെങ്കിലും ഒരു വിഭാഗം കുട്ടികള്‍ തുറന്നുപറയാന്‍ മടിക്കുകയാണ്. അധ്യാപിക, അധ്യാപകര്‍ക്ക് കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദങ്ങള്‍ പെട്ടെന്ന് മനസിലാക്കാന്‍ കഴിയും. അതുവരെ ഉത്സാഹത്തോടെ പഠിച്ചിരുന്ന ഒരുകുട്ടി പെട്ടെന്ന് പഠനത്തില്‍ പിന്നോക്കം പോവുകയും ഒന്നിലും ശ്രദ്ധയില്ലാതെ മൗനിയായിത്തീരുകയും ചെയ്യുന്നത് അധ്യാപകര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയും. ഇത്തരം കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ധൈര്യവും ആത്മവിശ്വാസവും നല്‍കി കൗണ്‍സിലിങ് നല്‍കിയാല്‍ പീഡിതര്‍ക്ക് ശിക്ഷവാങ്ങി കൊടുക്കാനും കുട്ടികളെ അവരുടെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവരാനും കഴിയും. നേരത്തെ വിദ്യാലയാധികൃതരും ഈ വിഷയത്തില്‍ വേണ്ടത്ര ഗൗരവം കാണിച്ചിരുന്നില്ല. പുറത്തറിഞ്ഞാല്‍ സ്‌കൂളിന്റെ സല്‍പ്പേര് നഷ്ടപ്പെട്ടേക്കുമോ എന്നായിരുന്നു അവരുടെ ഭയം. പുതിയ നിയമത്തില്‍ കുറ്റം മറച്ചുവയ്ക്കുന്നതും ശിക്ഷാര്‍ഹമായി തീര്‍ന്നതിനാല്‍ വിദ്യാലയാധികൃതര്‍ ഇത്തരം വിഷയങ്ങളില്‍ ശുഷ്‌ക്കാന്തിയോടെ ഇടപെടുന്നുണ്ട്.

എന്നാല്‍, പല പോക്‌സോ കേസുകളില്‍ നിന്നും പ്രതികള്‍ രക്ഷപ്പെടുകയാണ് പതിവ്. ഇതിനു നേരത്തെ പറഞ്ഞ കാരണങ്ങള്‍ക്ക് പുറമെ കുട്ടികളോട് കാര്യങ്ങള്‍ ചോദിച്ചറിയുന്നത് സാധാരണ പ്രോസിക്യൂട്ടര്‍മാരായിരിക്കും എന്നത് തന്നെയാണ് ഒരു കാരണം. അവര്‍ക്ക് കുട്ടികളുടെ മനഃശാസ്ത്രമറിയണമെന്നില്ല. കേസുകള്‍ കേള്‍ക്കുന്ന ജഡ്ജിമാരും മറ്റു പല കേസുകളും കേള്‍ക്കുന്നവരായിരിക്കും. അവര്‍ക്കും പീഡനത്തിനിരയായ കുട്ടികളോട് എങ്ങനെ ഇടപെടണമെന്നത് സംബന്ധിച്ച് അറിഞ്ഞിരിക്കണമെന്നില്ല.

പോക്‌സോ കേസ് വിചാരണ ചെയ്യാന്‍ പ്രത്യേക കോടതികളുണ്ടായാല്‍ മാത്രം പോരാ, കുട്ടികളെ സംബന്ധിച്ച് അവരുടെ മാനസിക വ്യാപാരങ്ങളെക്കുറിച്ച് ശരിയായ അവബോധവും കുട്ടികളുടെ മനഃശാസ്ത്രത്തെക്കുറിച്ച് പരിശീലനം നേടിയവരുമായിരിക്കണം പോക്‌സോ കോടതികളിലെ പ്രോസിക്യൂട്ടര്‍മാരും ജഡ്ജിമാരും. അവര്‍ക്കു മാത്രമേ ഇത്തരം കേസുകള്‍ വിദഗ്ധമായി കൈകാര്യം ചെയ്യാനും പ്രതികളെ നിയമത്തില്‍ നിന്നു രക്ഷപ്പെടാന്‍ അനുവദിക്കാതെ ശരിയായ ശിക്ഷ വാങ്ങിക്കൊടുക്കുവാനും കഴിയൂ. മാത്രമല്ല, നിയമം ദുരുപയോഗപ്പെടുത്തി നിരപരാധികളെ പോക്‌സോ കേസുകളില്‍ കുടുക്കുന്നതും ഇത്തരം പരിശീലനം ലഭിച്ച അഭിഭാഷകര്‍ക്കും ന്യായാധിപന്മാര്‍ക്കും പെട്ടെന്ന് മനസിലാക്കാനും അതുവഴി നിരപരാധികളെ ശിക്ഷകളില്‍ നിന്നു രക്ഷിക്കാനും അവര്‍ക്ക് കഴിയും.

പോക്‌സോ നിയമത്തെക്കുറിച്ചു രക്ഷിതാക്കള്‍ക്കും പൊതുസമൂഹത്തിനും അവബോധമുണ്ടാക്കാന്‍ വ്യാപകമായ തോതില്‍ പ്രചാരണ പരിപാടികള്‍ ഉണ്ടായേ പറ്റൂ. ലൈംഗികപീഡനം നടത്തുന്നതുപോലെ തന്നെ അറിവുണ്ടായിട്ടും അത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പോകുന്നതും മൂടിവയ്ക്കുന്നതും ഒരുപോലെ ശിക്ഷാര്‍ഹമായ കുറ്റങ്ങളാണെന്ന ബോധം സമൂഹത്തില്‍ ഉണ്ടായാല്‍ മാത്രമേ കുട്ടികള്‍ക്കെതിരേയുള്ള പീഡനങ്ങള്‍ക്ക് അറുതിയുണ്ടാകൂ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.