2021 September 27 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

കൊവിഡ് വ്യാപനം കൂട്ടുന്നത് വിദഗ്ധരുടെ അവിദഗ്ധ തീരുമാനങ്ങള്‍


കൊവിഡ് രണ്ടാം തരംഗം അവസാനിക്കുന്നതിനു മുന്‍പേ സംസ്ഥാനത്ത് രോഗവ്യാപനം കൂടിക്കൊണ്ടിരിക്കുന്നുവെന്ന മുന്നറിയിപ്പാണ് വന്നിരിക്കുന്നത്. രോഗം കുറഞ്ഞുവരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ മുന്നറിയിപ്പ്. രോഗവ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് വരുത്തിയ ഇളവുകളാണ് ഇപ്പോഴത്തെ വ്യാപനത്തിനു കാരണമായി ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ആരോഗ്യവിദഗ്ധരുടെ അവലോകന യോഗങ്ങളാണ് ലോക്ക്ഡൗണ്‍ തീരുമാനിക്കുന്നതും പിന്നീട് ഇളവുകള്‍ പ്രഖ്യാപിക്കുന്നതും. ആരോഗ്യവിദഗ്ധര്‍ എന്നു പറയപ്പെടുന്നവരുടെ ശുപാര്‍ശ പ്രകാരമാണ് സര്‍ക്കാര്‍ അപ്പപ്പോള്‍ തീരുമാനമെടുക്കുന്നത്. രണ്ടാം തരംഗം അവസാനിക്കുന്നതിനു മുന്‍പേ കൊവിഡ് കേസുകള്‍ കൂടുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ആരോഗ്യവിദഗ്ധര്‍ക്കാണ്.

ആരോഗ്യവിദഗ്ധരുടെ അവിദഗ്ധ തീരുമാനങ്ങള്‍ രോഗവ്യാപനത്തിനു കാരണമാകുന്നുവെങ്കില്‍, അവലോകന സമിതിയില്‍ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണ്. പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച വിഷയങ്ങളില്‍ അവഗാഹമുള്ള, ആധികാരികമായി നിഗമനങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന, കഴിവും പ്രാപ്തിയുമുള്ള ഡോക്ടര്‍മാരാണ് അവലോകന സമിതികളില്‍ ഉണ്ടാകേണ്ടത്. ഉദ്യോഗസ്ഥരല്ല, ഉദ്യോഗസ്ഥര്‍ ആരോഗ്യവകുപ്പില്‍ നിന്നാണെങ്കില്‍ പോലും പകര്‍ച്ചവ്യാധികളെ ഫലപ്രദമായി എങ്ങനെ പ്രതിരോധിക്കാമെന്നതു സംബന്ധിച്ച് സര്‍ക്കാരിനു മുന്നില്‍ വിദഗ്ധാഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ അവര്‍ പ്രാപ്തരായിക്കൊള്ളണമെന്നില്ല. ചികിത്സാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരും അനുഭവസമ്പത്തുമുള്ള ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപീകരിക്കേണ്ടിയിരുന്നത്.

ഇളവുകള്‍ പ്രഖ്യാപിച്ചതാണ് രോഗവ്യാപനം കൂടാന്‍ ഇടയായതെങ്കില്‍ ഇളവുകള്‍ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യവിദഗ്ധര്‍ അടങ്ങിയ അവലോകന സമിതിയായിരുന്നുവല്ലോ. ആ തീരുമാനം ശരിയായിരുന്നില്ല എന്നല്ലേ വീണ്ടും രോഗവ്യാപന മുന്നറിയിപ്പിലൂടെ മനസിലാക്കേണ്ടത്.

വ്യത്യസ്ത ഇടങ്ങളില്‍ പലവിധ നിയന്ത്രണങ്ങളും ഇളവുകളുമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇത് അശാസ്ത്രീയമായ നടപടികളാണ്. ഒരു നിശ്ചിത സമയത്തേക്ക് ചില കടകള്‍ മാത്രം തുറക്കാന്‍ അനുമതി നല്‍കുമ്പോള്‍ അവിടെ തിക്കും തിരക്കുമുണ്ടാകും. ആളുകള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നില്ല. സ്ഥാപന ഉടമകള്‍ക്ക് എല്ലാ ഉപയോക്താക്കളെയും അതിനായി നിര്‍ബന്ധിക്കാനും കഴിയില്ല. ഈ കാരണങ്ങളാല്‍ രോഗവ്യാപനം കൂടുകയും ചെയ്യും. മുഴുവന്‍ കടകളും എല്ലാ ദിവസവും സമയനിബന്ധനകളില്ലാതെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ആളുകളുടെ ബാഹുല്യം കുറയ്ക്കാനും
കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കാനുംകഴിയും. അമേരിക്കയില്‍ കടകള്‍ പ്രവര്‍ത്തിക്കാന്‍ 24 മണിക്കൂറും അനുവദിച്ചിരിക്കുകയാണ് അമേരിക്കന്‍ ഭരണകൂടം. അതിനാല്‍ അവിടെ ആള്‍ക്കൂട്ടത്തിനാല്‍ രോഗവ്യാപനം സംഭവിക്കുന്നില്ല.

സംസ്ഥാനത്ത് നിത്യവും തുറക്കുന്ന നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടകളെ തിരക്ക് കുറഞ്ഞ സ്ഥലങ്ങളായി ഉദാഹരിക്കാവുന്നതാണ്. ഈ കടകള്‍ നിത്യവും തുറന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ അത്തരം കടകളില്‍ തിരക്ക് ഇല്ലാതിരിക്കുന്നതും ആളുകള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് അവശ്യവസ്തുക്കള്‍ വാങ്ങുന്നതും കാണാവുന്നതാണ്.

ആരോഗ്യവിദഗ്ധരുടെ തലതിരിഞ്ഞ മറ്റൊരു നടപടിയാണ് ഇരട്ട, ഒറ്റ അക്കങ്ങളില്‍ അവസാനിക്കുന്ന ബസുകള്‍ക്ക് ഇടവിട്ടുള്ള ദിവസങ്ങളില്‍ മാത്രം സര്‍വിസ് നടത്താനുള്ള അനുമതി. ഫലമോ, കൊവിഡ് മുന്‍കരുതലുകളില്ലാതെ ബസുകളില്‍ ഇടിച്ചുകയറുന്ന യാത്രക്കാരെ നിയന്ത്രിക്കാനാവുന്നില്ല. തിങ്ങിനിറഞ്ഞാണ് ഇത്തരം ബസുകള്‍ സര്‍വിസ് നടത്തുന്നത്. രോഗവ്യാപനം കൂടാന്‍ മറ്റുവല്ല കാരണവു വേണോ? സ്വകാര്യ ബസുകള്‍ പലതും റോഡില്‍ ഇറങ്ങാത്തതും യാത്രക്കാരുടെ തിരക്ക് വര്‍ധിപ്പിക്കുന്നു. നിത്യവും സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്രക്കാര്‍ ഇടിച്ചുകയറുകയോ തിങ്ങിനിറഞ്ഞ യാത്രക്കാരുമായി സര്‍വിസ് നടത്തുകയോ ചെയ്യുന്നില്ലെന്നതും ഇതോടൊപ്പം കാണേണ്ടതുണ്ട്. മുഴുവന്‍ സ്വകാര്യ ബസുകളും സര്‍വിസ് നടത്താന്‍ അനുമതി നല്‍കിയാല്‍ ബസുകളിലെ തിരക്ക് കുറയും. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ഇരുന്ന് യാത്ര ചെയ്യാനും കഴിയും.
ഡെല്‍റ്റ പ്ലസ് വകഭേദവും കേരളത്തില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. വകഭേദം വന്ന ഇത്തരം വൈറസുകളുടെ സാംപിളുകള്‍ പല സ്ഥലങ്ങളില്‍നിന്നും കിട്ടാത്തതും രോഗവ്യാപനത്തിനു കാരണമായിട്ടുണ്ട്. വ്യാപനം കൂടിയ മേഖലകളില്‍ തുടര്‍ച്ചയായി പരിശോധന നടത്തിയിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനു താഴെ ഇതുവരെ എത്തിയില്ല.

അശാസ്ത്രീയമായ ഇളവുകളും ശേഷി കൂടിയ ഡെല്‍റ്റ പ്ലസിന്റെ വ്യാപന ഭീഷണിയുമാണ് വീണ്ടുമൊരു രോഗവ്യാപന മുന്നറിയിപ്പിനു കാരണമായിരിക്കുന്നത്. സാംപിളുകളുടെ പരിശോധനാഫലം കിട്ടാന്‍ വൈകുന്നതും രോഗവ്യാപനത്തിന് ആക്കംകൂട്ടുന്നു. വ്യാപനശേഷിയുള്ള വൈറസുകള്‍ കണ്ടെത്തുന്നതിനു സംസ്ഥാനത്ത് വിപുലമായ സംവിധാനങ്ങളില്ല എന്നത് രോഗവ്യാപനം തടയുന്നതിലെ പരിമിതിയാണ്. തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും മാത്രമാണ് വൈറസ് പരിശോധനാ കേന്ദ്രങ്ങള്‍ ഉള്ളത്. ഇവിടെ ജോലിഭാരത്താല്‍ പരിശോധനാഫലം കിട്ടാന്‍ വൈകുന്നു. പിന്നെയുള്ള മാര്‍ഗം സാംപിളുകള്‍ ഡല്‍ഹിയിലേക്ക് അയക്കുക എന്നതാണ്. ഇതിന്റെ പരിശോധനാ ഫലവും കിട്ടാന്‍ വൈകുന്നുണ്ട്. ഫലം കിട്ടുമ്പോഴേക്കും രോഗവ്യാപനം പിന്നെയും കൂടിയിരിക്കും.

ഇപ്പോള്‍ സംസ്ഥാനത്ത് സ്ഥിരീകരിച്ച മൂന്നു ഡെല്‍റ്റ പ്ലസ് വകഭേദവും കണ്ടെത്തിയത് ഡല്‍ഹിയിലെ പരിശോധനയില്‍ നിന്നാണ്. ഇതിനിടയില്‍ മറ്റാര്‍ക്കെങ്കിലും ഡെല്‍റ്റ പ്ലസ് വകഭേദം വന്ന വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് ആര്‍ക്കറിയാം.

സംസ്ഥാനത്തെ വീണ്ടുമൊരു സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് തള്ളിവിടുന്നൊരു രോഗവ്യാപനം ഇല്ലാതിരിക്കാന്‍ യാഥാര്‍ഥ്യബോധത്തോടെ പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സര്‍ക്കാരിന് ഉപദേശം നല്‍കുന്ന ആരോഗ്യവിദഗ്ധരില്‍ പ്രഗത്ഭരായ ഡോക്ടര്‍മാരെ നിയമിക്കണം. കടകളുടെ പ്രവര്‍ത്തനങ്ങളിലും ബസ് സര്‍വിസിലും ഇപ്പോഴുള്ള അശാസ്ത്രീയ സംവിധാനം പുനപ്പരിശോധിക്കണം. വൈറസ് വകഭേദങ്ങളുടെ സാംപിള്‍ പരിശോധനാഫലം എളുപ്പത്തില്‍ ലഭ്യമാകാന്‍ എല്ലാ ജില്ലകളിലും വൈറസ് വകഭേദങ്ങള്‍ കണ്ടെത്താനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണം. എല്ലാ ജില്ലകളില്‍ നിന്നും പ്രശ്‌നസാധ്യത കൂടിയ സാംപിളുകള്‍ ലഭ്യമാക്കിയാല്‍ മാത്രമേ രോഗവ്യാപനം ഫലപ്രദമായി തടഞ്ഞുനിര്‍ത്താന്‍ കഴിയൂ. അല്ലാത്തപക്ഷം തീവ്രവകഭേദങ്ങള്‍ പെട്ടെന്ന് കണ്ടെത്തി പ്രതിരോധം തീര്‍ക്കാനാവില്ല. കൊവിഡ് വ്യാപനത്തിന് സംസ്ഥാനം തുടര്‍ച്ചയായി ഇരയാവുക എന്നതായിരിക്കും അനന്തരഫലം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.