2021 October 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

മരണം സ്ത്രീധനമായി നല്‍കേണ്ടിവരുന്ന ജന്മങ്ങള്‍


പരിഷ്‌കൃത സമൂഹമെന്ന് അഭിമാനിക്കുമ്പോഴും ചില അനാചാരങ്ങളുടെ വടുക്കള്‍ സമൂഹഗാത്രത്തില്‍ അടര്‍ന്ന് വീഴാത്ത പൊറ്റകളായി ഇന്നും നിലനില്‍ക്കുകയാണ്. അതില്‍ രാജ്യത്തിനും സമൂഹത്തിനും ഇന്നും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതാണ് സ്ത്രീധനമെന്ന സമ്പ്രദായം. അതിലെ ഏറ്റവുമവസാനത്തെ ഇരയാണ് ബി.എ.എം.എസ് വിദ്യാര്‍ഥിനിയും അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. കിരണിന്റെ ഭാര്യയുമായ വിസ്മയ വി. നായര്‍. വിവാഹ സമയത്ത് പന്ത്രണ്ട് ലക്ഷം രൂപ വിലവരുന്ന കാറും ഒന്നര ഏക്കറോളം സ്ഥലവും വിസ്മയയുടെ കുടുംബം കിരണ്‍കുമാറിനു നല്‍കിയതാണ്. അതു പോര, 12 ലക്ഷത്തിലധികം വിലയുള്ള കാറും പത്ത് ലക്ഷവുംകൂടി വേണമെന്ന് പറഞ്ഞ് കിരണ്‍കുമാര്‍ വിസ്മയയെ നിരന്തരം ഗാര്‍ഹിക പീഡനത്തിനിരയാക്കുകയായിരുന്നു. ക്രൂരമായ മര്‍ദനങ്ങളില്‍ മനംമടുത്ത് വിസ്മയ പലതവണ സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും, അപ്പോഴൊക്കെ കിരണ്‍ കുമാര്‍ വിസ്മയയെ കൂട്ടിക്കൊണ്ടുവന്നു. പിന്നീടും മര്‍ദനം തുടര്‍ന്നുകൊണ്ടിരുന്നു. ഭര്‍തൃവീട്ടില്‍ താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങളെക്കുറിച്ചും, കിരണ്‍ ഏല്‍പിക്കുന്ന മര്‍ദനത്തെ തുടര്‍ന്നുള്ള പരുക്കുകളും സഹോദരന്‍ വിജിത്തിനു വാട്‌സ്ആപ്പ് മെസേജിലൂടെ വിസ്മയ അയച്ചുകൊടുക്കുകയായിരുന്നു. സ്വന്തം വീട്ടുകാര്‍ക്ക് ഇനിയും ഭാരമാകേണ്ടെന്ന് കരുതിയും സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് കിരണ്‍ ഏല്‍പിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ ഇനിയും സഹിക്കാനാവില്ലെന്നുമുള്ള തീരുമാനത്തിനൊടുവിലായിരിക്കാം വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയിട്ടുണ്ടാവുക.

താനൊരു സര്‍ക്കാരുദ്യോഗസ്ഥനാണെന്നും തനിക്ക് ഇതിലുമധികം സ്ത്രീധനം കിട്ടുമെന്നും വിസ്മയയെ ഭീഷണിപ്പെടുത്തുന്നത് കിരണ്‍ എന്ന വിദ്യാസമ്പന്നന്റെ പതിവായിരുന്നു. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും രണ്ടുവര്‍ഷംവരെ തടവും സ്ത്രീധന തുകക്ക് അനുസരിച്ചുള്ള പിഴയും ഒടുക്കേണ്ടിവരുന്ന കുറ്റവുമാണെന്ന് രാജ്യം 1961ല്‍ പാസാക്കിയ നിയമമാണെന്ന് ഈ വിദ്യാസമ്പന്നന്‍ മസിലാക്കാതെ പോയി.
വിസ്മയയുടെ മരണം കൊല്ലത്തെ ശാസ്താംകോട്ടയിലായിരുന്നുവെങ്കില്‍ തൊട്ടടുത്ത ജില്ലയായ തിരുവനന്തപുരത്തെ കോവളം വെങ്ങാനൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ തീ കൊളുത്തി മരിച്ചനിലയിലും കാണപ്പെട്ടിരിക്കുകയാണ്. വിസ്മയ തൂങ്ങിമരിച്ച ദിവസം രാത്രി 11.30നാണ് വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചന തീ കൊളുത്തി മരിച്ചത്. ഭര്‍ത്താവ് സുരേഷ് തീവച്ച് കൊന്നതാണോ അര്‍ച്ചന ആത്മഹത്യ ചെയ്തതാണോയെന്ന് പൊലിസ് അന്വേഷണത്തിലൂടെ മാത്രമേ തെളിയൂ.

പരിഷ്‌കൃത മനുഷ്യനെന്നത് പുറംപൂച്ച് മാത്രമാണെന്നും അകമേ ഇന്നുമവന്‍ പ്രാകൃതനും ക്രൂരനുമാണെന്ന് ചിലരുടെയെങ്കിലും സ്ത്രീകളോടുള്ള സമീപനങ്ങളില്‍നിന്ന് വ്യക്തമാണ്. മകളെ വിവാഹം ചെയ്തയക്കുമ്പോള്‍ പെണ്‍വീട്ടുകാര്‍ സന്തോഷത്തിന് നല്‍കിയ ചില സമ്മാനങ്ങളാണ് കടുംബങ്ങളുടെ അടിത്തറയിളക്കുന്ന സ്ത്രീധനമെന്ന സമ്പ്രദായമായി മാറിയത്. വിവാഹത്തോടനുബന്ധിച്ച് പെണ്ണിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന പുരുഷന് അവളെ സംരക്ഷിക്കുന്നതിനുള്ള ധനമായി സ്ത്രീ വീട്ടുകാര്‍ പണവും ഭൂമിയും കാറും നല്‍കാന്‍ തുടങ്ങിയതോടെ അവളെ കച്ചവട വസ്തുവായി തരംതാഴ്ത്തുകയായിരുന്നു. ആര്‍ത്തി മൂത്ത ധനമോഹികള്‍ പിന്നെയും ലക്ഷങ്ങള്‍ക്കും കാറുകള്‍ക്കും വേണ്ടി മകളുടെ ജീവനും ജീവിതവും മുന്നില്‍വച്ചു പെണ്‍വീട്ടുകാരോട് വിലപേശാന്‍ തുടങ്ങിയതോടെയാണ് വിവാഹച്ചന്തയിലെ ചരക്കുകളുടെ സ്ഥാനത്തേക്ക് സ്ത്രീ തരം താഴ്ത്തപെട്ടത്.
സ്ത്രീധനത്തില്‍ മുഴച്ചു നില്‍ക്കുന്നത് സ്ത്രീവിരുദ്ധതയും ആണ്‍ക്കോയ്മയുമാണ്. ഇന്നലെവന്ന ഒരു പുരുഷന്റെ ധനാര്‍ഥിക്ക് മുന്‍പില്‍ എരിയിച്ച് തീര്‍ക്കാനുള്ളതല്ല തന്റെ ജന്മമെന്ന് ഒാരോ പെണ്‍കുട്ടിയും തീരുമാനമെടുക്കുന്നതോടെ തീരും സ്ത്രീധന പീഡനങ്ങള്‍. കാലം മാറിയിട്ടും മാറാതെ നില്‍ക്കുകയാണ് സ്ത്രീധനക്കൊതിയരായ പുരുഷന്മാര്‍. നിയമവും നീതിയും സ്ത്രീധനം ചോദിച്ചു വാങ്ങുന്നതില്‍നിന്നു വിദ്യാസമ്പന്നരായ പുരുഷ കേസരികളെയോ അവരുടെ കുടുംബങ്ങളേയോ തടയുന്നില്ല.

പല പെണ്‍കുട്ടികളും ഭര്‍തൃവീടുകളില്‍ ജീവനൊടുക്കുന്നത് സ്വന്തം വീട്ടുകാര്‍ക്ക് താന്‍ ഇനിയുമൊരു ഭാരമാകേണ്ടെന്ന് കരുതിയാണ്. എന്നാല്‍ അത്രമേല്‍ അരക്ഷിതവും അശരണവുമല്ല സ്ത്രീ ജന്മമെന്ന് അവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. വിവാഹം ആവശ്യമാണ്. പക്ഷേ അതൊരു അവസാനമല്ലെന്ന് പെണ്‍കുട്ടികള്‍ മനസിലാക്കണം. മനസില്‍ സ്‌നേഹമില്ലാത്ത പുരുഷന്മാര്‍ക്ക് എത്ര ധനം കൊടുത്താലും അവര്‍ തൃപ്തരാവില്ല. സദാചാര ധാര്‍മികചിന്തകളും മൂല്യവത്തായ ജീവിതരീതിയുമുള്ള പങ്കാളികളെ കണ്ടെത്തുന്നതിലൂടെ മാത്രമേ പെണ്‍കുട്ടികളുടെ സ്ത്രീധന പീഡനങ്ങള്‍ക്കും അതേത്തുടര്‍ന്നുള്ള മരണങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും അന്ത്യമുണ്ടാകൂ. കൊല്ലം ശാസ്താംകോട്ടയിലെ വിസ്മയയുടേയും തിരുവനന്തപുരം കോവളത്തെ അര്‍ച്ചനയുടേയും മരണങ്ങള്‍ ഈ ദുരാചാരത്തിന്റെ അവസാനത്തേതാകട്ടെ എന്നാശിക്കാം. ഇനിയൊരു പെണ്‍കുട്ടിക്കും സ്ത്രീധനത്തിന്റെ പേരിലോ, ഗാര്‍ഹിക പീഡനത്തിന്റെ പേരിലോ ജീവനൊടുക്കേണ്ടി വരുന്ന ദുര്‍ഗതി ഉണ്ടാവാതിരിക്കട്ടെ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.