2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജനിതക കുറ്റവാളിയെന്ന അപായസാധ്യത

   

ദാമോദർ പ്രസാദ്

ഉന്നതനീതിപീഠത്തിന്റെ ഉത്തരവിലൂടെ സ്വകാര്യത മൗലികാവകാശമായി അംഗീകരിക്കപ്പെട്ടതിനുശേഷം ഉത്തരവിന്റെ സാരാംശത്തെ ലംഘിക്കുന്ന വിധത്തിൽ കൂടുതൽ സൂക്ഷ്മവും ഈടുറ്റതുമായ സർവൈലൻസിനെ സാധ്യമാക്കുന്ന വ്യവസ്ഥകളടങ്ങുന്ന നിയമ നിർമാണങ്ങളാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്തുവരുന്നത്.
പുതുതായി നടപ്പാക്കാൻ പോകുന്ന ഡാറ്റ സംരക്ഷണ നിയമമാണ് അത്തരത്തിലുള്ള ഒരു നീക്കം. വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറുന്ന പെഗാസസ് ചാരവൃത്തിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സുപ്രിംകോടതിയുടെ നിർദേശത്തെ തുടർന്ന് നടന്നുക്കൊണ്ടിരിക്കുകയാണ്. മറ്റൊരു പ്രധാന നീക്കം കഴിഞ്ഞദിവസം പാർലമെന്റിൽ അവതരിപ്പിച്ച ക്രിമിനൽ നടപടിക്രമം (തിരിച്ചറിയൽ) ബില്ലാണ്. ആഭ്യന്തരവകുപ്പ് സഹമന്ത്രി അജയ് മിശ്രയാണ് ലോക്‌സഭയിൽ ഇത് അവതരിപ്പിച്ചത്. (അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് ലേഖിംപൂർ ഖേരിയിൽ നാലു കർഷകരെ വാഹനമിടിച്ചു കൊന്ന കേസിലെ പ്രധാന കുറ്റാരോപിതൻ). കേന്ദ്ര മന്ത്രി അവതരിപ്പിച്ച പുതിയ നിയമം നിലവിൽ പ്രാബല്യത്തിലുള്ള 1920ലെ തടവുകാരെ തിരിച്ചറിയൽ നിയമത്തിനു പകരമായിരിക്കും. നിലവിലെ നിയമമനുസരിച്ചു തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ പരിമിതമായൊരു ഗണത്തിന്റെ വിരലടയാളവും കാലടയാളവും പകർത്തിസൂക്ഷിക്കാമെന്നാണ് വ്യവസ്ഥചെയ്തിട്ടുള്ളത്.

പുതുതായി അവതരിപ്പിച്ച ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ ടെക്നോ-നാർകോ- ജനിതക ശാസ്ത്രസാങ്കേതിക വ്യാപ്തിയെ ഉൾക്കൊള്ളുന്ന വിധത്തിൽ സൂക്ഷ്മായ അടയാള ശേഖരണത്തെയാണ് വ്യവസ്ഥപ്പെടുത്തുന്നത്. പുതിയ നിയമമനുസരിച്ച് അളവുകളുടെ പരിധിയിൽ കൈവിരൽ-കാൽ അടയാളം, കൈപ്പത്തിയുടെ പകർപ്പ്, ഫോട്ടോഗ്രാഫ്, നേത്രാന്തര (retina ) പടലം, ഐറിസ് (iris) എന്നിവയൊക്കെ ഉൾപ്പെടുത്തുന്നതാണ്. ശാരീരിക ഭാഗങ്ങളുടെ സ്കാൻ ചെയ്ത ചിത്രങ്ങൾ ശേഖരിച്ചായിരിക്കും വ്യക്തികളെ അടയാളപ്പെടുത്തുക. സൂക്ഷ്മ ശാരീരിക വിവരങ്ങളാണ് അടയാളപ്പെടുത്താനായി ഉപയോഗിക്കുന്നത്. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, ജൈവശാസ്ത്രപരമായ സൂക്ഷ്മ പരിശോധന അടയാളങ്ങളാണ് പകർത്തപ്പെടുന്നത്. കോടതി ശിക്ഷ വിധിച്ചവരുടെ അടയാളങ്ങൾ പകർത്തുന്നതിൽ എന്താണു കുഴപ്പമെന്നായിരിക്കും നമ്മുടെ ചിന്ത.
ഇതിനെ സർവൈലൻസ് വ്യവസ്ഥയുമായി ചേർത്തുവയ്ക്കുന്നത് ശരിയാണോ എന്നുള്ള സംശയവും ഉയരാം. മാത്രവുമല്ല, കഴിഞ്ഞ ഒരു നൂറ്റാണ്ടിനകം വികസിതമായ സാങ്കേതിക വിദ്യകളെകൂടി ഉൾക്കൊണ്ടുള്ള നൂതനമായ ക്രിമിനൽ അന്വേഷണ രീതി സ്വാഭാവികമായുള്ള മാറ്റമാണെന്നും വാദിക്കാം. ഭരണകൂടത്തിന്റെ കാഴ്ചപ്പാടിൽ നിന്നുള്ള വാദങ്ങളാണിതൊക്കെയെങ്കിൽ പൗരസമൂഹത്തിന്റെ നോട്ടത്തിൽ നടപ്പിൽ വരാൻ പോകുന്ന പുതിയ നിയമത്തിന്റെ വ്യാപ്തിയും ഭരണകൂടത്തിന്റെ സൂക്ഷ്മപരിശോധനാ സമീപന രീതികളും അതിന്റെ സമകാലീന പ്രയോഗങ്ങളും വലിയ ആശങ്കയുളവാക്കുന്നതാണ്.

ബിൽ അവതരിപ്പിച്ച വേളയിൽ തന്നെ പാർലമെന്റിൽ ഈ പ്രശ്നം പ്രതിപക്ഷ കക്ഷികൾ ഉന്നയിച്ചിരുന്നു. കോൺഗ്രസ് പ്രതിനിധി മനീഷ് തിവാരി പുതിയ നിയമം ഭരണഘടനയുടെ 20, 21 വകുപ്പുകളുടെ ലംഘനമാണെന്ന് എടുത്തു പറഞ്ഞിരുന്നു. പുതുതായി വരാൻ പോകുന്ന ഈ നിയമം കുറ്റാരോപിതനെ അയാൾക്കെതിരേ മൊഴി കൊടുക്കാൻ നിർബന്ധിക്കരുതെന്ന സുപ്രധാനമായ ആർട്ടിക്കിൾ 20 അനുസരിച്ചുള്ള ഭരണഘടനാദത്തമായ പൗരാവകാശത്തിന്റെ ലംഘനമാകും. സമഗ്രാധിപത്യ വ്യവസ്ഥയിൽ കാണുന്ന വിചാരണ രീതിയെയാണ് ‘ഷോ ട്രയൽ’ എന്നു വിളിക്കുന്നത്. ജനാധിപത്യ പ്രക്രിയയിൽ, വിചാരണവേളയിൽ കുറ്റാരോപിതന് സ്വന്തം ഭാഗം വിശദീകരിക്കാനും നിരപരാധിത്വം സ്ഥാപിക്കാനുമുള്ള അവകാശം ഭരണഘടനാദത്തമാണ്. എന്നാൽ സമഗ്രാധികാര വ്യവസ്ഥയിലെ വിചാരണ പ്രകടനങ്ങളിൽ കുറ്റാരോപിതൻ തനിക്കെതിരേ സ്വയം മൊഴിക്കൊടുക്കാൻ (കുമ്പസാരം) നിർബന്ധിതനാകുന്നു. ഈ കൃത്രിമമായ വിചാരണയെ തുടർന്ന് ശിക്ഷയുടെ പ്രഖ്യാപനം ഉണ്ടാവുകയും ചെയ്യുന്നു. ജനാധിപത്യപ്രക്രിയയിൽ വിചാരണവേളയിൽ അവതരിപ്പിക്കപ്പട്ട തെളിവുകളെ പരിശോധിക്കാനും ഖണ്ഡനം ചെയ്യാനും നിഷേധിക്കാനും മറുവാദങ്ങൾ ഉന്നയിക്കാനും പ്രതിക്ക് അവകാശമുണ്ട്. ഇതിനെ തുടർന്നാണ് പ്രതി കുറ്റക്കാരനാണോ എന്ന നിഗമനത്തിലേക്ക് എത്തുക. അതായത്, വിചാരണയുടെ അനന്തരഫലമെന്ന നിലയിലാണ് അപരാധിത്വമോ നിരപരാധിത്വമോ തിരുമാനിക്കപ്പെടുക. അതിന് അതിന്റേതായ സമയമെടുക്കും.

സ്വാഭാവികമായി സംഭവിക്കുന്ന വൈകൽ നീതി നിർവഹണത്തെ ബാധിക്കുന്നുവെന്ന് വാദിക്കാം. എങ്കിൽ തന്നെയും ഉദാര ജനാധിപത്യ ക്രിമിനൽ ജുറിസ്പ്രുഡൻസിന്റെ കാഴ്ചപ്പാടിൽ കുറ്റം തെളിയിക്കപ്പെടുന്നതുവരെ ആരും അപരാധികളല്ല എന്നതാണ്. ക്രിമിനലുകൾക്ക് ഇത് സൗകര്യമാകുന്നു എന്ന വാദമാണ് ഏറ്റുമുട്ടൽ കൊല പോലുള്ള ഭരണകൂട ഭീകരതയ്ക്ക് ഉപരി മധ്യ വർഗങ്ങളിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ലഭിക്കാനുള്ള കാരണം. തെലുങ്കാനയിൽ ഒരു പെൺകുട്ടിയെ ബാലാത്സംഗം ചെയ്തു കൊന്ന പ്രതികളെ വിചാരണയൊന്നും കൂടാതെ പൊലിസ് നടത്തിയ വ്യാജമെന്നു ആരോപിക്കപ്പെടുന്ന ഏറ്റുമുട്ടൽ കൊലപാതകം സമീപകാലത്ത് വലിയ വിവാദമായതാണ്.
സാമൂഹ്യമാധ്യമങ്ങളിൽ നടന്ന ചർച്ചകളുടെ പൊതുപ്രവണത പൊലിസ് ഭീകരതയെ ന്യായീകരിക്കുക എന്നതായിരുന്നു. ഈ പ്രക്രിയയിൽ കുറ്റം സ്ഥാപിതമാവുന്നത് വിചാരണയുടെ അനന്തരഫലം എന്ന നിലയിലല്ല, പകരം വിചാരണ തന്നെ മുൻകൂറായി നിശ്ചയിക്കപ്പെട്ട കുറ്റത്തെ സ്ഥാപിക്കാനുള്ള ചടങ്ങായി മാറുകയാണ്.
ഇത്തരത്തിലുള്ള വിചാരണാരഹിതമായി തന്നെ കുറ്റം സ്ഥാപിക്കാനുള്ള ഭരണകൂട നടപടികൾക്കുള്ള സാഹചര്യത്തെയാണ് ഈ പുതിയ ഫോറൻസിക് തിരിച്ചറിയൽ വ്യവസ്ഥ സാധ്യമാക്കുന്നത്. അതെങ്ങിനെയെന്നാൽ, ഒരു കുറ്റാരോപിതനെ ഏതെങ്കിലും സാഹചര്യത്തിൽ സൂക്ഷ്മജൈവശാസ്ത്രപരമായി അടയാളപ്പെടുത്തുക വഴി പ്രസ്തുത വ്യക്തിയെ മറ്റേതൊരു ആരോപണത്തിന്റെ പേരിലും കുറ്റം തെളിയുന്നതിനു മുമ്പേ തന്നെ മുൻകൂറായി സംശയാസ്പദ വ്യക്തിത്വമായി കാണപ്പെടാം. ആജീവനാന്ത സംശയാസ്പദ വ്യക്തിത്വമായി ക്രിമിനൽ അന്വേഷണ അൽഗോരിതം വ്യക്തികളെ വ്യവസ്ഥ ചെയ്യുന്നതിലേക്കാണ് ഇത് ചെന്നെത്തുക. മൗലികാവകാശത്തിന്റെ ലംഘനമല്ലാതെ മറ്റെന്താണ് ഇത്. ഇന്ത്യൻ നീതിപീഠം നാർകോ പരിശോധന റദ്ദാക്കിയതാണ്. പുതിയ വിശകലനങ്ങൾ സൂചിപ്പിക്കുന്നത് കോഗ്നിറ്റീവ് (ബുദ്ധിയുടെ) തലത്തിൽ ഒരു വ്യക്തിക്കുണ്ടാവുന്ന ഉൾഭീതികൾ വരെ അയാൾക്കെതിരേയുള്ള തെളിവായി നാർകോയിൽ പുറത്തുവരാം. കേസിൽ പ്രതിചേർക്കാനും ശിക്ഷ വാങ്ങികൊടുക്കാനുമുള്ള എളുപ്പവിദ്യ എന്ന നിലയിലാണ് പൊലിസ് ഈ ശാരീരിക അധിനിവേശ പരിശോധനകളെ അംഗീകരിക്കുന്നതും അതിന്റെ ഉപയോഗത്തിനായി വാദിക്കുന്നതും. ഭരണഘടന വകുപ്പ് 21ന്റെ ലംഘനമാണ് ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ എന്ന വാദവും ഉന്നയിച്ചിട്ടുണ്ട്.

നിയമപ്രക്രിയയിലൂടെയല്ലാതെ വ്യക്തിയെ അറസ്റ്റ് ചെയ്തു അയാളുടെ സ്വാതന്ത്യ്രം നിഷേധിക്കരുത് എന്നാണ് പ്രമാണം. അറസ്റ്റുമായി ബന്ധപ്പെടുത്തി കൃത്യമായ മാർരേഖ തന്നെ ഉന്നതനീതിപീഠം പുറപ്പെടുവിച്ചിട്ടുണ്ട്. പൗരന്റെ ഭരണഘടനാദത്തമായ അടിസ്ഥാന അവകാശങ്ങളെ സൂക്ഷ്മമായി തന്നെ അട്ടിമറിക്കുന്ന നിയമ വ്യവസ്ഥകൾ ആത്യന്തികമായി ആരെയൊക്കെയാണ് ബാധിക്കുക എന്നുകൂടി ആലോചിക്കേണ്ടിയിരിക്കുന്നു.

ഇതുമായി ബന്ധപ്പെട്ടു ആലോചിക്കുമ്പോൾ, സമീപകാലത്തു രാജ്യസഭാംഗം പി.വി അബ്ദുൽ വഹാബിന്റെ ചോദ്യത്തിനു കേന്ദ്ര ആഭ്യന്തരകാര്യ വകുപ്പ് മന്ത്രി ജി. കൃഷ്ണ റെഢി നൽകിയ കണക്കുകൾ പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. ലഭ്യമായ കണക്കുകൾ സൂചിപ്പിക്കുന്നത് നീതി സാധാരണക്കാരന് എത്ര അകലെയാണെന്നാണ്.
2015 മുതൽ അഞ്ചുവർഷക്കാലം യു.എ.പി.എയുടെ അടിസ്ഥാനത്തിൽ 5,128 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യദ്രോഹം കുറ്റം ചാർത്തി 229 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2019ൽ യു.എ.പി.എ ചാർജ് ചെയ്ത കേസുകൾ അതിന്റെ തൊട്ടു മുമ്പത്തെ വർഷങ്ങളെ അപേക്ഷിച്ചു 72 ശതമാനം വർധനയുണ്ടായി. 2019 പൗരത്വഭേദഗതി പ്രക്ഷോഭം നടന്ന വർഷമാണ്. പ്രക്ഷോഭവുമായി ബന്ധപ്പെട്ടു രാജ്യദ്രോഹകുറ്റത്തിനാണ് ഏറെ കേസുകൾ രജിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.
വിചാരണതടവുകാരുടെ കാര്യം പരിഗണിച്ചാൽ സമൂഹത്തിൽ പിന്നോക്ക വിഭാഗത്തിൽ നിന്നുള്ളവരും ന്യൂനപക്ഷങ്ങളും അതിദരിദ്രരുമാണ് ബഹുഭൂരിപക്ഷവും. അവർക്ക് ലഭിക്കേണ്ടതായ നിയമപരമായ പരിഹാരമാർഗങ്ങളും ഉപദേശങ്ങളും അപ്രാപ്യമാണ്. ഇതിനു പുറമേയാണ് ആജീവനാന്തം സംശയാസ്പദ വ്യക്തിത്വങ്ങളായി ജീവിക്കേണ്ട ഗതികേടു കൂടി വന്നു ചേരുന്നത്.

വലിയ നഗരങ്ങളിലാണെങ്കിൽ ചേരികളിൽ താമസിക്കുന്നവരെയും മറ്റിടങ്ങളിലാണെങ്കിൽ അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയുമാണ് പെറ്റി കേസ് മുതൽ ഭീകരാരോപണ കേസുകളിൽ മറ്റു പരിശോധനകളൊന്നുമില്ലാതെ തന്നെ ജാമ്യം പോലും നിഷേധിക്കപ്പെട്ടു കരുതൽ തടങ്കല്ലിലും വിചാരണരഹിതമായി തടങ്കലിലും അടയ്ക്കപ്പെടുന്നത്. അവരുടെ ജൈവശാസ്ത്രപരമായ അടയാളങ്ങൾ എപ്പോഴും അവർക്കെതിരേ തന്നെയുള്ള തെളിവടയളായി രേഖപ്പെടുത്താൻ അന്വേഷണ ഏജൻസികൾക്ക് അത്ര പ്രയാസകരമായിരിക്കില്ല. കീഴ്കോടതികൾ ഏജൻസികളുടെ കണ്ടെത്തലുകളെ അംഗീകരിക്കുന്ന സ്ഥിതിയാണ് എപ്പോഴുമുള്ളത്. മിസയും, ടാഡയും, പോട്ടയും, യു.എ.പി.എയും ഉൾപ്പെടെയുള്ള പ്രത്യേക നിയമങ്ങളെയാണ് മനുഷ്യാവകാശ സൈദ്ധാന്തികർ കരിനിയമങ്ങളെന്നു വിളിക്കുന്നത്. അതൊക്കെ പ്രത്യേക നിയമങ്ങളാണ്. എന്നാൽ, പുതുതായുള്ള സർവവൈലൻസ് വ്യവസ്ഥയ്ക്ക് അനുപൂരകമായുള്ള ഏതു നിയമ നിർമാണത്തിലും ഡ്രാക്കോണിയൻ എന്നു വിളിക്കാവുന്ന വിധത്തിലുള്ള ചേരുവകൾ അന്തർലീനമായിരിക്കുന്നു എന്നതാണ്.

മറ്റൊരു പ്രധാന കാര്യം, വ്യക്തിഗത തിരിച്ചറിയലിന് ജൈവശാസ്ത്രപരമായ അടയാളങ്ങളെ സ്വരൂപിക്കുക വഴി ജൈവപൗരത്വമെന്ന (Bio citizenship) പുതിയ ഉപാധി കൂടി വ്യവസ്ഥചെയ്യപ്പെടുന്നു. നിലവിൽ പൗരത്വത്തിനു നിദാനമാകുന്നത് ജനനം, നിയമാനുസൃത കുടിയേറ്റം, അധിവാസകാലാവധി എന്നിവയാണെങ്കിൽ ജനിതക പൗരത്വത്തിനുള്ള സാധ്യത കൂടി ഈ അടയാള സാങ്കേതികവിദ്യകൾ ഒരുക്കുന്നുണ്ട്. ജനിതക ഘടകങ്ങൾ വ്യക്തിയുടെ തിരിച്ചറിയലിനുള്ള ഉപാധിയായി രാഷ്ട്രത്തിന്റെ സൂക്ഷ്മ പരിശോധന വ്യവസ്ഥയുടെ ഭാഗമാകുന്നതോടെ ജനിതകമായ സംശയാസ്പദ വ്യക്തികളെയും സുരക്ഷാ ഭരണകൂട ഏജൻസികൾ നിർണയിച്ചുവയ്ക്കാനുള്ള സാധ്യതകളും കൂടുതലാണ്. കൊളോണിയൽ ഭരണകാലത്തു ക്രിമിനൽ ഗോത്രങ്ങളായും മതഭ്രാന്തന്മാരായും സമുദായങ്ങളെ മുദ്രയടിച്ചു വേർതിരിച്ചതു പോലെ. ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബില്ലിന്റെ ഭാഗമായി പ്രതികളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ ഡാറ്റബേസിൽ സൂക്ഷിക്കുമെന്നാണ്. ഇത് സൂക്ഷിക്കുന്നത് ഒത്തുനോക്കാനും വിശകലനത്തിനുമാണ്.
മാത്രമല്ല, അമേരിക്കയിൽ വലിയ വിവാദമായതാണ് മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യ (face recognition technology). എന്തെങ്കിലും കുറ്റവാളിയമായി വിദൂരമായ ചെറിയ സാദൃശ്യം പോലും ഒരു വ്യക്തിയെ സംശയത്തിന്റെ നിഴലിലാക്കുന്നു. ഈയൊരു പിഴവ് ചൂണ്ടിക്കാട്ടുമ്പോൾ, ലോകമെമ്പാടുമുള്ള സുരക്ഷാ ഏജൻസികൾ നൽകുന്ന മറുപടികൾ തന്നെ ഒരേ സ്വഭാവത്തിലുള്ളതാണ്. അവർ പറയുക വിശദപരിശോധനയിൽ കുറ്റം ചെയ്യാത്തവർക്ക് നിരപരാധിത്വം തെളിയാക്കാമെന്നാണ്.
വളരെ സങ്കീർണമായ പ്രക്രിയയാണിത്. അൽഗൊരിതം കനിയുന്നതു വരെ സാദൃശ്യങ്ങളുടെ പേരിൽ സംശയത്തിന്റെ നിഴലിൽ തന്നെ തുടരണമെന്നർഥം. അത്തരമൊരു അവസ്ഥ സൃഷ്ടിക്കുന്ന മാനസികവും സാമ്പത്തികവുമായ സങ്കീർണത ഒന്നാലോചിച്ചു നോക്കുക. പുതിയ സർവൈലൻസ് സുരക്ഷാ വ്യവസ്ഥകൾ ഒരു ലൂപ്പാണ് സൃഷ്ടിക്കുന്നത്. ഇനി അൽഗോരിതം കനിഞ്ഞാൽ ലഭിക്കുക സംശയത്തിന്റെ ആനുകൂല്യം മാത്രമായിരിക്കും.

അതുക്കൊണ്ട് മനുഷ്യാവകാശപരമായ ജാഗ്രതയോടെ ക്രിമിന നടപടി (തിരിച്ചറിയൽ) ബില്ലിനെക്കുറിച്ച് നിയമ നിർമാതാക്കളും പൗരന്മാരും ഗൗരവമായി പഠിച്ചു അപകടകരമായ വകുപ്പുകളെ പ്രതിരോധിക്കാനുള്ള കൂട്ടായ ആലോചനകൾ നടത്തേണ്ടതുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.