2022 July 05 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഇന്ത്യൻ രൂപയുടെ ദുരവസ്ഥ

ഡോ. എൻ.പി അബ്ദുൽ അസീസ്

അമേരിക്കൻ ഡോളറിനെതിരേ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞിരിക്കുകയാണ്. നിലവിൽ യു.എസ് ഡോളറിനെതിരേ രൂപയുടെ മൂല്യം 77.82 എന്ന നിലയിൽ റെക്കോർഡ് തകർച്ചയിലാണുള്ളത്. അമേരിക്കൻ ഡോളർ വാങ്ങാൻ ഇന്ത്യക്കാർക്കിനി മുമ്പുള്ളതിനേക്കാൾ കൂടുതൽ രൂപ ചെലവഴിക്കേണ്ടിവരും.

കൊവിഡ് വ്യാപനത്തിൻ്റെ തുടക്കം മുതൽ രൂപയുടെ മൂല്യം അധിവേഗ തകർച്ചയിലാണ്. രൂപയുടെ മൂല്യത്തകർച്ച തീർച്ചയായും സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കും. ഇന്ത്യ ഇറക്കുമതി കേന്ദ്രീകൃത രാജ്യമായതിനാൽ പ്രതികൂല ഫലമായിരിക്കും സൃഷ്ടിക്കുക. നേരത്തെ ഇറക്കുമതി ചെയ്തിരുന്ന അതേ സാധനങ്ങൾക്ക് അധിക തുക നൽകേണ്ടിവരും. അതിനാൽ, സാധനങ്ങൾക്ക് വില കൂടുകയും പണപ്പെരുപ്പം വർധിക്കുകയും ചെയ്യും. ഇത് രാജ്യത്തെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിക്കുമെന്നതിൽ സംശയമില്ല. എന്നാൽ രൂപയുടെ മൂല്യത്തകർച്ച വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യക്കാർക്ക് മുതൽക്കൂട്ടാകുകയും ചെയ്യും.
എന്തുകൊണ്ടാണ് യു.എസ് ഡോളർ രൂപയേക്കാൾ ശക്തമായിരിക്കുന്നത്? രൂപയുടെ മൂല്യം കൃത്യമായി നിശ്ചയിക്കുന്നത് ആരാണ്? ഇന്ത്യൻ സർക്കാരോ അതോ അമേരിക്കയോ എന്നിങ്ങനെയുള്ള സംശയങ്ങൾ സ്വാഭാവികമായും ഉയർന്നേക്കാം.
ലോകമെമ്പാടും വ്യാപാരത്തിനായി സ്വീകരിക്കപ്പെടുന്ന പ്രധാന ആഗോള കറൻസിയാണ് ഡോളർ. അന്താരാഷ്ട്ര ബാങ്കുകളിലെ വിദേശ കറൻസികളിൽ യു.എസ് ഡോളറിന്റെ വിഹിതം 64 ശതമാനത്തിലധികമാണ്. ക്രൂഡ് ഓയിൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വ്യാപാരത്തിന്റെ 85 ശതമാനവും ആഗോള വായ്പകളുടെ 40 ശതമാനവും ഡോളറിലാണുള്ളത്. മറുവശത്ത്, ലോകത്തിലെ 180ഓളം കറൻസികൾ അവരുടെ രാജ്യങ്ങളിലാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഡോളറിന്റെ ഈ ശക്തിയാണ് വിദേശനാണ്യ കരുതൽ ശേഖരത്തിൽ ഡോളർ നിലനിർത്താനുള്ള കാരണം.

കറൻസികളുടെ മൂല്യം നിർണയിക്കുന്നത് അതിന്റെ ഡിമാൻഡിനെ ആശ്രയിച്ചാണ്. ഒരു സാധനത്തിൻ്റെ ഡിമാൻഡ് ഉയർന്നാൽ അതിന്റെ മൂല്യം കൂടുന്നതുപോലെ ഏതെങ്കിലും കറൻസിയുടെ ഡിമാൻഡ് വർധിക്കുകയാണെങ്കിൽ അതിന്റെ മൂല്യവും വർധിക്കും. വിദേശ കറൻസി വിനിമയനിരക്കുകൾ ദൈനംദിന ഡിമാൻഡ്-സപ്ലൈ ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. കറൻസിയുടെ സപ്ലൈ കൂടുമ്പോൾ അതിന്റെ മൂല്യം കുറയുകയും ഡിമാൻഡ് വർധിക്കുമ്പോൾ അതിന്റെ മൂല്യം ഉയരുകയും ചെയ്യും. അതാതു രാജ്യങ്ങളുടെ സെൻട്രൽ ബാങ്കാണ് കറൻസികളുടെ സപ്ലൈ നിർണയിക്കുന്നത്.

അതേസമയം കറൻസികളുടെ ഡിമാൻഡ് സമ്പദ്‌വ്യവസ്ഥയിൽ ഉൽ‌പാദിപ്പിക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും അളവിനെ ആശ്രയിച്ചാണിരിക്കുന്നത്. കൂടുതൽ വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിക്ഷേപം നടത്തുമ്പോൾ ഇന്ത്യൻ കറൻസിയുടെ ഡിമാൻഡ് ഉയരും. കാരണം, വിദേശനിക്ഷേപകരോ കമ്പനികളോ ഇന്ത്യയിൽ നിക്ഷേപിക്കുമ്പോഴോ ഇന്ത്യയിൽ നിന്ന് എന്തെങ്കിലും ഉൽപന്നങ്ങൾ വാങ്ങുമ്പോഴോ അവർ ആദ്യം ഡോളറിന് പകരമായി രൂപ വാങ്ങേണ്ടിവരും. തൽഫലമായി, ഇന്ത്യൻ കറൻസിയുടെ ഡിമാൻഡ് വർധിക്കും. മറുവശത്ത്, ഇന്ത്യൻ വ്യക്തികളും കമ്പനികളും എന്തെങ്കിലും ഇറക്കുമതി ചെയ്യുമ്പോൾ അവർ പണമടയ്ക്കേണ്ടത് ഡോളറിലാണ് (ഡിഫാക്റ്റോ ഗ്ലോബൽ കറൻസി). അതുകൊണ്ട് ഡോളർ വാങ്ങാനും പണം നൽകാനും ഇന്ത്യക്കാർ രൂപ വിൽക്കുന്നു. തൽഫലമായി, ഡോളറിന്റെ ഡിമാൻഡ് ഉയരുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്യുന്നു. ഇന്ത്യ പ്രധാനമായും ഇറക്കുമതിരാജ്യമായതിനാൽ കാലക്രമേണ രൂപയുടെ മൂല്യം കുറയുകയാണ് ചെയ്യുന്നത്.
സാമ്പത്തികവളർച്ചക്കൊപ്പം ഡോളർ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഈ വർഷം മാർച്ച് മുതലാണ് യു.എസ് ഫെഡറൽ റിസർവ് അതിന്റെ പലിശ നിരക്കുകൾ ഉയർത്തിയത്. ഇത് ഉയർന്ന വരുമാനം തേടുന്ന നിക്ഷേപകർക്ക് മറ്റു രാജ്യങ്ങളിലെ സ്റ്റോക്ക്, ബോണ്ട് വിപണികളിൽനിന്ന് പണം പിൻവലിച്ച് അമേരിക്കയിലേക്ക് തിരികെ കൊണ്ടുപോകാൻ കാരണമായി. ഇത് യു.എസ് ഡോളറിനെതിരേ മറ്റുരാജ്യങ്ങളുടെ കറൻസികളിൽ വലിയ സമ്മർദമാണ് ചെലുത്തിയത്. ഇന്ത്യയിൽ നിന്നുള്ള മൂലധനത്തിന്റെ ദ്രുതഗതിയിലുള്ള ഒഴുക്ക് തടയുന്നതിലൂടെ രൂപയുടെ മൂല്യത്തകർച്ച പ്രതിരോധിക്കാൻ വേണ്ടിയായിരിക്കാം ഈ മാസമാദ്യം പലിശനിരക്കുകൾ ആർ.ബി.ഐ ഉയർത്തിയത്. സാധന-സേവനങ്ങളുടെ ഇറക്കുമതിയുടെയും കയറ്റുമതിയുടെയും മൂല്യം തമ്മിലുള്ള അന്തരം അളക്കുന്ന ഇന്ത്യയുടെ കറൻ്റ് അക്കൗണ്ട് കമ്മി ജി.ഡി.പിയുടെ 3.3 ശതമാനമെന്ന ഏറ്റവും ഉയർന്ന നിരക്കിലാണുള്ളത്. ഇതിനർഥം, കമ്മി നികത്താൻ വിദേശനിക്ഷേപകർ മതിയായ മൂലധനം രാജ്യത്തേക്ക് ഒഴുക്കിയില്ലെങ്കിൽ ഇന്ത്യയുടെ ഇറക്കുമതി ആവശ്യം രൂപയെ പ്രതികൂലമായി ബാധിക്കും. യു.എസ് നിക്ഷേപ വരുമാനം ഉയരുമ്പോൾ വിദേശ നിക്ഷേപകർ ഇന്ത്യയിലേക്ക് മൂലധനം ഒഴുക്കാൻ സാധ്യതയുമില്ല. കഴിഞ്ഞ 30 വർഷമായി യു.എസ് ഡോളറിനെതിരേ രൂപയുടെ മൂല്യം നിരന്തരം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ആഭ്യന്തര വിലക്കയറ്റം സ്ഥിരമായി ഉയർന്നതാണ് ഇതിനൊരു കാരണം. ഇന്ത്യയിലെ ഉയർന്ന പണപ്പെരുപ്പം സൂചിപ്പിക്കുന്നത് യു.എസ് ഫെഡറൽ റിസർവ് ഡോളർ സൃഷ്ടിക്കുന്നതിനേക്കാൾ വേഗത്തിൽ ആർ.ബി.ഐ രൂപ സൃഷ്ടിക്കുന്നു എന്നാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം ഏപ്രിലിൽ എട്ടു വർഷത്തെ ഉയർന്ന നിരക്കായ 7.79 ശതമാനത്തിലേക്ക് കുതിച്ചുവെന്ന് സർക്കാർ തന്നെ വ്യക്തമാക്കുന്നു.

റഷ്യയുടെ ഉക്രൈൻ അധിനിവേശമാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് മറ്റൊരു കാരണം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രൂഡ് ഓയിൽ കയറ്റുമതി രാജ്യമാണ് റഷ്യ. ഉക്രൈൻ അധിനിവേശത്തെ തുടർന്ന് സ്വാഭാവികമായും ക്രൂഡ് ഓയിലിൻ്റെ വിതരണം തടസപ്പെടുകയും വില കുതിച്ചുയരുകയും ചെയ്തു. ഇത് യു.എസിനും ചൈനയ്ക്കും പിന്നിൽ ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവായതിനാൽ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കിയത്. അമേരിക്ക കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. ചൈനയിലെ വിവിധ നഗരങ്ങളിലെ കർശനമായ ലോക്ക്ഡൗൺ അവിടുത്തെ സാമ്പത്തിക പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. സ്വാഭാവികമായും ഇന്ത്യയിലും അതിന്റെ പ്രത്യാഘാതങ്ങൾ നേരിട്ടു.

ഇന്ത്യ ഇറക്കുമതിയധിഷ്‌ഠിത രാജ്യമായതിനാൽ മൂല്യത്തകർച്ച ഇറക്കുമതി കുറയുന്നതിനും അവശ്യവസ്തുക്കളുടെ വില കൂടുന്നതിനും ഇടയാക്കും. സമ്പദ്‌വ്യവസ്ഥയിൽ പണപ്പെരുപ്പം സൃഷ്ടിക്കും. ഇന്ത്യ വൻതോതിൽ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ, രാസവളങ്ങൾ, മരുന്നുകൾ, ഇരുമ്പയിര് എന്നിവയുടെ വിലകൂടും. അസംസ്‌കൃത വസ്തുക്കൾ, യന്ത്രസാമഗ്രികൾ മുതലായവ ഇറക്കുമതി ചെയ്യുന്ന സംരംഭകർക്കും നിർമാതാക്കൾക്കും പ്രയാസപ്പെടേണ്ടിവരും. അവരുടെ ഇറക്കുമതിച്ചെലവ് ഉയരും. ഉൽപാദനച്ചെലവ് വർധിക്കുകയും ലാഭക്ഷമത കുറയുകയും ചെയ്യും. ഉൽപാദനച്ചെലവിലുണ്ടായ വർധന വിലക്കയറ്റത്തിലൂടെ ഉപഭോക്താക്കൾക്ക് കൈമാറുകയും ചെയ്യും. ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിനാൽ രൂപയുടെ മൂല്യം കുറയുന്നത് പെട്രോളിന്റെയും ഡീസലിന്റെയും വിലയെ സ്വാധീനിക്കും. ഇത് ചരക്കു വിതരണ മേഖലയിലെ ഉയർന്ന ചെലവിനും എല്ലാ അവശ്യ-അവശ്യേതര വസ്തുക്കളുടെ വിലവർധനവിനും കാരണമാകും. വർധിച്ചുവരുന്ന ചരക്കുവില ഉപഭോക്താക്കളെന്ന നിലയിൽ സാധാരണക്കാരായിരിക്കും വഹിക്കേണ്ടിവരിക.

എന്നാൽ, രൂപയുടെ മൂല്യത്തകർച്ച യു.എസ്, യു.കെ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർക്ക് (എൻ.ആർ.ഐ) അനുകൂലമായ വിനിമയനിരക്ക് കാരണം കൂടുതൽ പണം നാട്ടിലേക്കയക്കാൻ സാധിക്കും. പ്രവാസികൾക്ക് വിദേശത്തുനിന്ന് വായ്പ എടുത്ത് ഇന്ത്യയിൽ നിക്ഷേപിക്കാനും കഴിയും. രൂപയുടെ ഇടിവ് കയറ്റുമതിക്കാർക്ക് ഡോളറിന് പകരമായി കൂടുതൽ രൂപ ലഭിക്കാൻ സഹായകമാവും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഇത് വിദേശികളുടെ വാങ്ങൽശേഷി ഉയരുകയും കയറ്റുമതി വർധിക്കുകയും ചെയ്യും.
രൂപയുടെ മൂല്യത്തിൽ കാര്യമായ തകർച്ച സംഭവിക്കുമ്പോൾ സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പരിമിതമാണ്. അതിലൊന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾ മുഖേന യു.എസ് ഡോളർ കരുതൽ ശേഖരം ഉപയോഗിച്ച് വിപണിയിൽനിന്ന് കറൻസികൾ വാങ്ങി രൂപയുടെ ഡിമാൻഡ് വർധിപ്പിക്കാൻ ശ്രമിക്കാം. എന്നാൽ ഇതിനും തിരിച്ചടിയുണ്ടായേക്കാം. സർക്കാർ അതിന്റെ കരുതൽ ശേഖരം കാലിയാക്കുമ്പോൾ രാജ്യത്തിനാവശ്യമായ എല്ലാ സാധനങ്ങളും ഇറക്കുമതി ചെയ്യാൻ കഴിയില്ല. ഇത് വിലക്കയറ്റത്തിലേക്ക് നയിക്കുകയും ദുരിതം സൃഷ്ടിക്കുകയും ചെയ്യും.

ആർ‌.ബി‌.ഐ ബാങ്കുകൾക്ക് വായ്പ നൽകുന്ന നിരക്ക് വർധിപ്പിക്കാം എന്നതാണ് മറ്റൊരു കാര്യം. ഉയർന്ന പലിശ നിരക്കുകൊണ്ടുള്ള വരുമാന വർധനവ് കാരണം കൂടുതൽ നിക്ഷേപകർ സർക്കാർ ബോണ്ടുകളും പലിശ നിരക്കിലുള്ള ഉൽപന്നങ്ങളും വാങ്ങാൻ ശ്രമിക്കും. രൂപയുടെ ആവശ്യക്കാർ കൂടുകയും മൂല്യം വർധിക്കുകയും ചെയ്യും.
എന്നാൽ ഇന്ത്യയും യു.എസും തമ്മിലുള്ള ദീർഘകാല പണപ്പെരുപ്പത്തിലെ ഗണ്യമായ വ്യത്യാസങ്ങൾ കണക്കിലെടുക്കുമ്പോൾ ദീർഘകാലാടിസ്ഥാനത്തിൽ ഡോളറിനെതിരേ രൂപയുടെ മൂല്യം ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്നതാണ് ദുഃഖകരം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.