2023 June 10 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ബിരിയാനി 3 ദിര്‍ഹം

അഷറഫ് ചേരാപുരം

വര്‍ഷങ്ങള്‍ക്കു മുമ്പ് യു.എ.ഇയിലെത്തിയ ഹൈദരാബാദ് സ്വദേശിനി ആയിഷാ ഖാന്‍ യു.എ.ഇയിലെ സാധാരണക്കാരുടെ ഇടയില്‍ താരമാണ്. കേവലം മൂന്നു ദിര്‍ഹമിന് വയറുനിറയെ സ്വാദിഷ്ടമായ ഭക്ഷണം നല്‍കുന്നു എന്നതാണ് ആയിഷയെ ഏവര്‍ക്കും പ്രിയങ്കരിയാക്കുന്നത്. തന്റെ കഴിവും വൈഭവവും സഹജീവികള്‍ക്ക് കൂടി ഉപകാരപ്പെടണമെന്നാഗ്രഹിച്ചാണ് ഒരു പുതുവഴി വെട്ടിത്തുറന്ന് ഈ 46കാരി രംഗത്തെത്തിയത്.

കൈയില്‍ കാശില്ലാത്തതിനാല്‍ ആരും പട്ടിണി കിടക്കേണ്ടിവരരുതെന്ന ചിന്തയില്‍ നിന്നാണ് ആയിഷാ ഖാന്‍ ഫുഡ് എ.ടി.എം സംരംഭത്തിനു തുടക്കമിട്ടത്. പുറത്ത് 10 മുതല്‍ 15 ദിര്‍ഹം വരെ ഈടാക്കി വില്‍ക്കുന്ന ബിരിയാണി കേവലം മൂന്നു ദിര്‍ഹത്തിന് ഈ ഹൈദരാബാദുകാരി നല്‍കാന്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷം പിന്നിടുന്നു.
2019 മാര്‍ച്ചില്‍ അജ്മാന്‍ യൂനിവേഴ്‌സിറ്റിക്കടുത്ത് ആരംഭിച്ച ഫുഡ് എ.ടി.എം ഇപ്പോള്‍ അജ്മാന്‍ സെന്‍ട്രല്‍ ജയിലിനു സമീപത്തുള്ള അല്‍ ജുര്‍ഫിലെ റസ്റ്റോറന്റിലെത്തിയിരിക്കുന്നു. ആയിഷയുടെ പായ്ക്ക്‌ചെയ്ത ഭക്ഷണത്തില്‍ ഒരു പായ്ക്ക് ബിരിയാണി, ഒരു കപ്പ് തൈര്, അച്ചാര്‍, ഒരു ചെറിയ കപ്പ് ഡെസേര്‍ട്ട് എന്നിവ ഉള്‍പ്പെടും. വില 3 ദിര്‍ഹം മാത്രം. മൂന്നു നേരം ഇത്തരത്തില്‍ ഭക്ഷണം കിട്ടും. ഒരാള്‍ക്ക് ഒരു ദിവസം 9 ദിര്‍ഹം ചെലവാക്കിയാല്‍ അന്നത്തെ കാര്യം കുശാല്‍. ഭക്ഷണത്തിനായി ചെലവാക്കുന്നതില്‍ നിന്നും മിച്ചംവച്ച തുക നാട്ടിലേക്ക് അയക്കുകയും ചെയ്യാം. ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന പതിനായിരക്കണക്കിനു പ്രവാസികള്‍ക്കാണ് ആയിഷ അന്നദാതാവാകുന്നത്.
ഫുഡ് എ.ടി.എമ്മിന്റെ പിറവി

ഒരിക്കല്‍ ആയിഷയുടെ സ്ഥാപനത്തിന്റെ നവീകരണം നടക്കുമ്പോള്‍ ഒരു മലയാളി വയോധികന്‍ കയറിവന്നു. കമ്പനിയുടെ പ്രവര്‍ത്തനം മോശമായതിനാല്‍ താനടക്കം 750 ആളുകള്‍ക്ക് 15 മാസമായി ശമ്പളമില്ലെന്നും വാച്ച് വരെ വിറ്റിട്ടാണ് ഭക്ഷണം കഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. പണമില്ലാത്തതിനാല്‍ മകന്റെ പഠനം നിര്‍ത്തിയെന്നും അദ്ദേഹം ആയിഷയോട് പറഞ്ഞു. ഇതായിരുന്നു ഫുഡ് എ.ടി.എമ്മിന്റെ തുടക്കമെന്ന് മലയാളം നന്നായി സംസാരിക്കുന്ന ആയിഷാ ഖാന്‍ പറഞ്ഞു. ഐ.ടി എന്‍ജിനിയറായ ഇവര്‍ ഗള്‍ഫിലെത്തിയത് ലോഞ്ച് പ്രൊജക്ടിലേക്കാണ്. പിന്നീട് ഐ.ടി രംഗത്തേക്കും മുനിസിപ്പാലിറ്റിയിലേക്കും മാറി. എന്നാല്‍ തൊട്ടടുത്ത് ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരുടെ കഷ്ടതകള്‍ കണ്ടതോടെ പുതിയ സംരംഭത്തിലേക്ക് വഴിമാറുകയായിരുന്നു.

വിശപ്പിന്റെ ഗന്ധമറിഞ്ഞ്…

വിശപ്പിന്റെ വിളിയേക്കാള്‍ വലുതായി വോറൊന്നുമില്ലെന്ന തിരിച്ചറിവ് ആയിഷയ്ക്കു നല്‍കിയത് ജീവിതാനുഭവങ്ങള്‍ തന്നെയാണ്. ചെറുപ്പത്തിലേ പിതാവില്ലാത്തതിനാല്‍ കുടുംബത്തെ ജോലിചെയ്ത് പോറ്റേണ്ടിവന്നു. പത്തു വയസ്സുള്ള അനിയനും ആയിഷയും പഠിച്ചതും ജീവിച്ചതും ഈ വരുമാനത്തില്‍ നിന്നായിരുന്നു. പഠനവും അതോടൊപ്പം ജോലിയുമായി ജീവിതം മുന്നോട്ടു കൊണ്ടുപോയി. എന്നെങ്കിലും പണമുണ്ടാകുമ്പോള്‍ ഇത്തരം സംരംഭം തുടങ്ങണമെന്ന് അന്നേ മനസിലുണ്ടായിരുന്നുവെന്ന് ആയിഷ പറഞ്ഞു.
ഹോള്‍സെയിലായി സാധനങ്ങള്‍ വാങ്ങുന്നതിനാല്‍ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം നല്‍കാനാവുന്നു. പദ്ധതി തുടങ്ങിയപ്പോള്‍ അജ്മാന്‍ യൂനിവേഴ്‌സിറ്റിയിലായിരുന്നു പ്രവര്‍ത്തനം. ആദ്യം ആരും വന്നില്ല. അഞ്ചു ദിര്‍ഹമിന് രണ്ടുപേര്‍ ഭക്ഷണം കഴിക്കുന്ന അവിടെ പത്തു ദിര്‍ഹമിന് ഭക്ഷണം വാങ്ങാന്‍ ആളെത്തുമായിരുന്നില്ല. അങ്ങനെ വില കുറയ്ക്കുകയായിരുന്നു.
പിന്നീട് സംരംഭം വന്‍ വിജയമായി. ദുബൈ, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന ആയിരങ്ങള്‍ക്ക് എല്ലാ ദിവസവും പാഴ്‌സലുകള്‍ എത്തിക്കുന്നു. നിരവധി തൊഴിലാളികളുളള സ്ഥാപനത്തില്‍ അവരോപ്പം ആയിഷയും കഠിനാധ്വാനം ചെയ്യുന്നു.
അജ്മാനിലെ ഞങ്ങളുടെ സ്ഥാപനത്തില്‍ 24 മണിക്കൂറും ഭക്ഷണവും വെള്ളവും ലഭ്യമാണ്. നിങ്ങള്‍ക്ക് പുലര്‍ച്ചെ രണ്ടോ മൂന്നോ മണിക്ക് ഞങ്ങളുടെ അടുത്തേക്ക് വരാം. ഏതു സമയവും ഭക്ഷണവും വെള്ളവും ലഭിക്കും- ആയിഷ പറയുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഫുഡ് എ.ടി.എം പദ്ധതിയും ആയിഷ നടപ്പിലാക്കുന്നു. ഉച്ചഭക്ഷണം സ്വാദിഷ്ടമായ വിഭവങ്ങളോടെ ചൂടോടെ കുട്ടികളുടെ കൈയിലെത്തിക്കുന്നതാണ് പദ്ധതി. ഇത് രക്ഷിതാക്കള്‍ക്കും ഏറെ സന്തോഷകരമാണ്.

യു.എ.ഇക്കു പുറത്തേക്ക്

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാവപ്പെട്ട തൊഴിലാളികളുടെ വിശപ്പകറ്റാനുള്ള പദ്ധതിയെക്കുറിച്ചാണ് ആയിഷ ഇപ്പോള്‍ ആലോചിക്കുന്നത്. നിരവധി അവാര്‍ഡുകളും പ്രചോദനങ്ങളും ഇവരെ തേടിയെത്തിയിട്ടുണ്ട്. 2021ല്‍ എട്ടു മണിക്കൂര്‍ കൊണ്ട് അരലക്ഷത്തിലേറെ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത ഗിന്നസ് റെക്കോഡ് ഇവര്‍ നേടി. അജ്മാന്‍ ഭരണകൂടത്തിന്റെയും ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെയും പിന്തുണ ആയിഷയ്ക്കുണ്ട്. നാട്ടിലെ വീടു വിറ്റാണ് ആയിഷ ഗള്‍ഫില്‍ പട്ടിണിക്കാരുടെ പശിയടക്കാനുള്ള സംരംഭം തുടങ്ങിയത്. ആദ്യമൊക്കെ കുടുംബക്കാര്‍ക്ക് ഇത് പിടിച്ചിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ എല്ലാവരും പിന്തുണയ്ക്കുന്നതായും ആയിഷ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.