2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പുല്‍പ്പായയുടെ മണം, ചീരോക്കഞ്ഞിയുടേയും

എ.പി കുഞ്ഞാമു

വിടിന്റെ നേരെ മുന്‍വശത്ത് ചെമ്മണ്‍പാത. അത് മുറിച്ചുകടന്നാല്‍ ഒരു പറമ്പിനപ്പുറത്ത് വിശാലമായ വയല്‍. വയലിനക്കരെ മരക്കൊമ്പുകളിലേക്ക് ചാഞ്ഞിറങ്ങുന്ന സന്ധ്യാരശ്മികളാല്‍ ചുവന്നുതുടുക്കുന്ന ആകാശം കാണാം. ഈ ആകാശച്ചെരുവിലേക്ക് കണ്ണുനട്ടു നില്‍ക്കുന്ന ചെറിയ ആള്‍ക്കൂട്ടങ്ങള്‍ ശഅ്ബാന്‍ അറുതിയിലെ എന്റെ ബാല്യകൗമാരങ്ങളിലെ പതിവ് കാഴ്ചയായിരുന്നു. അവര്‍ മാസപ്പിറവി കാണാന്‍ കാത്തുനില്‍ക്കുകയായിരുന്നു. ഒരിക്കലും എന്റെ ദേശത്ത് മാസപ്പിറവി, നോമ്പിന്റേതായാലും പെരുന്നാളിന്റേതായാലും കണ്ടതായി ഓര്‍മയില്ല. ഇച്ഛാഭംഗത്തോടെ തിരിച്ചുപോയ ആള്‍ക്കൂട്ടത്തെ ചിലപ്പോഴൊക്കെ രാവൊടുങ്ങുന്നതിനു മുമ്പത്തെ ആകാശവാണി വാര്‍ത്തകള്‍ നോമ്പറിയിച്ചു. പലപ്പോഴും പാതിരകളില്‍ വയനാട്ടിലേക്കുള്ള ലോറിക്കാരുടെ കൂക്കിവിളികളുടെ പ്രതിധ്വനികള്‍ ആളുകളെ വിളിച്ചുണര്‍ത്തി. കാപ്പാട്ടോ കൂട്ടായിയോ പരപ്പനങ്ങാടിയോ കണ്ട നിലാവിന്റെ തേങ്ങാപ്പൂള്‍ക്കാഴ്ചകള്‍ എന്റെ ഗ്രാമത്തിന്റേയും വ്രതവിശുദ്ധിക്കു തുടക്കമിട്ടു.

കുട്ടിക്കാലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ നോമ്പ് എങ്ങനെയാണ് എന്റെ കുഞ്ഞു മനസ്സിലേക്കിറങ്ങിവന്നതെന്നും ഞാന്‍ ഓര്‍ക്കാറുണ്ട്. അത് രുചിയായോ ഗന്ധമായോ മായക്കാഴ്ചകളായോ ഒക്കെയാണ് എന്ന് തോന്നുന്നു. പ്രധാനമായും ഗന്ധങ്ങള്‍ തന്നെ. നോമ്പടുക്കുമ്പോള്‍ തന്നെ പള്ളികളില്‍ മാറ്റിവിരിക്കുന്ന പുല്‍പ്പായയുടെ മണം. ഓരോ ആണ്ടറുതിയിലും പള്ളികളിലെ നിസ്‌കാരപ്പായകള്‍ മാറ്റും. അത് നോമ്പിനു തൊട്ടു മുമ്പാണ്. അതുകൊണ്ടുതന്നെ നോമ്പുകാലത്ത് പള്ളിയിലെത്തുമ്പോള്‍ എതിരേല്‍ക്കുന്നത് ഹൃദയഹാരിയായ ഗന്ധമാണ്. പള്ളിക്കാട്ടിലെ പൂത്തുനില്‍ക്കുന്ന കുങ്കുമപ്പൂക്കളുടെ നേര്‍ത്ത സൗരഭ്യം കൂടിയാവുമ്പോള്‍ അത് സ്വര്‍ഗത്തില്‍ നിന്നു പ്രസരിക്കുന്ന ഗന്ധമായിരിക്കാം എന്നെനിക്കു തോന്നി. പുല്‍പ്പായകളില്‍ നിന്നുയരുന്നത് സ്വര്‍ഗത്തിന്റെ പൂമണം തന്നെയാണെന്ന് ഞാനുറപ്പിച്ചു. സുജൂദ് വേളകളില്‍ ഏറെ നേരം മുഖമമര്‍ത്തി, മൂക്കുവിടര്‍ത്തി ഞാന്‍ സ്വര്‍ഗീയ സുഗന്ധം ആവോളം നുകര്‍ന്നുകൊണ്ടിരുന്നു.
നോമ്പുകാലത്ത് ഓരോ നിസ്‌കാരശേഷവും പള്ളികളില്‍ ഉറുദിയുണ്ടാവും. വിജ്ഞാന സദസ്സുകള്‍. നാടുതാണ്ടി വരുന്ന മൊയ്‌ല്യാന്മാര്‍ മതകാര്യങ്ങള്‍ ഈണത്തിലും താളത്തിലും ചൊല്ലി ഞങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്നു. അതിനൊരു പ്രത്യേക പാറ്റേണുണ്ട്. ആദ്യമൊരു ആയത്ത്. അതവസാനിക്കുന്നത് ഖാലല്ലാഹു അസ്സ വജല്ല എന്ന അക്ഷരപ്പൂട്ടില്‍. കേള്‍വിക്കാര്‍ സുബ്ഹാനല്ലാഹു എന്നു തുടങ്ങുന്ന ഏറ്റുപറച്ചിലുകള്‍ കൊണ്ട് ആ പൂട്ടു തുറക്കും. പിന്നെ മൊയ്‌ല്യാരുടെ വായില്‍ നിന്നു വീഴുന്നതൊരു നബിവചനം. ഖാല റസൂലുല്ലാഹി… എല്ലാവരും ചേര്‍ന്നുള്ള പ്രതിവചനം. പിന്നെയൊരു ബൈത്തിന്റെ ഈണം. അതോടെ ഇല്‍മിന്റെ മജ്‌ലിസെന്ന സ്വര്‍ഗീയാരാമത്തിലെ പൂക്കള്‍ ഒന്നൊന്നായി വിടരുകയായി. ഈ പൂക്കളില്‍ നിന്നു പ്രസരിക്കുന്ന മണം തന്നെയായിരുന്നു പുല്‍പ്പായകളില്‍ നിന്ന് എന്നെത്തേടി ഉയര്‍ന്നുപൊങ്ങിയത്. മുസ്‌ല്യാരുടെ കണ്ഠത്തില്‍ നിന്നുതിരുന്നത് സപ്തസ്വരങ്ങളുടെ സംഗീതവീചികള്‍. പള്ളിയകങ്ങളിലൂടെ പാറിനടക്കുന്നത് സ്വരരാഗത്തുമ്പികള്‍.

എന്റെ ഭാവനയേയും സാഹിത്യതാല്‍പര്യത്തേയുമെല്ലാം പരിപോഷിപ്പിച്ചത് അവിടെ നിന്നു കേട്ട കഥകളാണ്. തേനും പാലുമൊഴുകുന്ന സ്വര്‍ഗഭൂമികള്‍. വിശപ്പും ദാഹവുമറിയാത്ത സ്വര്‍ഗീയമായ നിത്യവാസം, ഹൗളുല്‍ കൗസറിലെ പാനീയം, സുലൈമാന്‍ നബിയുടെ അതിശയക്കൊട്ടാരം, സുലൈഖയെന്ന മൊഞ്ചത്തി, വാള്‍ത്തലപ്പുകളുടെ സീല്‍ക്കാരങ്ങള്‍, ചരിത്രത്തിന്റെ അനന്ത പഥങ്ങളിലൂടെ സഞ്ചരിക്കുന്ന മൂസാനബിയും ഈസാനബിയും, ദൈവത്തിന്റെ കാരുണ്യമഴയില്‍ നംറൂദൊരുക്കിയ തീജ്വാലകള്‍ ഇബ്രാഹിമിന് കുളിര്‍സ്പര്‍ശമാവുന്നു. മൂസാനബിയുടെ വടിയൊന്നു തൊട്ടപ്പോള്‍ ചെങ്കടല്‍ വഴിമാറുന്നു. മുത്തുനബിയുടെ കഥകളില്‍ ദൈവാനുഗ്രഹങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. ഈ കഥകള്‍ക്കൊപ്പം ഒഴുകിനടക്കുകയായിരുന്നു എന്റെ മനസ്സ്. സ്വര്‍ഗത്തിന്റെ പരിമളത്തില്‍, സ്വര്‍ഗീയ ജീവിതത്തിന്റെ ലഹരിയില്‍.

നോമ്പുകാലത്ത് പള്ളിയിലെ മതപ്രസംഗങ്ങളില്‍ നിന്നു കേട്ട കഥകള്‍ എന്റെ ഭാവനയെ ഉദ്ദീപിപ്പിച്ചുകൊണ്ടിരുന്നു. അവ എന്നെ ഏതൊക്കെയോ ലോകങ്ങളിലേക്ക് കൊണ്ടുപോയി. മുട്ടത്ത് വര്‍ക്കിക്കും വെളുത്ത ചെകുത്താന്മാര്‍ക്കും പിന്നീട് ബഷീറിനും ഉറൂബിനും എം.ടിയ്ക്കുമൊപ്പം നടന്നുതുടങ്ങിയപ്പോള്‍ ഈ കഥകളും എനിക്ക് കൂട്ടുവന്നു. അങ്ങനെ ഞാനുമൊരു കഥയെഴുതി. മാതൃഭൂമി ബാലപംക്തിയിലെ ഒരു മത്സരത്തില്‍ ആ കഥയ്ക്ക് രണ്ടാം സമ്മാനം കിട്ടി. തീര്‍ച്ചയായും നോമ്പുകാലത്ത് പള്ളിയില്‍ കേട്ട കഥകളില്‍നിന്നായിരുന്നു അതിന്റെ ക്രാഫ്റ്റ് രൂപപ്പെട്ടത്. പിന്നീട് എനിക്ക് കഥയില്ലാതായത് വേറെയൊരു കഥ.
നോമ്പുകാലത്ത് എന്നെ പ്രചോദിപ്പിച്ചിരുന്ന മറ്റൊരു ഗന്ധം ചീരോക്കഞ്ഞിയുടേതായിരുന്നു. അസര്‍ നിസ്‌കാരം കഴിഞ്ഞാല്‍ ഉമ്മ വെപ്പുപണി തുടങ്ങും. ചീരോക്കഞ്ഞിക്ക് കൊതിപിടിപ്പിക്കുന്ന മണമാണ്. കഠിനമായ വ്രതാനുഷ്ഠാനമുളവാക്കുന്ന ക്ഷീണം മറികടക്കാന്‍ ചീരോക്കഞ്ഞിയോളം പോന്ന മറ്റൊന്നില്ല. അതിന്റെ മണത്തോളം കൊതിപിടിപ്പിക്കുന്ന മറ്റൊരു മണവും നോമ്പോര്‍മകളിലുമില്ല. നോമ്പിന്റെ മറ്റൊരു ഗന്ധസ്മൃതിയാണ് ചക്കരപ്പുകയിലേത്. നോമ്പുകാലത്ത് ഞങ്ങളുടെ നാട്ടില്‍ വിരുന്നുവരുന്ന അതിഥിയായിരുന്നു ചക്കരപ്പുകയില നിറച്ച ബീഡി. തെരക്കൂട്ട് എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. സാധാരണ ബീഡിപ്പുകയിലയുടെ മണമല്ല. അതില്‍ നിന്നു വ്യത്യസ്തമായ ഒരു പ്രത്യേക തരം സുഗന്ധം. എന്റെ ചെറുപ്പത്തില്‍ നാട്ടില്‍ ഏതാണ്ടെല്ലാവരും ബീഡി വലിക്കും. ചിലര്‍ ചുരുട്ട്. അപൂര്‍വം ചില ശുജായിമാര്‍ സിഗരറ്റ് വലിക്കും. അതൊന്നുമില്ലാത്തവര്‍ വെറ്റിലയും അടക്കയും നൂറും കൂട്ടി മുറുക്കിത്തുപ്പും. കീഴ്ച്ചുണ്ടിനടിയില്‍ പുകയില വയ്ക്കുന്നവരുമുണ്ട്. പുകയിലയുടെ ഗന്ധം പ്രസരിക്കുന്ന അന്തരീക്ഷം അതില്‍ നിന്ന് വിമുക്തമാവുന്നത് നോമ്പുകാലത്താണ്. ആ സ്ഥാനത്തേക്കാണ് ചക്കരപ്പുകയിലയുടെ തൂമണം കടന്നുവരുന്നത്. ഇപ്പോള്‍ ഈ സ്‌പെഷല്‍ ബ്രാന്‍ഡും അതിന്റെ ഗന്ധ സുരഭിലതയും നാട്ടിലുണ്ടോ ആവോ!

പെരുന്നാളാവുമ്പോള്‍ ഈ ഗന്ധവൈവിധ്യങ്ങളിലേക്ക് മറ്റൊരു ഹൃദയഹാരിയായ മണം കൂടി കടന്നുവരുകയായി. മൈലാഞ്ചിച്ചോപ്പിന്റെ ഗന്ധം. മിക്കവാറും പെണ്ണുങ്ങളെല്ലാം മൈലാഞ്ചിയിടും; കുട്ടികളും. അന്ന് ഇന്നത്തെപ്പോലെ റെഡിമെയ്ഡ് മൈലാഞ്ചി ട്യൂബുകളില്ല. അവയിലെ രാസവസ്തുക്കള്‍ ചുരത്തുന്ന രൂക്ഷഗന്ധമില്ല. വര്‍ണശബളമായ ചിത്രങ്ങള്‍ വരയ്ക്കാനുള്ള ടെക്‌നോളജിയില്ല. വേലിയരികിലെ മൈലാഞ്ചിച്ചെടികള്‍ പെരുന്നാളടുക്കുമ്പോള്‍ തലനീട്ടിത്തരുന്നു. ഇല പറിച്ചരക്കുമ്പോള്‍ അത് മണമായി ചുറ്റും നിറയും. പിന്നീട് നിറമായി കൈവെള്ളയില്‍ വിരിയും. ചിത്രപ്പണികളായി മനസ്സില്‍ തെളിഞ്ഞുനില്‍ക്കും.
നോമ്പുകാലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഉപേക്ഷിച്ച ആഹാരത്തിന്റെ രുചിയോ ചൊല്ലിത്തീര്‍ത്ത പ്രാര്‍ഥനകളുടെ വിശുദ്ധിയോ മാത്രമല്ല മനസ്സിലേക്ക് കടന്നുവരാറുള്ളത്. അതിന്റെ ഗന്ധങ്ങളും നിറങ്ങളും കൂടിയാണ്. പുല്‍പ്പായയുടേയും ചീരോക്കഞ്ഞിയുടേയും മൈലാഞ്ചിയുടേയുമൊക്കെ മണങ്ങള്‍.

ആരാധനകള്‍ക്ക് പല തലങ്ങളുമുണ്ട്. ദൈവത്തോടുള്ള തേട്ടം അതിലൊന്നു മാത്രം. വ്യക്തികള്‍ കൈയെത്തിപ്പിടിക്കുന്ന അനുഭൂതികള്‍ മറ്റൊന്ന്. അതൊരു ഏച്ചുകെട്ടായിരിക്കാം. ഇത്തരം ഏച്ചുകെട്ടലുകളാണ് ആരാധനകളെ ഭാവതരളിതമാക്കുന്നത്. നോമ്പ് എനിക്കുള്ളത് എന്ന് വിശുദ്ധ ഖുര്‍ആനില്‍ പടച്ചതമ്പുരാന്‍. അതിന് അനാദിയും അനന്തനുമായ അവന്‍ പ്രതിഫലം തരും. എന്നാല്‍ നോമ്പിന്റെ ഗന്ധങ്ങള്‍ എനിക്കുള്ളത്. അവ ഈ മഹാപ്രപഞ്ചത്തിലെ എന്റെ സഞ്ചാരങ്ങളില്‍ തുണയായി അവന്‍ പണ്ടേ തന്നിരിക്കുന്നു, മിഴിതുറന്ന നാള്‍ മുതല്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.