2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ചതിയൻ

നോബൽ ജേതാവ് മാർക്വേസിന്റെ ‘പ്രകാശം ജലം പോലെയാണ്’ എന്ന കഥയിൽ കുട്ടികൾ ഒരു ബൾബ് പൊട്ടിക്കുകയും അതിൽ നിന്ന് കുത്തിയൊഴുകിയ പ്രകാശത്തിൽ തോണി തുഴയുകയും ചെയ്തതായി പറയുന്നുണ്ട്. ഇലക്ട്രിക്കൽ എൻജിനീയറായ നിതീഷ് കുമാറിന് ബൾബ് പൊട്ടിച്ചായാലും തോണി തുഴഞ്ഞ് അക്കരെയെത്തിക്കാനൊരു മിടുക്കുണ്ട്. അതിനിടയിൽ ആർക്കൊക്കെ ഷോക്കേൽക്കുമെന്നത് ഒരു പ്രശ്‌നമേയല്ല. 2020ൽ നേടിയ ജനവിധിക്ക് രണ്ടുവർഷം പിന്നിടും മുമ്പാണ് അമിത്ഷായെ കറണ്ടടിപ്പിച്ച് മഹാഘട്ബന്ധന് നിതീഷ് വീണ്ടും ജീവനിട്ടത്. മഹാരാഷ്ട്രയിൽ ഒരു മഹാജന സഖ്യത്തിന്റെ ഫ്യൂസ് ഊരിയതിന്റെ ആവേശം കെടുംമുമ്പ്.

നിതീഷ് കുമാർ കലർപ്പില്ലാത്ത ചതിയനാണെന്ന് എല്ലാർക്കും അറിയാം. പ്രത്യേകിച്ച് തേജസ്വി യാദവിന്. 2015ൽ ഇന്ത്യ ആവേശത്തോടെ കൊണ്ടാടിയ വിജയത്തെയാണ് രണ്ടുവർഷം പിന്നിട്ടപ്പോഴേക്കും കുത്തി മലർത്തി നിതീഷ് എൻ.ഡി.എയിലേക്ക് തിരിച്ചെത്തിയത്. അന്ന് തേജസ്വിക്കെതിരായ അഴിമതി ആരോപണത്തിൽ തൂങ്ങിയായിരുന്നു ഈ കുർമി നേതാവിന്റെ ചേരി മാറ്റം. ചേരി ഏതായാലും മുഖ്യമന്ത്രിക്കസേരയിൽ താൻ തന്നെ. ഇരുപത് വർഷത്തിനിടെ എട്ടാമതാണ് നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 2014ൽ പ്രധാനമന്ത്രിയായ ആൾ 2024ലും ആകുമെന്ന് ഉറപ്പുണ്ടോ എന്ന് നിതീഷ് ചോദിക്കുന്നിടത്താണ് ചതിക്ക് സ്വീകാര്യത ഉണ്ടാവുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ കൊടുങ്കാറ്റുകൾ പലതും ശക്തിനേടിയത് ഈ ബുദ്ധഭൂമിയിലാണ്. മൗര്യൻമാരുടെയും ഗുപ്തൻമാരുടെയും മുഗളരുടെയും പോരാട്ടങ്ങൾക്ക് പിന്നാലെ ദേശീയ സ്വാതന്ത്ര്യ സമരത്തിലെ വലിയ പ്രക്ഷോഭങ്ങൾക്ക് സാക്ഷിയായതും പഴയ മിഥിലാപുരിയാണ്. അടിയന്തരാവസ്ഥക്കെതിരായ ജെ.പി പ്രസ്ഥാനത്തിന് ഊർജം പകർന്ന നേതാക്കളായിരുന്നു ലാലുപ്രസാദും നിതീഷ്‌കുമാറും ജോർജ് ഫെർണാണ്ടസുമെല്ലാം. നിതീഷിനെ ഉയർത്തിക്കൊണ്ടുവന്ന ലാലുവിനുതന്നെ പണി കൊടുത്താണ് ജോർജ് ഫെർണാണ്ടസും നിതീഷും ചേർന്ന് സമത പാർട്ടി രൂപവൽക്കരിച്ച് ബി.ജെ.പിക്കൊപ്പം ചേർന്നത്. സമത പിന്നീട് ജനതാദൾ യുനൈറ്റഡിൽ ലയിച്ചു.

1977ലും 80ലും അസംബ്ലിയിലേക്ക് മത്സരിച്ചു തോറ്റ നിതീഷ് 1985ൽ നിയമസഭാംഗമായി. 1989ലാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നതും ജയിക്കുന്നതും. 1990ൽ ഏതാനും മാസം കൃഷി, സഹകരണ വകുപ്പ് മന്ത്രിയായി. 1998 മുതൽ 2004വരെ കാലത്ത് വാജ്‌പേയിയുടെ മന്ത്രിസഭയിൽ റെയിൽവേ, ഉപരിതല ഗതാഗതം, കൃഷി വകുപ്പുകളുടെ മന്ത്രിയായി. ഇതിനിടെ 2000ൽ ബിഹാർ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെങ്കിലും നിയമസഭയിൽ ഭൂരിപക്ഷം കിട്ടില്ലെന്ന് തോന്നിയതോടെ ഏതാനും ദിവസങ്ങൾക്കുള്ളിൽ രാജിവച്ച് കേന്ദ്ര മന്ത്രിസഭയിൽ തിരിച്ചെത്തി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വമ്പൻ തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയും ദലിതനായ ജിതൻ റാം മഞ്ചിയെ പിൻഗാമിയാക്കുകയും ചെയ്‌തെങ്കിലും പത്ത് മാസമായപ്പോഴേക്കും നിതീഷ്‌കുമാർ തിരിച്ചുവരാൻ ശ്രമിച്ചു. വിസമ്മതിച്ച മഞ്ചിക്ക് പാർട്ടിയിൽ നിന്ന് പുറത്തുപോകേണ്ടിയും വന്നു.
നരേന്ദ്രമോദിയുടെ എതിരാളിയെന്ന നിലയിൽ കൂടിയാണ് നിതീഷ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായത്. ഗുജറാത്ത് കലാപത്തിൽ നിരപരാധികളുടെ രക്തം ചിന്തിയ മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കിയതിനെ നിതീഷ് എതിർത്തു. മോദി ബിഹാറിൽ പ്രചാരണത്തിന് വരരുതെന്ന് നിതീഷ് പറഞ്ഞു. എന്നാൽ 2014ൽ ബിഹാറിലെ ഭൂരിപക്ഷം ലോക്‌സഭാ സീറ്റുകളും ബി.ജെ.പി തൂത്തുവാരി. മുൻ തെരഞ്ഞെടുപ്പിൽ 20 സീറ്റുണ്ടായിരുന്ന ജനതാദൾ യുവിന് കിട്ടിയത് വെറും രണ്ട് ലോക്‌സഭാംഗങ്ങളെ. മോദിയുടെ ഇന്ദ്രപ്രസ്ഥത്തിലെ ആരോഹണത്തിന്റെ തൊട്ടടുത്ത വർഷമാണ് ബിഹാറിലെ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ബദ്ധവൈരികളായ ജെ.ഡി.യുവും ആർ.ജെ.ഡിയും കൈകോർത്ത് മത്സരിക്കുകയും വിജയം നേടുകയും ചെയ്തത് വലിയ പ്രതീക്ഷയാണ് മതേതര വിശ്വാസികളിൽ ഉണ്ടാക്കിയത്. അദ്വാനിയുടെ രഥയാത്രക്ക് ചെക്ക് പറഞ്ഞ ലാലുപ്രസാദ് യാദവിന്റെ പാടലീപുത്രത്തിൽ നിന്ന് മോദിയുടെ തിരിച്ചുപോക്കിനുള്ള ആദ്യ വിസിൽ മുഴങ്ങിയെന്ന് കരുതി ആഹ്ലാദിച്ചവർക്ക് കയ്പുനീര് നൽകുന്നതായിരുന്ന 2017ലെ നിതീഷിന്റെ തിരിച്ചുപോക്ക്. സഖ്യത്തിൽ കൂടുതൽ സീറ്റ് രാഷ്ട്രീയ ജനതാദളിനായിരുന്നിട്ടും നിതീഷായിരുന്നു മുഖ്യമന്ത്രി. ലാലുവിന്റെ പുത്രൻ തേജസ്വിയാദവ് ഉപമുഖ്യമന്ത്രിയും. ചരിത്രം ആവർത്തിച്ചിരിക്കുന്നു. ബി.ജെ.പിയെ ഞെട്ടിച്ച് തേജസ്വിക്കൊപ്പം വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു.

2020ലെ തെരഞ്ഞടുപ്പിൽ കഷ്ടിച്ചാണ് എൻ.ഡി.എ അധികാരത്തിലേറിയത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷിനെ തന്നെ നിയോഗിച്ചു. നല്ല പാരപണിത് ജെ.ഡി.യുവിന്റെ സീറ്റുകൾ കുറച്ചത് ബി.ജെ.പിയാണെന്ന് നിതീഷിന് അറിയാം. എൻ.ഡി.എയുടെ ഭാഗമായ എൽ.ജെ.പിയുടെ ചിരാഗ് പാസ്വാനെ മുന്നിൽ നിർത്തിയാണ് നിതീഷിന്റെ ചിറകരിഞ്ഞത്. ബി.ജെ.പി നേതാക്കൾ സർക്കാരിൽ വലിയ തോതിൽ ഇടപെടാൻ തുടങ്ങിയത് നിതീഷിനെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. ജെ.ഡി.യുവിൽ പിളർപ്പുണ്ടാക്കി മഹാരാഷ്ട്ര മാതൃകയിൽ ഭരണം അട്ടിമറിക്കാനായിരുന്നു ബി.ജെ.പി.യുടെ നീക്കം. അതിനെ വളരെ സമർഥമായി നേരിട്ട നിതീഷ് 2005-10 കാലത്ത് ബിഹാറിനെ വലിയ തോതിൽ മുന്നിലെത്തിച്ചതായാണ് പ്രചാരണം. വിവിധ പത്രങ്ങളും ചാനലുകളുമെല്ലാം നിതീഷിനെ ഗ്രേറ്റ് ഇന്ത്യൻ ഓഫ് ദി ഇയർ ആയി പ്രഖ്യാപിച്ചിരുന്നു.
എത്ര ചതിയനായാലും നിതീഷിനെ 2024ലേക്ക് ആവശ്യമുണ്ടെന്ന് മതേതര ചേരി കരുതുന്നു. ഇനിയൊരു തിരിച്ചുപോക്ക് നിതീഷിന് അത്ര എളുപ്പമല്ല എന്ന് വിശ്വസിക്കുകയും ചെയ്യുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.