2021 September 27 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബിഷപ്പിനെ പിന്തുണച്ച് തൃശൂര്‍ യു.ഡി.എഫ്; വിവാദമായപ്പോള്‍ തിരുത്തി

 

പ്രസ്താവന തെറ്റായി അയച്ചതാണെന്ന് വിശദീകരണം

തൃശൂര്‍: വിവാദ പരാമര്‍ശം നടത്തിയ പാലാ ബിഷപ്പിനെ പിന്തുണച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന. വിവാദമായതോടെ വാര്‍ത്താക്കുറിപ്പിറക്കിയ യു.ഡി.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി മണിക്കൂറുകള്‍ക്കകം മലക്കം മറിഞ്ഞു. തൃശൂര്‍ ഡി.സി.സി ഓഫിസില്‍ ലീഗ് അംഗങ്ങളില്ലാതെ നടന്ന യു.ഡി.എഫ് യോഗത്തിന് ശേഷമാണ് പാലാ ബിഷപ്പിനെ പിന്തുണച്ചു കൊണ്ടുള്ള പ്രസ്താവന മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
ഒരു മതത്തിനും ബിഷപ്പ് എതിരല്ല. സദുദ്ദേശ്യത്തോടുകൂടി ബിഷപ്പ് നടത്തിയ പ്രസ്താവനയില്‍ അനാവശ്യ വിവാദം ഉണ്ടാക്കുന്നത് അപലപനീയമാണെന്നും സാമൂഹ്യ വിപത്തായ ലൗ ജിഹാദ് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കണമെന്നുമായിരുന്നു വാര്‍ത്താകുറിപ്പ്. സംസ്ഥാനത്ത് മതസൗഹാര്‍ദം തകര്‍ക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ഗൂഢനീക്കത്തിനു തടയിടാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, രണ്ട് മണിക്കൂറിന് ശേഷം ഡി.സിസി മെയിലില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് പുതിയ വാര്‍ത്താകുറിപ്പ് വന്നു. പ്രസിദ്ധീകരണത്തിനായി മുമ്പ് അയച്ച വാര്‍ത്താകുറിപ്പ് നീക്കം ചെയ്ത് ഈ വാര്‍ത്ത പ്രസിദ്ധീകരിക്കണമെന്നും മുമ്പ് നല്‍കിയ വാര്‍ത്താകുറിപ്പ് തെറ്റായി നല്‍കപ്പെട്ടതാണെന്നുമായിരുന്നു വിശദീകരണം.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ സംസ്ഥാന യു.ഡി.എഫ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സെപ്റ്റംബര്‍ 20നു നിയോജകമണ്ഡലം തലത്തില്‍ നടത്തുന്ന സമരം ശക്തമാകാന്‍ തീരുമാനിച്ച വിവരവും ജില്ലയിലെ യു.ഡി.എഫിന്റെ നഷ്ടപെട്ട പ്രതാപം വീണ്ടെടുക്കുന്നതിന്റെ തുടക്കമാണ് ഈ സമരമെന്നുമായിരുന്നു പുതുതായി നല്‍കിയ വാര്‍ത്ത. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരാണ് യോഗം ഉദ്ഘാടനം ചെയ്തത്. ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, ജില്ലാ കണ്‍വീനര്‍ കെ.ആര്‍ ഗിരിജന്‍, അഡ്വ. തോമസ് ഉണ്ണിയാടന്‍, എം.പി വിന്‍സെന്റ്, ജോസഫ് കുര്യന്‍, പി.എം ഏലിയാസ്, ഉമ്മര്‍ ചെറുവയില്‍, പി.ആര്‍.എന്‍ നമ്പിശന്‍, മാര്‍ട്ടിന്‍ പോള്‍, മനോജ് ചിറ്റിലപ്പിള്ളി, കെ.സി കാര്‍ത്തികേയന്‍, കെ.എന്‍ പുഷ്പംഗതന്‍, പി.എ മാധവന്‍, ടി.വി ചന്ദ്രമോഹന്‍, കെ.കെ കൊച്ചു മുഹമ്മദ്, സി.വി കുര്യക്കോസ്, ജോസഫ് ടാജറ്റ്, രാജേന്ദ്രന്‍ അരങ്ങത്ത്, സി.ഒ ജേക്കബ് തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.