2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ഏകീകൃത വ്യക്തിനിയമ മറവില്‍ നടപ്പാവുക ഹിന്ദുത്വ അജന്‍ഡ


 

കാലഹരണപ്പെട്ട വ്യക്തിനിയമങ്ങളെന്ന പേരില്‍ മുസ്‌ലിം ശരീഅത്ത് നിയമങ്ങളടക്കമുള്ള ന്യൂനപക്ഷനിയമങ്ങളില്‍ പലതും റദ്ദ് ചെയ്യാന്‍ എന്‍.ഡി.എ ഭരണകൂടം അണിയറയില്‍ നീക്കം തുടങ്ങിയിരിക്കുകയാണ്. ആദ്യഘട്ടമെന്ന നിലയില്‍ മുസ്‌ലിം വ്യക്തിനിയമം ഉള്‍പ്പെടെ 52 നിയമങ്ങള്‍ പുനഃപരിശോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. നിയമം രൂപീകരിച്ച കാലത്തെ സാഹചര്യത്തില്‍നിന്ന് സമൂഹം ഏറെ മാറിപ്പോയിട്ടുണ്ടെന്ന ന്യായം പറഞ്ഞാണ് മുസ്‌ലിം വ്യക്തിനിയമത്തിലടക്കം ഭേദഗതി വരുത്താന്‍ ബി.ജെ.പി സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഇതു സംബന്ധിച്ചുള്ള സൂചന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ മാസം ലഖ്‌നോവില്‍ ബി.ജെ.പി സമ്മേളനത്തില്‍ നല്‍കിയതാണ്. ‘വാഗ്ദാനം ചെയ്യപ്പെട്ടതു പോലെ കശ്മിരിനു പ്രത്യേക അവകാശം നല്‍കുന്ന 370ാം വകുപ്പ് നാം എടുത്തുകളഞ്ഞു. മുത്വലാഖ് നിരോധിക്കുമെന്ന നമ്മുടെ വാഗ്ദാനം നിറവേറ്റി. രാമക്ഷേത്ര നിര്‍മാണത്തിനു തുടക്കം കുറിച്ചു. മറ്റൊരു വാഗ്ദാനമായ ഏക സിവില്‍കോഡും നാം നടപ്പാക്കാന്‍ പോകുകയാണ്’ ഇതായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പ്രസംഗ ചുരുക്കം.

2016ല്‍ ഏകീകൃത വ്യക്തിനിയമം കൊണ്ടുവരുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ അന്നത്തെ കേന്ദ്ര നിയമമന്ത്രി ഡി.വി സദാനന്ദ ഗൗഡ ജസ്റ്റിസ് ബി.എസ് ചൗഹാന്‍ കമ്മിഷനെ നിയമിച്ചുവെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ രാജ്യത്തിന് ഏകീകൃത വ്യക്തിനിയമം അത്യാവശ്യമോ, അഭികാമ്യമോ അല്ലെന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാരിനു കമിഷന്‍ നല്‍കിയത്. രാഷ്ട്രത്തിനു മതമില്ല. എന്നാല്‍ ഏതൊരു വ്യക്തിക്കും ഏതു മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടെന്ന് ഭരണഘടനയുടെ 25, 26 അനുച്ഛേദം വ്യക്തമാക്കുന്നുണ്ട്.

മുസ്‌ലിം വ്യക്തിനിയമത്തിനെതിരേയും ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനു വേണ്ടിയും നിരവധി ഹരജികളാണ് അഭിഭാഷകനും ബി.ജെ.പി നേതാവും കൂടിയായ അശ്വനി കുമാര്‍ ഇതിനകം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്. ഇയാളുടെ ഹരജികളെല്ലാം പല ഘട്ടങ്ങളിലായി സുപ്രിംകോടതി തള്ളിക്കളഞ്ഞതാണ്. എന്നാലും മുസ്‌ലിം വ്യക്തിനിയമത്തിനെതിരേ നിത്യവ്യവഹാരവുമായി ഇയാള്‍ സുപ്രിംകോടതി കയറിയിറങ്ങിക്കൊണ്ടിരിക്കുന്നു. നിരര്‍ഥകമായ ഹരജികള്‍ സമര്‍പ്പിച്ച് സുപ്രിംകോടതിയുടെ വിലപ്പെട്ട സമയം അപഹരിച്ചുകൊണ്ടിരിക്കുന്ന ഇയാളെ ശല്യക്കാരനായ വ്യവഹാരിയായി സുപ്രിംകോടതി പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.

പൗരത്വ രജിസ്റ്ററിനു പിന്നാലെ മുസ്‌ലിം വ്യക്തിനിയമങ്ങളില്‍ ഭേദഗതി വരുത്താനുള്ള നീക്കം യാദൃച്ഛികമല്ല. പൗരത്വ രജിസ്റ്ററിനു പിന്നാലെ ഏകീകൃത വ്യക്തിനിയമം കൊണ്ടുവരുമെന്ന് ബി.ജെ.പി നേതാക്കള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയുമാണ്. തലമുറകളായി ഇവിടെ ജീവിച്ചുപോരുന്നവരാണ് മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ എന്ന യാഥാര്‍ഥ്യം സംഘ്പരിവാര്‍ ഭാഷയില്‍ പൗരത്വത്തിനുള്ള മാനദണ്ഡമല്ല. അതിനു രേഖകള്‍ തന്നെ വേണം. അല്ലെങ്കില്‍ തടങ്കല്‍പ്പാളയം എന്നാണവര്‍ കാണുന്ന പ്രതിക്രിയ. രേഖകള്‍ സമര്‍പ്പിക്കപ്പെട്ടവര്‍ക്ക് പിന്നാലെ വരുന്നതാണ് ഏകീകൃത വ്യക്തിനിയമം. ഏക സിവില്‍കോഡ് കൊണ്ട് ഭരണഘടന ഉദ്ദേശിക്കുന്നത് ജാതി, മത, വര്‍ഗ വ്യത്യാസം ഇല്ലാതെ രാഷ്ട്രത്തിലെ ഏതു പൗരന്റെയും വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ജീവനാംശം എന്നിവയെ സംബന്ധിക്കുന്ന പൊതുവായ നിയമനിര്‍മാണമാണ്. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഏക സിവില്‍കോഡ് ഭരണഘടന വിഭാവനം ചെയ്യുന്ന ഈ രീതിയിലുള്ളതല്ല. ഭരണഘടനയില്‍ പറയുന്ന പ്രകാരം ഏക സിവില്‍കോഡ് നിയമം നടപ്പാക്കാന്‍ ബ്രാഹ്മണ്യത്തിന്റെ മേധാവിത്വമുള്ള ആര്‍.എസ്.എസ് തയാറാവില്ല. തികച്ചും ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ ഏകശിലാ ഭരണമായിരിക്കും ഏകീകൃത വ്യക്തിനിയമത്തിന്റെ മറവില്‍ ബി.ജെ.പി നടപ്പാക്കുക. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ബ്രാഹ്മണാധിപത്യമുള്ള ഗ്രാമപഞ്ചായത്തുകളും ജാതി ഖാപ് പഞ്ചായത്തുകളുമാണ് വ്യക്തിനിയമങ്ങള്‍ നിര്‍വചിക്കുന്നതും നടപ്പിലാക്കുന്നതും. ഇതിന് ആര്‍.എസ്.എസ് എതിരുമല്ല. അതെല്ലാം ഭാരതീയ സംസ്‌കാരത്തിന്റെ പ്രതീകങ്ങളാണെന്നാണ് ആര്‍.എസ്.എസ് ഭാഷ്യം.

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലുള്ള ജാതിവ്യവസ്ഥയും അനാചാരങ്ങളും അധഃസ്ഥിതരോടുള്ള നീതിനിഷേധവും ഏക സിവില്‍കോഡ് വന്നാലും ഇല്ലാതാകാന്‍ പോകുന്നില്ല. ചില സമൂഹങ്ങള്‍ക്കിടയിലെ ബഹുഭാര്യാത്വവും അവസാനിക്കുവാന്‍ പോവുന്നില്ല. പെണ്‍മക്കള്‍ക്ക് അനന്തരാവകാശം നിഷേധിക്കുന്നതും തുടര്‍ന്നേക്കാം. ഹരിയാന, യു.പി എന്നിവിടങ്ങളിലെ ഉള്‍ഗ്രാമങ്ങളില്‍ നടക്കുന്ന സവര്‍ണ മേധാവിത്വത്തിലുള്ള വ്യക്തിനിയമങ്ങള്‍ തന്നെയായിരിക്കും ഏക സിവില്‍കോഡ് നടപ്പിലായാലും സംഭവിക്കുക.

മുസ്‌ലിംകളടക്കമുള്ള മത ന്യൂനപക്ഷങ്ങളുടെ പൗരാവകാശങ്ങള്‍ നിഷേധിക്കുക എന്ന ഹിന്ദുത്വ അജന്‍ഡയാണ് ഏകീകൃത സിവില്‍ നിയമം കൊണ്ട് സംഘ്പരിവാര്‍ ഉദ്ദേശിക്കുന്നത്. ഭരണഘടനയുടെ 44ാം ഖണ്ഡികയില്‍ ഏകീകൃത വ്യക്തിനിയമം നടപ്പിലാക്കുന്നതിനുള്ള ശ്രമം രാഷ്ട്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് പറയുന്നതിന്റെ ചുവടുപിടിച്ചാണ് രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പിലാക്കാന്‍ ഭരണകൂടം കൊണ്ടുപിടിച്ച ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയില്‍ ഓരോ വ്യക്തിക്കും മതവിശ്വാസിക്കും വ്യക്തിപരമായതും കുടുംബപരമായതുമായ വിഷയങ്ങളില്‍ അവന്റെ മതം അനുശാസിക്കുന്ന രീതിയില്‍ ജീവിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. ഏതെങ്കിലുമൊരു ഘട്ടത്തില്‍ രാജ്യത്ത് ഏകീകൃത വ്യക്തിനിയമം നടപ്പിലാക്കാന്‍ സമയമായെന്ന വിധത്തില്‍ കോടതിയില്‍ നിന്ന് നിരീക്ഷണമുണ്ടായാല്‍, ന്യൂനപക്ഷ വിരുദ്ധമായ ഏകീകൃത വ്യക്തിനിയമമായിരിക്കും ഉണ്ടാവുക. തികച്ചും ചാതുര്‍വര്‍ണ്യത്തില്‍ അധിഷ്ഠിതമായൊരു ഹിന്ദുത്വ ഏകീകൃത നിയമമായിരിക്കുമത്.

മുന്‍പും ഏകീകൃത വ്യക്തിനിയമത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ രാജ്യത്തു നടന്നിരുന്നു. പക്ഷേ അവയൊന്നും ഇത്രമാത്രം രൂക്ഷമായിരുന്നില്ല. മുന്‍പ് ഭരിച്ചിരുന്നവര്‍ മതനിരപേക്ഷ കക്ഷികളായിരുന്നുവെന്ന് പൂര്‍ണാര്‍ഥത്തില്‍ വിലയിരുത്താന്‍ കഴിയില്ലെങ്കിലും ഇത്രമേല്‍ ആശങ്ക പരത്തുംവിധമുള്ള ഏകീകൃത വ്യക്തിനിയമ ചര്‍ച്ചകള്‍ നടന്നിരുന്നില്ല. പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിക്കുന്നതിലേക്കാണ് നിയമമന്ത്രാലയം എല്ലാ വകുപ്പുകളിലേക്കും മന്ത്രാലയങ്ങളിലേക്കും നിര്‍ദേശങ്ങള്‍ അയച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ ബില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ മുത്വലാഖ് വിഷയത്തില്‍ എടുത്ത നിലപാട് തന്നെയായിരിക്കുമോ പ്രതിപക്ഷത്തിരിക്കുന്ന രാജ്യത്തെ പ്രമുഖ മതേതര, ജനാധിപത്യ പാര്‍ട്ടികള്‍ എടുക്കുക എന്നതും ഈ സന്ദര്‍ഭത്തില്‍ ആശങ്കപ്പെടേണ്ടതുണ്ട്.

ന്യൂനപക്ഷങ്ങളടെ സാംസ്‌കാരികവും മതപരവുമായ ഭരണഘടനാ സംരക്ഷണം നിരാകരിക്കുന്നിടത്ത് ഭൂരിപക്ഷാധിപത്യം ഉടലെടുക്കുമെന്നതിനു സംശയമില്ല. അതാണ് ലക്ഷദ്വീപില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും. ഭൂരിപക്ഷാധിപത്യത്തിന്റെ സമ്പൂര്‍ണാധികാരം നടപ്പിലാക്കുന്നിടത്തുനിന്നും സമ്പൂര്‍ണമായ ഫാസിസത്തിലേക്ക് ഏറെ ദൂരമില്ല. അതിനാല്‍ തന്നെ ഏകീകൃത സിവില്‍ നിയമം മുസ്‌ലിം ന്യൂനപക്ഷത്തെ മാത്രം ബാധിക്കുന്നതുമായിരിക്കില്ല. ഏക സിവില്‍കോഡിനെതിരേയുള്ള പോരാട്ടം മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ മാത്രം ബാധ്യതയല്ലെന്ന് തിരിച്ചറിഞ്ഞ് ജനതയുടെ ഒറ്റക്കെട്ടായുള്ള, ഏകീകൃത വ്യക്തിനിയമത്തിനെതിരേയുള്ള വിയോജിപ്പിന്റെ സ്വരമാണിപ്പോള്‍ ഉയരേണ്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.