2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ ഡ്രൈവര്‍മാരെ തിരികെ കൊണ്ടുവരണം


കേരളത്തില്‍നിന്ന് ഇതര സംസ്ഥാന തൊഴിലാളികളുമായി അസം, ബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍ സംസ്ഥാനങ്ങളിലേക്കുപോയ നാനൂറോളം ബസുകളും ആയിരത്തോളം ജീവനക്കാരും ഒന്നരമാസമായി കുടുങ്ങിക്കിടക്കുകയാണ്. മതിയായ ഭക്ഷണമോ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമോ ലഭിക്കാതെ നരകിക്കുകയാണ് ഇവിടെനിന്ന് പോയ ഡ്രൈവര്‍മാര്‍. ഇതിനിടയില്‍ ജയ്ഗുരു ബസിലെ ഡ്രൈവര്‍ നജീബ് ബംഗാള്‍-അസം അതിര്‍ത്തിയിലെ ആലിപ്പൂരില്‍ കുഴഞ്ഞുവീണു മരിക്കുകയുണ്ടായി. മതിയായ ചികിത്സ കിട്ടാതെയാണ് നജീബ് മരിച്ചത്. മേപ്പയൂരില്‍ നിന്നുള്ള മറ്റൊരു ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായ വിവരവുംകൂടി ലഭിച്ചതോടെ ഡ്രൈവര്‍മാര്‍ അവരുടെ മടക്കയാത്രയെ കുറിച്ചു ഏറെ ആശങ്കാകുലരായിരിക്കുകയാണ്.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇതര സംസ്ഥാന തൊഴിലാളികളുമായി സ്വകാര്യ ടൂറിസ്റ്റുബസുകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കു പോയത്. പത്ത് ദിവസത്തിനുള്ളില്‍ തിരിച്ചെത്താമെന്ന ഉറപ്പുനല്‍കിയായിരുന്നു ഏജന്റുമാര്‍ ഇതര സംസ്ഥാന തൊഴിലാളികളെ അവരവരുടെ നാടുകളില്‍ എത്തിക്കാന്‍ ബസ് ഡ്രൈവര്‍മാരെ ശട്ടംകെട്ടിയത്. എന്നാല്‍ തെരഞ്ഞെടുപ്പു കഴിഞ്ഞിട്ടും തൊഴിലാളികള്‍ കേരളത്തിലേക്കുമടങ്ങാന്‍ തയാറാകാതിരുന്നത് മടക്കയാത്ര നീളാന്‍ കാരണമായി. ഇതിനിടയിലാണ് കൊവിഡ് രണ്ടാംതരംഗം രാജ്യത്ത് രൂക്ഷമാകാന്‍ തുടങ്ങിയത്. ഇതോടെ ഇവിടെനിന്നു പോയ ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങാന്‍ പിന്നെയും മടിച്ചു. കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും അവരുടെ മടക്കയാത്ര പിന്നെയും അവതാളത്തിലാക്കി. മാത്രമല്ല കടന്നുവരേണ്ട സംസ്ഥാനങ്ങളിലെ പല ജില്ലകളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മടക്കയാത്ര വീണ്ടും അനിശ്ചിതത്വത്തിലാക്കി.

അസം സര്‍ക്കാര്‍ അവിടെ കുടുങ്ങിയ ഡ്രൈവര്‍മാര്‍ക്ക് സഹായം നല്‍കുന്നുണ്ടെങ്കിലും തിരിച്ചുവരവിന് ഉറപ്പുനല്‍കാന്‍ അവര്‍ക്കും കഴിയുന്നില്ല. ബസുകളുടെ പെര്‍മിറ്റുകള്‍ റദ്ദായിപ്പോയത് ഓണ്‍ലൈന്‍ വഴി പുതുക്കി നല്‍കാമെന്നു കേരള സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അവരുടെ തിരിച്ചുവരവിന് വഴിയൊരുക്കാന്‍ ഗതാഗത വകുപ്പിനും ഗതാഗത മന്ത്രിക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ ഡ്രൈവര്‍മാരെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ടെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഗതാഗത മന്ത്രി ആന്റണി രാജു പറത്തതാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ ഗതാഗത വകുപ്പിന്റെ ഭാഗത്തുനിന്നോ സക്രിയമായ ഇടപെടല്‍ ഇതുവരെ ഉണ്ടായിട്ടില്ല.

ബസുകള്‍ കൊണ്ടുപോകാന്‍ കരാറെടുത്തിരുന്ന ഏജന്റുമാരും മുങ്ങിയിരിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടില്‍ എത്തിച്ചതിന്റെ ചാര്‍ജ് മാത്രം കൊടുത്താണ് ഏജന്റുമാര്‍ മുങ്ങിയിരിക്കുന്നത്. തൊഴിലാളികളെ തിരികെ കൊണ്ടുവരാതെ ഒഴിഞ്ഞ ബസുകളുമായി മാത്രം തിരിച്ചുവരുന്നത് ബസ് ഉടമകളെ സംബന്ധിച്ച് വലിയ നഷ്ടം വരുത്തിവയ്ക്കുമെന്നാണവര്‍ പറയുന്നത്. അസമില്‍ നിന്നും ബംഗാളില്‍ നിന്നും ഒഴിഞ്ഞ ബസുകളുമായി പോന്നാലും വഴിയില്‍ ഇന്ധനം നിറയ്ക്കാന്‍ അന്‍പതിനായിരത്തിലധികം രൂപ ചെലവാകും. വഴിയിലെ ടോള്‍ പ്ലാസകളിലും ചെക്ക് പോസ്റ്റുകളിലെ പരിശോധനകള്‍ക്ക് കോഴയും കൊടുക്കേണ്ടിവരും. എല്ലാംകൂടി ലക്ഷത്തിനുമീതെ ഓരോ ബസിനും ചെലവാക്കേണ്ടിവരുമ്പോള്‍ ബസ് ഉടമകള്‍ക്ക് അതു വലിയനഷ്ടം വരുത്തിവയ്ക്കുമെന്നതിനാല്‍ അവരും ബസ് ജീവനക്കാരെ തിരികെ കൊണ്ടുവരാന്‍ ഉത്സാഹം കാണിക്കുന്നില്ല. ഇത്തരമൊരു ചുറ്റുപാടില്‍ പരിഭ്രാന്തമായ ഒരവസ്ഥയിലൂടെയാണ് ബസ് ജീവനക്കാരുടെ ദിവസങ്ങള്‍ കടന്നുപോകുന്നത്.

ബസ് തൊഴിലാളികളെ തിരികെ കൊണ്ടുവരാന്‍ എറണാകുളത്ത് മോട്ടോര്‍ വകുപ്പിന്റെ കീഴില്‍ കണ്‍ട്രോള്‍ റൂം തുറന്നിരുന്നു. അതിന്റെ പ്രവര്‍ത്തനം എത്രത്തോളമെത്തിയെന്നത് സംബന്ധിച്ചു പിന്നീട് വിവരമില്ല. മറ്റു സംസ്ഥാനങ്ങളിലെ ഉന്നതോദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരെ ബസുമായി തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. അതേപ്പറ്റിയും പിന്നീട് വിശദവിവരങ്ങളൊന്നും ഉണ്ടായില്ല. പല ജില്ലകളും അടച്ചിട്ടതും കണ്ടെയ്ന്‍മെന്റ് സോണുകളായതും ബസ് ജീവനക്കാരുടെ മടക്കയാത്രക്ക് മറ്റൊരു തടസമായി നില്‍ക്കുന്നുണ്ടെങ്കില്‍ സംസ്ഥാന ഗതാഗത വകുപ്പിനു പ്രശ്‌നത്തില്‍ ഇടപെട്ട് തീര്‍ക്കാവുന്നതേയുള്ളൂ. എന്നാല്‍ എന്താണെന്നറിയില്ല, ബസ് ജീവനക്കാരുടെ മടക്കയാത്ര എന്നുണ്ടാകുമെന്ന് ഉറപ്പുപറയുവാന്‍ ഇപ്പോഴും ഗതാഗത മന്ത്രിക്ക് കഴിയുന്നില്ല.

എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ബസ് തൊഴിലാളികളുടെ യാത്ര അനന്തമായി നീളുന്നത് അവരെ മാനസികമായും ശാരീരികമായും തളര്‍ത്തിയിരിക്കുകയാണ്. കൂടെയുള്ളവരില്‍ രണ്ടുപേരുടെ മരണങ്ങളും അവരെ കൂടുതല്‍ ഭയചകിതരാക്കിയിട്ടുണ്ട്. പലരും കൊവിഡ് ബാധിതരായി ആശുപത്രികളില്‍ ചികിത്സയിലാണ്. അസമിലെ മൊറിഗാവോന്‍ ജില്ലയില്‍ കുടുങ്ങിയ ബസ് തൊഴിലാളികളാണ് കൊവിഡ് ബാധിച്ചു ചികിത്സയിലുള്ളത്. വാഹനങ്ങള്‍ കൂടുതല്‍ ദിവസം നിര്‍ത്തിയിട്ടതോടെ അവയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. ദീര്‍ഘദൂരയാത്രക്ക് ബസുകളെ സജ്ജമാക്കാന്‍ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. ദീര്‍ഘനാള്‍ ബസുകള്‍ നിര്‍ത്തിയിട്ടതിന്റെ പാര്‍ക്കിങ്ങും പ്രശ്‌നമായിരിക്കുന്നു. ബസ് ജീവനക്കാരാണെങ്കില്‍ കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയിലും. നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് കുടുങ്ങിപ്പോയ ബസ് ജീവനക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് നിരവധി തവണ അപേക്ഷിച്ചുവെങ്കിലും സര്‍ക്കാര്‍ ഭാഗത്തുനിന്നു ഇതുവരെ അനുകൂലമായ ഒരു നീക്കവും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഈ ഉദാസീനഭാവം വെടിഞ്ഞ് ബംഗാളിലും അസമിലും ബിഹാറിലും ജാര്‍ഖണ്ഡിലും കുടുങ്ങിപ്പോയ ബസ് ജീവനക്കാരെ എത്രയും പെട്ടെന്ന് തിരിച്ചുകൊണ്ടുവരുവാന്‍ അടിയന്തരനടപടി സ്വീകരിക്കുകയാണ് വേണ്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.