2021 July 27 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ഇസ്‌റാഈല്‍ ഭരണമാറ്റം ഫലസ്തീന് ആശ്വാസമാകുമോ?


ഫലസ്തീനിനെ അക്രമിച്ച്, ജനങ്ങളില്‍ ദേശീയ വികാരമുണര്‍ത്തി അധികാരത്തില്‍ തുടരാമെന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മനക്കോട്ട തകര്‍ന്നെങ്കിലും നെതന്യാഹു യുഗത്തിന്റെ അന്ത്യം ഫലസ്തീന്‍ ജനതയുടെ പൂര്‍ണ സ്വാതന്ത്ര്യമെന്ന സ്വപ്നം അടുത്ത കാലത്തൊന്നും സഫലമാകുകയില്ല. ഇസ്‌റാഈലി ഭരണമാറ്റത്തോടെ തകര്‍ന്നുവീണത് നെതന്യാഹുവിന്റെ 12 വര്‍ഷത്തെ ഭരണമേല്‍ക്കോയ്മയാണ്. തുടര്‍ച്ചയെന്നോണം യാമിന പാര്‍ട്ടി നേതാവ് നഫ്താലി ബെന്നറ്റ് ഇസ്‌റാഈലി പ്രധാനമന്ത്രിയായി അധികാരമേറ്റിരിക്കുകയാണ്. നെതന്യാഹുവിനേക്കാളും ഒരു കഴഞ്ച് കൂടുതല്‍ തീവ്ര വലതുപക്ഷക്കാരനായ ബെന്നറ്റ് ഇസ്‌റാഈലി പ്രധാനമന്ത്രിയായതുകൊണ്ട് ഫലസ്തീന്‍ ജനതയോടുള്ള നയത്തില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി കേവല ഭൂരിപക്ഷം നേരിടുന്നതില്‍ പരാജയപ്പെട്ടിരുന്നു. രണ്ട് വര്‍ഷത്തിനിടെ നാല് പൊതുതെരഞ്ഞെടുപ്പുകള്‍ നടന്നിട്ടും ആര്‍ക്കും കേവലഭൂരിപക്ഷം കിട്ടിയില്ല. പ്രതിപക്ഷത്തെ ചെറുകക്ഷികളെ കൂട്ടുപിടിച്ച് മന്ത്രിസഭയുണ്ടാക്കാന്‍ നെതന്യാഹു നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. പ്രതിപക്ഷത്തെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി മറ്റു ചെറുകക്ഷികളെ കൂട്ടുപിടിച്ച് അധികാരത്തില്‍ വരുമെന്ന് ഉറപ്പായതോടെയാണ് അല്‍ അഖ്‌സയില്‍ പ്രകോപനം സൃഷ്ടിച്ച് സമീപപ്രദേശമായ ശൈഖ് ജറാഹില്‍ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കാന്‍ നെതന്യാഹു ശ്രമം നടത്തിയത്. ഇതിലൂടെ ഹമാസിനെ സംഘര്‍ഷത്തിലേക്ക് വലിച്ചുകൊണ്ടുവരിക എന്നതായിരുന്നു നെതന്യാഹുവിന്റെ ലക്ഷ്യം. അതുവഴി ഫലസ്തീനുമായി യുദ്ധത്തിലേര്‍പ്പെടുകയും തുടര്‍ന്ന് പ്രതിപക്ഷത്തെ പ്രധാന കക്ഷികളുടെ പിന്തുണയോടെ അധികാരത്തില്‍ തുടരുകയും ചെയ്യുക. ഇതായിരുന്നു നെതന്യാഹുവിന്റെ പദ്ധതി. യുദ്ധം നടത്താന്‍ കഴിഞ്ഞെങ്കിലും, വീണ്ടും പ്രധാനമന്ത്രിയാവുകയെന്ന മോഹം പൂവണിയാതെ പോയി.

പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് മന്ത്രിസഭയുണ്ടാക്കാന്‍ തിരക്കിട്ട ശ്രമങ്ങള്‍ നടത്തുമ്പോഴാണ് ഗസക്കുമേല്‍ നെതന്യാഹുവിന്റെ പട്ടാളം ബോംബ് വര്‍ഷിച്ചത്. അതോടെ ലാപിഡിന്റെ മന്ത്രിസഭാ രൂപീകരണത്തിന് നല്‍കിയ പിന്തുണ അറബ് പാര്‍ട്ടി പിന്‍വലിക്കുകയും മന്ത്രിസഭാ രൂപീകരണം പ്രതിസന്ധിയിലാവുകയും ചെയ്തു.

തന്റെ തന്ത്രം വിജയിക്കുകയാണെന്നു കരുതിയ നെതന്യാഹുവിന് ആഹ്ലാദിക്കാന്‍ വക നല്‍കുന്നതായിരുന്നില്ല തുടര്‍ന്നുണ്ടായ സംഭവങ്ങള്‍. ഹമാസില്‍ നിന്നു തുടരെത്തുടരെയുണ്ടായ മിസൈല്‍ ആക്രമണം ഇസ്‌റാഈലിലും ആള്‍ നഷ്ടവും സ്വത്ത് നാശവും വരുത്തുന്നുണ്ടായിരുന്നു. മുന്‍പത്തേതില്‍ നിന്നു വ്യത്യസ്തമായി ഇപ്പോഴത്തെ ആക്രമണത്തിനെതിരേ ലോക രാഷ്ട്രങ്ങള്‍ രംഗത്ത് വന്നത് നെതന്യാഹു പ്രതീക്ഷിച്ചതായിരുന്നില്ല. റഷ്യയും ബ്രിട്ടനും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങള്‍ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ചുകൊണ്ടിരുന്നത് നെതന്യാഹുവിന് ആഘാതമായി. ഇസ്‌റാഈലിനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയും യുദ്ധത്തെ എതിര്‍ത്തു.ഇസ്‌റാഈല്‍ ആക്രമണം യുദ്ധക്കുറ്റമായി കാണേണ്ടിവരുമെന്ന് യു.എന്‍ പൊതുസഭാ പ്രസിഡന്റ് വോള്‍ക്കാന്‍ വോസ്‌ക്കര്‍ നല്‍കിയ മുന്നറിയിപ്പും നെതന്യാഹുവിന് തിരിച്ചടിയായി. ഇസ്‌റാഈലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ ഇസ്‌റാഈലിനെ പിന്തുണച്ചുവെങ്കിലും പിന്നീട് മൗനം പാലിക്കുകയായിരുന്നു. തുടര്‍ന്ന് ഇസ്‌റാഈലിനു യുദ്ധം അവസാനിപ്പിക്കേണ്ടി വന്നു. മുന്‍പത്തെ പോലെ പിന്തുണ ഇസ്‌റാഈലിന് ലോകരാഷ്ട്രങ്ങളില്‍ നിന്നു കിട്ടിയില്ല. ഈ ബോധ്യത്തില്‍ നിന്നു, ട്രംപ് നല്‍കിയതുപോലുള്ള പൂര്‍ണ പിന്തുണ ജോ ബൈഡനില്‍ നിന്നു കിട്ടുകയില്ലെന്നുമുള്ള തിരിച്ചറിവാണ് നെതന്യാഹുവിനെ തോക്ക് താഴെവയ്ക്കാന്‍ നിര്‍ബന്ധിതനാക്കിയത്. അല്ലാതെ ഈജിപ്ത് പോലുള്ള രാഷ്ട്രങ്ങള്‍ ചര്‍ച്ച നടത്തിയത് കൊണ്ടായിരുന്നില്ല. അത്തരം ചര്‍ച്ചകള്‍ക്ക് വഴങ്ങി യുദ്ധത്തില്‍നിന്നു പിന്മാറുന്നൊരു പാരമ്പര്യവും ഇസ്‌റാഈലിനില്ല. അമേരിക്കയുടെ ശക്തമായ പിന്തുണ ഉണ്ടാകുമ്പോള്‍ ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പ് ഇസ്‌റാഈല്‍ വകവച്ചിരുന്നില്ല.

പുതിയ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും നെതന്യാഹുവിന്റെ മറ്റൊരു പതിപ്പാണ്. ഫലസ്തീന്‍ ജനതയോടുള്ള നയത്തില്‍ നെതന്യാഹുവില്‍ നിന്നു വ്യത്യസ്തനായിരിക്കില്ല ബെന്നറ്റും. 12 വര്‍ഷത്തെ നെതന്യാഹുവിന്റെ ഭരണത്തിന് അന്ത്യം കുറിച്ചു എന്നൊരു വ്യത്യാസം മാത്രം. എന്നാല്‍ ബെന്നറ്റിന്, നെതന്യാഹുവിനെപ്പോലെ തന്നിലെ തീവ്ര വലതുക്ഷ സ്വഭാവം രണ്ട് വര്‍ഷത്തെ ഭരണകാലയളവില്‍ എടുത്തുപയോഗിക്കാനാവില്ല. എട്ട് കക്ഷികള്‍ അടങ്ങിയ സഖ്യ സര്‍ക്കാരില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ആറ് അംഗങ്ങള്‍ മാത്രമാണുള്ളത്. പ്രധാനമന്ത്രി പദം ബെന്നറ്റിനു നല്‍കുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി നെതന്യാഹുവിനു പിന്തുണ നല്‍കി അപ്പുറം പോകുന്നത് തടയാന്‍ വേണ്ടി മാത്രമാണ് പ്രതിപക്ഷ നേതാവ് ലാപിഡ് രണ്ട് വര്‍ഷത്തേക്ക് പ്രധാനമന്ത്രി പദം ബെന്നറ്റിനു നല്‍കിയത്.

ജൂത, അറബ്, ഇടതുപക്ഷ പാര്‍ട്ടികള്‍ ലാപിഡിന്റെ സഖ്യത്തോടൊപ്പമാണുള്ളത്. ഇവരില്‍ ഭൂരിപക്ഷവും സ്വതന്ത്ര ഫലസ്തീനിനു വേണ്ടി നിലകൊള്ളുന്നവരുമാണ്. ഫലസ്തീന്‍ ജനതയോട് നെതന്യാഹുവിനേക്കാള്‍ തീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുന്ന പുതിയ പ്രധാനമന്ത്രി ബെന്നറ്റിന്റെ പാര്‍ട്ടിയുടെ നയങ്ങള്‍ തല്‍ക്കാലം ഫലസ്തീന്‍ ജനതയോട് പ്രയോഗിക്കാന്‍ കഴിയില്ലെന്നര്‍ഥം. എന്നാല്‍ ഇതുകൊണ്ടൊന്നും ഫലസ്തീനുമായി ഇനിയൊരു ഇസ്‌റാഈലി യുദ്ധം ഉണ്ടാകില്ലെന്ന് അര്‍ഥമാക്കേണ്ടതില്ല. യുദ്ധമുണ്ടായാലും, നെതന്യാഹു ചെയ്തത് പോലെ സാധാരണ ജനങ്ങളുടെ വാസസ്ഥലത്തായിരിക്കില്ല ബോംബുകള്‍ വീഴുക എന്നൊരു വ്യത്യാസം മാത്രമേ ഉണ്ടാവുകയുള്ളൂ. ഫലസ്തീന്‍ അനുകൂല കക്ഷികള്‍ ഇസ്‌റാഈലി ഭരണത്തില്‍ വരുന്നതുകൊണ്ട് മാത്രമാണ് ഇങ്ങനെ സംഭവിക്കുക.

എന്നാല്‍ ഫലസ്തീന്‍ ജനത ഇസ്‌റാഈലിലെ ഈ ഭരണമാറ്റമൊന്നും മുഖവിലക്കെടുക്കുന്നില്ല. ബെന്നറ്റിന്റെ ഭരണത്തിലും ജറൂസലേമിലും അല്‍ അഖ്‌സ പള്ളിക്ക് ചുറ്റും ഇനിയും ജൂത കുടിയേറ്റങ്ങള്‍ ഉണ്ടാകുമെന്നവര്‍ വിശ്വസിക്കുന്നു. നെതന്യാഹു യുഗത്തിന് അന്ത്യം കുറിച്ചുവെങ്കിലും, സ്വതന്ത്ര രാജ്യമെന്ന ഫലസ്തീന്‍ ജനതയുടെ അവകാശം അടുത്തൊന്നും വകവച്ചുകിട്ടാന്‍ പോകുന്നില്ല. അതിനാല്‍ത്തന്നെ ഈ ഭരണമാറ്റം അവരുടെ പൂര്‍ണമോചനത്തെ തുണയ്ക്കുന്നതുമല്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.