2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പോരിന് പിന്നിലെ രാഷ്ട്രീയം

എ.പി കുഞ്ഞാമു

മുന്നോക്കാവസ്ഥയുടെ മറ്റൊരു മാനദണ്ഡം വിദ്യാഭ്യാസമാണ്. ക്രിസ്ത്യാനികള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മുസ്‌ലിംകളേക്കാള്‍ ഏറെ മുന്നിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പഠിക്കുന്ന കുട്ടികളുടെയും എണ്ണത്തില്‍ ക്രിസ്തീയ സമുദായം വളരെ മുന്‍പിലാണ്. സംസ്ഥാനത്ത് പതിനെട്ടു ശതമാനമാണ് ക്രിസ്ത്യാനികള്‍. മൊത്തം എയ്ഡഡ് കോളജുകളില്‍ 46 ശതമാനവും അവരുടേത്. ഹൈസ്‌കൂളുകളും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടേതാണ് കൂടുതല്‍. അതായത് വിദ്യാഭ്യാസരംഗത്ത് ഏറ്റവും കൂടുതല്‍ മുന്നിട്ടുനില്‍ക്കുന്നത് ക്രൈസ്തവ സമുദായമാണ്. മുന്നോക്ക-പിന്നോക്കാവസ്ഥ നിര്‍ണയിക്കുന്ന മറ്റു മാനദണ്ഡങ്ങള്‍ തൊഴില്‍രംഗത്തുള്ള പ്രാതിനിധ്യം, ബാങ്കു നിക്ഷേപങ്ങള്‍, ഉദ്യോഗരംഗത്തുള്ള സാന്നിധ്യം, സംരംഭകത്വം തുടങ്ങിയവയാണ്. ഇവ വച്ചുനോക്കുമ്പോഴും ക്രിസ്തീയ സമുദായം പിന്നോക്കമല്ല. പിന്നോക്കക്കാരായ മുസ്‌ലിംകളും പരിവര്‍ത്തിത – ലത്തീന്‍ കത്തോലിക്കാ ക്രിസ്ത്യാനികളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ മുന്നോക്കക്കാരായ ക്രിസ്ത്യാനികള്‍ക്കു കൂടി ജനസംഖ്യാനുപാതികമായി പങ്കുവയ്ക്കണമെന്ന് പറയുന്നതാണ് യഥാര്‍ഥത്തില്‍ സാമൂഹ്യനീതിയുടെ നിരാസം.

ഏതാനും സ്‌കോളര്‍ഷിപ്പുകളുടെ വിഷയത്തെ സാമുദായിക ധ്രുവീകരണമായി പരിവര്‍ത്തിപ്പിക്കുമ്പോള്‍ അതിനു പിന്നിലുള്ള രാഷ്ട്രീയ വിവക്ഷകള്‍ നമുക്ക് കാണാതിരുന്നു കൂടാ. സംഘ്പരിവാറിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ക്രിസ്ത്യാനികളുമുണ്ടെന്നത് നേരുതന്നെ. പക്ഷേ ഇസ്‌ലാമിനെതിരായുള്ള യുദ്ധത്തില്‍ പങ്കാളികളാണ് എന്ന തോന്നല്‍ സ്വയമുള്ളതുകൊണ്ടാവണം സംഘ്പരിവാറിന്റെ അജന്‍ഡകള്‍ ഏറ്റെടുക്കുകയാണ് നിര്‍ഭാഗ്യവശാല്‍ ഒരുവിഭാഗം ക്രിസ്ത്യാനികള്‍. സംഘ്പരിവാറിന്റെ ചൂണ്ടയില്‍ അവര്‍ എളുപ്പത്തില്‍ കൊത്തിയതിന് ഒരുപക്ഷേ വിദേശ ഫണ്ടുകളുമായി ബന്ധപ്പെട്ടു കേന്ദ്ര ഏജന്‍സികള്‍ നടത്തിയേക്കാവുന്ന ഓപറേഷനുകളും കാരണമായിട്ടുണ്ടാവാം. കെ.പി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ച് കേന്ദ്ര ഏജന്‍സികളുടെ സ്‌കാനറിനു കീഴിലാണ്. പൊതുവില്‍ ഭരണത്തിന്റെ ശീതളഛായയില്‍ കഴിയാനാണ് സഭയുടെ താല്‍പ്പര്യം. ലൗ ജിഹാദ് പോലെയുള്ള ആരോപണങ്ങള്‍ സഭ ഏറ്റെടുക്കുന്നതിനു പിന്നില്‍ ഇത്തരം താല്‍പര്യങ്ങള്‍ മണക്കുന്നവരുണ്ട്. മതപരിവര്‍ത്തനം ഒരജന്‍ഡയായി ഏറ്റെടുക്കുകയും ജനതാഭരണകാലത്ത് ഒ.പി ത്യാഗി കൊണ്ടുവന്ന മതപരിവര്‍ത്തന ബില്ലിനെതിരേ രാജ്യത്തുടനീളം പ്രക്ഷോഭം നടത്തുകയും ചെയ്ത ക്രിസ്തീയ പുരോഹിതര്‍ക്ക് മുസ്‌ലിം യുവാക്കളെ ക്രിസ്തീയ യുവതികള്‍ വിവാഹം കഴിക്കുകയും ചിലപ്പോള്‍ അതു മതം മാറ്റത്തിലവസാനിക്കുകയും ചെയ്യുന്നതില്‍ ഇത്രയും രോഷമുണ്ടാവാനെന്തു ന്യായം.

കേരളത്തിലെ പൊതുജീവിതത്തിലും രാഷ്ട്രീയരംഗത്തും തങ്ങള്‍ക്കുണ്ടായിരുന്ന ഇടം നഷ്ടപ്പെടുന്നുവോ എന്ന ഭീതിയാണ് സ്‌കോളര്‍ഷിപ്പ് തുക നഷ്ടപ്പെടുന്നതിലേറെ ക്രിസ്തീയ സഭകള്‍ക്കുള്ള ആധിക്ക് കാരണമെന്ന് സംശയിക്കാവുന്നതാണ്. കേരള രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ സമ്മര്‍ദശക്തിയായിരുന്നു ഒരു കാലത്ത് ക്രിസ്തീയ സമുദായം. മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യാനികളുടെ അര്‍ഥവും അംഗബലവുമായിരുന്നു കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ആസ്തി. വിമോചന സമരം ആസൂത്രണം ചെയ്തു നടപ്പിലാക്കിയത് പ്രധാനമായും സഭകളും എന്‍.എസ്.എസുമാണ്. ഭരണത്തിലും അവര്‍ക്കായിരുന്നു മേല്‍ക്കൈ. സിവില്‍ സര്‍വിസിലും ബ്യൂറോക്രസിയിലുമുള്ള പ്രാതിനിധ്യം കൂടിയായപ്പോള്‍ രാഷ്ട്രീയബലം വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ കേരള കോണ്‍ഗ്രസുകള്‍ പിളര്‍ന്നു പലതാവുകയും ഒരിക്കല്‍ ഏറ്റവും വലിയ സമ്മര്‍ദശക്തിയായിരുന്ന പാര്‍ട്ടി ഒരു സീറ്റില്‍ പോലും ഒറ്റക്ക് ജയിക്കാനാവാത്ത തരത്തില്‍ ദുര്‍ബലമാവുകയും ചെയ്തപ്പോള്‍ ആ ഇടങ്ങളിലേക്ക് കയറിച്ചെന്നത് മുസ്‌ലിം ലീഗാണ്. ഈ സ്ഥലനഷ്ടം ക്രിസ്തീയ സഭകളെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. മുസ്‌ലിം ലീഗ് സാമുദായിക ശക്തിയെന്ന നിലയില്‍ ഒരുവിധം പിടിച്ചുനില്‍ക്കുന്നുണ്ടല്ലോ. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് ഇറക്കിവിടാന്‍ പോലും കെല്‍പ്പുണ്ടായിരുന്ന മുന്നോക്കക്കാരുടെ രണ്ടു കൂട്ടരുടേയും, ക്രിസ്തീയ സഭകളുടേയും എന്‍.എസ്.എസിന്റേയും പല്ലിനു പണ്ടെപ്പോലെ ശൗര്യമില്ല. ആ ശൗര്യം മുസ്‌ലിം ലീഗ് വീണ്ടെടുക്കുന്നത് ഇരുകൂട്ടരേയും പ്രകോപിപ്പിക്കുന്നുണ്ടാവണം. അതൊരു മുസ്‌ലിം അനിഷ്ടമായി രൂപാന്തരപ്പെടുന്നുമുണ്ടാവണം.

   

കേരളത്തിന്റെ പൊതുജീവിതത്തില്‍ മുസ്‌ലിം ദൃശ്യത വര്‍ധിച്ചുവരികയാണ്. ഗള്‍ഫ് കുടിയേറ്റമുണ്ടാക്കിയ മുസ്‌ലിംകളുടെ നവസമ്പന്നത, വിദ്യാഭ്യാസരംഗത്തെ അഭൂതപൂര്‍വമായ വളര്‍ച്ച, പ്രൊഫഷണല്‍ രംഗത്തെ വര്‍ധിച്ച സാന്നിധ്യം, സംരംഭകത്വം, ഉദ്യോഗങ്ങളില്‍ മെറിറ്റ് വഴിയും സംവരണം വഴിയും കൈവശപ്പെടുത്തിയ പങ്കാളിത്തം തുടങ്ങിയ വഴി മുസ്‌ലിംകള്‍ ഇന്ന് കേരളത്തില്‍ ഒരു പ്രബല സാന്നിധ്യമാണ്. വളരെ ചെറിയ ഒരുദാഹരണം വഴി ഇത് വ്യക്തമാക്കാം. ഉന്നതവിദ്യാഭ്യാസരംഗത്ത് ആദ്യം മുതല്‍ക്കേ ക്രിസ്തീയ സമുദായത്തിനായിരുന്നു മേല്‍ക്കൈ. മൊത്തം 204 എയ്ഡഡ് കോളജുകളില്‍ 95 എണ്ണവും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് കീഴില്‍. എന്നാല്‍ സ്വാശ്രയവിദ്യാഭ്യാസം സാര്‍വത്രികമായതോടെ മെഡിക്കല്‍ എന്‍ജിനീയറിങ് രംഗത്ത് മുസ്‌ലിം മാനേജുമെന്റുകള്‍ ധാരാളം അണ്‍ എയ്ഡഡ് കോളജുകള്‍ സ്ഥാപിച്ചു. അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ധാരാളം വന്നു. സിവില്‍ സര്‍വിസില്‍ നാമമാത്ര പ്രാതിനിധ്യമുണ്ടായിരുന്ന മുസ്‌ലിംകള്‍ ചിട്ടയായ പരിശീലനത്തിലൂടെ ഐ.എ.എസും ഐ.പി.എസും നേടിത്തുടങ്ങി. കേരളത്തിലെ പതിനാല് ജില്ലകളില്‍ ആറിലും മേത്തന്മാരാണ് കലക്ടര്‍മാരെന്ന് നമ്മുടെ തിരുമേനിമാര്‍ ഓര്‍ക്കണമെന്ന് പി.സി ജോര്‍ജ് പറഞ്ഞത് ഒരു സമുദായത്തിന്റെ മൊത്തം ഉത്കണ്ഠയെയാണ് പ്രതിഫലിപ്പിച്ചത്.

പിന്നോക്ക സമുദായക്കാര്‍ തങ്ങളെ സ്ഥാനഭ്രഷ്ടരാക്കുന്നു എന്നതിലുള്ള ചൊറിച്ചിലിന്റെ കൂടി പ്രതിഫലനമാണ് സ്‌കോളര്‍ഷിപ്പ് വിവാദത്തില്‍ കാണാനുള്ളത് എന്നു കരുതിയാല്‍ തെറ്റില്ല.

മുസ്‌ലിം സമുദായം പിന്നോക്കാവസ്ഥയെ മറികടക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഒരുപരിധിവരെ അവര്‍ക്ക് സാമൂഹ്യമായ അന്തസുണ്ടാക്കിയിട്ടുണ്ട്. അതേസമയം, ക്രിസ്ത്യാനികളെ പുതിയതലമുറ പഴയ ഉല്‍ക്കര്‍ഷേഛ കൈവെടിഞ്ഞു കൊണ്ടിരിക്കുകയാണ്. കൃഷിയായിരുന്നു അവരുടെ ബലം. ഏറെക്കുറെ അവര്‍ അതുപേക്ഷിച്ചു. കുടിയേറ്റപ്രദേശങ്ങളില്‍നിന്ന് അവര്‍ നഗരങ്ങളിലേക്കിറങ്ങി വരികയാണ്. വലിയൊരു കൂട്ടം ചെറുപ്പക്കാര്‍ അമേരിക്കയിലേക്കും കാനഡയിലേക്കും കുടിയേറിക്കഴിഞ്ഞു. ബംഗളൂരുവിലെയും പൂനയിലേയും ഐ.ടി മേഖലകളിലെ ഉദ്യോഗസ്ഥരില്‍ 40 ശതമാനം പേര്‍ ക്രിസ്ത്യന്‍ യുവാക്കളാണത്രേ. കേരളത്തിലെ പൊതുമണ്ഡലങ്ങളില്‍നിന്ന് അവര്‍ കുറേശ്ശെയായി നിഷ്‌ക്രമിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ക്രിസ്ത്യാനികളുടെ ജനസംഖ്യ കുറയുന്നതിന്ന് കുടുംബാസൂത്രണം മാത്രമല്ല കാരണം, പൊതു ഇടങ്ങളില്‍ നിന്നുള്ള അവരുടെ പിന്‍വാങ്ങല്‍ കൂടിയാണ്. മുസ്‌ലിംകള്‍ പൊതുവില്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടവരാണ്. എന്നാല്‍, ക്രിസ്ത്യാനികള്‍ക്കിടയിലെ പുതുതലമുറ വലിയൊരളവോളം അരാഷ്ട്രിയവല്‍ക്കരിക്കപ്പെട്ടവരാണ്. കേരളത്തിലെ ഈ ക്രിസ്ത്യന്‍ ഡയസ്‌പോറയെ പക്ഷേ, മുസ്‌ലിം എന്ന പ്രഖ്യാപിത ശത്രുവിനെ സൃഷ്ടിച്ചുകൊണ്ട് നേരിടാനാണ് സഭാ നേതൃത്വങ്ങളുടെ ശ്രമം.

അതേസമയം, മുസ്‌ലിംകളുടെ കാര്യമോ സമുദായം ബലവത്താവുന്നു എന്നത് ശരി തന്നെ. സംവരണവും ഗള്‍ഫുമൊക്കെ അതിനു നിമിത്തമാവുന്നുമുണ്ട്. പക്ഷേ എക്കാലവും അതിനെ ആശ്രയിച്ചുനില്‍ക്കാനാവുമെന്ന ധാരണയില്‍നിന്ന് മുസ്‌ലിംകളും വിമുക്തമാവണം. എം.എ യൂസുഫലിയുടേയോ ഗള്‍ഫാര്‍ മുഹമദലിയുടേയോ ആസ്തിയും വരുമാനവുംവച്ച് മുസ്‌ലിം സമുദായത്തിന്റെ ആളോഹരി വരുമാനം നിര്‍ണയിക്കാം എന്ന കരുതുന്നത് വങ്കത്തമാണ്. എക്കാലവും സംവരണവും പിന്നോക്കാവസ്ഥയും തുണക്കുമെന്ന് കരുതിക്കൂടാ. പിന്നോക്ക സമുദായമെന്ന ടാഗ് അറുത്തെറിഞ്ഞ് പുതിയ കണ്ണടവച്ച് മുസ്‌ലിംകള്‍ ലോകത്തെ വായിക്കണം. എണ്‍പത് – ഇരുപത് എന്ന അനുപാതം പുനഃസ്ഥാപിച്ചുകിട്ടാനോ അത് നൂറാക്കി മാറ്റാനോ സുപ്രിംകോടതിയില്‍ അപ്പീല്‍ പോവുന്നതായിരിക്കരുത് നമ്മുടെ മുന്‍ഗണനാ വിഷയം. ഏത് നിമിഷവും പിന്നോക്കക്കാരനെന്ന ചരട് അറുത്തുമാറ്റപ്പെടാമെന്ന തിരിച്ചറിവോടെ ആയിരിക്കണം പ്രിയോറിറ്റികളുടെ പുനര്‍നിര്‍ണയം.

(അവസാനിച്ചു)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.