2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രാഷ്ട്രപതിക്കസേര ആര് പിടിക്കും?

ഗിരീഷ് കെ. നായർ

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ രാഷ്ട്രീയമണ്ഡലങ്ങളിലെ ഒരു സുപ്രധാന ചർച്ചയായി മാറിയിരിക്കുന്നു ഇനി ആരാവും രാഷ്ട്രപതി എന്നത്. ലോക്‌സഭയിലും രാജ്യസഭയിലും ബി.ജെ.പിക്ക് രാഷ്ട്രപതിക്കസേര നേടാനുള്ള ആൾബലമുണ്ടെന്ന് സ്വാഭാവികമായും കരുതുന്നവരേറെയുണ്ടെങ്കിലും കണക്കിലെ കളി വരുമ്പോൾ അവർക്ക് ആ നേട്ടം കൈപ്പിടിയിലൊതുക്കാൻ ഏറെ വിയർക്കേണ്ടിവരും, വിട്ടുവീഴ്ചകൾ ചെയ്യേണ്ടിയും വരും എന്നതാണ് വസ്തുത.

വരുന്ന ജൂലൈ 24നാണ് നിലവിലെ രാഷ്ട്രപതി രാം നാഥ് കോവിന്ദിൻ്റെ കാലാവധി കഴിയുക. കോവിന്ദിന് തുടരുകയോ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ രാഷ്ട്രപതിയാക്കി പുതിയ ഉപരാഷ്ട്രപതിയെ കണ്ടെത്തുകയോ ഒക്കെയാവാം എൻ.ഡി.എ മുന്നണിക്ക്. പക്ഷേ, തങ്ങൾ നിർദേശിക്കുന്ന ആളെത്തന്നെ ആ കസേരകളിൽ ഉപവിഷ്ടരാക്കണമെങ്കിൽ ബി.ജെ.പിക്ക് ശ്രമകരമായ ദൗത്യം നടത്തേണ്ടിവരുമെന്നാണ് വോട്ട് കണക്കുകൾ സൂചിപ്പിക്കുന്നത്.രാം നാഥ് കോവിന്ദ് രാഷ്ട്രപതിയാകുന്നത് ബിഹാർ ഗവർണർ പദവിയിലിരിക്കെയാണ്. ഏതാണ്ട് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം ആ കസേരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

   

543 ലോക്‌സഭ എം.പിമാർ, 233 രാജ്യസഭ എം.പിമാർ എന്നിവർ കൂടാതെ സംസ്ഥാനങ്ങളിലെ 4120 എം.എൽ.എമാരും വോട്ട് ചെയ്താണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കേണ്ടത്. ചില സാങ്കേതികത്വങ്ങൾ നിറഞ്ഞ വോട്ടിങ്ങിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണമല്ല, വോട്ട് മൂല്യത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്‌സഭയിലായാലും രാജ്യസഭയിലായാലും എം.പിമാർക്ക് ഒരു വോട്ട് മൂല്യം 708 ആണ്. എം.എൽ.എമാരുടെ വോട്ട് മൂല്യം സംസ്ഥാനങ്ങളുടെ വലുപ്പമനുസരിച്ച് വ്യത്യാസപ്പെടും. ഉത്തർപ്രദേശിലാണ് എം.എൽ.എമാർക്ക് കൂടുതൽ വോട്ട് മൂല്യമുള്ളത്.

ബി.ജെ.പിയുടെ സാധ്യത

രാഷ്ട്രപതി സ്ഥാനാർഥി ആരായിരിക്കണമെന്ന് പാർട്ടി തീരുമാനിച്ചിട്ടില്ലെങ്കിലും വോട്ടുകൾ സമാഹരിക്കാൻ ചെറിയ പാർട്ടികളെ സ്വാധീനിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. നാല് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടി നേട്ടമുണ്ടാക്കിയെങ്കിലും രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് വേണ്ട വോട്ടുകൾക്ക് അതുപോര. കഴിഞ്ഞ ജൂലൈയിൽ രാം നാഥ് കോവിന്ദിനെ സ്ഥാനാർഥിയാക്കുമ്പോൾ കേവലം .5 ശതമാനം വോട്ടിന്റെ കുറവ് മാത്രമേ ഭൂരിപക്ഷത്തിലേക്ക് ഉണ്ടായിരുന്നുള്ളൂവെങ്കിൽ ഇത്തവണ 50 ശതമാനം വോട്ട് സമാഹരിക്കാൻ 1.2 ശതമാനം വോട്ടിൻ്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതുതന്നെയാണ് പ്രതിബന്ധമായിരിക്കുന്നതും. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും പാർട്ടി ജയിച്ച് അധികാരം നിലനിർത്തിയെങ്കിലും എം.എൽ.എമാരുടെ എണ്ണം കുറഞ്ഞതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഇപ്പോൾ ബി.ജെ.പിയുടെ പക്കലുള്ള വോട്ട് മൂല്യം 1,093,347 ആണ് (48.8 ശതമാനം). ഇനി 13,000 വോട്ട് മൂല്യം കൂടി നേടേണ്ടതുണ്ട്.
സൗഹൃദമുള്ള ചെറിയ രാഷ്ട്രീയപാർട്ടികളുടെ പിന്തുണ സ്വീകരിക്കാനാണ് ശ്രമിക്കുന്നത്. ഇത് നിസാരമായി നേടാമെങ്കിലും പകരം അവർ ആവശ്യപ്പെടുന്ന വിട്ടുവീഴ്ച എന്താണെന്നത് ഏറെ നിർണായകമാകും. ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസിന്റെയോ (4) ഒഡിഷയിൽ നവീൻ പട്‌നായിക്കിന്റെ ബിജു ജനതാദളിൻ്റെയോ (3) പിന്തുണയോടെ കണക്കുകളിൽ മേൽക്കോയ്മ നേടാവുന്നതേയുള്ളൂ.

കോൺഗ്രസ് പ്രതീക്ഷ

നിലവിൽ കോൺഗ്രസ് ഏറെ പ്രതീക്ഷവച്ചുപുലർത്തുന്ന കസേരയല്ല രാഷ്ട്രപതിയുടേത്. കാരണം, ജഗൻ മോഹൻ റെഡ്ഡിയും നവീൻ പട്‌നായിക്കും കശ്മിർ വിഷയത്തിലും സി.എ.എ നടപ്പാക്കുന്നതിലും ബി.ജെ.പിയെ പിന്തുണച്ചിരുന്നതിനാൽ അവർ ഇത്തവണയും കോൺഗ്രസിനൊപ്പം കൂടിയേക്കില്ല. എന്നാൽ, ഈ രണ്ടു നേതാക്കളും തീരുമാനം ഇതുവരെ പ്രഖ്യാപിക്കാത്ത സ്ഥിതിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. ടി.ആർ.എസും തൃണമൂലും ഇടതുപാർട്ടികളും ഡി.എം.കെയും എ.എ.പി തുടങ്ങി പ്രതിപക്ഷത്തെ പ്രമുഖ കക്ഷികൾ കോൺഗ്രസിനൊപ്പം കൈകോർത്താൽ ചിത്രങ്ങൾ മാറിമറിയും. കഴിഞ്ഞ തവണ ബി.ജെ.പിയെ സഹായിച്ച ശിവസേനയും ഇപ്പോൾ പ്രതിപക്ഷത്തിനൊപ്പമുണ്ടെന്നുള്ളതും മത്സരത്തിന് ഒരു കൈ നോക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചേക്കാം. എന്നാലും ബി.ജെ.പിയോട് ചങ്ങാത്തം പുലർത്തുന്ന പാർട്ടികളുടെ നിലപാട് അനുസരിച്ചായിരിക്കും കോൺഗ്രസിൻ്റെ സാധ്യതകൾ. മേൽപറഞ്ഞ കക്ഷികളൊന്നും സഭയിൽ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്ന കക്ഷികളല്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.