2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കെ.പി നൗഷാദ് അലി

 

അവശേഷിച്ച ദുംക ട്രഷറി പണമിടപാട് കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ മൂന്നര വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ലാലു പ്രസാദ് യാദവ് സ്വന്തം തട്ടകത്തിലേക്ക് മടങ്ങിയെത്തുകയാണ്. സമാനമായ ചൈബാസ, ദിയോഘര്‍ ട്രഷറി കേസുകളില്‍ ഇതിനോടകം ജാമ്യം ലഭിച്ചിരുന്നു. ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയമായി സജീവമല്ലെങ്കിലും ഇന്നും ബിഹാറിലെ ഏറ്റവും ജനകീയ രാഷ്ട്രീയ നേതാവായ ഈ എഴുപത്തി രണ്ടുകാരന്‍ നിലവില്‍ എയിംസില്‍ ചികിത്സയിലാണ്. ലാലു പ്രസാദിന്റെ കേസിനും ജയില്‍വാസത്തിനും രാഷ്ട്രീയമാനങ്ങളുണ്ടെന്നാണ് വ്യാപകമായി വിശ്വസിച്ചു പോരുന്നത്.

ബിഹാര്‍ രാഷ്ട്രീയം

ഹിന്ദി ഹൃദയഭൂമികയെന്ന വിളിപ്പേരിന്റെ മാനദണ്ഡം സംസ്‌കാരവും പൈതൃകവുമാണെങ്കില്‍ ബിഹാറല്ലാതെ അതിന് മറ്റൊരു ഉത്തരമില്ല. മഗധയും മിഥിലയും ഭോജ്പൂരും ചമ്പാരനും ചേര്‍ന്ന ബിഹാറിലാണ് ഹിന്ദിയുടെ വാമൊഴി വകഭേദങ്ങളായ മൈഥിലിയും ഭോജ്പുരിയും കുടികൊള്ളുന്നത്. ഉര്‍ദുവും സുലഭമാണ്. കോണ്‍ഗ്രസിന്റെ പ്രതാപകാലത്തു തന്നെ ജെ.പിയുടെയും ലോഹ്യയുടെയും ആദര്‍ശങ്ങള്‍ക്ക് ബിഹാറില്‍ വേരോട്ടം കിട്ടിയിരുന്നു. ബംഗാളില്‍ പോലും അധികാരം പിടിക്കുമെന്ന പ്രതീതി ജനിപ്പിക്കുന്ന ബി.ജെ.പിക്ക് കൗ ബെല്‍റ്റായ ബിഹാറില്‍ നാളിതുവരെ ഒരു മുഖ്യമന്ത്രിയുണ്ടായിട്ടില്ല. നിയമസഭയില്‍ വലിയ ഒറ്റക്കക്ഷിയാവാന്‍ പോലും സാധിച്ചിട്ടില്ല. തൊണ്ണൂറുകള്‍ തൊട്ടു മൂന്നു പതിറ്റാണ്ടുകാലം സംഘ്പരിവാര്‍ ബിഹാറില്‍ നടത്തിപ്പോരുന്ന മുഴുവന്‍ രാഷ്ട്രീയ പരീക്ഷണങ്ങളും ലാലു പ്രസാദ് എന്ന ഒറ്റ കടമ്പക്ക് മുന്നിലാണ് തട്ടി വീണത്. തൊണ്ണൂറുകളില്‍ ജനതാദളിന്റെ മണ്ഡല്‍ രാഷ്ട്രീയം അവരെ രക്ഷിച്ചിച്ചില്ലെങ്കിലും, മണ്ഡലിന് ബദലായി ബി.ജെ.പി പുറത്തെടുത്ത മന്ദിര്‍ രാഷ്ട്രീയമാണ് അവരെ ഇന്നു കാണുന്നിടത്തെത്തിച്ചത്.

1990 സെപ്റ്റംബറില്‍ ഗുജറാത്തിലെ സോമനാഥില്‍ നിന്നും ആരംഭിച്ച് മധ്യപ്രദേശും രാജസ്ഥാനും ബിഹാറും പിന്നിട്ട് യു.പി പര്യടനാനന്തരം അയോധ്യയില്‍ സമാപിക്കുന്ന രാം രഥയാത്ര എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസ് പ്രഖ്യാപിച്ചു. വര്‍ഗീയ വിഷം ചീറ്റി, ജനങ്ങളെ തമ്മിലടിപ്പിച്ച്, വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിട്ട് പുരോഗമിച്ച യാത്രയുടെ ആത്യന്തിക ലക്ഷ്യം ബാബരി മസ്ജിദ് നിഷ്‌കാസനമാണെന്ന് ഊഹിക്കപ്പെടുന്നു. എന്നാല്‍ 1990 ഒക്ടോബര്‍ പത്തിന് സമസ്തിപൂരില്‍വച്ച് ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് എല്‍.കെ അദ്വാനിയെ അറസ്റ്റ് ചെയ്ത് യാത്രയ്ക്ക് തടയിട്ടു. തന്റെ രഥയാത്ര തടയാന്‍ അമ്മയുടെ മുലപ്പാല്‍ കുടിച്ചവരുണ്ടെങ്കില്‍ മുന്നോട്ടുവരാനുള്ള അദ്വാനിയുടെ വെല്ലുവിളിയെ താന്‍ അമ്മയുടെയും എരുമയുടെയും പാലു കുടിച്ചു വളര്‍ന്നവനാണെന്ന മറുപടിയുമായാണ് ലാലു നേരിട്ടത്. രഥയാത്രയ്ക്ക് കൂച്ചുവിലങ്ങിട്ടതോടെ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലേക്കാണ് അന്ന് ലാലു നടന്നു കയറിയത്.

പ്രധാനമന്ത്രിയായ വി.പി സിങ്ങിന്റെയും ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയ്യിദിന്റെയും വിലക്കുകളെ മറികടന്നാണ് ലാലു രഥയാത്ര തടഞ്ഞത്. തങ്ങളുടെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിച്ച ലാലു പ്രസാദിനോട് അടങ്ങാത്ത വൈരം പുലര്‍ത്താന്‍ സംഘ്പരിവാറിന് വേറെയും മതിയായ കാരണങ്ങളുണ്ടായിരുന്നു. ഔദ്യോഗിക കണക്ക് പ്രകാരം 1500 മരണങ്ങളും ഇരുനൂറ് മുസ്‌ലിം നെയ്ത്തു ഗ്രാമങ്ങളും നശിപ്പിക്കപ്പെട്ട ഭഗല്‍പൂര്‍ കാലാപത്തിനു ശേഷമാണ് 1990 ല്‍ ലാലു മുഖ്യമന്ത്രിയാകുന്നത്. അധികാരമേറ്റയുടന്‍ ലാലു നടത്തിയ പ്രഖ്യാപനം എന്റെ സര്‍ക്കാര്‍ വാണാലും വീണാലും ശരി ഒരൊറ്റ വര്‍ഗീയ കലാപകാരിയെ പോലും വെറുതെ വിടില്ല എന്നായിരുന്നു. വാക്കു പാലിച്ച അദ്ദേഹം വര്‍ഗീയ കലാപങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച ബിഹാര്‍ ശരീഫ്, ഹസാരി ബാഗ്, സീതാ മര്‍ഹി, ഭഗല്‍പൂര്‍, ജാംഷഡ്പൂര്‍, റാഞ്ചി തുടങ്ങി മുഴുവന്‍ ഇടങ്ങളെയും മതമൈത്രിയുടെ വിളനിലമാക്കി മാറ്റി. ഒ.ബി.സി- ദലിത് – ന്യൂനപക്ഷ വോട്ടുബാങ്ക് സൃഷ്ടിച്ച് മിന്നുന്ന വിജയങ്ങള്‍ തുടരെ നേടി സംഘ്പരിവാറിന് ബിഹാറില്‍ പ്രവേശനാനുമതി നിഷേധിച്ചു.

സംഘ്പരിവാറും വെറുതെയിരുന്നില്ല. ഭൂമിഹര്‍- രാജ്പുത് – ബ്രാഹ്മിണ്‍ – കായസ്ഥ മുന്നോക്ക ജാതി ഫോര്‍മുല തീര്‍ത്തു. പ്രമുഖ ഒ.ബി.സി വിഭാഗമായ കുര്‍മിയില്‍ നിന്നുള്ള നിതീഷ് കുമാറിനെ 1995ല്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് മുഖേന ലാലുവില്‍ നിന്നും അടര്‍ത്തിയെടുത്തു. ദലിത് നേതാവായിരുന്ന പാസ്വാനെയും കൂറുമാറ്റി. എന്നാല്‍ രാജ്യം മുഴുവന്‍ തങ്ങളുടെ കുതന്ത്രങ്ങള്‍ മുന്നേറുമ്പോഴും ബിഹാറില്‍ എന്നും കിതക്കാനായിരുന്നു ബി.ജെ.പിയുടെ വിധി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോലും ലാലുവിന് പിറകില്‍ രണ്ടാമതെത്താനും നിതീഷിന് മുഖ്യമന്ത്രി പദവി നല്‍കാനും അവര്‍ നിര്‍ബന്ധിതമായി. ‘ജബ് തക് രഹേഗാ സമൂസേ മേം ആലൂ, തബ് തക് രഹേഗാ ബീഹാര്‍ മേം ലാലു'(സമൂസയില്‍ ഉരുളക്കിഴങ്ങ് നിലനില്‍ക്കുന്ന കാലംവരെ ബിഹാറിന്റെ മനസില്‍ ലാലുവുണ്ടാവും) എന്നത് അഭേദ്യമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു.

പ്രതികാരം, കേസുകള്‍

സാമൂഹ്യമാധ്യമങ്ങള്‍ വരുന്നതിന് മുന്‍പ് വ്യാജ പ്രചാരണങ്ങളിലൂടെയും അപകീര്‍ത്തി നിര്‍മിതിയിലൂടെയും സംഘ്പരിവാര്‍ ഏറ്റവുമധികം ചെളിവാരിയെറിഞ്ഞ നേതാക്കളിലൊരാള്‍ ലാലുവാണ്. പരിഹാസങ്ങളും ദുഷ്പ്രചാരണങ്ങളും ആവോളം ലാലുവിനും കുടുംബത്തിനുമെതിരേയുണ്ടായി. ജംഗിള്‍ രാജ് പോലുള്ള പ്രയോഗങ്ങളും റാബ്‌റി കഥകളും മെനഞ്ഞെടുത്തു. അച്ചടി, ദൃശ്യമാധ്യമങ്ങള്‍ ആദ്യകാല ഗോഡി മീഡിയ മാതൃക തീര്‍ത്തു. ഉദ്യോഗസ്ഥ, കരാര്‍, രാഷ്ട്രീയ ലോബി വ്യാജബില്ലുകള്‍ സമര്‍പ്പിച്ച് ട്രഷറി കൊള്ളയടിക്കുന്ന അഴിമതികള്‍ക്ക് 70 കളുടെ അവസാനത്തോടെ ഉത്തരേന്ത്യയില്‍ തുടക്കമായിരുന്നു. ഒന്നര ദശകമായി ബിഹാറില്‍ നടന്നുപോരുന്ന ഈ തീവെട്ടിക്കൊള്ള തന്റെ ഭരണത്തിലും തുടരുന്നെന്ന് കണ്ടെത്തി അതു പരസ്യമാക്കിയത് ലാലു പ്രസാദ് യാദവായിരുന്നു. എന്നാല്‍ ശത്രുക്കളുടെ ഐക്യനിര രൂപപ്പെടുത്തിയ പത്മവ്യൂഹം ലാലുവിനെ പ്രതിയാക്കി. മുപ്പതോളം കേസുകള്‍ ഒരേ കുറ്റത്തിന് ലാലുവില്‍ ചുമത്തപ്പെട്ടു. സി.ബി.ഐയുടെയും കോടതികളുടെയുമൊക്കെ ഇടപെടല്‍ നടപ്പുരീതികളുമായി ചേര്‍ന്നുപോകുന്നതായിരുന്നു.

മൂന്ന് മേജര്‍ ഹൃദയശസ്ത്രക്രിയകളെ അതിജീവിച്ച, കിഡ്‌നി രോഗിയായ ലാലുവിനെ ഡല്‍ഹി ആശുപത്രിയിലേക്ക് മാറ്റാന്‍ എയര്‍ ആംബുലന്‍സ് പോലും നിഷേധിച്ചു തീവണ്ടിയില്‍ കയറ്റുന്നതും സ്വകാര്യ ചികിത്സ നിയമം പറഞ്ഞു നിഷേധിക്കുന്നതും നാം കണ്ടു.

എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി ലാലു പ്രസാദ് യാദവ് തിരിച്ചെത്തുമ്പോള്‍ അദ്ദേഹത്തിന് തല ഉയര്‍ത്തി തന്നെ നില്‍ക്കാം. താന്‍ ശില പാകിയ രാഷ്ട്രീയചിന്താമണ്ഡലവും പാര്‍ട്ടിയും ഇന്നും ബിഹാറില്‍ അജയ്യമായി നിലകൊള്ളുന്നു. ഇന്ത്യ മുഴുവന്‍ വെട്ടിപ്പിടിക്കാന്‍ ഒരുമ്പെട്ടിറങ്ങിയവര്‍ക്ക് മുന്നില്‍ ബിഹാറില്‍ അത് ഇപ്പോഴും മഹാമേരു തീര്‍ക്കുകയാണ്. ലാലുവിന്റെ സ്ഥൈര്യത്തിലും അചഞ്ചലമായ പോരാട്ടവീര്യത്തിലും മതേതര ഇന്ത്യക്ക് വലിയ മാതൃകകളുണ്ട്.

(കെ.പി.സി.സി സെക്രട്ടറിയാണ് ലേഖകന്‍)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.