2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രണ്ട് ആതിരമാരും മതംമാറിയത് ബലപ്രയോഗത്തിലൂടെയല്ലെന്ന് എന്‍.ഐ.എ

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കാസര്‍കോട്ടെ ആതിരയും ചെര്‍പ്പുളശ്ശേരിയിലെ ആതിരാ നമ്പ്യാരും മതംമാറിയത് ബലപ്രയോഗത്തിലൂടെയല്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) വ്യക്തമാക്കി.
ഇസ്‌ലാം സ്വീകരിച്ച വൈക്കം സ്വദേശിനി ഡോ. ഹാദിയയുടെ കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി എന്‍.ഐ.എ സംഘം ഇരു ആതിരമാരെയും ചോദ്യംചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. തങ്ങളെ ആരും നിര്‍ബന്ധിച്ചു മതംമാറ്റിയിട്ടില്ലെന്ന് ഇരുവരും വെളിപ്പെടുത്തിയതായി എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച കൊച്ചിയിലാണ് രണ്ടുയുവതികളെയും എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തത്. ഇരുവരുടെയും മൊഴികള്‍ പരിശോധിച്ചുവരികയാണെന്നും എന്‍.ഐ.എ പറഞ്ഞു. രണ്ടുപേരും ‘ലൗജിഹാദി’ന്റെ ഇരകളാണെന്നും ഇരുവരെയും ബലപ്രയോഗത്തിലൂടെയാണ് മതംമാറ്റിയതെന്നും സംഘ്പരിവാരകേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.
സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാംമത പഠനകേന്ദ്രമായ പൊന്നാനി തര്‍ബിയത്തുല്‍ ഇസ്‌ലാംസഭയുടെ വിശദാംശങ്ങളും എന്‍.ഐ.എ കേരളാ പൊലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നടന്ന 90 മിശ്രവിവാഹങ്ങളും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു. ഹിന്ദു സ്ത്രീകള്‍ ഇസ്‌ലാം സ്വീകരിച്ച സംഭവങ്ങളില്‍ സംഘടിതശ്രമം ഉണ്ടായോ എന്നും തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് റിക്രൂട്ട്‌ചെയ്യാനുള്ള നീക്കങ്ങളുടെ ഭാഗമായാണോ ഇതെന്നുമായിരിക്കും എന്‍.ഐ.എ അന്വേഷിക്കുക. രണ്ടുവര്‍ഷത്തിനിടെയുണ്ടായ 90 വിവാഹങ്ങളുടെ പട്ടിക കേരളാ പൊലിസ് ആണ് എന്‍.ഐ.എക്ക് നല്‍കിയത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.