2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

9/11 ബില്ലിന് യു.എസ് സെനറ്റിന്റെ അനുമതി

വാഷിങ്ടണ്‍: സെപ്തംബര്‍ 11 ഭീകരാക്രമണക്കേസില്‍ സഊദി അറേബ്യക്കെതിരേ നിയമ നടപടിക്ക് ഇരകള്‍ക്ക് അനുമതി നല്‍കുന്ന ബില്‍ യു.എസ് സെനറ്റ് പാസാക്കി. ഒബാമയുടെ എതിര്‍പ്പ് അവഗണിച്ചാണ് ബില്‍ സെനറ്റ് പാസാക്കിയത്. സഊദിയും യു.എസും തമ്മില്‍ ഇക്കാര്യത്തില്‍ കടുത്ത തര്‍ക്കം നിലനിന്നിരുന്നു. ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് വൈറ്റ് ഹൗസും വ്യക്തമാക്കിയിരുന്നു. ബില്‍ യു.എസ് പ്രസിഡന്റ് ഒബാമ വീറ്റോ ചെയ്യുമെന്ന ഭീഷണിക്കുമിടെയാണ് സെനറ്റിന്റെ അനുമതി.

ജസ്റ്റിസ് എഗന്‍സ്റ്റ് സ്‌പോണ്‍സേഴ്‌സ് ഓഫ് ടെററിസം ആക്ട് (ജസ്റ്റ) ആണ് സെനറ്റ് പാസാക്കിയത്. ഏകകണ്ഠമായാണ് ബില്‍ പാസായത്. സഊദിക്ക് 2001 ലെ ഭീകരാക്രമണവുമായി പങ്കില്ലെന്ന് നേരത്തെ സഊദിയും യു.എസും വ്യക്തമാക്കിയിരുന്നു. ആക്രമണത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും സഊദി പൗരന്മാരാണെന്നായിരുന്നു എഫ്.ബി.ഐ കണ്ടെത്തല്‍.
ബില്‍ പാസായാല്‍ സഊദിയുടെ യു.എസിലെ നിക്ഷേപം കോടതിക്ക് മരവിപ്പിക്കാമെന്നതിനാല്‍ 750 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം പിന്‍വലിക്കുമെന്ന് സഊദി ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് സഊദിയിലെത്തിയ ഒബാമയെ സ്വീകരിക്കാന്‍ സല്‍മാന്‍ രാജാവ് വിമാനത്താവളത്തില്‍ എത്താതിരുന്നതും ചര്‍ച്ചയായിരുന്നു.
ബില്‍ സെനറ്റ് പാസാക്കിയതോടെ 2001 ലെ ആക്രമണത്തിലെ ഇരകളായവര്‍ക്ക് സഊദിക്കെതിരേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള ആദ്യ കടമ്പ കടന്നു. യു.എസിലെ സഊദിയുടെ നിക്ഷേപത്തില്‍ നിന്ന് കോടതിക്ക് നഷ്ടപരിഹാര തുക ഈടാക്കാനും കഴിയും. പ്രതിനിധി സഭയില്‍ പാസായി പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ മാത്രമേ ബില്‍ നിയമമാകുകയുള്ളൂ. ബില്‍ പ്രസിഡന്റിനു വീറ്റോ ചെയ്യാനുള്ള അധികാരമുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.