2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഊർജമായിരുന്നു അവനിൽ നിറയെ

വി. അബ്ദുൽ മജീദ്

ഊർജസ്വലത ആൾരൂപമെടുത്തതാണെന്നാണ് സിദ്ദീഖിനെ കാണുമ്പോൾ എനിക്കു തോന്നാറ്. മൈതാന ഗാലറികളിൽ ദീർഘനേരം തളരാതെയിരുന്ന് കളിയെഴുതുമ്പോൾ, രാഷ്ട്രീയമെഴുതുമ്പോൾ, മാധ്യമപ്രവർത്തകരുടെ അവകാശപ്പോരാട്ടമടക്കമുള്ള യൂനിയൻ പ്രവർത്തനങ്ങളിൽ, സഹജീവികളോട് കലഹിക്കുന്നതിൽ, വീണ്ടും വന്ന് ഇണങ്ങുന്നതിൽ എല്ലാം ആ ഊർജം ജ്വലിച്ചുതന്നെ നിന്നു.
ഓർക്കുന്നു, സുപ്രഭാതത്തിന്റെ തുടക്കം. നിലമൊരുക്കാൻ എഡിറ്റോറിയൽ വിഭാഗത്തിൽ ആദ്യം നിയോഗിക്കപ്പെട്ട ഞാനടക്കമുള്ള ചുരുക്കം ചില മുതിർന്നവർ ആദ്യഘട്ട പണികൾ തീർത്തുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് അടിത്തറ പണിയാൻ അനിവാര്യരായ അടുത്ത നിര കടന്നുവരുന്നത്. തീർത്തും ജൂനിയറല്ലാത്ത, കുറച്ചുകാലത്തെ പരിചയസമ്പത്തുള്ള ചെറുപ്പക്കാരുടെ നിര. കടുത്ത മത്സരം നേരിടുന്ന മാധ്യമക്കളിയിൽ പൊരുതി മുന്നേറാൻ ടീമിന് കരുത്തായ മിഡ്ഫീൽഡർമാർ. അക്കൂട്ടത്തിലൊരാളായാണ് സിദ്ദീഖ് ഈ മേഖലയിലെ മുൻകാല നേട്ടങ്ങളുടെ ജേഴ്‌സിയണിഞ്ഞെത്തിയത്.

മാധ്യമപ്രവർത്തകരിൽ അധികമാളുകൾക്കും കാര്യമായ പിടിപാടില്ലാത്ത മേഖലയാണ് സ്‌പോർട്‌സ്. അറിവുള്ള കുറച്ചുപേരിൽ തന്നെ സൂക്ഷ്മജ്ഞാനമുള്ളവർ ഏറെക്കുറവായിരിക്കും. ആ ജ്ഞാനം താനെ ഉണ്ടായിവരുന്നതൊന്നുമല്ല. കുട്ടിക്കാലം മുതൽ ഉള്ളിലൂറിവരുന്ന കമ്പം നിരന്തരമായ അന്വേഷണത്തിലൂടെയും സാധനയിലൂടെയുമൊക്കെ തേച്ചുമിനുക്കിയെടുക്കുന്നതാണ്. അങ്ങനെയുള്ളവരിലൊരാളാണ് സിദ്ദീഖ്. തുടക്കകാലത്ത് കളിയെഴുത്ത് ചുമതലകൾ അവൻ ചോദിച്ചു വാങ്ങുമായിരുന്നു. അധികം വൈകാതെ ആ ചുമതലയേൽപ്പിക്കാൻ ഞങ്ങളുടെ കൂട്ടത്തിൽ സിദ്ദീഖല്ലാതെ ആരുമില്ലെന്ന അവസ്ഥ വന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ഓടിച്ചെന്ന് അന്തർദേശീയ തലത്തിലുള്ളവയടക്കം നിരവധി മത്സരങ്ങൾ അവൻ റിപ്പോർട്ട് ചെയ്തു. ന്യൂസ് ഡസ്‌കിലിരുന്ന് കായിക വാർത്തകൾ എഡിറ്റ് ചെയ്തു. അവന്റെ കൈകളിലൂടെ മനോഹരമായ കായികവാർത്തകൾ ഞങ്ങളുടെ സ്‌പോർട്‌സ് പേജിലേക്ക് ഒഴുകിയെത്തി. അതിനിടയിൽ ഏറെ പുരസ്‌കാരങ്ങൾ അവനെ തേടിയുമെത്തി.
രാഷ്ട്രീയം, പ്രത്യേകിച്ച് കോൺഗ്രസ് രാഷ്ട്രീയം ആയിരുന്നു സിദ്ദീഖിന് ഏറെ വൈദഗ്ധ്യമുള്ള മറ്റൊരു മേഖല. കേരളത്തിന് നിരന്തരം വാർത്തകൾ സംഭാവനചെയ്തുകൊണ്ടിരിക്കുന്ന കോൺഗ്രസിലെ അന്തർനാടകങ്ങൾ നിർണായക സന്ധികളിലെത്തുന്ന ഘട്ടങ്ങളിൽ സിദ്ദീഖിനെ ഇറക്കിവിട്ടാൽ കൃത്യതയുള്ള വാർത്തകൾ വരുമെന്ന ഉറപ്പ് ഞങ്ങൾക്കുണ്ടായിരുന്നു. അങ്ങനെ വാർത്തകളുടെ രണ്ടു പ്രധാന മേഖലകളിൽ വൈദഗ്ധ്യമുള്ള അവൻ കളംനിറഞ്ഞു കളിച്ചു. വന്ന് അധികകാലമാവുന്നതിനു മുമ്പു തന്നെ ഞങ്ങളുടെ പത്രത്തിലെ പ്രധാന ബൈലൈനുകളിലൊന്നായി ‘യു.എച്ച് സിദ്ദീഖ്’ മാറി.

ഊർജസമൃദ്ധി ജന്മസിദ്ധമായതിനാലാവാം, പലതിനോടും അവൻ രൂക്ഷമായാണ് പ്രതികരിച്ചിരുന്നത്. പത്രപ്രവർത്തക യൂനിയൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അവൻ ജീവനക്കാരുടെ അവകാശപ്പോരാട്ടങ്ങളിലും തീവ്രമായി തന്നെ ഇടപെട്ടിരുന്നു. തൊഴിൽ മേഖല ഏറെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലമായതിനാൽ യൂനിയൻ ഘടകങ്ങളിൽ ചൂടുപിടിച്ച ചർച്ചകൾ പതിവാണ്. വ്യത്യസ്ത കാഴ്ചപ്പാടുള്ളവരെ ഉൾക്കൊള്ളുന്ന സംഘടനയായതിനാൽ അഭിപ്രായഭിന്നതകളും സ്വാഭാവികം. ചിലപ്പോൾ ചെറിയ ഭിന്നതകളിൽ പിടിച്ചുകയറി സിദ്ദീഖ് സഹപ്രവർത്തകരോട് രൂക്ഷമായി കലഹിക്കും, പിണങ്ങും. അവന്റെ പിണക്കത്തിനിരകളായവരിൽ ഞാനുമുണ്ടായിരുന്നു. എന്നാൽ തൊട്ടടുത്ത തവണ കാണുമ്പോൾ ഇക്കാ എന്നു വിളിച്ച് അരികിൽ ഓടിയെത്തി കൈപിടിക്കും. അവൻ പിണങ്ങാത്തവരായി ആരുമുണ്ടാവില്ല ഞങ്ങളുടെ കൂട്ടത്തിൽ, അതുപോലെ അവൻ തീക്ഷ്ണമായി സ്‌നേഹിക്കാത്തവരായും ആരുമുണ്ടാവില്ല. തെളിഞ്ഞ മനസ്സുകളിൽ മാത്രം രൂപംകൊള്ളുന്നതാണല്ലോ ഇപ്പറഞ്ഞ രണ്ടും.

കൂടെയുള്ളവർ നന്നായി പണിയെടുക്കുമ്പോൾ അവരുടെ ഊർജം നമ്മളിലേക്കും പ്രസരിക്കും. അതിന്റെ രസതന്ത്രം നന്നായറിഞ്ഞിരുന്നു തിരുവനന്തപുരം ബ്യൂറോയിൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്ന കാലത്ത്. നിന്നുതിരിയാനാവാത്ത വിധം പണിയുണ്ടാകും നിയമസഭ കൂടുന്ന കാലമടക്കം മിക്ക സന്ദർഭങ്ങളിലും. ബ്യൂറോയുടെ തലവനായിരുന്ന എന്റെ തലവേദന ലഘൂകരിക്കാൻ കൂടെ നിന്നവരായിരുന്നു സിദ്ദീഖടക്കമുള്ള അന്നത്തെ സഹപ്രവർത്തകർ. കഠിനാധ്വാനത്തിനിടയിലുള്ള സൗഹൃദത്തിന് തീവ്രതയും മധുരവും കൂടും. അതായിരുന്നു എനിക്കും അവനുമിടയിൽ.

തികഞ്ഞ ആരോഗ്യവാനായിരുന്ന സിദ്ദീഖ് തീർത്തും അപ്രതീക്ഷിതമായാണ് വിടപറഞ്ഞത്. അതും യൂനിയൻ പ്രവർത്തനത്തിന്റെ ഭാഗമായൊരു യാത്രയിൽ. കലഹിക്കാനും അതിലേറെ സ്‌നേഹിക്കാനും ഇനി അവനില്ല എന്ന അറിവിന്റെ നീറ്റലിൽ വീണുപോയത് ഞാൻ മാത്രമാവില്ല, കൂടെയുള്ള എല്ലാവരുമായിരിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News