2023 June 01 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ഖുര്‍ആന്‍ നെഞ്ചേറ്റിയ റമദാനുകള്‍

സ്വിദ്ദീഖ് നദ്‌വി ചേരൂര്‍

ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് നല്‍കുന്ന ലോകത്തെ ഏറ്റവും കനപ്പെട്ടതും പ്രശസ്തവുമായ പുരസ്‌കാരമാണ് ദുബൈ ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്. ദുബൈ ഭരണാധികാരിയും ഇന്നത്തെ യു.
എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇത്തരമൊരു അവാര്‍ഡ് പ്രഖ്യാപിച്ചത്. 1997ലാണ് ഇതിനായി പ്രത്യേക ഡയരക്ടറേറ്റ് സ്ഥാപിച്ചുകൊണ്ടുള്ള രാജകീയ വിളംബരം പുറത്തിറങ്ങിയത്.
ഖുര്‍ആനുമായി ബന്ധപ്പെട്ട ബഹുമുഖ പദ്ധതികളാണ് അവാര്‍ഡ് കമ്മിറ്റി ആവിഷ്‌കരിച്ച് നടപ്പില്‍വരുത്തുന്നത്. ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് പെഴ്‌സനാലിറ്റി അവാര്‍ഡ്, അന്തര്‍ദേശീയ ഖുര്‍ആന്‍ മത്സരം, ശൈഖ് ഹിന്ദ് ബിന്‍ത് മക്തൂം പ്രാദേശിക ഖുര്‍ആന്‍ മത്സരം, ഏറ്റവും നന്നായി ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരെ തെരഞ്ഞെടുക്കാനുള്ള മല്‍സരം, മികച്ച സ്വദേശി ഹാഫിളിനെ തെരഞ്ഞെടുക്കാനുള്ള മല്‍സരം, തടവുകാര്‍ക്കിടയില്‍ ഖുര്‍ആന്‍ മനനം പ്രോത്സാഹിപ്പിക്കല്‍, പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, പഠനം, ഗവേഷണം, ഖുര്‍ആന്‍ പാരായണം പഠിപ്പിക്കല്‍, ശൈഖ് ഖലീഫ ബിന്‍ സാഇദ് ആല്‍ നഹ്‌യാന്‍ മുസ്ഹഫ് വിതരണം തുടങ്ങിയവ ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളാണ്.
വളര്‍ന്നുവരുന്ന തലമുറയില്‍ മതബോധവും സ്വന്തം വിശ്വാസത്തോടും ഇസ്‌ലാമിക സന്ദേശത്തോടും ആഭിമുഖ്യവും വളര്‍ത്തുക, ഖുര്‍ആന്‍ പഠനം, മനനം എന്നിവയില്‍ മല്‍സരബുദ്ധി വളര്‍ത്തിയെടുക്കുക, ഖുര്‍ആന്‍ മനനം, പാരായണം എന്നിവയ്ക്ക് കൂടുതല്‍ സമയം നീക്കിവയ്ക്കാന്‍ അവരെ പ്രോല്‍സാഹിപ്പിക്കുക, മികവ് പ്രകടിപ്പിക്കുന്ന ഹാഫിളുകളെ ആദരിക്കുക, രാജ്യത്തിന്റെ ഇസ്‌ലാമിക മുഖം പ്രശോഭിതമാക്കുക, ജീവിതവീഥികളില്‍ ഇസ്‌ലാമിക മൂല്യങ്ങളെ ഊട്ടിയുറപ്പിക്കുക, ഇസ്‌ലാമിന് നിസ്തുല സേവനങ്ങള്‍ അര്‍പ്പിച്ച ആഗോള വ്യക്തിത്വങ്ങളെയും സ്ഥാപനങ്ങളെയും ആദരിക്കുക തുടങ്ങിയവ മുന്നില്‍ കണ്ടാണ് ഈ സമിതി പ്രവര്‍ത്തിക്കുന്നത്.
മത്സര യൂനിറ്റ്, ഖുര്‍ആന്‍ മനന യൂനിറ്റ്, ഭരണ ധനകാര്യ യൂനിറ്റ്, പബ്ലിക് റിലേഷന്‍സ് യൂനിറ്റ്, മീഡിയ വിങ്, പ്രഭാഷണ സെമിനാര്‍ വിങ്, പഠന ഗവേഷണ യൂനിറ്റ് എന്നീ വിഭാഗങ്ങളായാണ് ഡയരക്ടറേറ്റ് നിലകൊള്ളുന്നത്. ദുബൈ ഭരണകൂടത്തിന്റെ പൂര്‍ണ പിന്തുണയിലും അംഗീകാരത്തിലും പ്രവര്‍ത്തിക്കുന്ന സംവിധാനമായതിനാല്‍ വളരെ കാര്യക്ഷമമായി ഇതിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നു.

ആഗോള ഇസ്‌ലാമിക
വ്യക്തിത്വമായി സഊദി പണ്ഡിതന്‍

ഈ അവാര്‍ഡുകളിലെ ശ്രദ്ധേയമായ ഒരിനമാണ് അന്തര്‍ദേശീയ ഇസ്‌ലാമിക വ്യക്തിത്വത്തിനും സ്ഥാപനത്തിനും നല്‍കുന്ന അവാര്‍ഡ്. ഓരോ വര്‍ഷവും ലോകത്തെ ഏറ്റവും തിളക്കമുള്ള, കനപ്പെട്ട സേവനങ്ങളിലൂടെ മുസ്‌ലിം ലോകത്തിന്റെ കണ്ണും കരളും കവര്‍ന്ന അപൂര്‍വ വ്യക്തികളെയാണ് അവാര്‍ഡ് നല്‍കി ആദരിക്കുക.
10 ലക്ഷം യു.എ.ഇ ദിര്‍ഹമും (രണ്ട് കോടി ഇന്ത്യന്‍ രൂപ) പ്രശസ്തിപത്രവുമാണ് അവാര്‍ഡ് ജേതാക്കള്‍ക്ക് സമ്മാനമായി ലഭിക്കുക. കൂടാതെ ആവശ്യമായ ഘട്ടത്തില്‍ അത്തരം വ്യക്തികളെ പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ വരെ ദുബൈയിലെത്തിക്കാന്‍ അധികൃതര്‍ ജാഗ്രത പുലര്‍ത്തുന്നു. ഈ അവാര്‍ഡ് പരമ്പര ആരംഭിച്ച രണ്ടാം വര്‍ഷം അവാര്‍ഡ് തേടിയെത്തിയത് ഇന്ത്യന്‍ പണ്ഡിതനായ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വിയെയാണ്. പൊതുവെ അവാര്‍ഡ് ചടങ്ങുകളില്‍ നിന്ന് മാറിനില്‍ക്കാറുള്ള അദ്ദേഹത്തെ യു.പിയിലെ റായ്ബറേലിയിലേക്ക് പ്രത്യേക വിമാനം അയച്ചു നിര്‍ബന്ധപൂര്‍വം ശൈഖ് മുഹമ്മദ് ക്ഷണിച്ചുവരുത്തുകയായിരുന്നു.
ഈവര്‍ഷം സഊദി പണ്ഡിതനും ഖുര്‍ആന്‍ പാരായണ വിദഗ്ധനുമായ ശൈഖ് ഇബ്‌റാഹീം ബിന്‍ അഖ്ദര്‍ അല്‍ ഖയ്യിമിനാണ് ദുബൈ ഭരണകൂടത്തിന്റെ ആഗോള ഇസ്‌ലാമിക വ്യക്തിത്വത്തിന് നല്‍കുന്ന ഖുര്‍ആന്‍ അവാര്‍ഡ്. മക്ക-മദീന ഇമാമും നിരവധി ഖുര്‍ആന്‍ പാരായണ വിദഗ്ധരുടെ ഗുരുവുമായ ഇദ്ദേഹത്തിനാണ് ഇത്തവണ ദുബൈ ഭരണകൂടത്തിന്റെ ആഗോള ഇസ്‌ലാമിക വ്യക്തിത്വത്തിന് നല്‍കുന്ന ഖുര്‍ആന്‍ അവാര്‍ഡ്.

പ്രഥമ വര്‍ഷം (1997ല്‍) അവാര്‍ഡ് ലഭിച്ചത് ലോക പ്രശസ്ത ഈജിപ്ഷ്യന്‍ പണ്ഡിതന്‍ ശൈഖ് മുതവല്ലി ശഅ്‌റാവിക്കായിരുന്നു. രണ്ടാം വര്‍ഷം നദ്‌വി സാഹിബിനും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്‌യാന്‍, ബോസ്‌നിയന്‍ പ്രസിഡന്റ് ഡോ.അലി ഇസ്സത്ത് ബെഗോവിച്ച്, സഊദിയിലെ ഡോ. അബ്ദുല്ലാഹ് അബ്ദുല്‍ മുഹ്‌സിന്‍ തുര്‍ക്കി, കൈറോവിലെ ജാമിഉല്‍ അസ്ഹര്‍, സിറിയന്‍ പണ്ഡിതന്‍ ഡോ.മുഹമ്മദ് സഈദ് റമദാന്‍ അല്‍ ബുത്വി, പ്രശസ്ത ഖാരിഉം ഹറം ഇമാമുമായ ഡോ. അബ്ദുര്‍ റഹ്‌മാന്‍ സുദൈസ്, ഈജിപ്ഷ്യന്‍ ജിയോളജിസ്റ്റും ഇസ്‌ലാമിക പ്രബോധകനും ഖുര്‍ആന്‍ പ്രചാരകനുമായ ഡോ. സഗ്‌ലൂല്‍ നജ്ജാര്‍, പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവും സഫ്‌വതുത്തഫാസീറിന്റെ കര്‍ത്താവുമായ ശൈഖ് മുഹമ്മദ് അലി സാബൂനി, മദീനയിലെ കിങ് ഫഹദ് ഖുര്‍ആന്‍ പ്രസാധന കോംപ്ലക്‌സ്, ജര്‍മന്‍ നയതന്ത്രജ്ഞനും നവമുസ്‌ലിം ചിന്തകനുമായ ഡോ. മുറാദ് ഹോഫ്മാന്‍, മുന്‍ സുഡാന്‍ പ്രസിഡന്റും പ്രശസ്ത ഇസ്‌ലാമിക ചിന്തകനുമായ ഫീല്‍ഡ് മാര്‍ഷല്‍ അബ്ദുര്‍റഹ്‌മാന്‍ സുവാറുദ്ദഹബ്, യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലിഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍, അമേരിക്കന്‍ ചര്‍ച്ചുകളിലെ ക്രൈസ്തവ സുവിശേഷകനായി ജീവിച്ചശേഷം ഇസ്‌ലാമിലേക്ക് കടന്നുവന്ന് പ്രബോധനത്തിനായി സ്വയം സമര്‍പ്പിച്ച യൂസഫ് എസ്തസ്, ഇന്ത്യന്‍ പൗരനായ പ്രഭാഷകന്‍ ഡോ. സാക്കിര്‍ അബ്ദുല്‍ കരീം നായിക്, ശൈഖുല്‍ അസ്ഹര്‍ ഡോ. അഹ്‌മദ് അത്ത്വയ്യിബ്, യു.എ.ഇയിലെ മാതാവായി അറിയപ്പെടുന്ന ശൈഖ ഫാത്വിമ ബിന്‍ത് മുബാറക്, യു.എ.ഇയിലെ സുല്‍ത്താനുല്‍ ഉലമാ ശൈഖ് മുഹമ്മദ് അലി ബിന്‍ ശൈഖ് അബ്ദുര്‍റഹ്‌മാന്‍, സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് തുടങ്ങിയവരാണ് കഴിഞ്ഞ 23 വര്‍ഷം മുമ്പ് വരെ ഈ അവാര്‍ഡിന് അര്‍ഹരായവര്‍.

പാരായണ പുരസ്‌കാരം

ഖുര്‍ആന്‍ മനഃപാഠമാക്കിയവരില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് വേണ്ടിയുളള മത്സരങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉന്നത സ്ഥാനങ്ങള്‍ നേടുകയുണ്ടായി. അറബ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ നിന്നും അടക്കമുള്ള ഹാഫിളുകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഈ മല്‍സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം രണ്ടര ലക്ഷം, രണ്ട് ലക്ഷം, ഒന്നര ലക്ഷം ദിര്‍ഹം വീതമാണ് സമ്മാനമായി നല്‍കപ്പെടുന്നത്. അതുപോലെ പത്ത് വരെ സ്ഥാനം നേടുന്നവര്‍ക്കും വലിയ തുക ലഭിക്കുന്നു. കൂടാതെ മത്സരത്തില്‍ പങ്കെടുത്ത എല്ലാവരും ചെറുതല്ലാത്ത തുകയ്ക്ക് നല്‍കുന്നുണ്ട്. ഇങ്ങനെ ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ദിര്‍ഹമാണ് സമ്മാനം നല്‍കാന്‍ മാത്രമായി ദുബൈ ഭരണകൂടം നീക്കിവയ്ക്കുന്നത്.

ഇത്തവണത്തെ അന്തര്‍ദേശീയ ഖുര്‍ആന്‍ പാരായണ മല്‍സരത്തില്‍ ഒന്നാം നേടിയത് അള്‍ജീരിയയിലെ അബൂബക്ര്‍ അബ്ദുല്‍ ഹാദി റാജിആണ്. ആറാം സ്ഥാനം ഇന്ത്യക്കാരനായ സൈനുല്‍ ആബിദും യു.എ.ഇ സ്വദേശി ഉമര്‍ സഈദ് അഹ്‌മദ് ഹാരിബ് അല്‍ ഫലാഹിയും പങ്കിട്ടു.

ഓരോ വര്‍ഷവും റമദാന്‍ ഒന്ന് മുതല്‍ 20 വരെയുള്ള ദിവസങ്ങള്‍ ദുബൈയില്‍ ഉത്സവ പ്രതീതി സൃഷ്ടിച്ചാണ് കടന്നുപോകാറുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹാഫിളുകളും ഖുര്‍ആനികാന്തരീക്ഷത്തില്‍ ലയിച്ചുചേരാനും ഖുര്‍ആന്‍ പാരായണത്തിന്റെ വൈഭവവും വൈവിധ്യവും നേരില്‍ ആസ്വദിക്കാനും ധാരാളം വിശ്വാസികളും ആസ്വാദകരും എത്താറുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.