2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

Editorial

തീവില പാക്കറ്റ് ചെയ്യുന്ന ജി.എസ്.ടി


ഇന്നലെ മുതൽ രാജ്യമൊട്ടാകെ പാക്കറ്റിൽ വാങ്ങുന്ന അരിക്കും ഗോതമ്പിനും 5 ശതമാനം മുതൽ 18 ശതമാനം വരെ വില വർധിക്കാൻ കാരണമാകുന്ന ചരക്കു സേവന നികുതി (ജി.എസ്.ടി)യിൽ മാറ്റം വരുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ജി.എസ്.ടിയുടെ മറവിൽ വിപണിയിൽ അരിക്കും ഗോതമ്പിനും പയറിനും തീവില കൊടുക്കേണ്ട ഗതികേടിലാണ് സാധാരണക്കാർ. തീവില പാക്കറ്റ് ചെയ്യുകയായിരുന്നു കേന്ദ്ര സർക്കാർ പുതിയ നികുതി നിർദേശത്തിലൂടെ എന്നു വേണം കരുതാൻ. അത്തരമൊരു വിലക്കയറ്റത്തിനാണ് ഇന്നലെ മുതൽ തുടക്കം കുറിച്ചിരിക്കുന്നത്. അരിയാഹാരം മുഖ്യഭക്ഷണമായ തെക്കേ ഇന്ത്യക്കാരെയും ഗോതമ്പ് മുഖ്യഭക്ഷണമായ ഉത്തരേന്ത്യൻ ജനതയെയും ഒരേ സമയം ജി.എസ്.ടി എന്ന കുരുക്കിട്ട് ശ്വാസം മുട്ടിക്കാൻ ഇതിലൂടെ കേന്ദ്ര സർക്കാരിനു കഴിഞ്ഞു.
അരിക്ക് ഇത്രയും വലിയ നികുതി ഏർപ്പെടുത്തുന്നത് ഇതാദ്യമാണ്. അരിക്കും ഗോതമ്പിനും അഞ്ച് ശതമാനം നികുതി കൂട്ടുന്നതിലൂടെ വിപണിയിൽ രണ്ടിനും വില കുതിച്ചുകയറും. പാക്കറ്റ് അരിക്കാണ് വില വർധിക്കുക, തൂക്കി വിൽക്കുന്നവയ്ക്ക് വില വർധിക്കുകയില്ലെന്ന ന്യായമൊന്നും വിപണിയിൽ വിലപ്പോവില്ല. മാത്രമല്ല, ഇതു സംബന്ധിച്ച വ്യക്തമായ വിവരവും ഇതുവരെ പുറത്തുവന്നിട്ടില്ല. വിപണിയിൽ സൃഷ്ടിക്കപ്പെടുന്ന കൃത്രിമമായ വിലക്കയറ്റത്തിനു പോലും നടപടിയെടുക്കാത്ത സംസ്ഥാന സർക്കാരാകട്ടെ, വിവാദങ്ങളിൽ അഭിരമിക്കാനാണ് സമയം ഏറെയും വിനിയോഗിച്ചു കൊണ്ടിരിക്കുന്നത്. സർക്കാരിൽനിന്ന് അരിവിലയും ഗോതമ്പ് വിലയും പിടിച്ചുനിർത്തുന്ന നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് അസ്ഥാനത്തായിരിക്കും.

ജി.എസ്.ടിയുടെ പേരിൽ കച്ചവടക്കാർ അരിക്കും പയറിനും ഗോതമ്പിനും മറ്റു ധാന്യങ്ങൾക്കും സ്വയം വിലവർധിപ്പിക്കാനുള്ള സാധ്യത ഏറെയാണ്. കേന്ദ്ര സർക്കാർ പാക്കറ്റ് അരിക്കും ഗോതമ്പിനും അഞ്ച് ശതമാനം ജി.എസ്.ടി നിശ്ചയിച്ചപ്പോൾ സംസ്ഥാന ഭരണകൂടത്തിൽനിന്ന് അതിനെതിരേ ഒരു പ്രതിഷേധം പോലും ഉണ്ടായില്ല. ധനമന്ത്രി ഇന്നലെ നിയമസഭയിൽ വിഷയത്തിൽ കേന്ദ്രസർക്കാരിന് കത്തയക്കുമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും ഇതൊരു ഫലപ്രാപ്തിയുള്ള നീക്കമാണെന്ന് തോന്നുന്നില്ല. കേരള മുഖ്യമന്ത്രിയിൽനിന്ന് കാര്യമായ പ്രതികരണവും ഉണ്ടായിട്ടില്ല. ഭക്ഷ്യമന്ത്രി നിർവികാരമായ ഒരു പ്രസ്താവന മാത്രമാണ് നടത്തിയത്. കഴിഞ്ഞ മാസം 28 നും 29 നും ചേർന്ന കൗൺസിൽ തീരുമാനത്തിന് എതിരായി ജി.എസ്.ടി നിയമത്തിൽ അപ്രതീക്ഷിത ഭേദഗതി വരുത്തിയാണ് കേന്ദ്ര സർക്കാർ വിലക്കയറ്റത്തിനു വഴിയൊരുക്കിയത്.

അഞ്ചുവർഷം മുമ്പാണ് രാജ്യത്ത് ജി.എസ്.ടി നിയമം നടപ്പാക്കിയത്. അരി, പച്ചക്കറി, മുട്ട, മത്സ്യം തുടങ്ങി നിത്യോപയോഗ സാധനങ്ങളെ നികുതിയിൽനിന്ന് ഒഴിവാക്കി കൊണ്ടായിരുന്നു അന്ന് നിയമം നിലവിൽ വന്നത്. അതാണിപ്പോൾ നിയമ ഭേദഗതിയിലൂടെ എടുത്തുകളഞ്ഞിരിക്കുന്നത്.

കോഴിയിറച്ചിക്കു പോലും ഈടാക്കാത്ത ജി.എസ്.ടി അടിസ്ഥാന ഭക്ഷ്യവസ്തുക്കൾക്കു മേൽ ചുമത്തുക എന്നത് സാധാരണക്കാരോടുള്ള ദ്രോഹമായേ കാണാനാകൂ. ചെറുവാക്കുകൊണ്ടുപോലും പ്രതിഷേധമുയർത്താൻ സംസ്ഥാന സർക്കാർ തയാറായിട്ടില്ല. ഇതോടൊപ്പം തൈരിനും മോരിനും അഞ്ച് ശതമാനം നികുതി ഇന്നലെ മുതൽ കൂട്ടി. അതോടെ മിൽമയും പാലുൽപന്നങ്ങൾക്ക് വില വർധിപ്പിച്ചു.
പല അവശ്യവസ്തുക്കൾക്കും സേവനങ്ങൾക്കും ജി.എസ്.ടി നികുതി അഞ്ച് ശതമാനം വർധിപ്പിച്ചതിലൂടെ അവയ്‌ക്കെല്ലാം കൂടിയ വില നൽകേണ്ട അവസ്ഥയാണിപ്പോഴുള്ളത്. ആശുപത്രികളിലേയും ഹോട്ടലുകളിലേയും മുറി വാടക വർധിച്ചു. എൽ.ഇ.ഡി ലൈറ്റുകൾ, പേപ്പർ, പെൻസിൽ തുടങ്ങി നിത്യോപയോഗ വസ്തുക്കൾക്കെല്ലാം ഇന്നലെ മുതൽ ജി.എസ്.ടി നികുതി വർധനവിലൂടെ വില വർധിച്ചിരിക്കുകയാണ്. ബ്രാൻഡഡ് പാക്കറ്റ് ഉൽപന്നങ്ങൾക്കു പുറമെ ബ്രാൻഡഡ് അല്ലാത്ത പാക്കറ്റിൽ വിൽക്കുന്ന ഉൽപന്നങ്ങൾ, തൈര്, മോര്, ലസ്സി, പാക്കറ്റിൽ വിൽക്കുന്ന മാംസം, മത്സ്യം, തേൻ, ശർക്കര, പനീർ, പപ്പടം, തുടങ്ങിയ സാധാരണക്കാരെ ബാധിക്കുന്നതിനെല്ലാം വിലകൂടിയിരിക്കുകയാണ്.

പണപ്പെരുപ്പം ശമനമില്ലാതെ തുടരുന്നതിനിടയിലാണ് നികുതി ചുമത്തി വീണ്ടും ഉൽപന്ന വില വർധിക്കാൻ കാരണമാകുന്ന നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുവന്നിരിക്കുന്നത്. ഇത്തരം നടപടികൾ കൊണ്ട് പണപ്പെരുപ്പം കുറയ്ക്കാനാകില്ല. രൂക്ഷമാകാനുള്ള സാധ്യത ഏറെയുമാണ്. നിശ്ചിത വരുമാനക്കാരെയാണ് കേന്ദ്ര സർക്കാരിന്റെ ഇത്തരം നടപടികൾ പ്രതിസന്ധിയിലാക്കുന്നത്. സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇതിനകം രാജ്യത്തെ പല മൊത്തവ്യാപാര കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്.

സാധാരണക്കാരന്റെ പോക്കറ്റ് പരോക്ഷ നികുതിയിലൂടെ ക്രൂരമായി ചോർത്തുകയാണ് ജി.എസ്.ടി സമ്പ്രദായത്തിലൂടെ. പ്രത്യക്ഷ നികുതികൾ കുറച്ചതിലൂടെ പരോക്ഷ നികുതിയുടെ പാപഭാരം പേറാൻ വിധിക്കപ്പെട്ടിരിക്കുകയാണ് സാധാരണ ജനങ്ങൾ. നികുതി സംവിധാനത്തിലെ ഈ അനീതി ഓരോ ഭക്ഷ്യവസ്തുക്കൾക്കും നിത്യോ പയോഗ വസതുക്കൾക്കും ഇടക്കിടെ വർധിപ്പിച്ച് തുടരുകയും ചെയ്യുന്നു.
ജി.എസ്.ടിയെ ഇരുകൈയും നീട്ടി സ്വീകരിച്ച മുൻ ധനകാര്യ മന്ത്രി സാമ്പത്തിക വിദഗ്ധനായിരുന്നിട്ടു പോലും സാധാരണക്കാരനെ കൊള്ളയടിക്കുന്ന ജി.എസ്.ടി നികുതിയുടെ മറവിൽ ഒളിഞ്ഞിരിക്കുന്ന അപകടം കാണാൻ കഴിഞ്ഞില്ല. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചാണ് ജി.എസ്.ടി കൗൺസിൽ തീരുമാനമെടുക്കുന്നത് എന്നാണ് പുറമേക്കു പറയുന്നത്. ഇപ്പോഴത്തെ തീരുമാനം അങ്ങനെ ഉണ്ടായതല്ല. കൗൺസിൽ യോഗത്തിനു ശേഷം ജി.എസ്.ടി നിയമം ഭേദഗതി ചെയ്താണ് നടപ്പാക്കിയത്.

ഭക്ഷ്യവസ്തുക്കൾക്ക് വലിയ നികുതി നൽകേണ്ടിവരുന്ന ഒരവസ്ഥ സാധാരണക്കാരനെ വലിയ പ്രയാസത്തിലാക്കും. കുഗ്രാമങ്ങളിൽ പോലും അരിയും ഗോതമ്പും ഒരു കച്ചവടക്കാരനും ഇപ്പോൾ തൂക്കി വിൽക്കാറില്ല. എന്നിരിക്കെ തീവിലയായിരിക്കും അരിക്കും ഗോതമ്പിനും ഇനി നൽകേണ്ടിവരിക. വൻകിട വ്യാപാരികളുടെയും ലാഭം നേടുന്നവരുടെയും ലാഭവിഹിതങ്ങൾക്ക് ഒരു പോറൽ പോലും ഏൽക്കാതെ സാധാരണക്കാരനെ സേവന നിരക്കിന്റെ പേരിൽ പിഴിഞ്ഞൂറ്റുന്ന ജി.എസ്.ടി നികുതി നിയമം എടുത്തുകളയാതെ വിലക്കയറ്റമെന്ന നീരാളിപ്പിടിത്തത്തിൽനിന്ന് അടിസ്ഥാനവർഗം രക്ഷപ്പെടാൻ പോകുന്നില്ല.
അസംഘടിതരായ സാധാരണക്കാർക്കു മേൽ കുരുക്കുമുറുക്കിക്കൊണ്ടിരിക്കുന്ന സംവിധാനമാണ് ചരക്കു സേവന നികുതി നിയമമെന്ന് അതിന്റെ ഓരോ തീരുമാനത്തിലൂടെയും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. അതിലെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ദരിദ്രരുടെ അത്താഴപ്പട്ടിണി മാറ്റാനുള്ള ഒരുപിടി അരിക്കുപോലും ജി.എസ്.ടി ചുമത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.