2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ശൈഖ് ഖലീഫ ബിൻ സായിദ് വിടപറയുമ്പോൾ

നസറുദ്ദീൻ മണ്ണാർക്കാട്

യു.എ.ഇയുടെ രണ്ടാമത്തെ പ്രസിഡന്റും രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാൻ്റെ പുത്രനുമായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ വിടവാങ്ങിയിരിക്കുന്നു. ഇന്ത്യക്കാരുൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികൾക്ക് പോറ്റില്ലവും സ്വദേശികൾക്ക് ഈറ്റില്ലവുമായ യു.എ.ഇ എന്ന രാജ്യത്തിന്റെ ആധുനികവത്കരണത്തിൽ സുപ്രധാനമായ പങ്കുവഹിച്ച രാഷ്ട്രത്തലവനായിട്ടാണ്‌ ശൈഖ് ഖലീഫ അറിയപ്പെടുന്നത്.

അബൂദബിയുടെ കിഴക്കൻ ഭാഗമായ അൽ ഐനിൽ 1948 സെപ്റ്റംബർ 7 നാണ് അദ്ദേഹം ജനിച്ചത്. പ്രസിദ്ധമായ ബനിയാസ് ഗോത്രത്തിലെ അൽ ഫലാഹി വംശപരമ്പരയിലെ ഭരണ കുടുംബമായ അൽ നഹ്‌യാൻ്റെ വസതി ഖസ്വറൽ മുവൈജിഇയിലായിരുന്നു അദ്ദേഹത്തിന്റെ ചെറുപ്പകാലം ചെലവിട്ടത്. ബ്രിട്ടനിലെ ‘റോയൽ മിലിട്ടറി അക്കാദമിയിൽ’ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം 1966ൽ അബൂദബിയുടെ കിഴക്കൻ പ്രദേശങ്ങളിൽ ഭരണാധികാരിയുടെ പ്രതിനിധിയായും അൽ ഐൻ കോടതിവകുപ്പിന്റെ തലവനായും മികവ് പ്രകടിപ്പിച്ചു. 1969 ഫെബ്രുവരി ഒന്നിന് അബൂദബിയുടെ കിരീടാവകാശിയായും സൈനിക തലവനായും തെരഞ്ഞെടുക്കപ്പെട്ടു. ക്രാന്തദർശിയായ പിതാവ് ശൈഖ് സായിദിന്റെ നിഴലായി നിന്നുകൊണ്ട് യു.എ.ഇ എന്ന ആധുനിക രാഷ്ട്രത്തിന്റെ നിർമാണത്തിൽ പങ്കാളിയായി.

1971ൽ യു.എ.ഇ എന്ന പുതുരാഷ്ട്രം പിറവി കൊണ്ടപ്പോൾ തന്ത്രപ്രധാനമായ പല ചുമതലകളും ശൈഖ് ഖലീഫ ഏറ്റെടുക്കുകയുണ്ടായി. പിതാവ് അബൂദബിയുടെ തലവൻ എന്ന പദവിയ്ക്ക് പുറമെ യു.എ.ഇ എന്ന പുതിയ രാഷ്ട്രത്തിന്റെ പരമാധികാരികൂടിയായപ്പോൾ അബൂദബിയുടെ ഭരണപരമായ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റാൻ ശൈഖ് ഖലീഫയ്ക്ക് സാധിച്ചു. 1976ൽ യു.എ.ഇയുടെ സായുധ സേനയുടെ ഡെപ്യൂട്ടി കമാൻഡർ പദവി കൂടി അദ്ദേഹത്തെ തേടിയെത്തി. മരുഭൂമിയിൽനിന്ന് ഒരാധുനിക രാഷ്ട്രം പിറവികൊള്ളുകയും വളർന്നു വികസിക്കുകയും ചെയ്ത അത്യത്ഭുത ചരിത്രത്തിൽ ശൈഖ് ഖലീഫ തന്റെ നാമവും തുന്നിച്ചേർത്തു. സുപ്രിം പെട്രോൾ കൗൺസിൽ തലവനായി 1980ൽ ചുമതലയേറ്റ അദ്ദേഹം തന്റെ ഭരണത്തിലുടനീളം ആ പദവിയിൽ തുടരുകയുമുണ്ടായി.

ശൈഖ് സായിദിന്റെ അനാരോഗ്യകാലത്ത് ആക്ടിങ് പ്രസിഡന്റായിരുന്ന അദ്ദേഹം പിതാവിന്റെ വിയോഗാനന്തരം 2004 നവംബർ മൂന്നിന് യു.എ.ഇയുടെ രണ്ടാമത്തെ പ്രസിഡന്റും രാഷ്ട്രത്തലവനുമായി. യു.എ. ഇ ഫെഡറൽ ഗവൺമെന്റ് സംവിധാനത്തിലും അബൂദബിയുടെ ഭരണത്തിലും വലിയ പരിഷ്‌ക്കരണങ്ങളാണ് രാഷ്ട്രത്തലവനെന്ന നിലയ്ക്ക് നടപ്പിലാക്കിയത്. പ്രസിഡന്റായ ഉടൻ, വടക്കൻ എമിറേറ്റുകളിലെ വികസനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി യാത്രകളാണ് ഈ മേഖലയിൽ അദ്ദേഹം നടത്തിയത്. സ്‌കൂളുകളും താമസ-നിർമാണ പദ്ധതികളുമുണ്ടാക്കി. ഇച്ഛാശാക്തി തെളിയിച്ച അദ്ദേഹം രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിൽ സമൂലമായ മാറ്റം കൊണ്ടുവരാനുള്ള ദീർഘകാല പദ്ധതികളും വിഭാവനം ചെയ്യുകയുണ്ടായി.

അയൽ രാജ്യങ്ങളുമായുള്ള ബന്ധം സുദൃഢമാക്കുകയും ദേശസുരക്ഷയുടെ കാര്യത്തിൽ വിട്ടു വീഴ്ചയില്ലാത്ത നിലപാടുകൾ രൂപപ്പെടുത്തുകയും ചെയ്ത ശൈഖ് ഖലീഫയുടെ ഭരണത്തിൽ യു.എ.ഇ സമാനതകളില്ലാത്ത വികസനക്കുതിപ്പാണ് നടത്തിയത്. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയുടെ പേര് അദ്ദേഹത്തോടുള്ള ബഹുമാനത്തിന്റെ ഭാഗമായി ചാർത്തിനൽകിയതാണ്. ഇല്ലായ്മയിൽ നിന്നൊരു രാഷ്ട്രമുണ്ടാക്കിയ ശൈഖ് സായിദെന്ന രാഷ്ട്രശിൽപിയുടെ മകന് ലഭിച്ച ഏറ്റവും വലിയ സ്‌നേഹാദരവായിരുന്നുആ നാമകരണം. 2014ൽ അദ്ദേഹത്തിനുണ്ടായ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം സഹോദരനായ ശൈഖ് മുഹമ്മദ് ബിൻ സായിദായിരുന്നു തുടർന്നിതുവരെയും ആക്ടിങ് പ്രസിഡന്റായി ചുമതലകൾ കൈകാര്യം ചെയ്തിരുന്നത്.

സ്വദേശികളെയും വിദേശികളെയും ഒരുപോലെ സ്‌നേഹിച്ച ഭരണാധികാരിയെയാണ് ശൈഖ് ഖലീഫയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. അണമുറിയാത്ത പ്രാർഥനകളോടെ ഇമറാത്തികളും മറ്റുദേശക്കാരും തങ്ങളുടെ പ്രിയങ്കരനായ രാഷ്ട്രത്തലവന്റെ വിയോഗത്തിൽ വിതുമ്പുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News