2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

Editorial

വിഴിഞ്ഞം: അക്രമസമരം പരിഹാരമല്ല


വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ പൊലിസ് സ്റ്റേഷൻ ആക്രമണവും തുടർന്ന് പൊലിസിന്റെ ഭാഗത്ത് നിന്നുണ്ടായ ടിയർ ഗ്യാസ് പ്രയോഗവും ലാത്തിച്ചാർജും നിർഭാഗ്യകരമാണ്. തുറമുഖവിരുദ്ധ സമരത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പൊലിസ് സ്‌റ്റേഷന് മുന്നിൽ തടിച്ചുകൂടിയ നാട്ടുകാരും പൊലിസും തമ്മിൽ ഏറ്റുമുട്ടിയതിനെത്തുടർന്നാണ് ഒട്ടേറെ സമരക്കാർക്കും 35 പൊലിസുകാർക്കും പരുക്കേറ്റത്. സ്റ്റേഷനിലെ വാഹനങ്ങൾ തകർക്കപ്പെട്ടു. സ്‌റ്റേഷനും വാഹനങ്ങളും കത്തിക്കാനുള്ള ശ്രമംവരെ ഉണ്ടായി.

ഒരു ജനതയുടെ നിലനിൽപ്പും അവരുടെ തൊഴിലവസരവും സംസ്‌കാരവും കവർന്നെടുക്കുന്നതാണ് വിഴിഞ്ഞം തുറമുഖമെന്ന് അവിടത്തെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ ദൃഢമായി വിശ്വസിക്കുന്നു. അതിനവർക്ക് കാരണങ്ങൾ നിരത്താനുമുണ്ട്. 50,000ത്തിലധികം മത്സ്യത്തൊഴിലാളികളാണ് വിഴിഞ്ഞവുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്. തുറമുഖ വികസനത്തിന് തൊഴിലാളികൾ എതിരല്ലെന്നും എന്നാൽ ഇതുകൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങൾ സംബന്ധിച്ചു സുതാര്യ പഠനം ഉണ്ടാകണമെന്നും അതിനായി തീരദേശ മത്സ്യത്തൊഴിലാളികളിൽ വൈദഗ്ധ്യമുള്ളവരെ കൂടി ഉൾപ്പെടുത്തണമെന്നുമായിരുന്നു സമരസമിതിയുടെ ആവശ്യം.
തുറമുഖ നിർമാണത്തിന്റെ ഭാഗമായുണ്ടാകുന്ന തീരശോഷണം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് ഓഗസ്റ്റ് മുതൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് സമരം നടന്നുവരുന്നത്. പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് പദ്ധതി നടത്തിപ്പുകാരായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിർമാണ കരാർ കമ്പനി ഹോവെ എൻജിനീയറിങ് പ്രൊജക്ട്‌സ് എന്നിവർ ഹൈക്കോടതിയിൽ ഹരജി നൽകിയതിനെത്തുടർന്ന് വിഴിഞ്ഞത്ത് ക്രമസമാധാനം നിലനിർത്താൻ ഉചിതമായ നടപടി സ്വീകരിക്കാനായി തിരുവനന്തപുരം പൊലിസ് കമ്മിഷണർക്കും ബന്ധപ്പെട്ട പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും ഹൈക്കോടതി നിർദേശം നൽകിയതാണ്. തുടർന്നും സമരമുഖത്ത് ചെറിയ തോതിൽ സംഘർഷവും അസ്വാരസ്യങ്ങളും ഉണ്ടായിരുന്നുവെങ്കിലും സർക്കാരും പൊലിസും സംയമനം പാലിച്ചതിനാൽ കഴിഞ്ഞദിവസം വരെ വിഴിഞ്ഞം സമരം അക്രമത്തിലേക്കെത്തിയിരുന്നില്ല.

തുറമുഖത്തിനെതിരേ മത്സ്യത്തൊഴിലാളികൾ ഉയർത്തുന്ന വലിയ ആശങ്ക തുറമുഖം യാഥാർഥ്യമാകുന്നതോടെ വലിയ തോതിൽ തീരശോഷണം സംഭവിക്കുമെന്നും ജനജീവിതം അസാധ്യമായിത്തീരുമെന്നുമാണ്. 2015ൽ സർക്കാർ സമരക്കാരോട് പറഞ്ഞത് വിഴിഞ്ഞം തുറമുഖം ഒരിക്കലും തീരശോഷണത്തിനു കാരണമാകില്ലെന്നും അത്തരമൊരു സാഹചര്യമുണ്ടായാൽ ഇരകളാകുന്നവർക്ക് 475 കോടിയുടെ പുനരധിവാസ പദ്ധതി ഉറപ്പാക്കുമെന്നുമായിരുന്നു. സർക്കാരിന്റെ ഉറപ്പിൽ 2015ൽ സമരം പിൻവലിക്കുകയുണ്ടായി. തുടർന്ന് തുറമുഖ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെങ്കിലും 20 ശതമാനം പണി പൂർത്തിയായപ്പോഴേക്കും തീരശോഷണം സംഭവിച്ചുവെന്നാണ് സമരസമിതി പറയുന്നത്. ശംഖുമുഖം കടപ്പുറം ഉൾപ്പെടെയുള്ള തീരത്തെ 640 ഏക്കർ തീരം കടലെടുത്തു. കടലിന്റെ ആവാസവ്യവസ്ഥ തകർന്നിരിക്കുന്നു. അനേകം വീടുകൾ വാസയോഗ്യമല്ലാതായി. ഈ കാര്യം സർക്കാരിനെ ബോധ്യപ്പെടുത്താൻ വർഷങ്ങളായി രൂപത ശ്രമിച്ചെങ്കിലും ഫലം കാണാതെ വന്നതിനെത്തുടർന്നാണ് ഇപ്പോഴത്തെ രാപകൽ സമരത്തിന് നിർബന്ധിതരായതെന്നുമാണ് സമരസമിതി പറയുന്നത്. തീരശോഷണം സംബന്ധിച്ച് സർക്കാർ നിയോഗിച്ച ഏഷ്യൻ കൺസൾട്ടന്റ് പഠനം നടത്തിയതാണ്. പദ്ധതി യാഥാർഥ്യമാകുന്നതോടെ തീരശോഷണം സംഭവിക്കുമെന്നായിരുന്നു കണ്ടെത്തൽ. ഇതേത്തുടർന്ന് 475 കോടിയുടെ പുനരധിവാസ പദ്ധതിയെന്ന വാഗ്ദാനത്തിൽ നിന്ന് പിന്മാറാനാണ് സർക്കാർ ശ്രമിച്ചത്. തീരശോഷണം ഇപ്പോൾ ഉണ്ടായതല്ലെന്നും നേരത്തെ സംഭവിച്ചുകൊണ്ടിരിക്കുന്നതുമാണെന്ന സർക്കാർ വാദം ബാലിശമാണെന്നും സമരസമിതി പറയുന്നു.

100 വർഷം മുമ്പ് കേരളത്തിലെ വ്യവസായ വികസനത്തിന് സാധ്യതകൾ ആരാഞ്ഞ സർ സി.പി രാമസ്വാമി അയ്യർ വരെ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാൽ വലിയ തോതിൽ വികസനം സാധ്യമാകുമെന്ന് വിശ്വസിച്ചിരുന്നുവെന്ന് പറയപ്പെടുന്നുണ്ട്. കേരളത്തിന്റെ വാണിജ്യമേഖലയിലും ഇന്ത്യയുടെ ഷിപ്പിങ് മേഖലയിലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കാൻ സാധ്യതയുള്ളതാണ് വിഴിഞ്ഞം തുറമുഖം. അന്താരാഷ്ട്ര കപ്പൽ ചാലിന് തൊട്ടടുത്തുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏക ട്രാൻഷിപ്മെന്റ് ഹബ്ബായി മാറാൻ ഏറെ സാധ്യതയുണ്ടെന്നും കരുതപ്പെടുന്നു. ഇത്രയേറെ സാധ്യതകളുള്ള ഒരു തുറമുഖത്തെ ഇനിയും ഉപയോഗപ്പെടുത്താതെ പോകുക എന്നതും അപരാധമാണ്. സംസ്ഥാനം ഭരിച്ച വിവിധ സർക്കാരുകൾ ഈ പദ്ധതി യാഥാർഥ്യമാക്കാൻ 25 വർഷമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതി പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള പല കാരണങ്ങളാൽ പദ്ധതി നീളുകയായിരുന്നു. 2015 ജൂണിൽ വ്യവസായരംഗത്തെ ഭീമനായി അറിയപ്പെടുന്ന അദാനി ഗ്രൂപ്പിന്റെ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തറുമുഖ നിർമാണ കരാർ സ്വന്തമാക്കി. ടെൻഡറിൽ പങ്കെടുക്കാൻ ഈ കമ്പനി മാത്രമാണ് ഉണ്ടായത്. 2019 ഡിസംബറിൽ തുറമുഖം പ്രവർത്തന സജ്ജമാകേണ്ടതായിരുന്നു. തുറമുഖ നിർമാണം അന്തിമഘട്ടത്തിൽ എത്തിനിൽക്കുമ്പോഴാണ് വിഴിഞ്ഞത്ത് സമരം അക്രമത്തിലേക്ക് വഴുതിവീണിരിക്കുന്നത്.

ഏതൊരു പദ്ധതിയും പ്രാവർത്തികമാകുമ്പോൾ സ്വാഭാവികമായും പ്രത്യക്ഷമായും പരോക്ഷമായും പദ്ധതിപ്രദേശത്തെ ജനജീവിതത്തെ ബാധിക്കും. പൊതുതാൽപര്യം ഇരകളെ ബോധ്യപ്പെടുത്തി പരാതിയില്ലാത്തവിധം നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തുക എന്നത് സർക്കാരിന്റെ കടമയാണ്.
അക്രമം ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്നിരിക്കെ ചർച്ചകളിലൂടെ പരിഹാരം കാണാൻ ശ്രമിക്കുകയാണ് വേണ്ടത്. നാടിന്റെ പൊതുവായ വികസനത്തിന് വഴിതുറക്കുമെന്ന് കരുതപ്പെടുന്ന ഒരു പദ്ധതിയുടെ അന്തിമഘട്ടത്തിലുള്ള പ്രവർത്തനത്തെ തടസപ്പെടുത്തുന്നത് ശരിയല്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.