കൊവിഡ് വ്യാപനം മൂലം ഒന്നര വര്‍ഷമായി അടച്ചിട്ട സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്കു മാത്രമല്ല, പൊതുസമൂഹത്തിനു മൊത്തത്തില്‍ തന്നെയും ഏറെ ആഹ്ലാദം പകരുന്ന കാര്യമാണിത്. അടഞ്ഞുകിടക്കുന്ന പാഠശാലകള്‍ ഒരു പരിഷ്‌കൃത സമൂഹത്തിനും അഭികാമ്യമല്ല. തീര്‍ത്തും അനിവാര്യമായൊരു സാഹചര്യത്തില്‍ അതു വേണ്ടിവന്നു എന്നു മാത്രം. ആ സ്ഥിതിയില്‍ മാറ്റം വരുന്നത് ഏറെ ആശ്വാസം പകരുമ്പോള്‍ തന്നെ, ഒട്ടേറെ ആശങ്കകളും അവ്യക്തതകളും നിലനില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യവുമുണ്ട്. സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിന് കര്‍ശനമായ ചില മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ നല്‍കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തിന് ഏറെക്കുറെ സഹായകരമായ നിര്‍ദേശങ്ങള്‍ തന്നെയാണത്. എന്നാല്‍ അതൊക്കെ എത്രമാത്രം നടപ്പിലാകുമെന്ന കാര്യത്തില്‍ സംശയങ്ങള്‍ സമൂഹത്തില്‍ വ്യാപകമായി നിലനില്‍ക്കുന്നുണ്ട്.
അധ്യാപകരടക്കം വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായിരിക്കുന്നവരുടെ ഭാഗത്തുനിന്നുപോലും സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ വേണ്ടത്ര സഹകരണമുണ്ടാകുന്നില്ല എന്ന അവസ്ഥയുണ്ട്. രണ്ടു ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിനെടുത്ത അധ്യാപകരും മറ്റു ജീവനക്കാരും മാത്രമേ സ്‌കൂളില്‍ വരാവൂ എന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ 2,282 അധ്യാപകരും 237 അനധ്യാപക ജീവനക്കാരും ഇതുവരെ വാക്‌സിനെടുത്തിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി ശനിയാഴ്ച വെളിപ്പെടുത്തിയത്. അതിനു മന്ത്രി പറഞ്ഞ കാരണം ഏറെ വിചിത്രവുമാണ്. ആരോഗ്യപരവും മതപരവുമായ കാരണങ്ങളാലാണ് അവര്‍ വാക്‌സിനെടുക്കാത്തതെന്ന്. ആരോഗ്യപരമായ കാരണങ്ങള്‍ മനസിലാക്കാം. എന്നാല്‍ ഏതെങ്കിലും മതത്തിന്റെ നേതാക്കളോ പണ്ഡിതരോ ഇതുവരെ ആരോടും വാക്‌സിനെടുക്കരുതെന്ന് പറഞ്ഞിട്ടില്ല. ഇതിന്റെ വസ്തുത പരിശോധിക്കേണ്ട ബാധ്യത മന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനുമുണ്ട്. സ്‌കൂള്‍ തുറക്കുന്നതിനോട് ഉത്തരവാദപ്പെട്ട ചിലര്‍ തന്നെ പുറംതിരിഞ്ഞു നില്‍ക്കുന്നു എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. കൊവിഡ് കാലത്ത് ഏറ്റവുമധികം കാലം വീട്ടിലിരുന്ന് ശമ്പളം വാങ്ങിയവരാണ് ഇക്കൂട്ടര്‍. മികച്ച ശമ്പളം അവര്‍ക്ക് നല്‍കുന്നുമുണ്ട്. എന്നിട്ടും ഒരു നിര്‍ണായക ഘട്ടത്തില്‍ കാരണങ്ങളുണ്ടാക്കി അവര്‍ ചുമതലകളില്‍നിന്ന് മാറിനില്‍ക്കുകയാണെന്നാണ് മനസ്സിലാക്കേണ്ടത്. ഇക്കാര്യത്തില്‍ കര്‍ശനമായ പരിശോധനയും നടപടികളും ആവശ്യമാണ്.
സ്‌കൂളുകളില്‍ കൊവിഡ് വ്യാപനം തടയാനുള്ള മികച്ച നിര്‍ദേശങ്ങള്‍ തന്നെയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ അത് പാലിക്കപ്പെടുന്നതായി ഉറപ്പാക്കല്‍ അത്ര എളുപ്പമുള്ള കാര്യമാണെന്ന് തോന്നുന്നില്ല. നിയന്ത്രണങ്ങളില്‍ ഒതുങ്ങിക്കിട്ടുന്നതല്ല ഓടിയും ചാടിയും നടക്കുന്ന സ്‌കൂള്‍ പ്രായം. അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി നിയന്ത്രണങ്ങളില്‍ നിര്‍ത്താന്‍ സ്‌കൂള്‍ അധികൃതരും അധ്യാപകരും ഏറെ പാടുപെടേണ്ടിവരും. മാത്രമല്ല ഓണ്‍ലൈന്‍ വഴിയുള്ള മറ്റൊരു പഠനരീതി ശീലിച്ച കുരുന്നുകളാണ് വീണ്ടും സ്‌കൂളുകളിലെത്തുന്നത് എന്നുമോര്‍ക്കണം. അവരുടെ ശീലങ്ങളും മാനസികാവസ്ഥയും സൂക്ഷ്മമായി നിരീക്ഷിക്കുകയും അതില്‍നിന്ന് അവരെ ക്ലാസ് മുറിയിലെ പഠനത്തിന്റെ പാതയില്‍ പൂര്‍ണമായി എത്തിക്കാന്‍ പ്രയത്‌നിക്കേണ്ടതുമുണ്ട്. അതിരറ്റ ക്ഷമയും തികഞ്ഞ ജാഗ്രതയും അതിനാവശ്യമായി വരും.
സ്‌കൂളുകളില്‍ നടക്കേണ്ട ഒരുക്കങ്ങളെക്കുറിച്ചും വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും അതും പൂര്‍ണമായി നടന്നിട്ടില്ല. കുറച്ച് സ്‌കൂളുകളിലെങ്കിലും ആവശ്യമായ ശുചീകണപ്രവര്‍ത്തനങ്ങളും ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളും പൂര്‍ണമായി നടന്നിട്ടില്ലെന്ന വാര്‍ത്തകളുണ്ട്. കുട്ടികളുടെ യാത്രയും വലിയ പ്രതിസന്ധിയിലാണ്. ഒന്നര വര്‍ഷമായി നിര്‍ത്തിയിട്ട സ്‌കൂള്‍ വാഹനങ്ങളിലധികവും ഇപ്പോള്‍ കട്ടപ്പുറത്താണ്. അറ്റകുറ്റപ്പണിക്കുള്ള പണമില്ലാത്തതിനാല്‍ പകുതിയോളം ഇതുവരെ പ്രവര്‍ത്തനക്ഷമമായിട്ടില്ല. കുട്ടികളെ എണ്ണം കുറച്ച് വാഹനങ്ങളില്‍ കയറ്റേണ്ടതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ ആവശ്യമുള്ള സമയവുമാണ്. പുറത്ത് മറ്റുള്ള വാഹനങ്ങളെ ആശ്രയിക്കാമെന്നുവച്ചാല്‍ അതിലുമുണ്ട് എണ്ണത്തിന്റെ പരിമിതി. അങ്ങനെവരുമ്പോള്‍ യാത്രാച്ചെലവ് കൂടും. അതു താങ്ങാവുന്ന അവസ്ഥയിലല്ല മിക്ക കുടുംബങ്ങളും. സ്‌കൂള്‍ തുറക്കുന്നതിനെക്കുറിച്ച് ആലോചന തുടങ്ങുമ്പോള്‍ തന്നെ കണക്കിലെടുക്കേണ്ടിയിരുന്ന കാര്യങ്ങളാണ് ഇതെല്ലാം.
രക്ഷിതാക്കളിലും പൊതുസമൂഹത്തിലും ഇക്കാര്യങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ വിജയകരവും സുരക്ഷിതവുമായി സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കല്‍ അധ്യാപകരും സ്‌കൂള്‍ അധികൃതരും മറ്റുള്ള ഔദ്യോഗിക സംവിധാനങ്ങളും മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല. നാട്ടുകാരുടെ ജാഗ്രതയോടുകൂടിയുള്ള സഹകരണം അതിന് അനിവാര്യമാണ്. ദീര്‍ഘകാലം സ്‌കൂളുകള്‍ അടഞ്ഞുകിടന്ന സാഹചര്യത്തില്‍ പി.ടി.എകള്‍ പ്രവര്‍ത്തിക്കുന്നില്ല. അവയെ ഉടന്‍ സജീവമാക്കിയെടുക്കേണ്ടതുണ്ട്. അതിനുള്ള അടിയന്തര ഇടപെടലുകളുണ്ടാകണം. പി.ടി.എകള്‍ക്കും പുറമെ നാട്ടുകാരാകെത്തന്നെ ഇതില്‍ സഹകരിക്കേണ്ടതുമുണ്ട്. വിദ്യാലയങ്ങളില്‍ നമ്മുടെ കുട്ടികളുടെ കളിചിരികള്‍ മുഴങ്ങാനും അവരുടെ പഠനം സുഗമമായി മുന്നോട്ടുപോകാനും ചുറ്റുപാടുകളൊരുക്കുന്നത് വലിയൊരു സാമൂഹ്യ ദൗത്യമായി തന്നെ നമുക്ക് ഏറ്റെടുക്കാം.
Comments are closed for this post.