2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

വീണ്ടും നിപാ: ജാഗ്രത മാത്രം മതിയോ?


കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 13കാരന്റെ മരണം നിപാ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ കേരളത്തില്‍ വീണ്ടും നിപാ ഭീതി തലപൊക്കിയിരിക്കുകയാണ്. 2018 ല്‍ കോഴിക്കോട്ടെ പേരാമ്പ്രയിലായിരുന്നു നിപാ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. നിപാരോഗിയെ പരിചരിച്ചിരുന്ന ലിനി എന്ന നഴ്‌സ് അടക്കം 18 പേരാണ് അന്നു മരണപ്പെട്ടത്. 2019 ല്‍ കൊച്ചിയിലും ഒരു യുവാവിന് രോഗലക്ഷണങ്ങള്‍ ഉണ്ടായെങ്കിലും ചികിത്സിച്ചു ഭേദപ്പെടുത്തി. സംസ്ഥാനം കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനിടയില്‍ തന്നെ നിപാ വീണ്ടും പ്രത്യക്ഷപ്പെട്ടത് ആരോഗ്യ വകുപ്പിനു വെല്ലുവിളിയാണ്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സാംപിള്‍ പരിശോധനാ ഫലം കിട്ടിയ ശനിയാഴ്ച തന്നെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ നാലു മന്ത്രിമാര്‍ യോഗം ചേര്‍ന്ന് അടിയന്തരമായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്ത് ആക്ഷന്‍ പ്ലാന്‍ തയാറാക്കുകയും സ്‌ക്വാഡ് രൂപീകരണവും നടത്തിയിരിക്കുകയാണ്. കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനായി ഇന്നലെ കോഴിക്കോട്ട് വീണ്ടും ആരോഗ്യമന്ത്രിയും മന്ത്രി മുഹമ്മദ് റിയാസും ആരോഗ്യ വിദഗ്ധരും യോഗം ചേര്‍ന്നു തുടര്‍നടപടികള്‍ സ്വീകരിച്ചിരിക്കുന്നു.
ഭയപ്പെടാനില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി പറയുന്നുണ്ടെങ്കിലും കൊവിഡിനൊപ്പം നിപാ വീണ്ടും തലപൊക്കിയത് ആശങ്കപ്പെടുത്തുന്നതാണ്. കൊവിഡ് ബാധിച്ചാല്‍ മറ്റു ഗുരുതര രോഗങ്ങള്‍ അലട്ടുന്നില്ലെങ്കില്‍ ചികിത്സിച്ചു ഭേദപ്പെടുത്താവുന്നതേയുള്ളൂവെന്ന ധാരണ പൊതുസമൂഹത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ നിപാ ബാധിച്ച് ഒന്നുരണ്ട് ദിവസം കഴിയുമ്പോള്‍ തന്നെ രോഗി അബോധാവസ്ഥയിലാവുകയും മരണപ്പെടുകയും ചെയ്യുന്നു. ഇത്തരമൊരു ഘട്ടത്തില്‍ രോഗത്തിനെതിരേ ജാഗ്രത പുലര്‍ത്തുക എന്നതു തന്നെയാണ് പരമപ്രധാനം.

പഴംതീനി വവ്വാലുകളില്‍ നിന്നായിരുന്നു കഴിഞ്ഞ തവണ കോഴിക്കോട്ട് പേരാമ്പ്രയില്‍ രോഗം പകര്‍ന്നതെങ്കില്‍ ഇപ്പോള്‍ മാവൂരിനടുത്ത പ്രദേശത്തെ 13 കാരന് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. നേരത്തെ നിപായെ പ്രതിരോധിച്ചു നിര്‍ത്തിയ പരിചയസമ്പത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ളതിനാല്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട നിപായെയും പ്രതിരോധിക്കാനാവുമെന്ന ആത്മവിശ്വാസമാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രകടിപ്പിച്ചതെങ്കിലും, രണ്ട് മഹാമാരിയോട് ഒരേസമയം പൊരുതേണ്ടിവരുന്ന അവസ്ഥയാണ് നിലവിലുള്ളത്. കൊവിഡിനേക്കാളും മാരകമാണ് നിപാ എന്നതു തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. രോഗിയുടെ സമീപത്തുകൂടി കടന്നുപോയാലും രോഗം പകര്‍ന്നേക്കാം. നിപാ വന്നാല്‍ ചികിത്സിച്ചു ഭേദപ്പെടുത്തുക എന്നതു വളരെ പ്രയാസകരമാണ്. നിപാ ബാധിച്ചവരെ എങ്ങനെ പരിചരിക്കണമെന്നതു സംബന്ധിച്ച് യാതൊരു മുന്നറിവും നിപാ രോഗിയെ പരിചരിച്ചിരുന്ന ലിനി നഴ്‌സിനുണ്ടായിരുന്നില്ല. ഒടുവില്‍ അവരും മരണത്തിനു കീഴ്‌പ്പെടുകയായിരുന്നു. തന്നെ പരിചരിക്കാന്‍ എത്തിയവരെ അടുത്തേക്കു വരുന്നതില്‍ നിന്നും വിലക്കിയാണ് ലിനി അന്നു അവരെ രക്ഷപ്പെടുത്തിയത്. അവരുടെ ത്യാഗത്തെക്കുറിച്ച് ഏറെ പ്രകീര്‍ത്തിക്കപ്പെടുകയും ലിനിയുടെ ഭര്‍ത്താവിനു സര്‍ക്കാര്‍ ജോലി നല്‍കുകയും ചെയ്തു.

നാലു ദിവസം മുന്‍പാണ് മസ്തിഷ്‌ക ജ്വരം ബാധിച്ച് 13കാരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് അവിടെ വച്ചു വിശദമായ പരിശോധന നടത്തിയിരുന്നുവെങ്കില്‍ നേരത്തെ തന്നെ രോഗം കണ്ടെത്തി ഫലപ്രദമായ ചികിത്സ നല്‍കാമായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും വിടുതല്‍ വാങ്ങി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ്, സിറം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. ഇതു നേരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചെയ്തിരുന്നുവെങ്കില്‍ ആ കുട്ടിക്ക് ഫലപ്രദമായ ചികിത്സ നല്‍കാമായിരുന്നു.

മൃഗങ്ങളെയും മനുഷ്യരെയും ഒരുപോലെ ബാധിക്കുന്ന നിപാ മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കുമാണ് പകരുന്നത്. 1998 ല്‍ മലേഷ്യയിലെ കമ്പുങ് സുങാകായ് നിപാ പ്രദേശത്താണ് ഈ രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പന്നി വളര്‍ത്തുന്ന കര്‍ഷകരിലായിരുന്നു രോഗം ആദ്യം കണ്ടെത്തിയത്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും പന്നികളില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പകരാന്‍ എളുപ്പമാണ്. പന്നി വളര്‍ത്തുന്നവരും വവ്വാലുകള്‍ കടിച്ചിട്ട പഴങ്ങള്‍ തിന്നുന്നവരിലും രോഗം പകരാനുള്ള സാധ്യത ഏറെയാണ്. വൈറസ് ബാധയുണ്ടായാല്‍ അഞ്ചു ദിവസം മുതല്‍ 14 ദിവസം വരെയാണ് രോഗലക്ഷണങ്ങള്‍ പുറത്തുവരാന്‍ എടുക്കുന്ന സമയം. പനി, തലവേദന, തലകറക്കം, ഛര്‍ദി എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ആരോഗ്യ വിദഗ്ധരുമായി ബന്ധപ്പെട്ട് ചികിത്സ തേടുക എന്നതു തന്നെയാണ് പ്രധാനം. കാരണം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് ഒന്നോ രണ്ടോ ദിവസത്തിനകം തന്നെ രോഗിക്ക് ബോധക്ഷയം സംഭവിക്കുകയും മരണപ്പെടാനുള്ള സാധ്യതയും ഏറെയാണ്.

ഈയൊരു സന്ദര്‍ഭത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുക എന്നതു തന്നെയാണ് പ്രധാനം. അസുഖബാധിതരെ അടുത്തു ചെന്ന് പരിചരിക്കുന്നവര്‍ കര്‍ശനമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ കൊവിഡിനോളം ഫലപ്രദമല്ലെന്നതു തന്നെയാണ് ഈ രോഗത്തെ കൂടുതല്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്ന് പറയുന്നതിലെ ഉള്ളടക്കവും. ജാഗ്രത പാലിക്കുകയാണ് പരമപ്രധാനം. വവ്വാലുകള്‍ കടിച്ചിട്ട പഴങ്ങള്‍ കുട്ടികള്‍ എടുത്ത് കഴിക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഇന്നലെ മരിച്ച 13കാരനുമായി ബന്ധപ്പെട്ട 158 പേരുടെ സമ്പര്‍ക്ക പട്ടികയാണ് ആരോഗ്യ വകുപ്പ് തയാറാക്കിയിരിക്കുന്നത്. ഇതില്‍ 20 പേര്‍ പ്രാഥമിക പട്ടികയില്‍ പെട്ടവരാണ്. നിരീക്ഷണത്തിലുള്ള രണ്ടു പേര്‍ക്ക് ഇതിനകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞതായും എല്ലാവരും നിരീക്ഷണത്തിലുമാണെന്നുമാണ് ഇന്നലെ കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചത്. കൈയുറകളും മാസ്‌ക്കും ഉപയോഗിച്ചു വേണം രോഗലക്ഷണങ്ങള്‍ ഉള്ളവരോട് പോലും ഇടപഴകാന്‍. ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നുമുള്ള സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദേശം പാലിച്ച് കൊവിഡിനൊപ്പം നിപാ വൈറസിനെയും നമുക്ക് പ്രതിരോധിക്കേണ്ടതുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.