2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

ലച്ചിത് ബർഫുകനും ദേശീയ പോരാട്ടവും

മുഹമ്മദ് തയ്യിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും വലിയ വികാരം പ്രകടിപ്പിച്ചതോടെയായിരിക്കാം ചരിത്ര വിദ്യാർഥികൾ ഒരുപക്ഷേ, ലച്ചിത് ബർഫുകനെക്കുറിച്ച് പരതാൻ തുടങ്ങിയത്. ലച്ചിത് ബർഫുകൻ എന്ന നാമം നമ്മുടെ മുഖ്യധാരാ ചരിത്രങ്ങളിൽ പ്രാദേശിക വീര്യങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതുകൊണ്ടായിരിക്കാം പൊതുവായനപ്പുറത്തുനിന്ന് അകലെയാണ്. യു.പി സ്കൂൾ ചരിത്ര പുസ്തകത്തിൽ ലച്ചിതിൻ്റെ ചരിത്രമുണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ സൈനികവീര്യം തന്നെ വല്ലാതെ സ്വാധീനിച്ചെന്നും അതിനാൽ ആ അധ്യായം പലതവണ വായിച്ചു എന്നുമെല്ലാമാണല്ലോ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കഴിഞ്ഞ ദിവസം പറഞ്ഞത്. ബർഫുകന്റെ 400-ാം ജൻമദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ഓർമക്കുറിപ്പിലാണ് അസം മുഖ്യമന്ത്രി 1982ൽ പഠിച്ച പാഠപുസ്തകത്തെ എടുത്തുപറഞ്ഞിരിക്കുന്നത്. എന്നിട്ടും അത് ചരിത്രത്തിൽനിന്ന് നിഷ്കാസിതമാവുകയോ വെട്ടിമാറ്റപ്പെടുകയോ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അന്വേഷിക്കേണ്ടതുണ്ട്. കാരണം, ഇന്ത്യ ഇന്ത്യയാകുന്നതിനു മുമ്പുണ്ടായ എല്ലാ അധ്യായങ്ങളും നമ്മുടെ പൈതൃകങ്ങളാണ്. ഒരു മാറ്റവും വരാതെയും വരുത്താതെയും വരുത്താൻ അനുവദിക്കാതെയും അതിനെ സൂക്ഷിക്കുവാൻ പൗരൻമാർക്ക് ബാധ്യതയുണ്ട്.

ഇതിനെക്കുറിച്ചുള്ള ആലോചനയിൽ ആദ്യമായി വേണ്ടത് ലച്ചിതിന്റെ കാലം നിർണയിക്കുകയാണ്. 1622 മുതൽ 1672 വരെയാണ് ലച്ചിതിന്റെ കാലം. പതിനേഴാം നൂറ്റാണ്ടിലെ ഇന്ത്യയുടെ അവസ്ഥകൾ വിലയിരുത്തണം. ഇന്ത്യ എന്ന ഒരു രാജ്യം ഒരർഥത്തിലും രൂപപ്പെട്ട കാലമല്ലായിരുന്നു അത്. ലോകത്ത് അക്കാലത്ത് എവിടെയും സംസ്കാരം കൊണ്ടല്ലാതെ അധികാരം കൊണ്ട് അടയാളപ്പെടുത്താവുന്ന വലിയ രാജ്യങ്ങളില്ല. നാട്ടു രാജ്യങ്ങളും നാടുവാഴികളുമായിരുന്നു ഉണ്ടായിരുന്നത്. അവരാകട്ടെ സദാ ശത്രുതയിലുമായിരുന്നു. ഇക്കൂട്ടത്തിൽ തെല്ല് വലിയ രാജ്യം മുഗളരുടേതായിരുന്നു. ഇന്നത്തെ വടക്കേ ഇന്ത്യയുടെ സിംഹഭാഗങ്ങളും ഒപ്പം പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ഭാഗങ്ങളും അടങ്ങിയ വിസ്തൃത ഭൂവിഭാഗമായിരുന്നു മുഗൾ സാമ്രാജ്യം. ഒരു ഏകീകൃത രാജ്യമില്ലാതിരുന്നതിനാൽ നാട്ടുരാജാക്കൻമാർ സദാ തങ്ങളുടെ നാടിന്റെ അതിരുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധിക്കുന്നവരായിരുന്നു. അതിനാൽ അയൽപക്കവുമായുള്ള ഏറ്റുമുട്ടലും പ്രതിരോധവും അന്നത്തെ രാഷ്ട്രീയത്തെ നിശ്ചയിച്ചുവന്നു. മുഗളർക്ക് മതപരമായ സാംസ്കാരിക പശ്ചാത്തലമുണ്ടായിരുന്നെങ്കിലും അവർ ഭരിച്ചതും മുന്നേറിയതും കേവല ഭരണാധികാരികൾ എന്ന നിലക്കായിരുന്നു.

ഇന്ത്യയെ സംബന്ധിച്ചെടുത്തോളം മുഗൾ ഭരണം സുവർണകാലഘട്ടമായിരുന്നു എന്ന് സൂക്ഷ്മമായ ചരിത്രകാരൻമാർ നിരീക്ഷിക്കുന്നുണ്ട്. 1857 ലെ ശിപായി ലഹള വരെ മുഗൾ ഭരണം നീണ്ടുനിന്നെങ്കിലും ഔറംഗസീബിനു ശേഷം മുഗൾ ഭരണകൂടം ക്ഷയിക്കാൻ തുടങ്ങി. 1618 മുതൽ 1707 വരെയാണ് ഔറംഗസീബിന്റെ കാലം. ലിച്ചിതിന്റെ കാലം ഔറംഗസീബിന്റെ ഭരണഘട്ടത്തിലായിരുന്നെന്ന് മനസ്സിലാക്കാം. ഈ കാലത്ത് ഇന്നത്തെ അസമിന്റെ ഭാഗങ്ങൾ ഭരിച്ചിരുന്നത് അഹോം രാജവംശമായിരുന്നു. ഔറംഗസീബ് ബിഹാറും ബംഗാളും പിടിച്ചെടുത്തതുപോലെ അസമും പിടിച്ചടക്കുവാൻ ശ്രമിക്കുകയുണ്ടായി.
മുഗളരും അഹോമുകളും തമ്മിലുള്ള ആദ്യത്തെ പ്രധാന ഏറ്റുമുട്ടൽ നടക്കുന്നത് 1662-ലാണ്. മിർ ജുംലയുടെ നേതൃത്വത്തിൽ മുഗളർ നടത്തിയ ആക്രമണത്തെ അഹോമുകളെ പരാജയപ്പെടുത്തി. പക്ഷേ, മുഗളരുടെ വിജയം നീണ്ടുനിന്നില്ല. 1671ൽ അഹോമുകൾ ശക്തമായി തിരിച്ചടിച്ചു. ഇതിനായി അവർ കണ്ടെത്തിയ സ്ഥലം ബ്രഹ്മപുത്ര നദിയായിരുന്നു. നാവിക മുന്നേറ്റത്തിൽ വിദഗ്ധരായിരുന്ന അഹോമുകൾ അതിൽ അത്ര വിദഗ്ധരല്ലാത്ത മുഗളരെ പരാജയപ്പെടുത്തി. സരായ്ഗട്ടിൽവച്ചായിരുന്നു യുദ്ധം. അഹോമുകൾക്ക് യുദ്ധ നേതൃത്വം നൽകിയ കമാൻഡറായിരുന്നു ലച്ചിത് ബർഫുകൻ.

ലച്ചിത് ബർഫുകനെ ദേശീയവികാരമായി അംഗീകരിക്കുന്നില്ല എന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം. അങ്ങനെ അംഗീകരിക്കണമെന്ന് വാദിക്കുന്നവരുടെ ന്യായം അദ്ദേഹം മുഗൾ മുന്നേറ്റത്തെ തടഞ്ഞുനിർത്തിയ ധീര ദേശാഭിമാനിയാണ് എന്നതാണ്. ഈ വാദത്തിൽ രണ്ടു ന്യായമായ പ്രശ്നങ്ങളുണ്ട്. ഒന്നാമതായി, അന്ന് ദേശമില്ലായിരുന്നു എന്നതാണ്. അതിനാൽ തല്ലിയവരും തടുത്തവരും അതു ചെയ്തത് സ്വന്തം മണ്ണിനും അതിൻമേലുള്ള അധീശാധികാരത്തിനും വേണ്ടിയാണ്. അതിനാൽ രണ്ടു പേരിൽ ആർക്കെങ്കിലും ദേശവികാരം ചാർത്തുന്നത് അൽപത്തമാണ്. രണ്ടാമത്തെ കാര്യം രണ്ടു കക്ഷികളും ഏതാണ്ട് ഒരേ പോലെയാണ്. അഫ്ഗാനിൽനിന്ന് കടന്നുവന്നവരായിരുന്നു മുഗളറെങ്കിൽ പതിമൂന്നാം നൂറ്റാണ്ടിൽ ഇന്നത്തെ മ്യാന്മർ പ്രദേശത്തുനിന്ന് ബ്രഹ്മപുത്ര തടത്തിലേക്ക് ചേക്കേറിയവരാണ്‌ അഹോമുകൾ. അവിടെ ഭുയിയന്മാർ എന്ന പ്രാദേശിക ജന്മിമാരുടെ പഴയ രാഷ്ട്രീയവ്യവസ്ഥയെ അടിച്ചമർത്തി അഹോമുകൾ ഒരു പുതിയ രാജ്യം രൂപവത്കരിക്കുകയായിരുന്നു. 1523-ൽ ഛുതിയ സാമ്രാജ്യത്തെയും 1581-ൽ കോച്-ഹാജോ സാമ്രാജ്യത്തെയും കൂടെ മറ്റനേകം ചെറു വർഗങ്ങളെയും ചേർത്താണ് അഹോമുകൾ തങ്ങളുടെ സാമ്രാജ്യത്തെ വലുതാക്കിയത്. ഏഴാം തരത്തിലേക്കായി എൻ.സി.ഇ.ആർ.ടി തയാറാക്കിയ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിൽ അവരെ പരിചയപ്പെടുത്തുന്നത് ഇവ്വിധം തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കുവാൻ അവർ പതിനാറാം നൂറ്റാണ്ടിൽ തന്നെ പീരങ്കികളും പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലേക്ക് പ്രവേശിച്ചതോടെ വെടിമരുന്നുകളും ഉപയോഗിച്ചിരുന്നു എന്നാണ്.
ഇത്രയും വലിയ ഒരു സാമ്രാജ്യത്തിനു വേണ്ടി കായികവും ബൗദ്ധികവുമായ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട് ലച്ചിത് എന്നത് സമ്മതിക്കാവുന്നതേയുള്ളൂ. മുഗളരുമായുളള ആദ്യ യുദ്ധത്തിൽ പരാജയപ്പെട്ടിരുന്നതിനാൽ മറ്റൊരു യുദ്ധം മുമ്പിൽ വന്നുനിൽക്കുമ്പോൾ അഹോം സേനക്ക് നല്ല ആത്മവിശ്വാസം വേണ്ടിയിരുന്നു. അന്നത്തെ അഹോം രാജാവായ സ്വർഗദേവോ ചക്രധ്വജസിംഹൻ അതിനായി കണ്ട വഴിയായിരുന്നു ലച്ചിത് ബർഫുകനെ അദ്ദേഹത്തിന്റെ സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫായി നിയമിച്ചത്. ഇത് സൈന്യത്തിന്റെ മനോനില വാനോളം ഉയർത്തി. മാത്രമല്ല, യുദ്ധത്തിന്റെ വീര്യം കാത്തുസൂക്ഷിക്കുവാൻ പല തന്ത്രങ്ങളും ബർഫുകൻ പ്രയോഗിച്ചിരുന്നതായി ചരിത്രം പറയുന്നു.

അത്തരത്തിൽ ഒന്നായിരുന്നു യുദ്ധത്തിന്റെ വേദിയും സമയവും അപ്രതീക്ഷിതമായി മാറ്റുക എന്നത്. ഇതുവഴി ബർഫുകൻ ഒരേ സമയം സ്വന്തം സേനയുടെ ആത്മവിശ്വാസം ഉയർത്തുകയും മുഗൾ സേനയെ നിരാശപ്പെടുത്തുകയും ചെയ്തു. തന്റെ സൈന്യത്തെ നദിയിലേക്ക് തിരിച്ചുവിട്ടും അയാൾ എതിർ സേനയെ ഞെട്ടിച്ചു. നാവികയുദ്ധത്തിൽ വേണ്ടത്ര പരിശീലനം സിദ്ധിക്കാത്തവരായിരുന്നു മുഗളൻമാർ. ബോട്ടുകളിൽ പീരങ്കികൾ വരെ ഘടിപ്പിച്ച് ബ്രഹ്മപുത്രയുടെ ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് വെച്ച് അവരെ കുടുക്കിയിട്ട് നടത്തിയ യുദ്ധം വിജയിപ്പിച്ചത് ലച്ചിതിന്റെ കഴിവ് തന്നെയായിരുന്നു. 1671ലെ ഈ സരായ്ഗട്ട് യുദ്ധത്തിൽ അസം പിടിച്ചെടുക്കാനുള്ള മുഗളന്മാരുടെ ശ്രമത്തെ പരാജയപ്പെടുത്തിയതാണ് അദ്ദേഹത്തിന്റെ പ്രശസ്തി.
അന്നത്തെ യുദ്ധങ്ങളെ ഒന്നിനെയും ഒരു മതത്തിന് വേണ്ടിയുള്ളതോ മതത്തിനെതിരേയുള്ളതോ ആയിട്ടൊക്കെ വ്യാഖ്യാനിക്കുന്നത് പക്ഷപാതവും അറിവില്ലായ്മയുമാണ്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ അവയൊക്കെയും മണ്ണിനും അധികാരത്തിനും വേണ്ടിയുള്ളതായിരുന്നു. അവയെ പല കള്ളികളിലേക്കും മാറ്റിയെഴുതി അതിനുള്ളിലേക്ക് മതവും ദേശവും തിരുകിക്കയറ്റുന്നത് അന്ധത ബാധിച്ച ചിലരാണ്. ഇപ്പോൾ നടക്കുന്നത് മുഗൾ സാമ്രാജ്യത്തെ അടിക്കാൻ ഒരു വടി കിട്ടിയതിന്റെ സന്തോഷപ്രകടനമാണ്. പക്ഷേ, അതിന്റെ ഉള്ളറിയാൻ നാം ആ സംഭവം തന്നെ ശരിക്കും പഠിച്ചാൽ മതി. പഠിക്കാതെയും പഠിപ്പിക്കാതെയും വിഷയങ്ങളിൽ വൈകാരികത പുരട്ടി അവതരിപ്പിക്കുന്നവർ സത്യത്തിൽ തെറ്റിദ്ധരിപ്പിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.